Wednesday, April 1, 2009

ചികിത്സിച്ച് ദരിദ്രരായവര്‍ രണ്ടുകോടി

ചികിത്സയ്ക്ക് വന്‍തുക ചെലവാക്കേണ്ടിവന്നതിനാല്‍ ദരിദ്രരായി മാറിയത് രാജ്യത്തെ രണ്ടുകോടി ജനങ്ങളാണ്. രോഗികളായ 40 ശതമാനം പേരും ചികിത്സയ്ക്ക് വന്‍തുക കടം വാങ്ങുകയോ സ്വത്തുവകകള്‍ വില്‍ക്കുകയോ ചെയ്തു. നവലിബറല്‍ സാമ്പത്തികപരിഷ്കാരത്തെ തുടര്‍ന്ന് ആരോഗ്യരംഗം സ്വകാര്യമേഖല കൈയടക്കിയതിന്റെ ദുരന്തം.

ലോകത്തില്‍ ഏറ്റവുമധികം സ്വകാര്യവല്‍ക്കരിക്കപ്പെട്ട ആരോഗ്യസംവിധാനമുള്ള രാജ്യമാണ് ഇന്ത്യ. നഗരത്തിലെ 70 ശതമാനം പേരും ഗ്രാമങ്ങളിലെ 63 ശതമാനം പേരും ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നു. അഞ്ച് ശതമാനം പേര്‍ക്കേ ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളൂ. സ്വകാര്യമേഖലയില്‍ ചെലവ് കൂടുതലായതിനാല്‍ 40 ശതമാനം പേരും ചികിത്സ തേടുന്നില്ല. ഇന്ത്യ വന്‍ശക്തിയെന്ന് യുപിഎ സര്‍ക്കാര്‍ പ്രചരിപ്പിക്കുമ്പോഴും എട്ടിലൊന്ന് കുട്ടികള്‍ ഒരു വയസ്സാകും മുമ്പ് മരിക്കുന്നു. അഞ്ച് വയസ്സാകുംമുമ്പ് പതിമൂന്നില്‍ ഒരു കുട്ടി വീതവും. ഗ്രാമീണമേഖലയില്‍ ശിശുമരണം നഗരത്തിലേതിന്റെ ഇരട്ടിയിലധികമാണ്. 56 ശതമാനം കുട്ടികള്‍ക്കും കുത്തിവയ്പ്പ് ലഭിക്കുന്നില്ല. ആറുലക്ഷം കുട്ടികള്‍ വയറിളക്കം ബാധിച്ച് വര്‍ഷംതോറും മരിക്കുന്നു. ഏറെ പ്രചാരണത്തോടെ പോളിയോ പ്രതിരോധ പരിപാടി നടത്തിയിട്ടും രോഗം ബാധിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചു. 1997ല്‍ 3047 കുട്ടികള്‍ക്കാണ് പോളിയോ കണ്ടതെങ്കില്‍ 2006ല്‍ 31,973 കുട്ടികള്‍ പോളിയോ ബാധിച്ചവരായി. എന്നിട്ടും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വാക്സിന്‍ ഉല്‍പാദിപ്പിക്കുന്ന നാല് പൊതുമേഖലാ ഫാക്ടറികള്‍ അടച്ചിട്ടു.

ആരോഗ്യരംഗത്ത് ഏറ്റവും അവഗണിക്കപ്പെടുന്നത് സ്ത്രീകളാണ്. ഇതുവരെ ആരോഗ്യപ്രവര്‍ത്തകരെ സമീപിക്കാത്ത 17.3 ശതമാനം സ്ത്രീകള്‍ രാജ്യത്തുണ്ട്. പതിനഞ്ചിനും 49നും ഇടയിലുള്ള ഗര്‍ഭിണികളില്‍ 57.9 ശതമാനവും വിളര്‍ച്ച ബാധിച്ചവരാണ്. ഓരോ വര്‍ഷവും പ്രസവസംബന്ധമായ കാരണങ്ങളാല്‍ 1,20,000 പേര്‍ മരിക്കുന്നു. പ്രസവവേളയില്‍ ലക്ഷത്തില്‍ 300 പേര്‍ മരിക്കുന്നു. ഈ മരണസംഖ്യ 200 ആക്കി കുറയ്ക്കണമെന്ന് 1983 ലെ ദേശീയ ആരോഗ്യനയം വിഭാവനം ചെയ്തെങ്കിലും ലക്ഷ്യം കണ്ടിട്ടില്ല. 3.7 ലക്ഷം പേരാണ് പ്രതിവര്‍ഷം ക്ഷയംമൂലം മരിക്കുന്നത്. വര്‍ഷംതോറും ഇരുപത് മലേറിയ രോഗികള്‍ ഇന്ത്യയിലുണ്ടാകുന്നു. എച്ച്ഐവി പോസീറ്റീവായ 37 ലക്ഷം പേര്‍ ഇന്ത്യയിലുണ്ട്. ഇക്കാര്യത്തില്‍ ലോകത്തില്‍ രണ്ടാംസ്ഥാനമാണ് ഇന്ത്യക്ക്.

മറ്റു മേഖലകളിലെന്ന പോലെ ആരോഗ്യമേഖലയിലെയും ദുസ്ഥിതി മാറ്റണമെങ്കില്‍ ഒരു ബദല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നേ മതിയാകൂ.

സിപിഐ എം പുറത്തിറക്കിയ ആരോഗ്യമേഖലയെക്കുറിച്ചുള്ള ലഘുലേഖയില്‍ നിന്ന്

4 comments:

  1. ചികിത്സയ്ക്ക് വന്‍തുക ചെലവാക്കേണ്ടിവന്നതിനാല്‍ ദരിദ്രരായി മാറിയത് രാജ്യത്തെ രണ്ടുകോടി ജനങ്ങളാണ്. രോഗികളായ 40 ശതമാനം പേരും ചികിത്സയ്ക്ക് വന്‍തുക കടം വാങ്ങുകയോ സ്വത്തുവകകള്‍ വില്‍ക്കുകയോ ചെയ്തു. നവലിബറല്‍ സാമ്പത്തികപരിഷ്കാരത്തെ തുടര്‍ന്ന് ആരോഗ്യരംഗം സ്വകാര്യമേഖല കൈയടക്കിയതിന്റെ ദുരന്തം.

    ReplyDelete
  2. ഈയിടെ കേരളത്തിലെ സഹകരണ ആശുപത്രികളില്‍ ചില മരുന്നുകള്‍ക്ക് 2 ഇരട്ടി ഒക്കെ വിലയ്ക്ക് ആണ് രോഗികള്‍ക്ക് കൊടുക്കുന്നത് എന്ന് വായിച്ചു. അതോക്കെയാണോ ഈ ദുസ്ഥിതി വരുത്താനുള്ള കാരണം?

    ReplyDelete
  3. On what moral ground do u people write this..? as mr/ms. suvi said, what is going on in hospitals which are controlled by cpim..? u people are also using those ones to make money.. i am from tellichery, and i know what is going on there.

    ReplyDelete
  4. ആരോഗ്യരംഗത്ത് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പുതിയ പോസ്റ്റിലുണ്ട്.

    ReplyDelete