കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടില്ല. സാധാരണക്കാരന്റെ അടിസ്ഥാനപ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ ശ്രമിച്ചു. - സോണിയ ഗാന്ധി
യാഥാര്‍ത്ഥ്യം
ചരിത്രത്തിലൊരു കാലത്തും ഒരു കേന്ദ്രസര്‍ക്കാരും കാട്ടാത്തവിധം ശത്രുതാമനോഭാവത്തോടെയാണ് യുപിഎ സര്‍ക്കാര്‍ കേരളത്തോട് പെരുമാറിയത്. റേഷനരിവിഹിതവും വൈദ്യുതിവിഹിതവും വെട്ടിക്കുറച്ച് മലയാളിയുടെ അന്നവും വെളിച്ചവും മുട്ടിച്ച സര്‍ക്കാരിന് രാഷ്ട്രീയനേതൃത്വം കൊടുത്ത ആളാണ് സോണിയ ഗാന്ധി.
പ്രധാനമായും നാണ്യവിളകള്‍ കൃഷിചെയ്യുന്ന ഒരു സംസ്ഥാനമാണ് കേരളം. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് സ്റാറ്റ്യൂട്ടറി റേഷനിങ് സമ്പ്രദായം നടപ്പാക്കാന്‍ സന്നദ്ധമായത്. ലോകമാകെ മാതൃകയായി പ്രകീര്‍ത്തിക്കപ്പെട്ട പൊതുവിതരണസമ്പ്രദായമായിരുന്നു ഇത്. എന്നാല്‍, ആഗോളവല്‍ക്കരണത്തിന്റെ അപ്പോസ്തലന്മാര്‍ നല്‍കിയ തീട്ടൂരമനുസരിച്ച് തീരുമാനങ്ങളെടുത്തുകൊണ്ടിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ റേഷന്‍സമ്പ്രദായം അട്ടിമറിക്കാനും അതുവഴി പൊതുകമ്പോളത്തിലേക്ക് ഉപഭോക്താക്കളെ വര്‍ധിപ്പിക്കാനും ഗൂഢനീക്കം നടത്തി. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ ഭരിച്ച സര്‍ക്കാരുകള്‍ കുടുംബങ്ങളെ എപിഎല്‍, ബിപിഎല്‍ എന്നിങ്ങനെ തരംതിരിക്കുകയും തുടര്‍ന്ന് എപിഎല്‍ അരിവിഹിതം പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്തു. സബ്സിഡിയോടെയുള്ള റേഷന് അര്‍ഹതയുള്ള ബിപിഎല്‍ കുടുംബങ്ങള്‍ കേരളത്തില്‍ പത്തു ലക്ഷത്തോളമേയുള്ളൂ എന്ന അശാസ്ത്രീയമായ ഒരു കണക്ക് കേന്ദ്രം മുന്നോട്ടുവച്ചു. എന്നാല്‍, സംസ്ഥാനസര്‍ക്കാരിന്റെ കണക്കനുസരിച്ച് 20 ലക്ഷത്തോളം കുടുംബമാണ് ബിപിഎല്‍ ലിസ്റില്‍. ഇത്രയും കുടുംബങ്ങള്‍ക്ക് മുഴുവന്‍ ആഴ്ചയില്‍ 20 കിലോ അരി കിലോക്ക് മൂന്നു രൂപ തോതില്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്നു. പ്രതിമാസം പത്തുകോടി രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ അതിനായിമാത്രം സബ്സിഡി നല്‍കുന്നത്.
എപിഎല്‍ കാര്‍ഡുടമകള്‍ക്കായി 2007 മാര്‍ച്ചുവരെ പ്രതിമാസം 1,13,420 ടണ്‍ അരി കേന്ദ്രം നല്‍കിയിരുന്നു. ഏപ്രില്‍മുതല്‍ അത് 21,334 ടണ്ണാക്കി വെട്ടിക്കുറച്ചു. 2008 ഏപ്രിലോടെ 4000 ടണ്‍ വീണ്ടും വെട്ടിക്കുറച്ച് 17,056 ടണ്ണാക്കി. പിന്നീട് വിഹിതം പൂര്‍ണമായും ഇല്ലാതാക്കുകയുംചെയ്തു. എഫ്സിഐ ഗോഡൌണുകളില്‍ ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിക്കുമ്പോഴായിരുന്നു കേന്ദ്രത്തിന്റെ ഈ സമീപനം.
പ്രകൃതിദുരന്തങ്ങളിലുള്ള സഹായം, വൈദ്യുതിവിഹിതം എന്നിവയുടെ കാര്യത്തിലും കേന്ദ്രസമീപനം വ്യത്യസ്തമായിരുന്നില്ല. 2008 മാര്‍ച്ചിലും ഏപ്രിലിലും സംസ്ഥാനത്തുണ്ടായ പേമാരിയില്‍ പതിനായിരക്കണക്കിനു ടണ്‍ നെല്ലും കുരുമുളകുമെല്ലാം നശിച്ചു. 16 പേര്‍ മരിച്ചു. നിരവധി വീട് തകര്‍ന്നു. മൊത്തം 1430 കോടി 85 ലക്ഷം രൂപയുടെ നഷ്ടം. നാഷണല്‍ കലാമിറ്റി ഫണ്ട് മാനദണ്ഡപ്രകാരം സംസ്ഥാനത്തിന് 214 കോടി 88 ലക്ഷം രൂപയുടെ ധനസഹായം ലഭിക്കണം. സംസ്ഥാനസര്‍ക്കാര്‍ ഹെക്ടറിന് 10,000 രൂപയുടെ സഹായം നല്‍കി. വേനല്‍മഴക്കെടുതി നേരിടാന്‍ 150 കോടി രൂപയുടെ ഒന്നാംഘട്ട സഹായമഭ്യര്‍ഥിച്ച് സംസ്ഥാന റവന്യൂമന്ത്രി മാര്‍ച്ച് 25ന് കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടു. ഏപ്രില്‍ 15ന് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും നേതൃത്വത്തില്‍ സര്‍വകക്ഷി നേതൃസംഘം പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കി. ഇതേത്തുടര്‍ന്ന് ഏപ്രിലില്‍ കേന്ദ്ര ഉന്നതതലസംഘം മഴക്കെടുതി ബാധിതസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. എന്നാല്‍, ഈ സംഘം ശുപാര്‍ശചെയ്തത് വെറും 46 കോടിരൂപ. അതും കണക്കില്‍ മാത്രമൊതുങ്ങി. ഒരു ചില്ലിക്കാശും തന്നില്ല.
കഴിഞ്ഞ വര്‍ഷത്തെ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ടും ഇതേ സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഹൈലെവല്‍ കമ്മിറ്റി അന്ന് 134.39 കോടിരൂപ നാഷണല്‍ കലാമിറ്റി റിലീഫ് ഫണ്ടില്‍നിന്ന് അനുവദിക്കാന്‍ ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍, ലഭിച്ചതാകട്ടെ 50.81 കോടി രൂപമാത്രം. സൌജന്യറേഷന്‍ ഇനത്തില്‍ 9.2 കോടി രൂപ രണ്ടാമതൊരു ഗഡുവായും നല്‍കി. 74.29 കോടി രൂപ ഇനിയും നല്‍കിയിട്ടില്ല.
വൈദ്യുതിവിഹിതത്തിന്റെ കഥയും വ്യത്യസ്തമല്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോഡ്ഷെഡിങ്ങും പവര്‍കട്ടും പതിവായപ്പോഴും പിടിച്ചുനില്‍ക്കുകയായിരുന്നു കേരളം. എന്നാല്‍, കാലവര്‍ഷം ചതിച്ചതോടെ സ്ഥിതി മാറി. ജൂണ്‍ 27 മുതല്‍ രാത്രികാലത്ത് അരമണിക്കൂര്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതമായി. ഉപയോക്താക്കളില്‍നിന്ന് ഈടാക്കുന്ന വിലയേക്കാള്‍ രണ്ടും മൂന്നും മടങ്ങ് അധികം വില നല്‍കി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരുന്നതിനാല്‍ വൈദ്യുതിബോര്‍ഡ് വന്‍ സാമ്പത്തികബാധ്യതയിലാണുതാനും. ഈ പ്രതിസന്ധിഘട്ടത്തില്‍ സഹായം നല്‍കുന്നതിനുപകരം കേന്ദ്രംചെയ്തത് വൈദ്യുതിവിഹിതം ഗണ്യമായി വെട്ടിക്കുറയ്ക്കുകയാണ്. സംസ്ഥാനത്ത് അതിരൂക്ഷമായ വൈദ്യുതികമ്മി ഉണ്ടായതിന് പ്രധാനമായ ഒരു കാരണം ഇതാണ്.
2007 ജനുവരിവരെ 1188 മെഗാവാട്ട് വൈദ്യുതി കേന്ദ്ര വൈദ്യുതിപദ്ധതികളില്‍നിന്ന് കേരളത്തിന് ലഭിച്ചിരുന്നു. അത് ഒരു കൊല്ലത്തിനിടയില്‍ മൂന്നുതവണ വെട്ടിക്കുറച്ച് 1041 മെഗാവാട്ടിലെത്തിച്ചു. കഴിഞ്ഞ മെയ് മുതല്‍ വൈദ്യുതിവിഹിതത്തില്‍ വീണ്ടും ഗണ്യമായ കുറവു വരുത്തിയിരിക്കുന്നു. സെപ്തംബറില്‍ ആകെ ലഭിച്ചത് 736 മെഗാവാട്ടുമാത്രം. സംസ്ഥാനത്തിനു ലഭിക്കേണ്ട 450 മെഗാവാട്ടോളം വൈദ്യുതി നിഷേധിക്കപ്പെടുന്നു.
കാര്‍ഷികമേഖലയ്ക്ക് പിന്തുണ നല്‍കി - സോണിയ ഗാന്ധി
യാഥാര്‍ത്ഥ്യം
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കാര്‍ഷികമേഖലയിലെ തകര്‍ച്ചമൂലം കടംകയറി ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ നിരവധി. കര്‍ഷകോല്‍പന്നങ്ങളുടെ ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ചുകൊണ്ട് വിലയിടിവിന് വഴിവച്ചു. താങ്ങുവില സമ്പ്രദായം എടുത്തുകളഞ്ഞു. Maximum Support Price പ്രഖ്യാപിച്ചതല്ലാതെ സര്‍ക്കാര്‍ ഏജന്‍സികള്‍ വേണ്ടസമയത്ത് ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചില്ല. പുതിയ ജലസേചന പദ്ധതികളില്ല. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഭാഗികമായി മാത്രം നടപ്പിലാക്കി. 7% പലിശ കാര്‍ഷികവായ്പയ്ക്ക് നല്‍കാന്‍ തീരുമാനം. പ്രതിസന്ധിയിലാണ്ട പ്രദേശങ്ങള്‍ക്ക് പ്രഖ്യാപിച്ച പാക്കേജുകള്‍ നടപ്പിലാക്കാന്‍ ശുഷ്കാന്തി കാട്ടിയില്ല. ഒരു സമഗ്ര കാര്‍ഷിക നയം ഉണ്ടായില്ല. വിത്തു ബില്‍ കൊണ്ടുവന്നതോടെ വിത്തുകളുടെ മേല്‍ ബഹുരാഷ്ട്രകുത്തകകള്‍ പിടിമുറുക്കി. ഇടതു സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കാര്‍ഷിക കടാശ്വാസം കൊണ്ടുവന്നു. ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും ആശ്വാസം ലഭ്യമായില്ല.
പ്രവാസികളെ സഹായിച്ചു - സോണിയ ഗാന്ധി
യാഥാര്‍ത്ഥ്യം
ആഗോള സാമ്പത്തികമാന്ദ്യംമൂലം പ്രവാസി മലയാളികള്‍ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. കേന്ദ്രത്തില്‍ മലയാളിയായ ഒരു മന്ത്രി പ്രവാസിക്ഷേമം കൈകാര്യംചെയ്യാനുണ്ടായിട്ടും 25 ലക്ഷത്തിലധികം വരുന്ന പ്രവാസി മലയാളികള്‍ക്കുവേണ്ടി ഒരു ആശ്വാസപദ്ധതിപോലും അവതരിപ്പിച്ചില്ല. സംസ്ഥാനസര്‍ക്കാരാണ് ഈ കഴിഞ്ഞ ബജറ്റില്‍ 100 കോടി രൂപയുടെ പുനരധിവാസപാക്കേജ് പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം തുടങ്ങിയ മേഖലയിലും കേന്ദ്രം കേരളത്തിനാവശ്യമായത് നല്‍കി - സോണിയാ ഗാന്ധി
യാഥാര്‍ത്ഥ്യം
കേരളപ്പിറവിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ 2006 നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് ഉദ്ഘാടനംചെയ്തപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വാഗ്ദാനംചെയ്ത ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയെപ്പറ്റി പിന്നീട് ഒരു മിണ്ടാട്ടവുമില്ല. പതിനൊന്നാം പഞ്ചവത്സരപദ്ധതിക്കാലത്ത് എട്ട് ഐഐടി തുടങ്ങാന്‍ തീരുമാനിക്കുകയും ചില സംസ്ഥാനങ്ങളില്‍ രണ്ടാമതൊരു ഐഐടികൂടി അനുവദിക്കുകയും ചെയ്തിട്ടും കേരളത്തില്‍ ഐഐടി അനുവദിച്ചില്ല. കേരളത്തിനുമാത്രമായി ഒരു പ്രത്യേക റെയില്‍വേസോണ്‍ അനുവദിക്കണമെന്നത് ദീര്‍ഘകാലമായി സംസ്ഥാനം ഉന്നയിക്കുന്ന ആവശ്യമാണ്. എന്നാല്‍, റെയില്‍വേ വികസനപദ്ധതികള്‍ക്കു സംസ്ഥാനത്തിന് അവസാന പരിഗണനയാണ് ഇപ്പോള്‍ ലഭിച്ചുപോരുന്നത്. കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ കേരളത്തെ പരിഗണിച്ചുപോലുമില്ല. സേലം ഡിവിഷന്‍ രൂപീകരണവേളയില്‍ സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് സമഗ്രമായ പാക്കേജുതന്നെ നടപ്പാക്കുമെന്ന് പ്രധാനമന്ത്രിയും റെയില്‍വേമന്ത്രിയും വാഗ്ദാനംചെയ്തിരുന്നെങ്കിലും അതിന് കടകവിരുദ്ധമായ നടപടിയാണ് ഇപ്പോള്‍ കൈക്കൊള്ളുന്നത്.
കേരളത്തിന് ധനസഹായമായി 40,000 കോടി രൂപ നല്‍കി - സോണിയാ ഗാന്ധി
യാഥാര്‍ത്ഥ്യം
എവിടെ, എപ്പോള്‍, എങ്ങനെ, ഏത് ഇനത്തില്‍ ഈ ധനസഹായം നല്‍കി എന്നതിന്റെ സൂചനപോലുമില്ലാത്ത അവകാശവാദം! ഇന്ത്യയില്‍ ആകെ 3.8 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ നിക്ഷേപം. അതിന്റെ 2.4 ശതമാനം മാത്രമായ 19,000 കോടിയാണ് കേരളത്തിലുള്ളത്. രാജ്യത്തെ ജനസംഖ്യയുടെ 3.1 ശതമാനമുള്ള കേരളത്തിന് കൂടുതല്‍ വിഹിതം ലഭ്യമാക്കാനുള്ള ശക്തമായ ആവശ്യങ്ങളും സമ്മര്‍ദങ്ങളും കണ്ടില്ലെന്നു നടിച്ച സര്‍ക്കാരിനെ നയിക്കുന്ന മുന്നണിയുടെ അധ്യക്ഷപദവിയിലാണ് സോണിയ ഇരിക്കുന്നത്.
കേന്ദ്രത്തില്‍നിന്നും പ്രതിവര്‍ഷം രാജ്യത്തെ ഒര്‍ു പൗരന് ശരാശരി 1963 രൂപ വിഹിതമായി നല്‍കുന്നുണ്ടെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളസിയുടെ പഠനം വ്യക്തമാക്കുന്നു. എന്നാല്‍ കേരളത്തില്‍ ലഭിക്കുന്ന ശരാശരി തുക 1686 രൂപ മാത്രമാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ 2008 മാര്‍ച്ച് വരെ 7.83 ലക്ഷം കോടി നിക്ഷേപിച്ചപ്പോള്‍ കേരളത്തിനു ലഭിച്ചത് 19000 കോടി മാത്രമാണ് കേന്ദ്രപദ്ധതികള്‍ പലതിനും കേരളത്തിന് അനുയോജ്യമായ മാനദണ്ഡങ്ങളല്ല നിലവിലുള്ളത്. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വിഹിതം നല്‍കേണ്ടത് കേന്ദ്രത്തിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. അതാരുടേയും ഔദാര്യമല്ല.
കേരളത്തില്‍ ഭരണസ്തംഭനം - സോണിയാ ഗാന്ധി
യാഥാര്‍ത്ഥ്യം
കേന്ദ്ര വിഹിതമായി ലഭിച്ച പണം ചെലവഴിച്ചതില്‍ എല്‍ഡിഎഫ് ഭരണം യുഡിഎഫ് ഭരിച്ച കാലത്തേക്കാള്‍ ഏറെ മുന്നിലാണ്. വിഹിതമായി അനുവദിക്കുന്നതിന്റെ 78 ശതമാനം ചെലവഴിച്ചു. യുഡിഎഫിന്റെ കാലത്ത് 68 ശതമാനമായിരുന്നു. പ്രോജക്ട് അടിസ്ഥാനത്തിലുള്ള പദ്ധതികളില്‍ യുഡിഎഫ് ഭരണകാലത്ത് 38 ശതമാനമാണ് ചെലവഴിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ 55 ശതമാനം ചെലവഴിച്ചു. പ്രതിശീര്‍ഷവരുമാനത്തിലും ജീവിതസാഹചര്യത്തിലും കേരളം ഏറെ മുന്നിലാണ്.
കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നു - സോണിയാ ഗാന്ധി
യാഥാര്‍ത്ഥ്യം
സ്വന്തം പാര്‍ടി പ്രസിദ്ധീകരിച്ച ലഘുലേഖയില്‍പോലും കേരളത്തിലെ നിയമസമാധാന നിലയെ പ്രകീര്‍ത്തിച്ചിരിക്കെ, അഖിലേന്ത്യാ ശരാശരിയില്‍ കേരളം ക്രമസമാധാന പാലനത്തില്‍ ഏറ്റവും മുന്നിലാണെന്നിരിക്കെ എവിടെനിന്നു കിട്ടി സോണിയക്ക് ഈ വിവരം?
സോണിയ അറിഞ്ഞുകാണില്ലേ ക്രമസമാധാനപാലനത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്? 'ഇന്ത്യാടുഡെ' വാരിക വിവിധ സംസ്ഥാനങ്ങളിലെ ക്രമസമാധാനനില പഠിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഗുജറാത്ത് പിസിസി ഇതിന് ആധാരമാക്കിയത്. കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാതെരഞ്ഞെടുപ്പിനിടെ 2003 മുതല്‍ 2007 വരെയുള്ള കണക്കാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. 2008ലെ സര്‍വേയിലും ഒന്നാമത് കേരളമായിരുന്നു. കോണ്‍ഗ്രസ് ലഘുലേഖയിലെ ക്രമസമാധാന പട്ടികയില്‍ കോഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളൊന്നും ഇടംകണ്ടെത്തിയില്ല. കേരളത്തിനുപുറമെ തമിഴ്നാട്, കര്‍ണാടകം, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണുള്ളത്. ആന്ധ്രയും മഹാരാഷ്ട്രയും ഡല്‍ഹിയും ഏറെ പിന്നിലാണ്. കേന്ദ്രസര്‍ക്കാരിന്റെ ക്രൈംറെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പരിശോധിച്ചാലും ക്രമസമാധാനപാലനത്തില്‍ കേരളത്തിന്റെ മെച്ചപ്പെട്ട നില വ്യക്തം. ആകെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ കേരളം മുന്നിലാണെങ്കിലും വര്‍ഗീയകലാപം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവ് കേരളത്തിലാണെന്ന് ക്രൈംറെക്കോഡ്സ് ബ്യൂറോ പറയുന്നു. കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് കേരളത്തിലെ മെച്ചപ്പെട്ട ക്രമസമാധാനപാലനമാണ് കാണിക്കുന്നതെന്നാണ് വിദഗ്ധാഭിപ്രായം. ചെറിയ കേസുകള്‍ പോലും രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് പൊലീസിന്റെ കാര്യക്ഷമതയും അതോടൊപ്പം ജനങ്ങള്‍ക്ക് ഭയംകൂടാതെ പൊലീസിനെ സമീപിക്കാനുള്ള അന്തരീക്ഷവുമാണ് കാണിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ പോലുംസമ്മതിക്കുന്നു.
കേരളത്തില്‍ മുന്‍ യുഡിഎഫ് ഭരണകാലത്ത് 18 പേര്‍ വര്‍ഗീയകലാപങ്ങളില്‍ കൊല്ലപ്പെട്ടെങ്കില്‍, 1996-2001ലെയോ ഇപ്പോഴത്തെയോ എല്‍ഡിഎഫ് ഭരണത്തില്‍ ഒരൊറ്റ വര്‍ഗീയകലാപംപോലും ഉണ്ടായിട്ടില്ല; ഒരാളും കൊല്ലപ്പെട്ടിട്ടുമില്ല.
ഉറച്ച ഭരണം വാഗ്ദാനം ചെയ്യുന്നു - സോണിയാ ഗാന്ധി
യാഥാര്‍ത്ഥ്യം
ഉറച്ച ഭരണത്തെക്കുറിച്ച് വീണ്ടും വീണ്ടും പറയുന്ന സോണിയക്ക്, ബിജെപിയുമായി കൂട്ടുചേര്‍ന്നും, രാജീവ് ഗാന്ധിയുടെ വീട്ടിനടുത്ത് രണ്ട് പൊലീസുകാരെ കണ്ടു എന്ന് തൊടുന്യായം പറഞ്ഞുമെല്ലാം സര്‍ക്കാരുകളെ അട്ടിമറിച്ച കോണ്‍ഗ്രസിന്റെ ചരിത്രം അറിയില്ലെന്നുണ്ടോ? ജനങ്ങള്‍ തെരഞ്ഞെടുത്ത, നിയമസഭയില്‍ ഭൂരിപക്ഷമുള്ള ഇ എം എസ് ഗവമെന്റിനെ ജനാധിപത്യതത്വങ്ങളെ കശാപ്പുചെയ്ത് പിരിച്ചുവിട്ട കോണ്‍ഗ്രസിന് 'ഉറച്ച ഭരണ'ത്തെക്കുറിച്ച് പറയാന്‍ എന്തവകാശം? പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെടുമ്പോള്‍ നോട്ടുകെട്ടുകളുടെ കനംകൊണ്ട് കൃത്രിമ ഭൂരിപക്ഷമുണ്ടാക്കുന്നതാണോ ഉറച്ച ഭരണത്തിന്റെ ലക്ഷണം?
ഭീകരതക്കെതിരെ ശക്തമായ നടപടി - സോണിയാ ഗാന്ധി
യാഥാര്‍ത്ഥ്യം
മുംബൈയില്‍ ഒരു പ്രയാസവുമില്ലാതെ കൊലയാളിസംഘത്തിന് കടന്നുവരാനും ദിവസങ്ങളോളം ആയുധശേഖരവുമായി തങ്ങാനുമുള്ള അവസരമുണ്ടാക്കിയതാണോ ഭീകരവിരുദ്ധ നടപടി? മൂന്നുദിവസം ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആ ഭീകരാക്രമണത്തിനു കാരണം കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ ഭരണം രാജ്യസുരക്ഷ ഉറപ്പാക്കിയതാണോ? യുപിഎ ഭരണത്തിന്റെ ഇതുവരെയുള്ള നാളുകളില്‍, രാജ്യത്ത് അന്‍പതോളം വന്‍ സ്ഫോടനം നടന്നെന്നും അതില്‍ നൂറുകണക്കിനാളുകള്‍ മരിച്ചെന്നുമുള്ള യാഥാര്‍ഥ്യം മറച്ചുവയ്ക്കാന്‍ കഴിയുന്നതാണോ?
പ്രധാനമന്ത്രിയെ അപമാനിക്കുന്നു - സോണിയാ ഗാന്ധി
യാഥാര്‍ത്ഥ്യം
മന്‍മോഹന്‍ സിങ്ങാണ്, വാഷിങ്ടണില്‍ ചെന്ന് ഇന്ത്യക്കാകെ അപമാനമുണ്ടാക്കുംവിധം ജോര്‍ജ് ബുഷിനെ സ്തുതിച്ചത്.
കേരളത്തിനു പ്രത്യേകമായി പലതും നല്‍കി - സോണിയാ ഗാന്ധി
യാഥാര്‍ത്ഥ്യം
കേരളത്തിന് പ്രത്യേകം നല്‍കിയതായി സോണിയ പറഞ്ഞ കാര്യങ്ങളൊന്നുംതന്നെ കോണ്‍ഗ്രസിന്റെ ഔദാര്യമല്ല. മാത്രമല്ല, ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തിന്റെ ഫലമായി യുപിഎ സര്‍ക്കാരിന് അനുവദിക്കേണ്ടിവന്നവയാണ് പലതും. നാലരക്കൊല്ലം കേരളത്തിലെ ഇരുപത് എംപിമാരുടെയും പിന്തുണ വാങ്ങി ഭരണം നടത്തിയ കോണ്‍ഗ്രസ്, ഈ സംസ്ഥാനത്തോടുകാണിച്ച നന്ദികേടിന്റെ കണക്കാണ് ജനങ്ങള്‍ക്കറിയേണ്ടത്.
മതേതരത്വത്തിന്റെ പേരില്‍ ഊറ്റംകൊളളുന്ന ഇടതുപക്ഷം രണ്ടുതവണ ബിജെപിയുമായി സന്ധിയുണ്ടാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്രത്തില്‍ ബിജെപിയുമായി യാതൊരു ബന്ധവും ഉണ്ടാക്കാത്ത ഏക പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്. - സോണിയാ ഗാന്ധി
യാഥാര്‍ത്ഥ്യം
സിപിഐ എം ഒരിക്കലും ബിജെപിയുമായി സന്ധി ചെയ്തിട്ടില്ല. അടിയന്തരാവസ്ഥയ്ക്കെതിരായ ജനരോഷമായിരുന്നു 1977ല്‍ പ്രതിഫലിച്ചത്. അതിന്റെ തുടര്‍ച്ചയായി ജനതാപാര്‍ടി സര്‍ക്കാര്‍ വന്നു. പിന്നീട് 1989ല്‍ വി പി സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെയാണ് സിപിഐ എം പിന്തുണച്ചത്. അത് ബിജെപി സര്‍ക്കാര്‍ ആയിരുന്നില്ല. ബിജെപി സര്‍ക്കാരില്‍ പങ്കാളിയായാല്‍ പിന്തുണക്കില്ലെന്ന് സിപിഐ എം അറിയിച്ചു. അങ്ങനെയാണ് ബിജെപി വി പി സിങ്ങ് സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണച്ചത്. ഫലത്തില്‍ ബിജെപിയെ ഭരണത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു സി.പി.എം. ആ സര്‍ക്കാരിനെ ബിജെപിയുമായി ചേര്‍ന്ന് അട്ടിമറിച്ച പാരമ്പര്യം കോണ്‍ഗ്രസിന്റേതാണ്.
കുപ്രസിദ്ധമായ 'വടകര-ബേപ്പൂര്‍ മോഡല്‍' കോ-ലീ-ബി സഖ്യത്തിന്റെ അരങ്ങായിരുന്നു വടകര. എക്കാലത്തും ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കാന്‍ ശ്രമിച്ചത് കോണ്‍ഗ്രസാണ്.
ഇടതുപക്ഷം ഭൂതകാലത്തിന്റെ തടവറയിലാണ് സോണിയാ ഗാന്ധി
യാഥാര്‍ത്ഥ്യം
സോണിയക്ക് ചരിത്രമറിയില്ല. കമ്പോളവ്യവസ്ഥ പിന്തുടരുന്ന യുഎസ് സാമ്പത്തിക നയങ്ങള്‍ അവിടത്തെ തകര്‍ച്ചക്കു കാരണമായി. അതേ നയങ്ങള്‍ തുടരാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്സാണ് ഭൂതകാലത്തിന്റെ തടവറയില്‍ കഴിയുന്നത്.
കോണ്‍ഗ്രസ് അഴിമതിക്കെതിരെ പോരാടുന്നു - സോണിയാ ഗാന്ധി
യാഥാര്‍ഥ്യം
രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിയായിരുന്നു രാജീവ് ഗാന്ധിയുടെ കാലത്തെ ബൊഫോഴ്സ് തോക്കിടപാട്. 1993ല്‍ നരസിംഹറാവു ഗവമെന്റ് അവിശ്വാസത്തെ നേരിടാന്‍ എംപിമാര്‍ക്ക് കൈക്കൂലി കൊടുത്തു. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ എംപിമാരെ കോടിക്കണക്കിന് രൂപയ്ക്ക് വിലയ്ക്കെടുത്തു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ നോട്ടുകള്‍ ഒഴുക്കിയത് സോണിയ കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കെയാണ്. ടെലികോം മേഖലയിലെ സ്പെക്ട്രം അഴിമതിക്ക് കൂട്ടുനിന്നത് കോണ്‍ഗ്രസാണ്. ലൈസന്‍സ് മറിച്ചുവിറ്റതിലൂടെ ഒരു ലക്ഷം കോടി രൂപയുടെ അഴിമതിയാണ് നടന്നത്. ഇതേപ്പറ്റി കേന്ദ്ര വിജിലന്‍സ് കമീഷണര്‍ അന്വേഷിക്കുകയാണ്. ഇസ്രയേല്‍ കമ്പനിയുമായുണ്ടാക്കിയ മിസൈല്‍ കരാറില്‍ 900 കോടിരൂപയുടെ അഴിമതി നടന്നു.
കേരളത്തില്‍ ന്യൂനപക്ഷാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നു - സോണിയാ ഗാന്ധി
യാഥാര്‍ത്ഥ്യം(ഇടതുപക്ഷനിലപാട്)
ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ കാണാന്‍ കൂട്ടാക്കാത്തതും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ നിസ്സംഗമായി കണ്ടുനിന്നതും കോണ്‍ഗ്രസിന്റെ പാരമ്പര്യമാണ്. ന്യൂനപക്ഷങ്ങള്‍ക്കുള്ള സംവരണത്തെക്കുറിച്ച് പഠിക്കാനാണ് രംഗനാഥമിശ്ര കമീഷന്‍ നിയമിതമായത്. 2007 മെയ് മാസത്തില്‍ കമീഷന്‍ ഗവമെന്റിന് ശുപാര്‍ശ സമര്‍പ്പിച്ചു. ദളിത് ക്രിസ്ത്യാനികള്‍ക്കും ദളിത് മുസ്ളിങ്ങള്‍ക്കും പട്ടികജാതിപദവി അനുവദിക്കുന്ന പ്രശ്നത്തില്‍ രചനാത്മകമായ ശുപാര്‍ശകളാണ് കമീഷന്‍ സമര്‍പ്പിട്ടിച്ചുള്ളതെങ്കിലും, റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചില്ല. ദളിത് ക്രിസ്ത്യാനികളെയും ദളിത് മുസ്ളിങ്ങളെയും പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ദേശീയ ന്യൂനപക്ഷകമീഷന്റെ ശുപാര്‍ശയും യുപിഎ ഗവമെന്റ് അവഗണിച്ചു. ഒബിസിയില്‍പ്പെട്ട മുസ്ളിങ്ങളുടെ ലിസ്റ്റ് പരിഷ്കരിക്കണമെന്ന ആവശ്യം ഏറെക്കാലമായി നിലനില്‍ക്കുന്നതാണ്. അതിനുള്ള ഒരു മുന്‍കൈയും കൈക്കൊണ്ടില്ല. തങ്ങള്‍ നിയമിച്ച കമീഷനുകളുടെ ശുപാര്‍ശകള്‍പോലും നടപ്പാക്കാന്‍ തയ്യാറാകാത്ത ഗവമെന്റിനെ നയിക്കുന്ന മുന്നണിയുടെ അധ്യക്ഷകൂടിയാണ് സോണിയ!
മുസ്ളിങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവും സാമൂഹ്യവുമായ പദവിയെപ്പറ്റി പഠിക്കുന്നതിനാണ് ജസ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ചത്. ആ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്, രാജ്യത്തെ മുസ്ളിങ്ങളുടെ സാമൂഹ്യവും സാമ്പത്തികവുമായ ദയനീയാവസ്ഥയാണ് വരച്ചുകാട്ടിയത്. ആ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ യുപിഎ സര്‍ക്കാരിന് അര്‍ധമനസ്സാണ്. ദീര്‍ഘകാല പ്രസക്തിയുള്ള പല നിര്‍ദേശവും അവഗണിച്ചു. എന്നാല്‍, ഇടതുപക്ഷം മറ്റൊരുതരത്തിലാണ് പ്രതികരിച്ചത്. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളെ സംബന്ധിച്ച് സിപിഐ എം രാജ്യവ്യാപകമായി ചര്‍ച്ച സംഘടിപ്പിച്ചു. 'മുസ്ളിം സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടിയുള്ള അവകാശപ്രഖ്യാപന രേഖ' പാര്‍ടി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. യുപിഎ ഗവമെന്റിന്റെ ഘട്ടംഘട്ടമായുള്ള സമീപനംകൊണ്ട്, കൊച്ചുകൊച്ചു പദ്ധതികള്‍ വഴി മുസ്ളിം ന്യൂനപക്ഷത്തിന് പറയത്തക്ക മെച്ചമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. സച്ചാര്‍ കമീഷന്റെ ഏതാനും ചില നിര്‍ദേശങ്ങള്‍ മാത്രമേ, തുടര്‍നടപടിക്കായി ഗവമെന്റ് എടുത്തിട്ടുള്ളൂ. അവപോലും ഭാഗികമായേ നടപ്പാക്കുന്നുള്ളൂ- ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിപോലും അര്‍ധമനസ്സോടുകൂടിയാണ് യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്നത്. മുസ്ളിം സമുദായത്തിന്റെ സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പദവി രാജ്യത്തൊട്ടുക്കും പരിതാപകരമാണ്.
ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിവുള്ളതെല്ലാം ചെയ്യുന്നു. പശ്ചിമബംഗാളിലെ ഗവമെന്റ് മുസ്ളിം ന്യൂനപക്ഷത്തിന്റെ ഉന്നമനത്തിനായി 2007 തൊട്ട് 15 ശതമാനം വരുന്ന സംസ്ഥാനതല ബജറ്ററി ഉപപദ്ധതി നടപ്പാക്കിത്തുടങ്ങി. എല്ലാ ക്ഷേമപദ്ധതിയിലും ന്യൂനപക്ഷ സമുദായത്തിന് പ്രത്യേകശ്രദ്ധ നല്‍കുന്നു. കേരളത്തില്‍ മുസ്ളിങ്ങളുടെ പ്രത്യേക പരിതഃസ്ഥിതി മനസ്സിലാക്കുന്നതിന് രൂപീകരിച്ച സംസ്ഥാനതല കമ്മിറ്റി മുന്നോട്ടുവച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍, പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നു. ത്രിപുരയില്‍ സംസ്ഥാന ബജറ്റില്‍ ഒരു ഭാഗം മുസ്ളിം വനിതകളെ ലക്ഷ്യംവച്ച് നീക്കിവച്ചു. മുസ്ളീം ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള എല്ലാ പദ്ധതികളുടെയും ഗുണം മുസ്ളിം സ്ത്രീകള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണിത്. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ 'സ്നേഹം' വോട്ടുബാങ്കു ലക്ഷ്യമിട്ടുള്ളതാണെങ്കില്‍, ഇടതുപക്ഷത്തിന്റേത് അങ്ങനെയല്ല. ഒറീസയില്‍ വേട്ടയാടപ്പെടുന്ന ക്രൈസ്തവ വിശ്വാസികള്‍ സിപിഐ എമ്മിന്റെ ഓഫീസിലേക്ക് ഓടിയെത്തുന്നത് ആ സംസ്ഥാനത്ത് ബിജെപിയുമായി കായികമായി ചെറുത്തുനില്‍ക്കാന്‍ സിപിഐ എമ്മിന് കഴിയും എന്ന് കരുതിയല്ല. മറിച്ച്, ന്യൂനപക്ഷാവകാശങ്ങള്‍ ധ്വംസിക്കപ്പെടുമ്പോള്‍ ധീരമായ നിലപാടെടുക്കുന്ന പ്രസ്ഥാനമാണിതെന്ന് മനസ്സിലാക്കിയാണ്. കേരളത്തില്‍, തലശേരി കലാപകാലത്ത് ന്യൂനപക്ഷ കുടുംബങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ജീവന്‍ ബലികൊടുത്ത് നിലക്കൊണ്ട പ്രസ്ഥാനമാണ് സിപിഐ എം.
സോണിയ മിണ്ടാതിരുന്ന കാര്യങ്ങള്‍
ആണവ കരാര്‍, ആയുധ ഇടപാടിലെ അഴിമതി എന്നിവയെക്കുറിച്ച് സോണിയ ഒന്നും മിണ്ടിയില്ല. ഇന്ത്യയുടെ വിദേശനയം യുപിഎ സര്‍ക്കാര്‍ നാണംകെട്ടരീതിയില്‍ മാറ്റിമറിക്കുകയാണെന്നും അമേരിക്കന്‍ വിധേയത്വവും ഇസ്രയേലി സഹകരണവും അപകടകരമായ കളിയാണെന്നുമുള്ള ഇടതുപക്ഷത്തിന്റെ വിമര്‍ശനത്തിനും മറുപടിയുണ്ടായില്ല.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കേരളത്തില്‍ വന്ന സോണിയാഗാന്ധി പ്രസംഗത്തില്‍ പറഞ്ഞതും അവയുടെ യാഥാര്‍ത്ഥ്യവും.
ReplyDelete