ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെയും വിഖ്യാതമായ ചേരിചേരാ നയത്തെയും നിരാകരിച്ചുകൊണ്ട് യുപിഎ സര്‍ക്കാര്‍ മുന്‍ എന്‍ഡിഎ സര്‍ക്കാരിനെപ്പോലെതന്നെ അമേരിക്കയുടെ ആഗോളാധിപത്യ പദ്ധതികളുടെ പങ്കാളിയായി രാജ്യത്തെ മാറ്റിക്കൊണ്ടിരിക്കുന്ന രോഷജനകമായ ചരിത്രസന്ദര്‍ഭത്തിലാണ് പതിനഞ്ചാം ലോകസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യയുടെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും അടിയറവെക്കുന്ന, മതേതരത്വത്തെ ദുര്‍ബലപ്പെടുത്തുന്ന നയങ്ങള്‍ അനുവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്, ബിജെപി സഖ്യങ്ങള്‍ക്കെതിരെ ഒരു മൂന്നാംബദല്‍ ദേശീയരാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമായി രൂപപ്പെട്ടുവരികയാണ്. ആണവക്കരാറിലൂടെയും പ്രതിരോധ കരാറിന്റെ ചട്ടക്കൂടു ധാരണയിലൂടെയും അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ കുപ്രസിദ്ധമായ ഹൈഡ് ആക്ടിലൂടെയും നാനാവിധമായ വ്യാപാര-വ്യവസായ നിക്ഷേപകരാറുകളിലൂടെയും അമേരിക്കയുടെ വിനീത ശിങ്കിടിരാഷ്ട്രമാക്കി നമ്മുടെ മഹത്തായ മാതൃഭൂമിയെ അധഃപതിപ്പിക്കുകയാണ് യുപിഎ സര്‍ക്കാര്‍ ചെയ്തത്. ഇതിനെതിരെ ദേശാഭിമാനശക്തികളും അധ്വാനിക്കുന്ന ബഹുജനങ്ങളും നടത്തിയ പോരാട്ടങ്ങളും രാജ്യത്തെ അമേരിക്കക്ക് അടിയറവെക്കുന്ന നയങ്ങള്‍ക്കെതിരെ ഇടതുപക്ഷം നടത്തിയ അനുരഞ്ജനരഹിതമായ സമരങ്ങളും ആണ് ഇന്ന് ദേശീയതലത്തില്‍ ഒരു മൂന്നാംബദലിന് സാഹചര്യമൊരുക്കിയത്.
അമേരിക്കയുടെ അധിനിവേശശ്രമങ്ങള്‍ക്കും രാജ്യത്തിന്റെ സുരക്ഷയെത്തന്നെ വെല്ലുവിളിക്കുന്ന ആഗോളബന്ധമുള്ള വര്‍ഗീയഭീകരതക്കും എതിരെ ഇന്ത്യയില്‍ കോണ്‍ഗ്രസ്, ബിജെപി ഇതരമായൊരു രാഷ്ട്രീയസഖ്യം യാഥാര്‍ഥ്യമാവുന്നുവെന്നത് ആഗോള മൂലധന കുത്തകകളുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന സാമ്രാജ്യത്വ ഉപജാപകന്മാരുടെ ഉറക്കം കെടുത്തുന്നതാണ്. അതുകൊണ്ടുതന്നെയാണ് ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു സിഐഎ മേധാവി രാജ്യത്തിന്റെ രാഷ്ട്രീയനേതൃത്വവുമായി ചര്‍ച്ചകള്‍ നടത്താനായി പറന്നെത്തിയത്. സിഐഎ മേധാവി ലിയോണ്‍ പിനെറ്റിന്റെ ഡല്‍ഹി സന്ദര്‍ശനം പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിധി അമേരിക്കന്‍ അധിനിവേശത്തിനും രാജ്യത്തെ അസ്ഥിരീകരിക്കുന്ന വര്‍ഗീയ ഭീകരതക്കുമെതിരായി പോരാടുന്ന ഇടതുപക്ഷം നേതൃത്വം നല്‍കുന്ന മൂന്നാംബദലിന്റെതാകുമെന്ന രാഷ്ട്രീയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഉല്‍കണ്ഠാകുലമാകുന്നത്. അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന രാഷ്ട്രീയസഖ്യങ്ങളെ തകര്‍ക്കാനും അവര്‍ക്കനുകൂലമായ തെരഞ്ഞെടുപ്പ്വിധികളെ അട്ടിമറിക്കാനും സിഐഎ നടത്തിയിട്ടുള്ള ഇടപെടലുകള്‍ കുപ്രസിദ്ധങ്ങളാണല്ലോ.
എന്‍ഡിഎ ശിഥിലമാകുകയും യുപിഎയിലെ മുഖ്യ സഖ്യകക്ഷികളെല്ലാം കോണ്‍ഗ്രസുമായി സീറ്റ്ധാരണപോലും ഉണ്ടാക്കാനാവാത്തവിധം തമ്മിലടിക്കുകയുംചെയ്യുന്ന ദേശീയ രാഷ്ട്രീയം മൂന്നാംബദലിന്റെ ശക്തിപ്പെടലിന് എല്ലാ അര്‍ഥത്തിലും അനുകൂലമായിത്തീര്‍ന്നിരിക്കുന്നു. അത്തരമൊരു ബദലിന്റെ രാഷ്ട്രീയം അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധം അവസാനിപ്പിക്കുന്നതും 123 കരാര്‍, പ്രതിരോധക്കരാര്‍ തുടങ്ങി രാജ്യത്തിന്റെ സ്വതന്ത്ര വിദേശനയത്തെയും പരമാധികാരത്തെയും കളഞ്ഞുകുളിച്ച എല്ലാ കരാറുകളും പുനഃപരിശോധനക്ക് വിധേയമാക്കുന്നതുമായിരിക്കും. അത് അമേരിക്കയും ഇസ്രയേലുമായുള്ള ആയുധക്കരാറുകള്‍ റദ്ദ് ചെയ്യുമെന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കുന്നു. രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങളെയും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കാന്‍ അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സികള്‍ക്കും മൊസാദിനും അധികാരം നല്‍കുന്ന എല്ലാ നടപടികളും എന്‍ഡിഎ, യുപിഎ സര്‍ക്കാര്‍ രൂപപ്പെടുത്തിയ സംവിധാനങ്ങളും അവസാനിപ്പിക്കുമെന്നാണ് സിപിഐ എം പ്രകടനപത്രിക നല്‍കുന്ന സൂചന. ലാറ്റിനമേരിക്കന്‍ നാടുകളില്‍ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്നതുപോലെ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യത്തുണ്ടാവാന്‍ പോകുന്ന സാമ്രാജ്യത്വവിരുദ്ധമായ മാറ്റങ്ങള്‍ എന്തു വിലകൊടുത്തും അവസാനിപ്പിച്ചുകളയാനുള്ള ഗൂഢാലോചനപരമായ നീക്കങ്ങളാണ് സിഐഎയും കുത്തകമാധ്യമവ്യവസ്ഥയും ആരംഭിച്ചിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ സ്വാധീനപ്രദേശങ്ങളില്‍ മതന്യൂനപക്ഷങ്ങളും അധഃസ്ഥിത ജനവിഭാഗങ്ങളും ആദിവാസികളും പലവിധ സാമൂഹ്യമര്‍ദനങ്ങള്‍ക്കിരയാവുന്ന ജനവിഭാഗങ്ങളും ഇടതുപക്ഷ പ്രസ്ഥാനത്തോട് കാണിക്കുന്ന അഭൂതപൂര്‍വമായ ആഭിമുഖ്യം വലതുപക്ഷ-വര്‍ഗീയശക്തികളെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. അതിന്റെ അനുകരണങ്ങളാണ് കേരളത്തിലിപ്പോള്‍ യുഡിഎഫ് നേതാക്കളും കുത്തകമാധ്യമങ്ങളും പൊലിപ്പിച്ചവതരിപ്പിക്കുന്നത്.
കശ്മീരിലെ കുപ്വാരയിലെ ലഷ്കര്‍ തോയിബ ക്യാമ്പുകളില്‍ പരിശീലനം നേടി ഇന്ത്യന്‍ സേനയുമായി ഏറ്റുമുട്ടി മരിച്ച കേരളത്തില്‍നിന്നുള്ള തീവ്രവാദികളെ ആഗോള ഭീകരതയുടെ ശൃംഖലകളിലേക്ക് റിക്രൂട്ട് ചെയ്തുകൊടുത്ത എന്‍ഡിഎഫിനെക്കുറിച്ച് കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഒരക്ഷരം പറയാതെ മഅ്ദനി വിരുദ്ധ ആക്രോശങ്ങള്‍ നടത്തുകയാണ്. പിഡിപിയും മഅ്ദനിയും പരസ്യമായിത്തന്നെ തങ്ങളുടെ ഭൂതകാല നിലപാടുകള്‍ ഉപേക്ഷിച്ചുവെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുള്ളതാണ്. പിഡിപിയോ മഅ്ദനിയോ ഒന്നുമല്ല കോണ്‍ഗ്രസ്-ലീഗ് നേതാക്കളെ ഇന്ന് ഭയപ്പെടുത്തുന്നത്. കേരളത്തിലാകെ ന്യൂനപക്ഷ മതസമുദായങ്ങള്‍ക്കിടയില്‍, വിശിഷ്യാ മുസ്ളിം സമുദായത്തില്‍, ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷാഭിമുഖ്യമാണ്. പൊന്നാനി പാര്‍ലമെന്റ് മണ്ഡലം മുസ്ളിം സമുദായത്തിന്റെ ഇടതുപക്ഷാഭിമുഖ്യത്തെയും സാമ്രാജ്യത്വവിരുദ്ധ മനോഭാവത്തെയുമാണ് ഇന്ന് പ്രതിനിധീകരിക്കുന്നത്. ഗാസയിലെ ഇസ്രയേല്‍ കൂട്ടക്കൊല അപലപിക്കാന്‍പോലും വിസമ്മതിച്ച് യുപിഎ സര്‍ക്കാറിനും അതിന്റെ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ചുമതലകൂടി വഹിച്ചിരുന്ന മുസ്ളിംലീഗ് മന്ത്രി ഇ അഹമ്മദിനും എതിരായ ജനരോഷമാണ് ലീഗിന്റെ പരമ്പരാഗത കോട്ടകൊത്തളങ്ങളില്‍ ആഞ്ഞടിക്കാന്‍ പോകുന്നത്. അത് മലപ്പുറത്ത് മാത്രമല്ല, കേരളമാകെ അമേരിക്കന്‍ - ഇസ്രയേല്‍ ബന്ധത്തിന്റെ കുറ്റകരമായ വിദേശനയത്തിനെതിരെ ശക്തമായ പ്രതികരണങ്ങള്‍ സൃഷ്ടിക്കും.
കേന്ദ്രമന്ത്രിയായ വയലാര്‍ രവി പറഞ്ഞത് മുസ്ളിംലീഗ് ഒഴികെ എല്ലാ മുസ്ളിംസംഘടനകളും വര്‍ഗീയ സംഘടനകളാണെന്നാണ്. ഇത് ബുഷിന്റെയും ബ്ളയറിന്റെയും കുപ്രസിദ്ധമായ പ്രസ്താവനയെയാണ് അനുസ്മരിപ്പിക്കുന്നത്. മുസ്ളിങ്ങളെല്ലാം ഭീകരവാദികളല്ലെങ്കിലും ഭീകരവാദികളെല്ലാം മുസ്ളിങ്ങളാണെന്ന് സാമാന്യവല്‍ക്കരിക്കുകയാണല്ലോ ബ്ളെയര്‍ ചെയ്തത്. ലീഗ് ഒഴിച്ച് മറ്റെല്ലാ മുസ്ളിംസംഘടനകളും വര്‍ഗീയവാദികളാണെന്ന് സാമാന്യവല്‍ക്കരിക്കുന്ന വയലാര്‍ രവിയെപ്പോലുള്ള കോണ്‍ഗ്രസുകാര്‍ തികഞ്ഞ ഇസ്രയേല്‍ പക്ഷപാതിത്വമുള്ള ശശി തരൂരിനെയും കെ വി തോമസിനെയുമെല്ലാം സ്ഥാനാര്‍ഥിയാക്കിയിരിക്കുകയാണല്ലോ. അങ്ങനെ കോണ്‍ഗ്രസ് നേതൃത്വം അമേരിക്കയുടെ ഇസ്ളാമിക വിരുദ്ധമായ ആഗോള അജന്‍ഡയുടെ വിനീതരായ അനുകൂലികളാണ് തങ്ങളെന്ന് യാങ്കി-സിയോണിസ്റ്റ് മേധാവിത്വത്തെ ബോധ്യപ്പെടുത്തിയിരിക്കുകയാണ്. കമ്യൂണിസത്തിനും ഇസ്ളാമിനുമെതിരായ 'സംസ്കാരസംഘര്‍ഷ'സിദ്ധാന്തങ്ങളുടെ നാണംകെട്ട അനുകര്‍ത്താവായ ശശി തരൂരാണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയെന്നത് യാദൃച്ഛികമല്ല. സാബ്ര-ഷാറ്റില കൂട്ടക്കൊലകളിലൂടെ കുപ്രസിദ്ധനായ ഏരിയല്‍ ഷാരോണിന് ഉപഹാരം സമ്മാനിക്കാന്‍ ഡല്‍ഹിയില്‍ പറന്നെത്തിയ മറ്റൊരു ഇസ്രയേല്‍ പക്ഷപാതിയായ കെ വി തോമസിനെയാണല്ലോ എറണാകുളത്ത് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.
അമേരിക്കയുടെ ഏഷ്യയിലെ ഏറ്റവും വലിയ വിശ്വസ്ത സഖ്യശക്തിയാണ് ഇസ്രയേല്‍. ഇസ്രയേലുമായി ഇന്ത്യയുടെ വളര്‍ന്നുവരുന്ന ബന്ധത്തെ ഇന്ത്യ അതിവേഗം അമേരിക്കയുടെ ആഗോളാധിപത്യ പരിപാടിയിലേക്ക് ഉദ്ഗ്രഥിക്കപ്പെടുന്നതിന്റെ സൂചനയായിട്ടാണ് പല വിദേശകാര്യ നിരീക്ഷകരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അമേരിക്കയുടെ താല്‍പര്യാര്‍ഥം ഇന്ത്യ ഇസ്രയേലുമായി സൈനികവും രഹസ്യാനേഷണപരവും രാഷ്ട്രീയപരവുമായ അതിവിശാലമായ ബന്ധമാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
യുപിഎ സര്‍ക്കാറിന്റെ 2009-10ലേക്കുള്ള ഇടക്കാല ബജറ്റില്‍ പ്രതിരോധച്ചെലവിനായി നീക്കിവെച്ചിരിക്കുന്നത് 1,41,703 കോടി രൂപയാണ്. ഇതില്‍ 54,000 കോടിയിലേറെ രൂപ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങാനാണ് സര്‍ക്കാര്‍ തിടുക്കത്തില്‍ കരാറുകള്‍ ഉറപ്പിച്ചിരിക്കുന്നത്. ബജറ്റിലെ പ്രതിരോധ കരാറിന്റെ ഗുണം തട്ടിയെടുക്കാന്‍ പോകുന്നത് ഇസ്രയേലാണ്. എയര്‍ ഡിഫന്‍സ് മിസൈല്‍ സംവിധാനം ഇസ്രായേലില്‍നിന്ന് വാങ്ങാനുള്ള കരാറില്‍ എത്തിക്കഴിഞ്ഞു. ഇന്ത്യയുടെ ഡിആര്‍ടിഒ വികസിപ്പിച്ചെടുത്ത അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സ് സംവിധാനത്തെക്കാള്‍ വളരെ ഗുണമേന്മ കുറഞ്ഞതാണ് ഇസ്രയേലിന്റേതെന്ന് ആയുധനിര്‍മാണരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബാരക് മിസൈല്‍ ഇടപാടില്‍ സിബിഐ അന്വേഷണം നടത്തുന്ന ആരോപണവിധേയമായ കമ്പനിയില്‍നിന്നാണ് ഡിഫന്‍സ് മിസൈലുകള്‍ വാങ്ങുന്നത്. അമേരിക്കയും ഇസ്രയേലും സംയുക്തമായി വികസിപ്പിച്ച ഗ്രീന്‍പൈന്‍ റഡാര്‍ സംവിധാനം വാങ്ങാന്‍ ആലോചിക്കുന്നു. അമേരിക്കയിലെയും ഇസ്രയേലിലെയും ആയുധനിര്‍മാണ കുത്തകകളെ സഹായിക്കുകയാണ് ഇന്ത്യ.
ഇന്നിപ്പോള്‍ ഇസ്രയേലില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെത്തന്നെ 1200 കോടി രൂപയുടെ ആയുധങ്ങളാണ് ഇസ്രയേലില്‍നിന്ന് വാങ്ങിയത്. 2004 മേയില്‍ യുപിഎ അധികാരത്തിലേറിയ ഉടനെതന്നെ എല്ലാ സേനാവിഭാഗങ്ങളുടെയും തലവന്മാര്‍ ടെല്‍അവീവ് സന്ദര്‍ശിച്ചു. സംയുക്ത സൈനിക പരിശീലനപരിപാടികള്‍ തയാറാക്കി. 30,000ത്തോളം ഇന്ത്യന്‍ കമാന്‍ഡോകള്‍ക്ക് സാഗര യുദ്ധത്തിലും കലാപകാരികളെ നേരിടുന്നതിലും ഇസ്രയേല്‍ പരിശീലനം നല്‍കുന്നു. ഇന്ത്യയുടെ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് കശ്മീരിലെ ഭീകരരെ നേരിടാനുള്ള സ്പെഷ്യല്‍ ഫോഴ്സിന് (4 ബറ്റാലിയനുകള്‍) ഇസ്രയേലിനോട് അഭ്യര്‍ഥിച്ചു. മിസോറാമിലെ കൌണ്ടര്‍ ഇന്‍സര്‍ജന്‍സി സ്കൂളിന്റെ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഇസ്രയേല്‍ പ്രകടിപ്പിച്ച താല്‍പ്പര്യം ഇന്ത്യ പരിഗണിച്ച് അനുമതി നല്‍കി. ഇതെല്ലാം കാണിക്കുന്നത് അമേരിക്കന്‍ താല്‍പര്യാനുസരണം ഏഷ്യന്‍ മേഖലയില്‍ ഇസ്രയേലുമായി ചേര്‍ന്ന് ഒരു വിധ്വംസകസഖ്യത്തിന്റെ പങ്കാളിയാവാന്‍ ഇന്ത്യയെ യുപിഎ സര്‍ക്കാര്‍ സജ്ജീകരിച്ചിരിക്കുന്നുവെന്നാണ്. ഈ കുറ്റകരമായ അമേരിക്കന്‍, ഇസ്രയേല്‍ ബാന്ധവം അവസാനിപ്പിക്കാന്‍ സാമ്രാജ്യത്വ വിരുദ്ധ നിലപാട് സൂക്ഷിക്കുന്ന എല്ലാ വിഭാഗങ്ങളും ഒന്നിച്ച് നില്‍ക്കുകയെന്നത് രാജ്യാഭിമാനപരമായൊരു കടമയാണ്.
കെ ടി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനം
ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെയും വിഖ്യാതമായ ചേരിചേരാ നയത്തെയും നിരാകരിച്ചുകൊണ്ട് യുപിഎ സര്‍ക്കാര്‍ മുന്‍ എന്‍ഡിഎ സര്‍ക്കാരിനെപ്പോലെതന്നെ അമേരിക്കയുടെ ആഗോളാധിപത്യ പദ്ധതികളുടെ പങ്കാളിയായി രാജ്യത്തെ മാറ്റിക്കൊണ്ടിരിക്കുന്ന രോഷജനകമായ ചരിത്രസന്ദര്‍ഭത്തിലാണ് പതിനഞ്ചാം ലോകസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ReplyDelete