പട്ടണങ്ങളിലെ ദരിദ്രരായ ജനങ്ങളുടെ ഉന്നമനത്തിനായി സമഗ്രമായ പരിപാടി ആവിഷ്കരിക്കും എന്ന് യുപിഎയുടെ പൊതുമിനിമം പരിപാടിയില്‍ പറഞ്ഞിരുന്നു. അഞ്ചുകൊല്ലത്തെ യുപിഎ ഭരണത്തിന്റെ നീക്കി ബാക്കി എന്താണ്?
1. കഴിഞ്ഞ പതിറ്റാണ്ടില്‍ പട്ടണങ്ങളിലെ ദാരിദ്യ്രം 6 ശതമാനം കണ്ട് വര്‍ധിച്ചു. പട്ടണങ്ങളിലെ ദരിദ്രരില്‍ മഹാഭൂരിപക്ഷവും അസംഘടിത മേഖലയിലാണ് പണിയെടുക്കുന്നത്. ദിവസത്തില്‍ 20 രൂപയില്‍ താഴെ മാത്രമേ അവര്‍ക്ക് ചെലവഴിക്കാന്‍ കഴിയുന്നുള്ളു.
2. അവശ്യ സേവനങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് സ്വകാര്യവല്‍ക്കരിച്ചത് ഇവരില്‍ ഭൂരിഭാഗത്തിന്റെയും ജീവിതം നരകതുല്യമാക്കിയിരിക്കുന്നു. പൊതുജനാരോഗ്യത്തിന്റെ കാര്യത്തിലും പൊതുവിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഉള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ അവഗണന കാരണം പട്ടണങ്ങളിലെ പാവപ്പെട്ടവര്‍ സ്വകാര്യ സ്കൂളുകളെയും ആശുപത്രികളെയും ആശ്രയിക്കാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നിരിക്കുന്നു. അവിടത്തെ ഫീസും ചെലവും വളരെ ഉയര്‍ന്നതാണ്.
3. ഗവണ്‍മെന്റിന്റെ തെറ്റായ ഭക്ഷ്യനയം കാരണം പൊതുവിതരണ വ്യവസ്ഥ തകര്‍ന്നതുമൂലം പട്ടണങ്ങളില്‍ പട്ടിണിയും പോഷകാഹാരക്കുറവും വ്യാപകമായിരിക്കുന്നു.
4. പട്ടണങ്ങളിലെ ദരിദ്രരില്‍ മഹാഭൂരിപക്ഷവും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നു. തൊഴിലില്ലായ്മയും വേണ്ടത്ര തൊഴില്‍ ലഭ്യമല്ലാത്തതും വ്യാപകമാണ്. അര്‍ജ്ജുന്‍ സെന്‍ഗുപ്ത റിപ്പോര്‍ട്ട് അനുസരിച്ച് ദിവസത്തില്‍ 20 രൂപ കൊണ്ടാണ് അവര്‍ ജീവിതം തള്ളിനീക്കുന്നത്. ഡെല്‍ഹിയിലെ തൊഴിലവസരങ്ങളുടെ അവസ്ഥ ആരെയും ഞെട്ടിക്കുന്നതാണ്. ദരിദ്ര കുടുംബങ്ങളില്‍പെട്ട 52 ശതമാനം പേര്‍ക്കും ഡെല്‍ഹിയില്‍ ന്യായമായ ജോലിയോ സുരക്ഷിതമായ വരുമാനമോ ഇല്ല. എന്നിട്ടും തൊഴിലുറപ്പ് പദ്ധതി പട്ടണപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറില്ല.
5. ചെറുകിട കച്ചവടരംഗത്തേക്ക് കുത്തകകള്‍ കടന്നുവരുന്നതിനെ പ്രോല്‍സാഹിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ നയം കാരണം ചെറുകിട കച്ചവടം നടത്തുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതോപാധിയ്ക്ക് താളം തെറ്റിയിരിക്കുന്നു. കോടിക്കണക്കിന് ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന ഈ മേഖലയിലേക്ക് യാതൊരു വിവേചനവുമില്ലാതെ വിദേശ പ്രത്യക്ഷ നിക്ഷേപം പിന്‍വാതിലിലൂടെ കടന്നുവരുന്നതിനെ, കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് സ്വാഗതം ചെയ്യുകയാണ്.
6. പട്ടണങ്ങളിലെ കോടീശ്വരന്മാര്‍ നഗരങ്ങളിലെ കണ്ണായ സ്ഥലങ്ങള്‍ കയ്യടക്കുകയാണ്. അതുകാരണം ചേരികളിലെ ജനങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ സെന്‍സസ് അനുസരിച്ച് ചേരിവാസികളുടെ എണ്ണം 4.1 കോടിയായിരുന്നു. ഇപ്പോഴത് കുത്തനെ കൂടിയിരിക്കുന്നു. മുംബൈയിലെ ജനസംഖ്യയില്‍ പകുതിയും ഡെല്‍ഹിയിലെ ജനസംഖ്യയില്‍ പകുതിയില്‍ അധികവും ചേരികളിലാണ് താമസിക്കുന്നത്. വെള്ളമോ ശുചീകരണ സൌകര്യമോ മറ്റ് മിനിമം സൌകര്യങ്ങളോ ലഭ്യമല്ലാതെ അവര്‍ നരകതുല്യമായ ജീവിതം നയിക്കുന്നു.
7. തൊഴിലാളികളും ഇടത്തരക്കാരും താമസിക്കുന്ന പ്രദേശങ്ങളില്‍ അവശ്യം വേണ്ട സൌകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ അവരുടെ ജീവിതം ദയനീയമാണ്.
8. പട്ടണങ്ങളിലെ 34 ശതമാനം കുടുംബങ്ങള്‍ക്കും തങ്ങളുടെ പരിസരത്ത് കുടിവെള്ളത്തിനുള്ള സ്രോതസ്സില്ല. 30 ശതമാനം ആളുകള്‍ക്കും സ്വന്തം വീടുകളില്‍ കക്കൂസില്ല. ഡെല്‍ഹിയിലെ ചേരികളില്‍ താമസിക്കുന്നവരില്‍ 10 ശതമാനത്തിനു മാത്രമേ ശുചീകരണ സൌകര്യം ലഭ്യമാകുന്നുള്ളൂ. ഡെല്‍ഹിയിലെ ചേരികളില്‍ ഏതാണ്ട് 85 ശതമാനത്തിലും കൂട്ടായി ഉപയോഗിക്കാവുന്ന കക്കൂസുകള്‍ പോലുമില്ല.
9. മിക്ക പട്ടണങ്ങളിലും നഗരങ്ങളിലും പണം കൊടുത്താലേ പൊതു കക്കൂസുകള്‍ ഉപയോഗിക്കാന്‍ കഴിയൂ. ഡെല്‍ഹിയില്‍ നടത്തിയ ഒരു പഠനത്തില്‍നിന്നു കാണുന്നത് 4 അംഗങ്ങളുള്ള ഒരു കുടുംബത്തിന് ദിവസത്തില്‍ ശരാശരി 12 രൂപയെങ്കിലും ഈ ഇനത്തില്‍ ചെലവാക്കേണ്ടിവരുന്നുവെന്നാണ്. കക്കൂസില്‍ പോകാന്‍ ഒരു രൂപയും കുളിക്കാന്‍ രണ്ടു രൂപയും ആണ് ചാര്‍ജ്. ഒരു ദരിദ്ര കുടുംബത്തിന് ഈ ചെലവ് താങ്ങാന്‍ കഴിയുമോ?
10. പട്ടണങ്ങളിലെ പാര്‍പ്പിടമില്ലാത്തവരുടെ സംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഡെല്‍ഹിയില്‍മാത്രം ഏതാണ്ട് ഒരു ലക്ഷം പേര്‍ വീടില്ലാത്തവരായിട്ടുണ്ട് എന്നാണ് ഇന്ത്യാ ഗവണ്‍മെന്റിന്റെ അര്‍ബന്‍ ഡവലപ്മെന്റ് വകുപ്പ് നടത്തിയ പഠനത്തില്‍നിന്ന് കാണുന്നത്. ഇത്തരം ആളുകള്‍ക്ക് രാത്രി തങ്ങാനുള്ള താവളങ്ങളും അധികമില്ല. പട്ടണങ്ങളിലെ തെരുവു കുട്ടികളുടെ സ്ഥിതിയാണ് പരമദയനീയം. ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നടത്തുന്ന നൈറ്റ് ഷെല്‍ട്ടറുകളില്‍ സ്ത്രീകള്‍ക്ക് തങ്ങാന്‍ പാടില്ല എന്നാണ് വ്യവസ്ഥ.
11. എന്‍ഡിഎ ഗവണ്‍മെന്റിന്റെയും യുപിഎ ഗവണ്‍മെന്റിന്റെയും കാലത്ത് വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിച്ചത് കാരണം വൈദ്യുതിചാര്‍ജ് കുത്തനെ വര്‍ദ്ധിച്ചിരിക്കുന്നു. സ്വകാര്യ കമ്പനികളില്‍നിന്ന് കോണ്‍ട്രാക്ടര്‍മാര്‍ കൊണ്ടുവന്ന് സ്ഥാപിക്കുന്ന വൈദ്യുതി മീറ്ററുകള്‍ കള്ള മീറ്ററുകളാണ്. ഉപയോഗിച്ച വൈദ്യുതിയുടെ അളവ് പെരുപ്പിച്ച് കാണിക്കുന്ന ഈ മീറ്ററുകള്‍ കാരണം, തങ്ങള്‍ ഉപയോഗിച്ചിട്ടില്ലാത്ത വൈദ്യുതിക്കുപോലും വളരെ വലിയ നിരക്കില്‍ ചാര്‍ജ് അടയ്ക്കാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരായിത്തീരുന്നു. കേന്ദ്ര ഗവണ്‍മെന്റ് വൈദ്യുതിരംഗത്ത് നടപ്പാക്കിയ പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങളുടെ ഒരു പ്രത്യക്ഷ ഫലമാണിത്.
12. പട്ടണപ്രദേശങ്ങളില്‍ പൊതുഗതാഗത വ്യവസ്ഥാ സൌകര്യങ്ങള്‍ വേണ്ടത്ര ലഭ്യമല്ലാത്തതും സ്വകാര്യ സംരംഭങ്ങളെ കൂടുതല്‍ ആശ്രയിക്കേണ്ടിവരുന്നതും കാരണം ഇവിടങ്ങളിലെ സ്ഥിതി കൂടുതല്‍ വഷളായിരിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിച്ചത്, ഗതാഗത ചെലവ് കുത്തനെ കൂടുന്നതിനിടയാക്കി. മലിനീകരണം കുറയ്ക്കുന്നതിനായി പെട്രോള്‍ കൊണ്ട് ഓടിക്കുന്ന ഓട്ടോറിക്ഷകളും പഴയ വാഹനങ്ങളും ഘട്ടംഘട്ടമായി റോഡില്‍നിന്ന് പിന്‍വലിക്കണം എന്ന വിവിധ കോടതികളുടെ ഉത്തരവുകള്‍ കാരണം യാത്രക്കാര്‍ വിഷമത്തിലായിരിക്കുന്നു. അതു പരിഹരിക്കാന്‍ പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കണം.
13. നഗരവികസനത്തിന്റെ പുത്തന്‍ ഉദാരവല്‍ക്കരണ ചട്ടക്കൂട് അനുസരിച്ച് തെരുവുകച്ചവടക്കാരുടെയും ചെറുകിട കച്ചവടക്കാരുടെയും തൊഴിലിടങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്, ജീവിക്കാനുള്ള അവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്.
ഇതോടൊപ്പം ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ ചെറുകിട വ്യാപാരരംഗത്തേക്ക് കടന്നുവരുന്നത് പ്രശ്നം സങ്കീര്‍ണമാക്കുന്നു. ഡെല്‍ഹിയിലെ തെരുവോരങ്ങളില്‍ വര്‍ഷങ്ങളായി ഇരുന്നും നടന്നും കച്ചവടം നടത്തി വന്നിരുന്ന തെരുവു കച്ചവടക്കാര്‍ കോടതി ഉത്തരവു പ്രകാരം ഒഴിപ്പിക്കപ്പെട്ടിരിക്കുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഡെല്‍ഹി നഗരം മോടിപിടിപ്പിക്കുന്നതിന്റെ പേരില്‍ നഗരത്തിലെ വഴിവാണിഭക്കാരേയും ചേരികളും ഒഴിവാക്കാനുള്ള വന്‍ പദ്ധതി തയ്യാറാക്കപ്പെട്ടിരിക്കുന്നു. ചേരികളും വഴിവാണിഭക്കാരും ഉണ്ടായത് ഭരണവര്‍ഗത്തിന്റെ നയവൈകല്യം കൊണ്ടാണെന്ന കാര്യം മറച്ചുവെച്ചുകൊണ്ടാണിത്.
പട്ടണങ്ങളിലെ ദരിദ്രരായ ജനങ്ങളുടെ ഉന്നമനത്തിനായി സമഗ്രമായ പരിപാടി ആവിഷ്കരിക്കും എന്ന് യുപിഎയുടെ പൊതുമിനിമം പരിപാടിയില്‍ പറഞ്ഞിരുന്നു. അഞ്ചുകൊല്ലത്തെ യുപിഎ ഭരണത്തിന്റെ നീക്കി ബാക്കി എന്താണ്?
ReplyDelete