Monday, April 13, 2009

ന്യൂനപക്ഷങ്ങളെ ചതിച്ചതാര്?

രാജ്യത്തെ ജനസംഖ്യയിലെ 18.4 ശതമാനം വരുന്ന ന്യൂനപക്ഷത്തെ ചതിച്ചതാരെന്ന ചോദ്യത്തിന് ഉത്തരം ഒന്നുമാത്രം- കോണ്‍ഗ്രസ്. സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്ന ന്യൂനപക്ഷങ്ങളുടെ സമഗ്രക്ഷേമത്തിനായുള്ള നടപടികള്‍ സ്വീകരിക്കുന്നതുപോയിട്ട് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നിയോഗിച്ച കമീഷനുകളുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍പോലും കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഫാസിസ്റ്റുകളുടെ അഴിഞ്ഞാട്ടത്തിന് മുസ്ളിം-ക്രൈസ്തവ ന്യൂനപക്ഷങ്ങളെ വിട്ടുകൊടുത്ത കോണ്‍ഗ്രസ് വംശഹത്യകളുടെ കാലത്ത് കൈയും കെട്ടി നോക്കിനില്‍ക്കുക മാത്രമായിരുന്നില്ല. കലാപകാരികള്‍ക്ക് സഹായം ചെയ്തുകൊടുത്തുവെന്നതിന് ഗുജറാത്തും ഒറീസയും തന്നെ സാക്ഷി.

മുസ്ളിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി വിഭാഗങ്ങളില്‍പ്പെട്ട ന്യൂനപക്ഷങ്ങളില്‍ ഏറ്റവും വലിയ വിഭാഗം 13.4 ശതമാനം വരുന്ന മുസ്ളിങ്ങളാണ്. വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും അഭാവമാണ് മുസ്ളിം യുവാക്കളുടെ നിരാശയുടെ ഉറവിടം. ഒരു സംരക്ഷണവും ലഭിക്കാത്ത മുസ്ളിം സ്ത്രീകളാണ് ഏറ്റവും കൊടിയ ചൂഷണത്തിന് ഇരയാകുന്നതും. ന്യൂനപക്ഷങ്ങളുടെ ക്ഷേമം രാജ്യത്തിന്റെ ജനാധിപത്യപ്രക്രിയയുടെ സുഗമമായ പ്രവര്‍ത്തനത്തിന് നിര്‍ണായകമാണെന്ന് സിപിഐ എം കാണുന്നു. മുസ്ളിങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ ഹിന്ദു വര്‍ഗീയവാദികള്‍ നിരന്തരം ലക്ഷ്യംവയ്ക്കുമ്പോള്‍ ബിജെപിക്കും ഹിന്ദു വര്‍ഗീയവാദികള്‍ക്കുമെതിരെ പോരാടി ന്യൂനപക്ഷത്തെ സംരക്ഷിക്കുക എന്നത് സിപിഐ എമ്മിന്റെ ദേശീയനയത്തിന്റെ ആണിക്കല്ലായി മാറുന്നു.

ന്യൂനപക്ഷാവകാശങ്ങളോട് പുറംതിരിഞ്ഞുനിന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ-സാമ്പത്തിക വികസനത്തിനുള്ള പൊതുമിനിമം പരിപാടിയിലെ നിര്‍ദേശങ്ങള്‍ പാടെ അവഗണിച്ചു. തീവ്രവാദ ആക്രമണങ്ങളുടെ പേരില്‍ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ചെറുപ്പക്കാരെ അനധികൃതമായി അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നത് യുപിഎ ഭരണത്തില്‍ പതിവായി മാറി. ഹൈദരാബാദ് സ്ഫോടനത്തിനും ബട്ല ഹൌസ് ഏറ്റുമുട്ടലിനും ശേഷം അനധികൃത കസ്റ്റഡിയില്‍ പീഡിപ്പിച്ചതിന് 21 മുസ്ളിം ചെറുപ്പക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കിയ സംഭവം യുപിഎ സര്‍ക്കാരിന്റെ ന്യൂനപക്ഷധ്വംസനത്തിന് തെളിവ്.

കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നിയോഗിച്ച കമീഷനുകളുടെ ശുപാര്‍ശകള്‍ക്ക് പുല്ലുവില കല്‍പ്പിക്കാത്തതിന് തെളിവുകള്‍ ഏറെ.

രാജ്യത്തെ മുസ്ളിങ്ങള്‍ക്ക് ജോലികളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലുമുള്ള പ്രാതിനിധ്യം തുച്ഛമാണെന്ന് വെളിപ്പെടുത്തിയ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുസ്ളിങ്ങളെ പ്രീണിപ്പിക്കുകയാണെന്ന ബിജെപി വാദത്തിന് കഴമ്പില്ലെന്ന് തെളിയിക്കുന്നതായിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസ് ഒട്ടും ആത്മാര്‍ഥത കാട്ടിയില്ല. സച്ചാര്‍ റിപ്പോര്‍ട്ടിലെപ്രധാന ശുപാര്‍ശകളെല്ലാം അവഗണിക്കപ്പെട്ടു.

ദളിത് ക്രൈസ്തവര്‍ക്കും ദളിത് മുസ്ളിങ്ങള്‍ക്കും പട്ടികജാതിപദവി നല്‍കണമെന്ന് 2007ല്‍ ജസ്റ്റിസ് രംഗനാഥ് മിശ്ര കമീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ദേശീയ ന്യൂനപക്ഷകമീഷനും ഈ ശുപാര്‍ശ മുന്നോട്ടുവച്ചു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഒബിസി മുസ്ളിം പട്ടിക പുതുക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഉറുദു ഭാഷയ്ക്ക് അംഗീകാരവും പരിഗണനയും നല്‍കുമെന്ന യുപിഎയുടെ പൊതുമിനിമംപരിപാടിയിലെ വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല. ബജറ്റിന്റെ 15 ശതമാനം ന്യൂനപക്ഷങ്ങള്‍ക്കായുള്ള ഉപപദ്ധതിക്കായി നീക്കിവയ്ക്കണമെന്ന ദേശീയ ന്യൂനപക്ഷകമീഷന്റെ നിര്‍ദേശവും കോണ്‍ഗ്രസ് സര്‍ക്കാര്‍ തള്ളി.

പതിനൊന്നാം പദ്ധതിയില്‍ ന്യൂനപക്ഷകാര്യ മന്ത്രാലയം ഏഴായിരം കോടിയാണ് വകയിരുത്തിയത്. ഇതില്‍ 2008-09ല്‍ അനുവദിച്ച 1013.83 കോടി രൂപയില്‍ 35ശതമാനവും ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുന്നു. ന്യൂനപക്ഷങ്ങള്‍ കൂടുതലായി അധിവസിക്കുന്ന 37 ജില്ലകളില്‍ ബഹുമേഖലാ വികസനപദ്ധതികള്‍ക്ക് ചെലവിട്ടത് 5.29 കോടി മാത്രം.

1 comment:

  1. രാജ്യത്തെ ജനസംഖ്യയിലെ 18.4 ശതമാനം വരുന്ന ന്യൂനപക്ഷത്തെ ചതിച്ചതാരെന്ന ചോദ്യത്തിന് ഉത്തരം ഒന്നുമാത്രം- കോണ്‍ഗ്രസ്. സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്ന ന്യൂനപക്ഷങ്ങളുടെ സമഗ്രക്ഷേമത്തിനായുള്ള നടപടികള്‍ സ്വീകരിക്കുന്നതുപോയിട്ട് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നിയോഗിച്ച കമീഷനുകളുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍പോലും കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഫാസിസ്റ്റുകളുടെ അഴിഞ്ഞാട്ടത്തിന് മുസ്ളിം-ക്രൈസ്തവ ന്യൂനപക്ഷങ്ങളെ വിട്ടുകൊടുത്ത കോണ്‍ഗ്രസ് വംശഹത്യകളുടെ കാലത്ത് കൈയും കെട്ടി നോക്കിനില്‍ക്കുക മാത്രമായിരുന്നില്ല. കലാപകാരികള്‍ക്ക് സഹായം ചെയ്തുകൊടുത്തുവെന്നതിന് ഗുജറാത്തും ഒറീസയും തന്നെ സാക്ഷി.

    ReplyDelete