ബംഗാള്‍ മുഖ്യമന്ത്രിയും സിപിഐ (എം) പി ബി അംഗവുമായ ബുദ്ധദേവ് ഭട്ടാചാര്യ 'ഹിന്ദു' ദിനപത്രത്തിന്റെ പ്രതിനിധി മര്‍ക്കസ് ദാമുമായി നടത്തിയ അഭിമുഖം
പശ്ചിമബംഗാളില്‍ ഇടതുപക്ഷ പാര്‍ടികളുടെ സാധ്യതയ്ക്കനുസരിച്ചായിരിക്കും മൂന്നാംമുന്നണിയുടെ ഭാവി കുടികൊള്ളുന്നത്. ഈ വെല്ലുവിളി എത്രമാത്രം അപ്രതിരോധ്യമാണ്?
പാര്‍ലമെന്റിലേക്കുള്ളതായാലും നിയമസഭയിലേക്കുള്ളതായാലും ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും അത് ഒരു വെല്ലുവിളിതന്നെയാണ്. ഓരോ പ്രാവശ്യവും ഞങ്ങളെ പരാജയപ്പെടുത്താന്‍ ഒത്തുചേരുന്നതിന് പ്രതിപക്ഷം ശ്രമിക്കാറുണ്ട്. അതിനാല്‍, ഇതൊരു പുതിയ വെല്ലുവിളിയല്ല; ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ ഞങ്ങള്‍ സന്നദ്ധരാണ്. അത് എത്രമാത്രം പ്രയാസമേറിയതായാലും, എത്രത്തോളം അപ്രതിരോധ്യമായാലും ഞങ്ങള്‍ അത് ഏറ്റെടുക്കും.
എന്നാല്‍, ആദ്യമായി നമുക്ക് ദേശീയരംഗം ഒന്നു നോക്കാം. ഞങ്ങളുടെ (ഇടതുപക്ഷപാര്‍ടികളുടെ) നില ക്രമേണ മെച്ചപ്പെടുകയാണ്. മൂന്നാം ബദലിന് രൂപംനല്‍കാന്‍ ഞങ്ങള്‍ ഗൌരവപൂര്‍വ്വം ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ ആശയം വിജയത്തിലേക്ക് നീങ്ങുകയാണെന്ന് രാജ്യത്തുടനീളമുള്ള സംഭവവികാസങ്ങള്‍ ആകെ ശ്രദ്ധിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും.
കോണ്‍ഗ്രസും ബിജെപിയും തങ്ങളുടെ സ്വന്തം സഖ്യകക്ഷികളില്‍നിന്നുതന്നെ ഒറ്റപ്പെടുകയാണ്. ആ രണ്ടു കൂട്ടരുടെയും കപ്പലുകള്‍ മുങ്ങുകയാണ്. യുപിഎ തകര്‍ന്നിരിക്കുന്നു; സഖ്യകക്ഷികള്‍ എന്‍ഡിഎയെ ഉപേക്ഷിച്ചുപോകുന്നു.
ഞങ്ങളുടേത് വിശ്വസനീയമായ ഒരു ബദല്‍ പരിപാടിയാണ്. പല പാര്‍ടികളും അവരുടെ മുന്‍ നിലപാടുകളില്‍ മാറ്റം വരുത്തി ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസിനെയും ബിജെപിയെയും കൈവെടിയാനാണ് ഇനിയും ചിലര്‍ ചിന്തിക്കുന്നത്. കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ പുതിയൊരു ഘട്ടത്തിലേക്കാണ് ഇന്ത്യന്‍ രാഷ്ട്രീയം കടക്കുന്നത്-ആ പദപ്രയോഗത്തിന്റെ കൃത്യമായ അര്‍ത്ഥത്തിലുള്ള കൂട്ടുകക്ഷി രാഷ്ട്രീയത്തിലേക്ക്. ഇതേവരെ യുപിഎ ആയാലും എന്‍ ഡി എ ആയാലും മേധാവിത്വം പുലര്‍ത്തുന്ന ഒരു പാര്‍ടിയുടെ തണലിലായിരുന്നു-ഓരോ മുന്നണിയിലെയും ഏറ്റവും വലിയ കക്ഷിയുടെ തണലില്‍.
പശ്ചിമബംഗാളിലെ സ്ഥിതി?
തൃണമൂല്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം കോണ്‍ഗ്രസ് അണികളില്‍ മാത്രമല്ല പൊതുവെ ജനങ്ങള്‍ക്കിടയില്‍ ആകെയും സ്വീകാര്യമായിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഇത്തരത്തിലുള്ള ഒരു സഖ്യത്തില്‍ കോണ്‍ഗ്രസ് ഏര്‍പ്പെട്ടത് എന്തുകൊണ്ടാണ്? ഇത് തികച്ചും ഒരു കീഴടങ്ങലാണ്. ഈ കൂട്ടുകെട്ടുകൊണ്ട് കോണ്‍ഗ്രസിന് നഷ്ടമല്ലാതെ നേട്ടമൊന്നുമുണ്ടാകില്ലെന്ന് ഞാന്‍ തറപ്പിച്ചു പറയുകയാണ്.
ഇത് വെറും ഒരു കണക്കിന്റെ കളിയാണെന്നാണ് അവര്‍ കരുതുന്നത്- അതായത്, കോണ്‍ഗ്രസും തൃണമൂലുംകൂടി ചേര്‍ന്നുകഴിഞ്ഞാല്‍ അവര്‍ക്ക് ഞങ്ങളെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന്. എന്നാല്‍ രാഷ്ട്രീയം വെറും കണക്കുകൊണ്ടുള്ള കളിയല്ല. കണക്കില്‍ രണ്ടും രണ്ടും ചേര്‍ന്നാല്‍ നാലാകും. എന്നാല്‍ രാഷ്ട്രീയത്തില്‍, ഒരു കൂട്ടുകെട്ട് തത്വാധിഷ്ഠിതം അല്ലെങ്കില്‍, അതിന് പരിപാടിപരമായ ഒരടിത്തറ ഇല്ലെങ്കില്‍, ജനങ്ങള്‍ അതിനെ അംഗീകരിക്കില്ല. അപ്പോള്‍, ആ സമവാക്യത്തിലെ തുക വെറും പൂജ്യമായിരിക്കും.
മിക്കവാറും ജില്ലകളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്തുഷ്ടരല്ല. ആയതിനാല്‍ സാഹചര്യം ആകെ മാറുകയാണ്. ആ മാറ്റം നല്ലതിനുമാണ്.
ഇത് ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. എന്നാല്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഇപ്പോഴത്തെ തെരഞ്ഞെടുപ്പിനെ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായിട്ടാണ് അവതരിപ്പിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനാടിസ്ഥാനത്തിലുള്ള ഒരു പാര്‍ടിയാണ്. അവര്‍ എപ്പോഴും സംസ്ഥാന തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലേ ചിന്തിക്കൂ. രാജ്യത്താകെ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അവര്‍ ആലോചിക്കുന്നതായിപ്പോലും തോന്നുന്നില്ല. ആരാണ് ഈ രാജ്യം ഭരിക്കാന്‍ പോകുന്നത് എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം. എന്നാല്‍ ഒരു പ്രാദേശിക പാര്‍ടിയായതിനാല്‍ അവര്‍ക്ക് സംസ്ഥാനത്തിനപ്പുറത്തേക്കുള്ള കാര്യങ്ങള്‍ കാണാന്‍ കഴിയുന്നില്ല. ഞാന്‍ അവരെ വിമര്‍ശിക്കുകയല്ല. നാം ഇപ്പോള്‍ കേന്ദ്രത്തില്‍ ഒരു പുതിയ സര്‍ക്കാരിന് രൂപം നല്‍കാനുള്ള ശ്രമത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത് എന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. എന്നാല്‍, ഇതു പറയുമ്പോള്‍തന്നെ, ഈ സംസ്ഥാനത്തെ വോട്ടര്‍മാര്‍ സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നും ഗൌരവപൂര്‍വം ചിന്തിക്കേണ്ടതുമുണ്ട്. ഇവിടത്തെ ഭരണമുന്നണി എന്താണ് ചെയ്യുന്നത് എന്നും സിംഗൂരിലെയും നയാചാറിലെയും മാത്രമല്ല മറ്റെല്ലാ വികസന പദ്ധതികളെയും കണ്ണടച്ച് എതിര്‍ക്കുന്ന പ്രതിപക്ഷം എന്താണ് ചെയ്യുന്നതെന്നും ജനങ്ങള്‍ ചിന്തിക്കേണ്ടതാണ്.
പശ്ചിമബംഗാളിനെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പില്‍ രണ്ട് മുഖ്യ വിഷയങ്ങള്‍ പരിഗണന അര്‍ഹിക്കുന്നതായുണ്ട്. സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം എതിര്‍ക്കുന്നത് എന്തുകൊണ്ട്? ഇതാണ് ഒരു വിഷയം. മറ്റൊന്ന്, ചില വിഘടനവാദികളും ചില ഇടതുപക്ഷ തീവ്രവാദികളും അവരുടെ പ്രവര്‍ത്തനങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളുമായി കൂട്ടി യോജിപ്പിക്കാന്‍ ശ്രമിക്കുന്നു. ഈ പാര്‍ടി-തൃണമൂല്‍-എന്തുകൊണ്ടാണ് ഇത്തരം ശക്തികളെ പിന്തുണയ്ക്കുന്നത്? ജനങ്ങള്‍ അവരോട് ഈ ചോദ്യങ്ങള്‍ ചോദിക്കേണ്ടതാണ്.
കൃഷിഭൂമി വ്യവസായാവശ്യത്തിനുവേണ്ടി ഏറ്റെടുക്കുന്നത് സംബന്ധിച്ച സംവാദം ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അത് സംസ്ഥാനത്തിന്റെ ഗ്രാമീണ മേഖലയില്‍ ഇടതുപക്ഷത്തിനുണ്ടായിരുന്ന ജനപിന്തുണയില്‍ ചോര്‍ച്ചയ്ക്കും ഇടയാക്കിയിട്ടുണ്ടാവാം. ഈ പ്രശ്നത്തെ സംസ്ഥാന സര്‍ക്കാര്‍ എങ്ങനെയാണ് നേരിടുന്നത്?
(2008 മേയിലെ) പഞ്ചായത്ത് തെരഞ്ഞെടുപ്പുകളെ തുടര്‍ന്ന്, തെരഞ്ഞെടുപ്പ് ഫലങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ പാര്‍ടി ചര്‍ച്ചചെയ്തപ്പോള്‍, ദക്ഷിണ 24 പര്‍ഗാന, പൂര്‍വ മെദിനിപ്പൂര്‍, ഉത്തര 24 പര്‍ഗാന, നാദിയ എന്നീ ജില്ലകളിലെ ചില കേന്ദ്രങ്ങളില്‍ ഞങ്ങളുടെ പരാജയത്തിന് ഇടയാക്കിയ ചില വിഷയങ്ങള്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇടതുമുന്നണി ഘടകകക്ഷികളുമായി പൂര്‍ണമായ ധാരണയില്‍ എത്തിച്ചേരുന്നതില്‍ ഞങ്ങള്‍ക്ക് സംഭവിച്ച വീഴ്ചയായിരുന്നു ഏറ്റവും വലിയ പ്രശ്നം എന്നായിരുന്നു ഞങ്ങളുടെ വിശകലനം.
എന്നാല്‍, ഞങ്ങള്‍ അവരുടെ ഭൂമി പിടിച്ചെടുക്കാന്‍ തുനിഞ്ഞ് നില്‍ക്കുകയാണെന്ന പ്രചാരണത്തില്‍ കുടുങ്ങിയ ഒരു വിഭാഗം കര്‍ഷകര്‍ക്കിടയില്‍ ഞങ്ങളോട് കടുത്ത അവിശ്വാസം നിലനില്‍ക്കുന്ന ചില മേഖലകളും ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഈ ആശങ്ക മനസ്സിലാക്കാവുന്നതേയുള്ളൂ. വിശേഷിച്ചും നന്ദിഗ്രാം സംഭവം ചില ഭയാശങ്കകള്‍ക്കും ഉല്‍ക്കണ്ഠകള്‍ക്കും ഇടയാക്കിയത് ഗ്രാമീണ തെരഞ്ഞെടുപ്പുകളില്‍ ചില പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഞങ്ങളുടെ പിന്തുണയുടെ പൊതു അടിത്തറ-ചെറുകിട കര്‍ഷകര്‍-ചില സ്ഥലങ്ങളില്‍ ഞങ്ങളില്‍നിന്ന് അകന്നു. അവരില്‍തന്നെ മുസ്ളിം സമുദായത്തില്‍പ്പെട്ടവര്‍ അതിശക്തമായാണ് പ്രതികരിച്ചത്. കാരണം, ഇന്ത്യയിലെ അവരുടെ പൌരത്വം നിര്‍ണയിക്കുന്ന ശക്തമായ ഒരേയൊരു തെളിവ് ഭൂമി സംബന്ധിച്ച രേഖയാണെന്ന് അവര്‍ വിശ്വസിക്കുന്നു. "നിങ്ങള്‍ നിങ്ങളുടെ ഭൂമി വിട്ടുകൊടുത്തുകഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ ബംഗ്ളാദേശുകാരല്ല എന്ന് തെളിയിക്കേണ്ടതായി വരും. അതിന് നിങ്ങള്‍ക്ക് എങ്ങനെ കഴിയും?'' എന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രചാരണം.
ഇപ്പോള്‍ ഞങ്ങള്‍ ഭൂമി ഏറ്റെടുക്കലിനുള്ള ഒരു നയത്തിന് രൂപം നല്‍കിയിരിക്കുന്നു. പുനരധിവാസത്തിനും മതിയായ നഷ്ടപരിഹാരത്തിനുമുള്ള നിര്‍ദ്ദേശവും അതോടൊപ്പം അവതരിപ്പിച്ചിരിക്കുന്നു. ഒരു ഭൂബാങ്കും ഞങ്ങള്‍ രൂപീകരിച്ചിരിക്കുകയാണ്. ആയതിനാല്‍, കര്‍ഷകരില്‍നിന്ന് അവരുടെ ഭൂമി വെറുതെ തട്ടിയെടുക്കുമെന്ന പ്രതിപക്ഷ പ്രചരണം ഇനിയും ഇവിടെ വിലപ്പോകുമെന്ന് തോന്നുന്നില്ല. ഞങ്ങള്‍ ഞങ്ങളുടെ പാര്‍ടി പ്രവര്‍ത്തകരോട് പറഞ്ഞിട്ടുള്ളത്, നിങ്ങള്‍ ജനങ്ങളെ സമീപിക്കുമ്പോള്‍ അവരോട് സംസാരിക്കുകമാത്രമല്ല, അവര്‍ പറയുന്നത് കേള്‍ക്കുകയും ചെയ്യണമെന്നാണ്. ജനങ്ങള്‍ എന്താണ് പറയുന്നത് എന്ന് ശ്രദ്ധിക്കുന്നതാണ് പ്രധാനം.
രാഷ്ട്രീയം വെറും കണക്കുകൊണ്ടുള്ള കളിയല്ല. കണക്കില്‍ രണ്ടും രണ്ടും ചേര്‍ന്നാല്‍ നാലാകും. എന്നാല്‍ രാഷ്ട്രീയത്തില്‍, ഒരു കൂട്ടുകെട്ട് തത്വാധിഷ്ഠിതം അല്ലെങ്കില്‍, അതിന് പരിപാടിപരമായ ഒരടിത്തറ ഇല്ലെങ്കില്‍, ജനങ്ങള്‍ അതിനെ അംഗീകരിക്കില്ല. അപ്പോള്‍, ആ സമവാക്യത്തിലെ തുക വെറും പൂജ്യമായിരിക്കും.
ReplyDelete