കഴിഞ്ഞ മാര്‍ച്ച് 24ന് വന്ന ഒരു കോടതിവിധിന്യായത്തിലേക്ക് ശ്രദ്ധ ക്ഷണിക്കട്ടെ. 539, 1142, 1209 നമ്പറുകളിലെ ജാമ്യാപേക്ഷയിന്മേലുള്ള വിധിയാണത്. വെറുമൊരു ജാമ്യഹര്‍ജിയില്‍ ഇന്നത്തെ സംസ്ഥാന ഭരണകൂടത്തിനെതിരായ ശക്തമായ കോടതിനിരീക്ഷണം. ജാമ്യാപേക്ഷ പിന്നീട് തള്ളിപ്പോയി.
....ഭരണകൂടത്തിന്റെ നിയമനിര്‍മാണ, നിയമനിര്‍വഹണ വിഭാഗങ്ങള്‍ ഭരണഘടനാവിരുദ്ധമായി അധികാരം പ്രയോഗിച്ചാല്‍ നീതിപീഠത്തിന്റെ നിയന്ത്രണമുണ്ടാകും. എന്നാല്‍ നമ്മുടെ സ്വന്തം അധികാര വിനിയോഗത്തിനു മേലുള്ള ഏക നിയന്ത്രണം ആത്മസംയമനം മാത്രമാണ്. (ഹാര്‍ലര്‍ എഫ്. സ്റ്റോണ്‍; യു.എസ്. v/sബട്ട്‌ലര്‍; 297 യു.എസ്.1, '78-'79-1936.)
തിരഞ്ഞെടുപ്പു ജ്വരം മാറാവ്യാധിപോലെ പടരുന്ന പ്രക്ഷുബ്ധ്‌ധകാലമാണിത്. സാമൂഹികമായ ഓരോ തര്‍ക്കവും രാഷ്ട്രീയപ്രശ്‌നങ്ങളുമൊക്കെ ഊതിപ്പെരുപ്പിക്കുന്നതിലൂടെ സമൂഹത്തില്‍ ഭീഷണിയുടെ തലത്തിലേക്ക് വളരുന്നു. രോഗാതുരമായ ഈ അവസ്ഥ ഭരണനിര്‍വഹണ വിഭാഗങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമാണ് ബാധകം. ന്യായാധിപരുടെ കാര്യത്തില്‍ അങ്ങനെയല്ല. സംയമനം പാലിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് അവര്‍.
എന്നാല്‍ പേരിന്റെയും പ്രശസ്‌തിയുടെയും വെള്ളി വെളിച്ചത്തിനുമുന്നില്‍ നിര്‍ഭാഗ്യവശാല്‍ ഏറെ പരിചയസമ്പത്തുള്ളവര്‍പോലും വഴുതിവീഴുകയാണ്.
പ്രശസ്‌തിയെന്നത് ഉപദ്രവകാരിയായ ബദലാണ്. പ്രചാരണ കലയാകട്ടെ മൂല്യരഹിതമായ 'കലാരൂപവും'. പക്ഷേ, അത് നിലനില്‍ക്കുകതുന്നെ ചെയ്യും. ഓരോ വര്‍ഷവും കൂടുതല്‍ ശേഷി ആര്‍ജിക്കുകയും ചെയ്യുന്നു; അന്തിമമായി സ്വന്തം വിധി പറയുന്നതുവരെ. പത്രങ്ങളെയും പ്രസിദ്ധീകരണങ്ങളെയും ദൃശ്യമാധ്യമങ്ങളെയും അടക്കിവാഴുന്ന കൈകള്‍തന്നെയാണ് രാജ്യവും ഭരിക്കുക. നമ്മള്‍ അത് ഇഷ്‌ടപ്പെട്ടാലുമില്ലെങ്കിലും അംഗീകരിക്കാന്‍ പഠിച്ചേ മതിയാകൂ. (അമേരിക്കന്‍ ജഡ്‌ജി ലോണ്‍ഡ് ഹാന്‍ഡ്.)
സംഘര്‍ഷ സാധ്യതയുള്ള ഈ തിരഞ്ഞെടുപ്പു കാലത്ത് തീപ്പൊരി വിതറരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പു കമ്മീഷന്‍ മുന്നറിയിപ്പ് നല്‌കുന്നു. മറ്റു കക്ഷികള്‍ക്കോ സ്ഥാനാര്‍ഥികള്‍ക്കോ അപമാനകരവും വിദ്വേഷജനകവുമായ പ്രചാരണങ്ങള്‍ സ്വതന്ത്രമായ തിരഞ്ഞെടുപ്പു നടത്തിപ്പിനെ ബാധിക്കുമെന്ന് അവര്‍ പറയുന്നു. ന്യായാധിപര്‍ രാഷ്ട്രീയത്തിന് അതീതരാണ്. മറ്റ് ഏജന്‍സികളില്‍നിന്ന് ഭിന്നമായി വസ്‌തുനിഷ്‌ഠതയും നിഷ്‌പക്ഷതയും അവര്‍ പുലര്‍ത്തേണ്ടതുണ്ട്. പ്രശ്‌നബാധിതരായ കക്ഷികളുടെ വാദമുഖം കേള്‍ക്കാതെയുള്ള 'രാഷ്ട്രീയ നിഷ്‌പക്ഷത' യഥാര്‍ഥ നീതിനിര്‍വഹണത്തിനു വിരുദ്ധമാണ്. മറുവശത്തെയും കേള്‍ക്കുക (Audi alteram partem) എന്ന മൗലികാവകാശത്തിന്റെ ലംഘനമാണത്.
'മറുവശത്തെക്കൂടി കേള്‍ക്കുക'-നൂറ്റാണ്ടുകളായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആവശ്യമാണത്. ഭരണകൂടങ്ങള്‍ക്കും അതിന്റെ ഉപശാഖകള്‍ക്കുമെതിരെ പതിനാലാം ഭേദഗതിയിലൂടെ ഇപ്പോഴതിന് ആജ്ഞാശക്തി കൈവന്നിരിക്കുന്നു. ഏതെങ്കിലുമൊരു വ്യക്തി നിയമാവകാശമുന്നയിക്കുമ്പോള്‍ മെല്ലെയാണെങ്കില്‍പ്പോലും (ഫെലിക്‌സ് ഫ്രാങ്ക്‌ഫര്‍ട്ടര്‍-കരിറ്റാറ്റിവോ v/s കാലിഫോര്‍ണിയ.) മാര്‍ച്ച് 23ന് കേരള ഹൈക്കോടതി ബെഞ്ച്, നേരത്തേ പരാമര്‍ശിച്ച ജാമ്യാപേക്ഷയില്‍ പുറപ്പെടുവിച്ച വിധിയിലേക്ക് വീണ്ടും. തിരഞ്ഞെടുപ്പുവേളയില്‍ ഉദ്യോഗസ്ഥവൃന്ദം തങ്ങള്‍ക്ക് കൈവരുന്ന അമിതാധികാരം ഉപയോഗിച്ച് പക്ഷപാതപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാറുണ്ട്. ഇവിടെ ജുഡീഷ്യറിയുടെ അധികാരങ്ങള്‍ പരിമിതമാണ്.
ഉദ്യോഗസ്ഥമേലാളന്മാരുടെ അമിതാധികാരപ്രയോഗം മിക്ക സംസ്ഥാനങ്ങളിലും പതിവാണ്. അത് അവസാനിപ്പിക്കുന്നതിനുള്ള നടപടി കൈക്കൊള്ളാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. എന്നാലിപ്പോള്‍ ന്യായാധിപര്‍ തങ്ങളുടെ വിധിന്യായം തിരഞ്ഞെടുപ്പു പ്രചാരണപത്രികപോലെ എഴുതുമ്പോള്‍ രാഷ്ട്രീയ നിഷ്‌പക്ഷതയുടെ ആധാരശിലയ്‌ക്കുതന്നെ വിള്ളലുണ്ടാവുന്നു. സംസ്ഥാനത്തിന്റെ വാദം കേള്‍ക്കാതെയാണ് കേരളത്തിലെ ക്രമസമാധാനനിലയെക്കുറിച്ച് ജഡ്‌ജി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. അതുകൊണ്ട് നേട്ടം കോണ്‍ഗ്രസ് മുന്നണിക്കാണ്. പഴിചാരലാകട്ടെ ഇടതു നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെയും. ഇരുമുന്നണികളുംതന്നെയാണ് ഇക്കുറിയും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ പോരാടുന്നത്.
മേല്‌പറഞ്ഞ വിധി പുറപ്പെടുവിച്ച ജഡ്‌ജിക്കു മുന്നിലെത്തിയ ജാമ്യാപേക്ഷയ്‌ക്ക് ഒറ്റവാചകത്തിലോ അതല്ലെങ്കില്‍ 'സ്വമായ പ്രസ്‌താവനയിലോ ഉള്ള മറുപടിമാത്രം മതിയായിരുന്നു. പക്ഷേ, അതിനൊരിക്കലും രാഷ്ട്രീയപ്രചാരമോ ശ്രദ്ധയോ കിട്ടില്ല. അങ്ങനെയാണ് എതിര്‍കക്ഷിയെ ഇടിച്ചുതാഴ്‌ത്തുന്ന സ്ഥാനാര്‍ഥിയുടെ മട്ടില്‍ ജഡ്‌ജി എടുത്തുചാട്ടത്തിന് മുതിര്‍ന്നത്.
''സീസറുടെ ഭാര്യ സംശയാതീതയായിരിക്കണം.'' വിധി പ്രസ്‌താവനതന്നെയാണ് ഒരു ജഡ്‌ജ ിയുടെ അവസാന അഭയം. വിധിയെഴുത്തിലും ചുമതലാനിര്‍വഹണത്തിലും മികവുകാട്ടുന്ന ജഡ്‌ജി, സംസ്ഥാനത്തിന്റെ വാദം കേള്‍ക്കാതെ വിമര്‍ശനം നടത്തുന്നതിലൂടെ തരംതാഴുകയാണ്.
തെറ്റോ ശരിയോ ആകാമെങ്കിലും ചെകുത്താന് അര്‍ഹതപ്പെട്ടതുതന്നെ നല്‍കാന്‍ ധൈര്യം കാട്ടുന്ന ജഡ്‌ജിയുടെ ചിത്രമാണ് നീതിനിര്‍വഹണത്തില്‍ എനിക്ക് എടുത്തുകാട്ടാന്‍ കഴിയുന്ന ഏറ്റവും ഉത്തമമായ മാതൃക (ജോണ്‍ എഫ്. ഡി. ലോണ്‍, ദ ലോസ് ആന്‍ഡ് ജൂറിസ്‌പ്രുഡന്‍സ് ഓഫ് ഇംഗ്ലണ്ട് ആന്‍ഡ് അമേരിക്ക).
ജസ്റ്റിസ് എന്‍.ജെ. ബോവന്‍ പറഞ്ഞതും ഈ അവസരത്തില്‍ ഓര്‍മയിലെത്തുകയാണ്.
''എന്നോടൊപ്പം ഇരിക്കുന്ന എന്റെ സഹോദരന്മാരെപ്പോലെത്തന്നെ പ്രത്യേക കേസില്‍ ഏറ്റവും അത്യാവശ്യമായ കാര്യങ്ങളൊഴികെ എന്തെങ്കിലും പറയാന്‍ ഞാന്‍ തീര്‍ത്തും വിമുഖനാണ്. ജഡ്‌ജിമാര്‍ സ്വന്തം നിലയ്‌ക്ക് തീരുമാനമെടുക്കേണ്ട വിധികള്‍ക്ക് കൂടുതല്‍ ഘനവും വ്യാപ്‌തിയുമുണ്ടെന്ന് ദീര്‍ഘകാലത്തെ അനുഭവങ്ങളില്‍നിന്ന് ഞാന്‍ കരുതുന്നു. 'വിധിയുടെ കോഴികള്‍ പൊരുന്നയിരിക്കാന്‍ വൈകാതെ വീടുതേടിയെത്തു'മെന്ന പഴഞ്ചൊല്ല് ഓര്‍ക്കുക. അതുപോലെ പുറപ്പെടുവിച്ച വിധിന്യായങ്ങള്‍ അസുഖകരമായ വിധത്തില്‍ അതേ ജഡ്‌ജിമാരെ വീണ്ടും തേടിയെത്തും. അത് ഭാവിയിലെ കേസുകളിലും കടുത്ത വൈഷമ്യങ്ങള്‍ സൃഷ്‌ടിച്ചേക്കും. അതുകൊണ്ടാണ് ഈ പ്രത്യേക കേസില്‍ ആവശ്യമായതിലേറെ പറയാന്‍ ഞാന്‍ തയ്യാറാകാത്തത്.
വിധിപ്രസ്‌താവനകള്‍ക്ക് ആരോടും ബാധ്യതയില്ല; വിധി പറഞ്ഞയാളോടുപോലും.
ജസ്റ്റിസ് വി.ആര്‍. കൃഷ്‌ണയ്യര്‍ മാതൃഭൂമി ദിനപ്പത്രത്തില്‍ എഴുതിയ ലേഖനം
തിരഞ്ഞെടുപ്പു ജ്വരം മാറാവ്യാധിപോലെ പടരുന്ന പ്രക്ഷുബ്ധ്‌ധകാലമാണിത്. സാമൂഹികമായ ഓരോ തര്‍ക്കവും രാഷ്ട്രീയപ്രശ്‌നങ്ങളുമൊക്കെ ഊതിപ്പെരുപ്പിക്കുന്നതിലൂടെ സമൂഹത്തില്‍ ഭീഷണിയുടെ തലത്തിലേക്ക് വളരുന്നു. രോഗാതുരമായ ഈ അവസ്ഥ ഭരണനിര്‍വഹണ വിഭാഗങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമാണ് ബാധകം. ന്യായാധിപരുടെ കാര്യത്തില്‍ അങ്ങനെയല്ല. സംയമനം പാലിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് അവര്‍.
ReplyDelete