മാതൃഭൂമി പണ്ടേ കമ്യൂണിസ്റ്റുവിരുദ്ധ പത്രമാണ്. തെരഞ്ഞെടുപ്പുകാലത്ത് വിശേഷിച്ചും. ദീര്‍ഘകാലമായി അതിന്റെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന എം പി വീരേന്ദ്രകുമാര്‍ പതിറ്റാണ്ടുകളായി ഇടതുപക്ഷത്താണെങ്കിലും അത്തരം ദാക്ഷിണ്യമൊന്നും പത്രം കാണിക്കാറില്ല. കഴിഞ്ഞ നാല്‍പത്തെട്ടുവര്‍ഷമായി ഇടതുപക്ഷത്തിനൊപ്പമായിരുന്നു താനെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
മാതൃഭൂമിയുടേത് ഇടതുപക്ഷവിരുദ്ധ നിലപാടാണെങ്കിലും പത്രധര്‍മ്മത്തിന്റേതായ മാന്യത കാത്തുസൂക്ഷിക്കാറുണ്ടായിരുന്നു. പത്രത്തിന്റെ രാഷ്ട്രീയ നിലപാടുകളില്‍ മാനേജിംഗ് ഡയറക്ടര്‍ ഇടപെട്ടിരുന്നില്ലെങ്കിലും തന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ പത്രത്താളുകളില്‍ പകര്‍ന്നുനല്‍കാന്‍ വീരേന്ദ്രകുമാര്‍ എന്നും വീറുകാണിച്ചിരുന്നു. പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ എം ഡി നാലപ്പാട് മുഖ്യപത്രാധിപരായിരിക്കെ വീരേന്ദ്രകുമാറുമായി തെറ്റുകയും പല കാര്യങ്ങള്‍ തുറന്നടിക്കയും ചെയ്തിരുന്നു. അന്നത്തെ മുഖ്യമന്ത്രി കരുണാകരനോടും കോണ്‍ഗ്രസ് നേതാക്കളോടും ചോദിച്ചിട്ടേ വീരേന്ദ്രകുമാര്‍ എന്തും ചെയ്യുകയുള്ളായിരുന്നു എന്ന് നാലപ്പാട് പറയുകയുണ്ടായി.
തനിക്കു താല്‍പര്യമുള്ള വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിലും താല്‍പര്യമില്ലാത്തവ തമസ്കരിക്കുന്നതിനും വീരേന്ദ്രകുമാര്‍ ഇടപെടുന്നതിന് സമീപ ദിവസങ്ങളിലെ മാതൃഭൂമി താളുകള്‍തന്നെ സാക്ഷ്യംപറയും.
മുമ്പ് പ്രമുഖ സാഹിത്യകാരനും സാംസ്കാരികനായകനുമായ ഡോ. സുകുമാര്‍ അഴീക്കോടും വീരേന്ദ്രകുമാറുമായി ഏറ്റുമുട്ടുകയുണ്ടായി. ഇരുവരും തമ്മിലുള്ള യുദ്ധം മുറുകി. പിന്നീട് കുറെക്കാലം സുകുമാര്‍ അഴീക്കോടിന്റെ പേരോ ചിത്രമോ മാതൃഭൂമിയില്‍ മഷി പുരണ്ടുവന്നില്ല. പിന്നീട് ഇരുവരും തമ്മില്‍ പ്രശ്നം തീര്‍ത്തപ്പോള്‍ മാതൃഭൂമിയില്‍ പഴയതുപോലെ അഴീക്കോടിന്റെ പേരും ചിത്രവും വന്നുതുടങ്ങി. എല്ലാ മാധ്യമങ്ങളും വളരെ പ്രാധാന്യത്തോടെ കൊടുത്തിരുന്ന അഴീക്കോടിന്റെ പ്രസ്താവനകളും അഭിപ്രായങ്ങളും തമസ്കരിക്കുന്നതില്‍ മാതൃഭൂമിക്ക് ഒരു ലജ്ജയും തോന്നിയില്ല.
ഈ തെരഞ്ഞെടുപ്പുകാലത്ത് മാതൃഭൂമി രണ്ടുപേരെയാണ് പ്രധാനമായും പത്രത്താളുകളിലൂടെ വേട്ടയാടിയത്. സിപിഐ (എം) സംസ്ഥാനസെക്രട്ടറി പിണറായി വിജയനെയാണ് മുഖ്യമായി ആക്രമിച്ചത്. രണ്ടാമത് പിഡിപി നേതാവ് മ്അദനിയെ.
മാര്‍ച്ച് 16-ാം തീയതിയാണ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം ജനതാദളിന് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന തീരുമാനം സിപിഐ (എം) അന്തിമമായി ജനതാദളിനെ അറിയിച്ചത്. അതിനുള്ള കാരണവും പാര്‍ടി വ്യക്തമാക്കുകയുണ്ടായി. പഴയ കോഴിക്കോട് മണ്ഡലത്തിലെ സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി എന്നീ മണ്ഡലങ്ങള്‍ പുതിയ വയനാട് മണ്ഡലത്തിലാണ്. കല്‍പറ്റ ഉള്‍പ്പെടുന്ന പ്രദേശത്താണ് വീരേന്ദ്രകുമാറിന്റെ വീട്. കല്‍പറ്റയിലെ ജനപ്രതിനിധിയാണ് വീരേന്ദ്രകുമാറിന്റെ മകന്‍ ശ്രേയാംസ്‌കുമാര്‍. പുതുക്കിയ കോഴിക്കോട്ടെ മണ്ഡലങ്ങള്‍ ബാലുശ്ശേരി, എലത്തൂര്‍, വടക്കേ കോഴിക്കോട്, തെക്കേ കോഴിക്കോട്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി എന്നിവയാണ്. പുതിയതായി ചേര്‍ക്കപ്പെട്ട മണ്ഡലങ്ങള്‍ സിപിഐഎമ്മിന്റെ ശക്തിദുര്‍ഗങ്ങളാണുതാനും. ഒരു സിപിഐ (എം) സ്ഥാനാര്‍ത്ഥി മത്സരിക്കുന്നതാണ് വിജയസാധ്യത കൂടുതല്‍. വയനാട്ടില്‍ ജനതാദളും.
എന്നാല്‍ മണ്ഡലത്തിനുവന്ന മാറ്റങ്ങളോ പുതിയതായി രൂപവത്കരിക്കപ്പെട്ട മണ്ഡലമോ കാണാതെ കോഴിക്കോടിനുമേല്‍ കടുംപിടുത്തം പിടിക്കുകയായിരുന്നു വീരേന്ദ്രകുമാറും കൂട്ടരും. ജനതാദളിന്റെ സീറ്റ് സിപിഐ (എം) കയ്യടക്കി എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കയും ചെയ്തു. എന്നാല്‍ അവര്‍ക്കുപോലും കോഴിക്കോട് പാര്‍ലമെന്റു മണ്ഡലത്തില്‍ പതിനായിരത്തില്‍ താഴെയേ ജനതാദള്‍ വോട്ടുള്ളൂ എന്ന് സമ്മതിക്കേണ്ടിവന്നു.
ഘടകകക്ഷികളോട് പല വിട്ടുവീഴ്ചയും ചെയ്യുന്ന പാര്‍ടിയാണ് സിപിഐ (എം). 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ (എം)ന്റെ സിറ്റിംഗ് സീറ്റായ എടക്കാട് കടന്നപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. കടന്നപ്പള്ളി പലതവണ പേരാവൂരുനിന്ന് പരാജയപ്പെട്ടിരുന്നു. സിപിഐ (എം) സീറ്റു നല്‍കി, കടന്നപ്പള്ളി വിജയിക്കയും ചെയ്തു. അതുപോലെ സിപിഐ (എം)ന്റെ സിറ്റിംഗ് സീറ്റാണ് മാവേലിക്കര. ആ മണ്ഡലം പുനര്‍ വിഭജിക്കപ്പെട്ടതിനെതുടര്‍ന്ന് സംവരണമണ്ഡലമായി. ഒരു സംവരണമണ്ഡലം തങ്ങള്‍ക്കുവേണമെന്ന് സിപിഐ ആവശ്യപ്പെട്ട ഉടന്‍ ആ സീറ്റ് ഒരു തര്‍ക്കവും പറയാതെ അവര്‍ക്കു നല്‍കുകയായിരുന്നു. പകരം പുതിയതായി രൂപവത്കരിക്കപ്പെട്ട പത്തനംതിട്ട സിപിഐ (എം) ഏറ്റെടുക്കുകയും ചെയ്തു. ഈ തരത്തിലൊരു മാറ്റമേ ജനതാദളിനോടും ആവശ്യപ്പെട്ടുള്ളു.
കോഴിക്കോട് മണ്ഡലത്തിലെപ്പോലെ വിജയസാധ്യത വയനാടിനില്ലെന്നായിരുന്നു വീരേന്ദ്രകുമാറിന്റെ വാദം. വയനാട്ടില്‍ മത്സരിച്ചുതോറ്റാല്‍ 2010ല്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലൊന്ന് ജനതാദളിന് നല്‍കാമെന്ന് സിപിഐ (എം) വാഗ്ദാനം നല്‍കി. ഇരു പാര്‍ടികളുടെയും കേന്ദ്ര നേതാക്കള്‍ തമ്മിലുള്ള സംഭാഷണത്തിലാണ് ഇങ്ങനെ ഒരു നിര്‍ദ്ദേശമുണ്ടായത്.
എന്നാല്‍ കോഴിക്കോടു സീറ്റില്ലെങ്കില്‍ മുന്നണിയേ വേണ്ട എന്നതായിരുന്നു വീരേന്ദ്രകുമാറിന്റെയും കൂട്ടരുടെയും നിലപാട്.
മാര്‍ച്ച് 16ന് ജനതാദള്‍ സംസ്ഥാനസമിതി കോഴിക്കോടുചേര്‍ന്ന് മന്ത്രിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചു. അന്നുതന്നെ മാത്യു ടി തോമസ് രാജിവെയ്ക്കുകയും ചെയ്തു.
മാര്‍ച്ച് 19ന്റെ എല്‍ഡിഎഫ് യോഗത്തില്‍ ജനതാദള്‍ പ്രതിനിധികള്‍ എത്തിയിരുന്നു. കോഴിക്കോട് സീറ്റ് അവര്‍ വീണ്ടും ആവശ്യപ്പെട്ടു. സിപിഐ (എം) നിലപാട് ആവര്‍ത്തിച്ചു. അതോടെ വര്‍ഗീസ് ജോര്‍ജ്, കെ കൃഷ്ണന്‍കുട്ടി, കെ പി മോഹനന്‍ എന്നിവരടങ്ങിയ ജനതാദള്‍ പ്രതിനിധികള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. തുടര്‍ന്ന്എല്‍ഡിഎഫിനെതിരെ പ്രതികരിക്കണം എന്ന് സംസ്ഥാന സമിതിയുടെ തീരുമാനത്തെ വളച്ചൊടിച്ച് യുഡിഎഫിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ വീരേന്ദ്രകുമാറും കൂട്ടരും തീരുമാനിച്ചു. എന്നാല്‍ അതിനെതിരെ മാത്യു ടി തോമസ്, ജോസ് തെറ്റയില്‍ എംഎല്‍എ, മുന്‍ മന്ത്രി എന്‍ എം ജോസഫ്, സംസ്ഥാന വൈസ്പ്രസിഡന്റും എല്‍ഡിഎഫ് തിരുവനന്തപുരം ജില്ലാ കണ്‍വീനറുമായ ഗംഗാധരന്‍നാടാര്‍ തുടങ്ങിയ ബഹുഭൂരിപക്ഷം നേതാക്കളും അണികളും രംഗത്തുവന്നു. ജനതാദളിനെ യുഡിഎഫ്പക്ഷത്ത് കെട്ടാനുള്ള നിക്ഷിപ്ത താല്‍പര്യക്കാരുടെ മനസ്സിലിരിപ്പ് അവര്‍ അതിവേഗം തിരിച്ചറിഞ്ഞു. മാത്രമല്ല ജനതാദള്‍ (എസ്) അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ദേവഗൌഡയുടെ നിലപാടും വീരേന്ദ്രകുമാറിനെതിരാണ്. യുഡിഎഫിനുവേണ്ടി ഒരു കാരണവശാലും ജനതാദളുകാര്‍ പ്രവര്‍ത്തിക്കരുതെന്നും അങ്ങനെ ചെയ്യുന്നവര്‍ നടപടി നേരിടേണ്ടിവരുമെന്നും ഗൌഡ വ്യക്തമാക്കിയിട്ടുണ്ട്.
മാര്‍ച്ച് 19നുശേഷമുള്ള മാതൃഭൂമി താളുകള്‍ മറിച്ചുനോക്കുന്നത് കൌതുകകരമാണ്. പിണറായി വിജയനോടുള്ള വീരേന്ദ്രകുമാറിന്റെ പച്ചയായ ദേഷ്യം മാതൃഭൂമി താളുകളെ എത്രമാത്രം മലീമസമാക്കിയെന്നുവ്യക്തമാകും. മുമ്പ് പലപ്പോഴും കൊടുത്ത വാര്‍ത്തകള്‍ അതേപടി, പുതിയ എന്തോ വലിയ കണ്ടുപിടിത്തം എന്ന മട്ടിലാണ് അവതരണം. ഉള്ളടക്കം ഒന്നുതന്നെ.
എസ്എന്‍സി ലാവ്ലിന്‍ തന്നെ മാതൃഭൂമിയുടെ ഒന്നാംപേജില്‍ വന്നതു നോക്കുക.
1. ലാവ്ലിന്‍: പ്രതിസ്ഥാനത്ത് സര്‍ക്കാര്‍: പ്രതിപക്ഷം.
(മാതൃഭൂമി മാര്‍ച്ച് 28ന് ഒന്നാംപേജില്‍ ഏറ്റവും പ്രധാനവാര്‍ത്ത. പ്രതിപക്ഷനേതാക്കള്‍ ഗവര്‍ണറെ കണ്ടതാണ് ഉള്ളടക്കം.)
2. ലാവ്ലിന്‍ തീരുമാനം ഉടനെ വേണം-ഗവര്‍ണര്‍
(മാതൃഭൂമി മാര്‍ച്ച് 29ന് ഒന്നാംപേജില്‍ ഏറ്റവും പ്രധാനവാര്‍ത്ത.)
3. ലാവ്ലിന്‍: കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും-വി എസ്.
(മാതൃഭൂമി മാര്‍ച്ച് 30 ഒന്നാംപേജില്‍ ഏറ്റവും പ്രധാനവാര്‍ത്ത.)
4. ലാവ്ലിന്‍: റിപ്പോര്‍ട്ട് കണ്ടില്ല ചെയര്‍മാന്‍ പച്ചക്കള്ളം-സിബിഐ.
(മാതൃഭൂമി ഏപ്രില്‍ 1 ഒന്നാംപേജില്‍ ഏറ്റവും പ്രധാനവാര്‍ത്ത.)
5. ലാവ്ലിന്‍: പിണറായിയുടെ ലക്ഷ്യം സ്വന്തം നേട്ടമെന്ന് സിബിഐ
(മാതൃഭൂമി ഏപ്രില്‍ 2 ഒന്നാംപേജില്‍ ഏറ്റവും പ്രധാനവാര്‍ത്ത.)
സിബിഐ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വളച്ചൊടിച്ചും വക്രീകരിച്ചുമാണ് മാതൃഭൂമി ഇങ്ങനെ വാര്‍ത്തയുണ്ടാക്കിയത്. അക്കാര്യം സിപിഐ (എം) നേതാക്കള്‍ തുറന്നുകാട്ടിയതോടെ മാതൃഭൂമിക്ക് കൈപൊള്ളി. അടുത്തദിവസം ഏപ്രില്‍ 4ന് അതിന്റെ ഫോളോഅപ്പ് എന്ന മട്ടില്‍ അതേ ലേഖകന്റെ 3 കോളം വാര്‍ത്ത നല്‍കിയത് ആ പത്രത്തിന് 15-ാം പേജിലാണ്. തുടര്‍ന്ന് ഏതാനും ദിവസം മൌനം പാലിക്കാനേ മാതൃഭൂമിക്ക് കഴിഞ്ഞുള്ളു. പതിനാറാം തീയതി തെരഞ്ഞെടുപ്പാണെന്ന് ഓര്‍മിച്ചപ്പോള്‍ മാതൃഭൂമിക്ക് ഇരിപ്പുറച്ചില്ല. പഴയത് വീണ്ടും പൊടിതട്ടിയെടുത്തു.
6. ലാവ്ലിന്‍ കരാര്‍ തന്റെ ശുപാര്‍ശ തള്ളിക്കൊണ്ടെന്ന് ബാലാനന്ദന്റെ മൊഴി. (മാതൃഭൂമി ഏപ്രില്‍ 13ന് ഒന്നാംപേജില്‍ 6 കോളം വാര്‍ത്ത.)
തൊട്ടടുത്തദിവസം എന്തുചെയ്യുമെന്ന്മാതൃഭൂമി നോക്കിയിരിക്കയാണ് ഏപ്രില്‍ ആദ്യം ലാവ്ലിന്‍ കേസ് സംബന്ധിച്ച് ഒരു ഫയല്‍ കാണാനില്ലെന്നുപറഞ്ഞ് ആരോ കോടതിയെ സമീപിക്കയും തിരുവനന്തപുരം സെഷന്‍സ് ജഡ്ജ് പിണറായിക്കും കോടിയേരിക്കും എതിരെ, കേസെടുക്കാന്‍ ഓര്‍ഡറിട്ടത്. ഉടനെ മാതൃഭൂമി അത് ഒന്നാംപേജില്‍ വെച്ചുകാച്ചി.
7. ലാവ്ലിന്‍: പിണറായിക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. (മാതൃഭൂമി ഏപ്രില്‍ 14ന് ഒന്നാംപേജില്‍ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത.)
രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയാണ് ഇത്തരം കേസുകള്‍ കൊടുക്കാറ് ഫയലുകാണാത്തതിന് ഇന്ന ഇന്ന ആളുകള്‍ ഉത്തരവാദി എന്നു പറഞ്ഞ് കോടതിയില്‍ കേസ് ഫയല്‍ചെയ്യുമ്പോള്‍ അന്വേഷിക്കുക എന്ന് എഴുതി ന്യായാധിപന്മാര്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്കയക്കുകയാണ് പതിവ് ഇങ്ങനെ ചെയ്യുമ്പോള്‍ വേണ്ടത്ര പിരിശോധനയും അന്വേഷണങ്ങളും ന്യായാധിപന്മാര്‍ നടത്തണം. ഈ കേസില്‍ അത്തരമൊരു പരിശോധന നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മുമ്പ് സമാനമായ മറ്റൊരുകേസില്‍ പി കെ ശ്രീമതിയെ പ്രതിചേര്‍ത്തു എന്നുപറഞ്ഞ കേസില്‍ ഒരടിസ്ഥാനവുമില്ലെന്നു വ്യക്തമായതാണ്. മാത്രമല്ല നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടല്ല ആ ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്‍ അങ്ങനെ ഒരു ഉത്തരവിട്ടതെന്ന് നിയമവിദഗ്ധര്‍തന്നെ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. രാഷ്ട്രീയ കളിക്കായി കോടതികള്‍ നിന്നുകൊടുക്കുന്നതിനെതിരെ സുപ്രിംകോടതി വിരല്‍ചൂണ്ടിയിട്ടുള്ളതുമാണ്. ഇതൊന്നും മാതൃഭൂമിക്കറിയേണ്ടല്ലോ?
പിഡിപിയുടെ പിന്തുണ എല്‍ഡിഎഫിനാണെന്ന് നേരത്തെതന്നെ അവര്‍ വ്യക്തമാക്കുകയുണ്ടായി. അപ്പോഴൊന്നും മ്അദനി മാതൃഭൂമിക്ക് അനഭിമതനായിരുന്നില്ല. മാര്‍ച്ച് 19ന് എല്‍ഡിഎഫുമായി വീരേന്ദ്രകുമാറും കൂട്ടരും തെറ്റിയതോടെ മാതൃഭൂമി മ്അദനിക്കെതിരെ തിരിഞ്ഞു.
1. മ്അദനിക്കെതിരായ ആരോപണം: മുഖ്യമന്ത്രി ഡിഐജിയെ വരുത്തി സംസാരിച്ചു.
(മാതൃഭൂമി മാര്‍ച്ച് 20 ന് ഒന്നാംപേജില്‍ 5 കോളം വാര്‍ത്ത.)
2. എല്‍ഡിഎഫ് വേദിയില്‍ പിഡിപി നേതാക്കള്‍
(മാതൃഭൂമി മാര്‍ച്ച് 21 ഒന്നാംപേജില്‍ 4 കോളം വാര്‍ത്ത. ആറ്റിങ്ങലില്‍ പിണറായി പങ്കെടുത്ത യോഗത്തില്‍ പൂന്തുറസിറാജ് പങ്കെടുത്തതാണ് പരാമര്‍ശവിഷയം).
മാര്‍ച്ച് 22ലെ പത്രത്തില്‍ മാതൃഭൂമി ഒന്നാംപേജ് മ്അദനിയെയും പിഡിപിയെയുംകൊണ്ട് നിറച്ചിരിക്കയാണ്.
3. എല്‍ഡിഎഫില്‍ അപസ്വരം
(മാതൃഭൂമി മാര്‍ച്ച് 22 ഒന്നാംപേജില്‍ 5 കോളം വാര്‍ത്ത.)
പിഡിപി വര്‍ഗീയകക്ഷിതന്നെ ബര്‍ദന്‍
(മാതൃഭൂമി മാര്‍ച്ച് 22 ഒന്നാംപേജില്‍ 3 കോളം വാര്‍ത്ത.)
ആരോപണങ്ങള്‍ മറുപടിനല്‍കി പിണറായിയും മ്അദനി യും ഒരേ വേദിയില്‍
(മാതൃഭൂമി മാര്‍ച്ച് 22 ഒന്നാംപേജില്‍ 4 കോളം വാര്‍ത്ത.)
4. പിഡിപി വിവാദം: മുന്നണിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല: വെളിയം.
(മാതൃഭൂമി മാര്‍ച്ച് 23 ഏഴാംപേജില്‍ 3 കോളം വാര്‍ത്ത.) അതേദിവസം അതേപേജില്‍ കുഞ്ഞാലിക്കുട്ടി. വയലാര്‍രവി തുടങ്ങിയ 'മതനിരപേക്ഷവാദികളുടെ പിഡിപിയെപറ്റിയുള്ള അഭിപ്രായവും മൂന്നുകോളം വീതം വാര്‍ത്തകൊടുത്തിട്ടുണ്ട്.)
5. പ്രചാരണരംഗത്ത് മുഖ്യ വിഷയം മ്അദനി (മാതൃഭൂമി, മാര്‍ച്ച് 24 ഒന്നാംപേജ്)
6. മ്അദനിക്ക് പ്രാമുഖ്യം നല്‍കുന്നതില്‍ ഇടതുമുന്നണിയില്‍ അമര്‍ഷം.
(മാര്‍ച്ച് 25, 7-ാം പേജില്‍ അഞ്ചുകോളം വാര്‍ത്ത)
പിഡിപിയുമായി സഖ്യമില്ലെന്നും അവര്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുക മാത്രമേ ചെയ്യുന്നുള്ളു എന്നുമുള്ള സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും നിലപാട് വ്യക്തമാക്കിക്കൊണ്ട് പ്രകാശ്കാരാട്ടിന്റെ വിശദീകരണം അതേദിവസം ഏഴാംപേജില്‍ രണ്ടുകോളത്തില്‍ ചുരുക്കി.
7. മ്അദനിക്കെതിരായ അന്വേഷണം തുടരും-മുഖ്യമന്ത്രി
(മാതൃഭൂമി മാര്‍ച്ച് 26 ഒന്നാംപേജില്‍ പ്രധാന വാര്‍ത്ത.)
8. പിഡിപി ബന്ധം: മുഖ്യമന്ത്രിയുടെ നിലപാട് സിപിഐ എമ്മിനെ വെട്ടിലാക്കും
(മാതൃഭൂമി മാര്‍ച്ച് 26 ഒന്നാംപേജില്‍ 4 കോളം വാര്‍ത്ത.)
9. വി എസിന്റെ വേദികളില്‍നിന്ന് പിഡിപി വിട്ടുനിന്നു.
(മാതൃഭൂമി മാര്‍ച്ച് 27 ഒന്നാംപേജില്‍ മൂന്നു കോളം വാര്‍ത്ത.)
ഒന്നാംപേജില്‍ മ്അദനിയും പിണറായിയും രാമന്‍പിള്ളയും നില്‍ക്കുന്ന കാര്‍ട്ടൂണുമുണ്ട്.
മാര്‍ച്ച് 27ന് ദില്ലി വാര്‍ത്തയുമുണ്ട് പിഡിപിയുമായി ചേര്‍ന്നുള്ള പ്രചാരണം മലപ്പുറത്ത് ഒതുക്കാന്‍ സിപിഐ (എം) നിര്‍ദ്ദേശം എന്ന തലക്കെട്ടില്‍.
പിഡിപി ബന്ധം: വി എസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു എന്നായി 28ന്റെ മാതൃഭൂമി.
10 വി എസിന്റെ കത്തിനെക്കുറിച്ച് അറിയില്ല-പിണറായി.
(മാതൃഭൂമി മാര്‍ച്ച് 28 ഒന്നാംപേജില്‍ പ്രധാന വാര്‍ത്ത.)
ഇങ്ങനെ ഒരു കത്തയച്ചില്ലെന്ന് വി എസും കിട്ടിയിട്ടില്ലെന്ന് പ്രകാശ് കാരാട്ടും വ്യക്തമാക്കി. അതൊന്നും മാതൃഭൂമിയുടെ വിഷയമല്ലല്ലോ?
മ്അദനിയും സിപിഐ എമ്മുമായി സഖ്യമുണ്ടെന്ന തരത്തില്‍ രണ്ടാഴ്ചക്കാലം മാതൃഭൂമി വാര്‍ത്ത നല്‍കി. ഏപ്രില്‍ മൂന്നാംതീയതി എന്‍ഡിഎഫ് നിലപാട് വ്യക്തമാക്കി. പതിനെട്ടിടങ്ങളില്‍ അവരുടെ പിന്തുണ യുഡിഎഫിനാണെന്ന് അവര്‍ വെളിപ്പെടുത്തി. യുഡിഎഫ് നേതാക്കള്‍ അത് സര്‍വ്വാത്മനാ സ്വീകരിക്കയും ചെയ്തു. നിഷ്ഠൂരമായ രീതിയില്‍ ആസൂത്രിതമായി കൊലപാതകങ്ങള്‍ നടത്തുകയും അക്രമങ്ങള്‍ സംഘടിപ്പിക്കയും ചെയ്യുന്ന ഭീകര സംഘടനയാണ് എന്‍ഡിഎഫ്. 2008ല്‍തന്നെ ആറ് കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 193 ആക്രമണങ്ങള്‍ അവര്‍ നടത്തിയതായി പൊലീസ് രേഖകള്‍ വെളിവാക്കുന്നു. സംസ്ഥാനത്തുടനീളം ഭീകരപ്രവര്‍ത്തനവും ആയുധ പരിശീലനവും ആയുധശേഖരണവും നടത്തുന്ന സംഘടനയാണ് എന്‍ഡിഎഫ് (ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട്) കാശ്മീരില്‍ എറ്റുമുട്ടലിനിടയില്‍ കൊല്ലപ്പെട്ട തീവ്രവാദികളുമായി ഈ സംഘടനയ്ക്കുള്ള ബന്ധം വെളിവായതാണ്. ഈ സംഘടനയുടെ ധനസ്രോതസ്സിനെപ്പറ്റിയും നിരവധി ആരോപണങ്ങളുണ്ട്.
തിരുവനന്തപുരം, എറണാകുളം എന്നീ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫിന് പിന്തുണ എന്‍ഡിഎഫ് പ്രഖ്യാപിച്ചു. അവരുടെ പിന്തുണ തങ്ങള്‍ക്കു വേണ്ടെന്ന് പിണറായിയും എല്‍ഡിഎഫ് നേതാക്കളും വ്യക്തമാക്കുകയുണ്ടായി.
യുഡിഎഫ്-എന്‍ഡിഎഫ് ബന്ധത്തിന്റെ വാര്‍ത്തവന്നതോടെ മ്അദനി പരിപ്പ് പഴയതുപോലെ വേകില്ലെന്ന് മാതൃഭൂമി വളരെ വേഗം മനസ്സിലാക്കി. അതോടെയാണ് മ്അദനി വേട്ടയ്ക്ക് അവര്‍ മയം വരുത്തിയത്.
ഇസ്രയേല്‍ മിസൈല്‍ ഇടപാടിലെ ക്രമക്കേടും കോഴയും പുറത്തായതോടെ യുഡിഎഫ് വല്ലാത്ത പ്രതിരോധത്തിലായി. ഇന്ത്യന്‍ താല്‍പര്യം ബലികഴിക്കുന്നതിനൊപ്പം പലസ്തീനിലെ നിരപരാധികളെ കൊന്നൊടുക്കുന്നതിന് പരോക്ഷമായ സാമ്പത്തിക സഹായവും പിന്തുണയുമാണ് ഇസ്രയേലിന് ഈ ആയുധ ഇടപാടിലൂടെ ഇന്ത്യ നല്‍കുന്നത്. ജനങ്ങളുടെ സംശയത്തിന് ഉത്തരം പറയാനാവാതെ യുഡിഎഫ് നേതാക്കള്‍ ശരിക്കും വെള്ളം കുടിച്ചു. യുഡിഎഫിനെ ഇതില്‍നിന്ന് രക്ഷപ്പെടുത്താനുള്ള ജോലിയും മാതൃഭൂമി ഏറ്റെടുത്തു. ഇല്ലാത്ത ഇസ്രയേല്‍ വിത്തുകാളയുടെ കാര്യവും പറഞ്ഞ് മാതൃഭൂമി രംഗത്തുവന്നതും അപഹാസ്യമായതും എല്ലാവരും കണ്ടതാണ്.
തനിക്കു വിരോധമുള്ളവരോടുള്ള പക തീര്‍ക്കാന്‍ എല്ലാ പത്രധര്‍മങ്ങളും മറന്ന് വീരേന്ദ്രകുമാര്‍ പ്രവര്‍ത്തിക്കും എന്നതിന്റെ സാക്ഷ്യമാണ് മേല്‍പറഞ്ഞ ഉദാഹരണങ്ങള്‍. തനിക്ക് മത്സരിക്കാന്‍ ലഭിക്കാത്ത കോഴിക്കോട് സീറ്റിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെപ്പറ്റിയും വീരേന്ദ്രകുമാറും മകനും ഏഷണിയും പരദൂഷണവുമായി രംഗത്തുവന്നു. വീരേന്ദ്രകുമാറിന്റെ മകന്റെ പ്രായംപോലുമില്ലാത്ത മുഹമ്മദ് റിയാസിനെക്കുറിച്ചുള്ള അപവാദങ്ങള്‍ കുറച്ചത് നിയമനടപടികളുമായി റിയാസ് മുമ്പോട്ടുപോകും എന്ന് മനസ്സിലാക്കിയതോടെയാണ്.
സ്വാധീനമുള്ള ഒരു പത്രമുണ്ടെങ്കില്‍ ആര്‍ക്കെതിരെ എന്തും എഴുതാം ആരെയും വിരട്ടാം, തന്‍കാര്യത്തിനായി എങ്ങനെയും ഉപയോഗിക്കാം എന്നൊക്കെ ആരു കരുതിയാലും അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഒരേ വാര്‍ത്തതന്നെ വാചകങ്ങളും തലക്കെട്ടും മാറ്റി എത്രദിവസമാണ് മാതൃഭൂമി ഒന്നാംപേജില്‍ കൊടുത്തത്? ഇതിനോട് വായനക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഒരു സര്‍വ്വേ നടത്തി നോക്കണം. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പണിയാണ് മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ കാണിക്കുന്നതെന്ന് അപ്പോള്‍ വെളിവാകും. വിദ്വേഷവിഷം മനസ്സില്‍ നിറഞ്ഞാല്‍ വിവേകവും സമചിത്തതയും അന്ന്യമാകുമല്ലോ?
നാടിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച മാതൃഭൂമിയുടെ ഇന്നത്തെ അവസ്ഥ ആരിലും സഹതാപം ഉളവാക്കുന്നതാണ്.
ഗിരീഷ് ചേനപ്പാടി ചിന്ത
സ്വാധീനമുള്ള ഒരു പത്രമുണ്ടെങ്കില്‍ ആര്‍ക്കെതിരെ എന്തും എഴുതാം ആരെയും വിരട്ടാം, തന്‍കാര്യത്തിനായി എങ്ങനെയും ഉപയോഗിക്കാം എന്നൊക്കെ ആരു കരുതിയാലും അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഒരേ വാര്‍ത്തതന്നെ വാചകങ്ങളും തലക്കെട്ടും മാറ്റി എത്രദിവസമാണ് മാതൃഭൂമി ഒന്നാംപേജില്‍ കൊടുത്തത്? ഇതിനോട് വായനക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഒരു സര്‍വ്വേ നടത്തി നോക്കണം. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പണിയാണ് മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ കാണിക്കുന്നതെന്ന് അപ്പോള്‍ വെളിവാകും. വിദ്വേഷവിഷം മനസ്സില്‍ നിറഞ്ഞാല്‍ വിവേകവും സമചിത്തതയും അന്ന്യമാകുമല്ലോ?
ReplyDeleteനാടിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച മാതൃഭൂമിയുടെ ഇന്നത്തെ അവസ്ഥ ആരിലും സഹതാപം ഉളവാക്കുന്നതാണ്.
നമുക്ക് ദേശാഭിമാനിക്ക് ഒരു ചില്ലുകൂട് പണിതാലോ? സത്യം മാത്രമെഴുതുന്ന ഒരു പത്രമല്ലേ?
ReplyDeleteദീപസ്തപം മഹാശ്ചര്യം എനിക്കും കിട്ടണം പണം!!
നിഷ്പക്ഷമെന്ന് അവകാശപ്പെടുന്ന പത്രങ്ങളുടെ നടപ്പ് രീതി. മുക്കുവനതു മനസിലായില്ലെന്നുണ്ടോ?
ReplyDelete