Tuesday, April 7, 2009

പണമുള്ളവനു മാത്രം ചികിത്സ

നവലിബറല്‍ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഒന്നാംഘട്ടത്തിനുമുമ്പ് 1980 കളുടെ മധ്യത്തില്‍ കേന്ദ്ര ബജറ്റിന്റെ 3.95 ശതമാനം പൊതുജനാരോഗ്യത്തിനുവേണ്ടി നീക്കിവെച്ചിരുന്നു. 2001 ആയപ്പോഴേക്കും അത് 2.7 ശതമാനമായി കുറഞ്ഞു. 2005ല്‍ അത് വീണ്ടും 2.4 ശതമാനമായി കുറഞ്ഞു. 1980 കളുടെ മധ്യത്തിലെ തലത്തിലേക്ക് അത് ഉയര്‍ത്തുക എന്നുപറഞ്ഞാല്‍തന്നെ, ബജറ്റ് വകയിരുത്തല്‍ ഏതാണ്ട് ഇരട്ടിയാക്കുക എന്നാണര്‍ഥം. സംസ്ഥാനങ്ങളുടെ ധനസ്രോതസ്സുകളെ കേന്ദ്രഗവണ്‍മെന്റ് ഞെരുക്കുന്നത്കാരണം പല സംസ്ഥാനങ്ങള്‍ക്കും വേണ്ട്രത്ര ഫണ്ട് ആരോഗ്യരംഗത്തേക്ക് നീക്കിവെയ്ക്കാന്‍ കഴിയുന്നില്ല. മൊത്തത്തില്‍പറഞ്ഞാല്‍ ജിഡിപിയുടെ 0.9 ശതമാനം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ആരോഗ്യ പരിരക്ഷയ്ക്കായി ചെലവിടുന്നത്. ഇക്കാര്യത്തില്‍ ലോകത്തില്‍വെച്ചുതന്നെ ഏറ്റവും പിറകില്‍ക്കിടക്കുന്ന രാജ്യമാണ് ഇന്ത്യ. ബറുണ്ടി, മ്യാന്‍മര്‍, പാകിസ്ഥാന്‍, സുഡാന്‍, കമ്പോഡിയ എന്നീ അഞ്ചുരാജ്യങ്ങളെ ഇന്ത്യയുടെ പിറകിലുള്ളൂ. 1991ല്‍ ജിഡിപിയുടെ 1.3 ശതമാനമാണ് കേന്ദ്രം ഈ രംഗത്ത് ചെലവിട്ടത്-അക്കാലത്ത് മന്‍മോഹന്‍സിങ്ങായിരുന്നു കേന്ദ്ര ധനകാര്യമന്ത്രിയെന്ന് നാം ഓര്‍ക്കണം. ആരോഗ്യത്തിന്റെ രക്ഷയ്ക്ക് ജിഡിപിയുടെ 5 ശതമാനം നീക്കിവെയ്ക്കണമെന്നാണ് സിപിഐ (എം) ആവശ്യപ്പെടുന്നത്. ജിഡിപിയുടെ രണ്ട്-മൂന്ന് ശതമാനം ഈ മേഖലയ്ക്ക് നീക്കിവെയ്ക്കും എന്നാണ് യുപിഎയുടെ പൊതുമിനിമം പരിപാടിയില്‍ പറഞ്ഞിരിക്കുന്നത്.

ആരോഗ്യമേഖലയില്‍നിന്ന് സര്‍ക്കാര്‍ ക്രമേണ പിന്‍വാങ്ങുന്നതുകൊണ്ട്, അവിടേക്ക് സ്വകാര്യമേഖല തള്ളിക്കയറിവരുന്നു. ആരോഗ്യപരിരക്ഷയുടെ കാര്യത്തില്‍ തുല്യതയല്ല, പരമാവധി ലാഭമാണ് സ്വകാര്യമേഖലയുടെലക്ഷ്യം. അതുകാരണം നല്ല ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും സ്വകാര്യ ആശുപത്രികളില്‍ ചേക്കേറുന്നു. മെഡിക്കല്‍ ടൂറിസത്തിന്റെ മറവില്‍ പണക്കാരായ വിദേശികള്‍ ഇന്ത്യയില്‍വന്ന് കുറഞ്ഞ ചെലവില്‍ ചികില്‍സതേടി മടങ്ങിപ്പോകുന്നു. ഇന്ത്യയിലെ സാധാരണക്കാരായ നികുതിദായകരുടെ ചെലവില്‍, വിദേശ ടൂറിസ്റ്റുകള്‍ സബ്‌സിഡി നിരക്കില്‍ ചികില്‍സതേടി തിരിച്ചുപോകുന്നു.

ലോകത്തില്‍വെച്ച് ഏറ്റവും സ്വകാര്യവല്‍കൃതവും ചെലവേറിയതുമായ ചികില്‍സാസംവിധാനമായി ഇന്ത്യയിലേത് മാറിക്കൊണ്ടിരിക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ 40 ശതമാനത്തിനും, ചികിത്സാ ചെലവിനായി കടം വാങ്ങേണ്ടിവരുന്നു. ഇങ്ങനെ കടംവാങ്ങി ചികില്‍സിക്കുന്നതുകൊണ്ട് കൊല്ലംതോറും രണ്ടുകോടിയിലധികം ഇന്ത്യക്കാര്‍ ദാരിദ്ര്യരേഖയ്ക്കു താഴേക്ക് ഇറങ്ങിപ്പോകാന്‍ നിര്‍ബന്ധിതരായിത്തീരുന്നു.

ഇന്ത്യയിലെ മിക്ക കുടുംബങ്ങള്‍ക്കും ചികില്‍സയ്ക്കായി സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടിവരുന്നു. ഗ്രാമീണമേഖലയിലെ 70 ശതമാനം കുടുംബങ്ങളും പട്ടണപ്രദേശങ്ങളിലെ 63 ശതമാനം കുടുംബങ്ങളും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇന്ത്യയിലെ 5 ശതമാനം കുടുംബങ്ങള്‍ക്കുമാത്രമെ ഏതെങ്കിലും രീതിയിലുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നുള്ളു. അതും വീട്ടില്‍ ഒരാള്‍ക്കുമാത്രം. "രാജ്യത്തെ ദരിദ്രകുടുംബങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ ലഭിക്കുന്നതിനായി ദേശീയ പദ്ധതി ആവിഷ്കരിക്കും'' എന്നാണ് യുപിഎയുടെ പൊതുമിനിമം പരിപാടിയില്‍ വാഗ്ദാനംചെയ്തിരുന്നത് എന്ന കാര്യം ഓര്‍ക്കുക.

ഗുരുതരമായ രോഗംബാധിച്ച രോഗികളില്‍ 40 ശതമാനവും, സാമ്പത്തികമായി കഴിവില്ലാത്തതിനാല്‍ ചികില്‍സതേടി പോകുന്നില്ല. ചികിത്സ കിട്ടാതെ നരകിക്കുന്ന രോഗികളില്‍ ഒരു നല്ലഭാഗം സ്ത്രീകളാണ്. മൂന്നാമത് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഇന്ത്യന്‍ സ്ത്രീകളില്‍ വെറും 17.3 ശതമാനം മാത്രമാണ് ആരോഗ്യ പ്രവര്‍ത്തകരുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നത്. 15 വയസ്സിനും 49 വയസ്സിനും ഇടയില്‍ പ്രായമുള്ള ഗര്‍ഭിണികളില്‍ 49.7 ശതമാനം പേര്‍ക്കാണ് 1998-99ല്‍ വിളര്‍ച്ചയുണ്ടായിരുന്നതെങ്കില്‍, 2005-06ല്‍ അവരുടെ ശതമാനം 57.9 ആയി വര്‍ദ്ധിച്ചിരിക്കുന്നു.

പ്രസവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം ഓരോകൊല്ലവും ഇന്ത്യയില്‍ 1,20,000ല്‍പരം സ്ത്രീകള്‍ മരണപ്പെടുന്നു. പ്രസവവുമായി ബന്ധപ്പെട്ട് ഒരു ലക്ഷം സ്ത്രീകളില്‍ 300ല്‍പരം സ്ത്രീകള്‍ ഇന്ത്യയില്‍ മരണമടയുന്നു. വളരെ ഉയര്‍ന്ന പ്രസവകാല മരണനിരക്കാണിത്. 2000-മാണ്ടാകുമ്പോഴേക്ക് പ്രസവകാല മരണനിരക്ക് 200ല്‍ താഴെ ആക്കണമെന്നായിരുന്നു. 1983ലെ ദേശീയാരോഗ്യനയം ലക്ഷ്യമിട്ടിരുന്നത്.

18 കുട്ടികളില്‍ ഒരാള്‍ വീതം (അതില്‍ കൂടുതല്‍ വരും. ഏതാണ്ട് 6 ശതമാനം) ഒരു വയസ്സാകുന്നതിനുമുമ്പേ മരിച്ചുപോകുന്നു. 13 കുട്ടികളില്‍ ഒരാള്‍വീതം (ഏതാണ്ട് 8 ശതമാനം) അഞ്ചുവയസ്സെത്തുംമുമ്പ് മരിച്ചുപോകുന്നു. വികസനം ഏറ്റവും കുറവുള്ള രാജ്യങ്ങളിലെ ശരാശരി ശിശുമരണനിരക്കിന് തുല്യമാണ് ഇന്ത്യയിലെ ശിശുമരണനിരക്ക്. ചൈനയിലേതിന്റെ രണ്ടര ഇരട്ടിയാണ് ഇന്ത്യയിലേത്. വികസിത രാജ്യങ്ങളിലെ ശിശുമരണനിരക്കിന്റെ എട്ട്-പത്ത് ഇരട്ടി കൂടുതലാണ് ഇന്ത്യയിലേത്. രാജ്യത്തിനുള്ളില്‍ത്തന്നെ ശിശുമരണനിരക്ക് എല്ലായിടത്തും ഒരേ തോതിലല്ല. പട്ടണപ്രദേശങ്ങളിലേതിനെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളില്‍ അത് 50 ശതമാനം കൂടുതലാണ്. ദളിത്, ആദിവാസി സമൂഹങ്ങളില്‍ ശിശുമരണനിരക്ക് ഇതിനേക്കാള്‍ കൂടും.

ദേശീയ ആരോഗ്യപരിപാടിയില്‍ എടുത്തുപറയുന്ന എല്ലാ പ്രതിരോധ കുത്തിവെയ്പുകളും ലഭിക്കുന്ന കുട്ടികള്‍ ഇന്ത്യയില്‍ 44 ശതമാനമേ വരു. 56 ശതമാനത്തിനും എല്ലാ കുത്തിവെയ്പ്പുകളും ലഭിക്കുന്നില്ല. ആന്ധ്രപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്രം, പഞ്ചാബ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിരോധ കുത്തിവെപ്പിന് വിധേയരാക്കപ്പെടുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വ്യാപകമായ പോളിയോ നിര്‍മാര്‍ജനപരിപാടികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുമ്പോഴും പോളിയോബാധിച്ച കുട്ടികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പോളിയോ ബാധിച്ച് കടുത്ത പക്ഷാഘാതം പിടിപെട്ട കുട്ടികളുടെ എണ്ണം (റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്) 1997ല്‍ 3047 ആയിരുന്നത് 2006ല്‍ 31,973 ആയി വര്‍ധിച്ചു.

പ്രതിരോധ കുത്തിവെയ്പിനുള്ള മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്ന 4 പൊതുമേഖലാ കമ്പനികള്‍, നിസ്സാരമായ കാരണംപറഞ്ഞ് യുപിഎ ഗവണ്‍മെന്റ് പൂട്ടിച്ചതാണ്, ഈയിടെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഒരു വലിയ സമ്മാനം. അതുമൂലം പ്രതിരോധ കുത്തിവെയ്പിനുള്ള മരുന്നുകള്‍ക്ക് കടുത്ത ക്ഷാമമുണ്ടായി. അവയുടെ വില വര്‍ധിച്ചു. അതിന്റെ ഗുണം സ്വകാര്യ വാക്സിന്‍ നിര്‍മാണ കമ്പനികള്‍ക്കാണ്.

"ലോകത്തിലെ വിശപ്പിന്റെ തലസ്ഥാനം'' എന്ന പദവി ഇന്ത്യക്ക് അധികം താമസിയാതെ കൈവരും. ഇന്ത്യയിലെ കുട്ടികളില്‍ ഏതാണ്ട് പകുതിപേരും വേണ്ടത്രപോഷകാഹാരം ലഭിക്കാത്തവരാണ്; വളര്‍ച്ച മുരടിച്ചവരാണ്. ലോകത്തിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന പോഷകാഹാരക്കുറവിന്റെ രണ്ടിരട്ടി പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ് ഇന്ത്യയിലെ കുട്ടികള്‍. ആഫ്രിക്കയിലെ രാജ്യങ്ങളെപ്പോലും ഇക്കാര്യത്തില്‍ ഇന്ത്യ കടത്തിവെട്ടും. കുട്ടികളുടെ പോഷകാഹാര ലഭ്യതാ നിലവാരം കഴിഞ്ഞ അഞ്ചുകൊല്ലമായി മുരടിച്ചുനില്‍ക്കുകയാണ്. ഏറ്റവും കടുത്ത പോഷകാഹാരക്കുറവ് ഈ അടുത്തവര്‍ഷങ്ങളില്‍ യഥാര്‍ത്ഥത്തില്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

ക്ഷയം, മലമ്പനി, ചിക്കുന്‍ഗുനിയ ഡെങ്കിപ്പനി, ജപ്പാന്‍പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഇന്ത്യയില്‍ വീണ്ടും തലപൊക്കിയിരിക്കുന്നു: ക്ഷയം കാരണം ഏറ്റവും കൂടുതല്‍ രോഗികള്‍ പ്രതിവര്‍ഷം മരിക്കുന്ന രാജ്യം ഇപ്പോഴും ഇന്ത്യതന്നെയാണ്. ഏതാണ്ട് 3.7 ലക്ഷം രോഗികള്‍. ഒരു ലക്ഷം ആളുകളില്‍ 418 പേര്‍ക്ക് ക്ഷയരോഗബാധയുണ്ടെന്നും ചികിത്സ ആവശ്യമാണെന്നും കണക്കാക്കപ്പെടുന്നു. 20 ലക്ഷംപേര്‍ക്ക് കൊല്ലംതോറും മലമ്പനി പിടിപെടുന്നു.

എച്ച്ഐവി ബാധിച്ച രോഗികളുടെ സംഖ്യ രാജ്യത്ത് 31 ലക്ഷമാണെന്നാണ് കണക്ക്. ലോകത്തില്‍ ഇക്കാര്യത്തില്‍ ഇന്ത്യ രണ്ടാംസ്ഥാനത്താണ്. ദരിദ്രരായ ആളുകളിലും കുട്ടികളിലും ഇത് വ്യാപകമായി കണ്ടു തുടങ്ങിയിരിക്കുന്നു. ഇതിനുള്ള മരുന്നുകള്‍ക്ക് പ്രതിരോധശേഷി കുറഞ്ഞ് അവ നിഷ്ഫലമായി തീര്‍ന്നുതുടങ്ങിയിരിക്കുന്നു. രണ്ടാം തലമുറയില്‍പെട്ട പുതിയ മരുന്നുകള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. അവയ്ക്ക് ഇന്നത്തേതിന്റെ പത്തിരട്ടിവരെ വില വര്‍ധിക്കും. ഈ മരുന്നുകളില്‍ പലതും പാറ്റന്റ് സംരക്ഷണമുള്ളവയാണ്. അതുകൊണ്ട് വില കുറഞ്ഞ മരുന്നുകള്‍ നാം കണ്ടെത്തിയാല്‍ത്തന്നെ വിപണിയില്‍ ഇറക്കാന്‍ കഴിയില്ല.

വയറുകടി, വയറിളക്കം, ആസ്മ, ശ്വാസകോശസംബന്ധമായ മറ്റ് കടുത്ത രോഗങ്ങള്‍ തുടങ്ങിയവ വ്യാപകമായിരിക്കുന്നു. വളരെ സാധാരണമായ രോഗമായ വയറിളക്കം മൂലം ഇന്ത്യയില്‍ പ്രതിവര്‍ഷം 6 ലക്ഷം കുട്ടികളാണ് മരണമടയുന്നത്. സാര്‍വത്രികമായി ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയും പരിസരം ശുചിയാക്കിവെയ്ക്കുകയും ചെയ്താല്‍തന്നെ, ഈ രോഗം വലിയ ഒരളവില്‍ കുറയ്ക്കാന്‍ കഴിയും. ധാരാളം വെള്ളം കുടിച്ചാല്‍ത്തന്നെ, വയറിളക്കത്തില്‍നിന്ന് ഒരുവിധം രക്ഷനേടാം. എന്നാല്‍ അതിനാവശ്യമായ മരുന്നുചേര്‍ത്ത ദ്രാവകം പട്ടണപ്രദേശങ്ങളില്‍ 33 ശതമാനം രോഗികള്‍ക്കും ഗ്രാമപ്രദേശങ്ങളില്‍ 24 ശതമാനംപേര്‍ക്കും മാത്രമേ ലഭിക്കുന്നുള്ളു. ഇന്ത്യയിലെ 28 ശതമാനം കുടുംബങ്ങള്‍ക്കേ മെച്ചപ്പെട്ട ശുചീകരണസൌകര്യം ലഭ്യമാകുന്നുള്ളുവെന്നും 20 കോടി ജനങ്ങള്‍ക്ക് ഇപ്പോഴും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നില്ലെന്നും ഓര്‍ക്കണം. പിന്നെ എങ്ങനെ വയറിളക്കംപോലുള്ള പകര്‍ച്ചവ്യാധികള്‍ വരാതിരിക്കും?

2002 നും 2007നും ഇടയില്‍ ഇന്ത്യയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 2 ശതമാനം കുറഞ്ഞു. ജനസംഖ്യ വര്‍ധിക്കുമ്പോഴാണ് ഇതുണ്ടായത്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളുടെ എണ്ണത്തില്‍ അല്‍പം വളര്‍ച്ചയുണ്ടായെങ്കിലും പ്രശ്നങ്ങളുടെ നിലയില്ലാക്കയത്തിലാണവ. വേണ്ടത്ര ജീവനക്കാരില്ല; വെള്ളമില്ല.

പത്താം പദ്ധതിക്കാലത്ത് ആരോഗ്യ കേന്ദ്രങ്ങളുടെ വികസനവും വ്യാപനവും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ സബ്സെന്ററുകളുടെ കാര്യത്തില്‍ ലക്ഷ്യത്തിന്റെ 76 ശതമാനമേ കൈവരിക്കാന്‍ കഴിഞ്ഞുള്ളു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ കാര്യത്തില്‍ ലക്ഷ്യത്തിന്റെ വെറും 13 ശതമാനമാണ് കൈവരിച്ചത്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളുടെ കാര്യത്തില്‍ ലക്ഷ്യംവെച്ചതിന്റെ 37 ശതമാനമേ കൈവരിച്ചുള്ളു.

* 4711 സബ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത് ഹെല്‍ത്ത് വര്‍ക്കറോ മിഡ്‌വൈഫോ ഇല്ലാതെയാണ്.

* 68.6 ശതമാനം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടര്‍മാരില്ല; അല്ലെങ്കില്‍ ഒരൊറ്റ ഡോക്ടറേയുള്ളു. 807 കേന്ദ്രങ്ങളില്‍ ഒരൊറ്റ ഡോക്ടറുമില്ല.

* കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ 64.9 ശതമാനത്തിലും സ്പെഷ്യലിസ്റ്റുമാരില്ല.

* 1188 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 1647 കമ്യൂണിറ്റി കേന്ദ്രങ്ങളിലും വെള്ളമില്ല; വെളിച്ചമില്ല.

2 comments:

  1. "ലോകത്തിലെ വിശപ്പിന്റെ തലസ്ഥാനം'' എന്ന പദവി ഇന്ത്യക്ക് അധികം താമസിയാതെ കൈവരും. ഇന്ത്യയിലെ കുട്ടികളില്‍ ഏതാണ്ട് പകുതിപേരും വേണ്ടത്രപോഷകാഹാരം ലഭിക്കാത്തവരാണ്; വളര്‍ച്ച മുരടിച്ചവരാണ്. ലോകത്തിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന പോഷകാഹാരക്കുറവിന്റെ രണ്ടിരട്ടി പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ് ഇന്ത്യയിലെ കുട്ടികള്‍. ആഫ്രിക്കയിലെ രാജ്യങ്ങളെപ്പോലും ഇക്കാര്യത്തില്‍ ഇന്ത്യ കടത്തിവെട്ടും. കുട്ടികളുടെ പോഷകാഹാര ലഭ്യതാ നിലവാരം കഴിഞ്ഞ അഞ്ചുകൊല്ലമായി മുരടിച്ചുനില്‍ക്കുകയാണ്. ഏറ്റവും കടുത്ത പോഷകാഹാരക്കുറവ് ഈ അടുത്തവര്‍ഷങ്ങളില്‍ യഥാര്‍ത്ഥത്തില്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

    ReplyDelete
  2. കേരളത്തിലെ പരിതാപകരമായ സര്‍കാര്‍ നിയന്ത്രിത ആരോഗ്യ മേഘലയിലെ പ്രശ്നങ്ങള്‍ക് ഭരിക്കുന്നവര്‍ മാത്രം ആണ് ഉത്തരവാദി. ഇത് ഇടതു പക്ഷമായാലും വലതു പക്ഷമായാലും ഒരു ധനാഗാമന മാര്‍ഗം എന്നാ രീതിയില്‍ മാത്രം ആണ് കൈകാര്യം ചെയ്യുന്നത്. ഇതിനു കേന്ദ്ര ഗവര്‍മെന്റിനെ മാത്രം അപഹസിചിട്ടു കാര്യമില്ല. നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ കാശുണ്ടാക്കാന്‍ വേണ്ടി ഏറ്റവും വക്രതയോടെയും കുടില തന്ത്രതോടെയും ( ഇതില്‍ അഴിമതി ആരോപിക്കാന്‍ പറ്റില്ല , കാരന്‍ പേപ്പര്‍ വോര്‍ക്സ് എല്ലാം കൃത്യം ആയിരിക്കും ) ചെയ്തു പാവങ്ങള്‍ക്ക് ദുരിതവും ഉന്നതര്‍ക്ക് ധന ലാഭവും മാത്രം കാണുന്ന ഭരണ വ്യവസ്ഥ മാറ്റുക. എന്നിട്ട് മതി കേന്ദ്രത്തെ ചീത്ത വിളിക്കല്‍. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എനിക്കു ഈ ഒത്തുകളി വ്യക്തമായി അറിയാം. ഒരു ഉദാഹരണം പറഞ്ഞാല്‍, സാധാരണ നടക്കുന്ന പ്രതിരോധ കുത്തിവേയ്പുകള്‍ ഉപയോഗിക്കുന്ന മരുന്നെല്ലാം expiry തീരാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ബാക്കി ഉള്ളവ ആണ്. മരുന്ന് കമ്പനിയുമായി വന്‍തുക പറഞ്ഞു ഉറപ്പിച്ചാണ് ഇതെല്ലം നടത്തുന്നത്. എറണാകുളത്തു നടന്ന ഒരു monthly conference il ഡി എം ഓ അബദ്ധവശാല്‍ ഇതെല്ലം ഒരിക്കല്‍ പറയുക ഉണ്ടായി. സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന ഒരു antibiotic നും ശരിയായ ഗുണ നിലവാരം ഇല്ല. ഇതെനിക്ക് കാലാകാലങ്ങളായി നേരിട്ട് ബോധ്യം ഉള്ളതാണ്. ഇതിന്റെ എല്ലാം ബുദ്ധിമുട്ട് രോഗിക്ക് മാത്രം ആണ്. ഇതിനെല്ലാം വന്‍ തുകകള്‍ ആണ് കുറച്ചു ആളുകളുടെ പോക്കെറ്റില്‍ എത്തുന്നത്‌. അവരില്‍ ചിലരെ എല്ലാ തെളിവുകളോടെ പിടിച്ചിട്ടുണ്ട്, പക്ഷെ അതെല്ലാം ഒരു ദിവസത്തെ വാര്‍ത്ത ആവുന്നതില്‍ കവിഞ്ഞു വേറെ ഒരു ബഹളവും ഇല്ല . ഉദാഹരണത്തിന് അഭയ റാബ് കേസില്‍ പിടിയിലായ ഡോ. രാജന്‍ , ആ കേസിന്റെ നിലവിലുള്ള അവസ്ഥ എന്താണെന്നു അറിയുമോ ?. വേണേല്‍ ഇനിയും ഉദാഹരണങള്‍ പറയാം.

    ReplyDelete