ശ്രീലങ്കയില്‍നിന്നുള്ള വെടിയൊച്ചയും നിലവിളികളും ലോകത്തിന്റെയാകെ, വിശേഷിച്ച് ഇന്ത്യയുടെ ആകുലതയാണ്. ആ കൊച്ചു ദ്വീപരാഷ്ട്രം അശാന്തിയുടെയും അസ്ഥിരതയുടെയും പിടിയില്‍പെട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു. രാഷ്ട്രീയമായ എല്ലാ പരിഹാരശ്രമങ്ങളും ഉപേക്ഷിച്ച് ആക്രമണത്തിന്റെ വഴിയിലൂടെ തമിഴ് പ്രശ്നം പരിഹരിക്കാനാകുമെന്ന തെറ്റായ നിലപാടുമായി മുന്നോട്ടുപോകുന്ന ശ്രീലങ്കന്‍സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന യുദ്ധം തമിഴ് പുലികളോടുമാത്രമല്ല, തമിഴ് വംശജരോടാകെയാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് അവിടെനിന്ന് വരുന്നത്. എല്‍ടിടിഇ അധീനപ്പെടുത്തിയ പ്രദേശങ്ങള്‍ ഒന്നൊന്നായി തിരിച്ചുപിടിച്ചും പുലിത്താവളങ്ങള്‍ തകര്‍ത്തും രൂക്ഷമായ യുദ്ധം നടത്തി മുന്നേറിയ സൈന്യം അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തോടടുക്കുകയാണ്. എന്നാല്‍, ആയുധബലംകൊണ്ട് തങ്ങളെ തോല്‍പ്പിച്ചാലും പോരാട്ടം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മുന്നറിയിപ്പാണ്, ഇരുപത്തിനാലു മണിക്കൂറിനകം കീഴടങ്ങാനുള്ള ശ്രീലങ്കന്‍ സര്‍ക്കാരിന്റെ അന്ത്യശാസനം തള്ളിയതിലൂടെ പുലികള്‍ നല്‍കിയത്. പതിനേഴു ചതുരശ്ര കിലോമീറ്ററോളം വരുന്ന വനമേഖലയില്‍ മാത്രമാണ് പുലികള്‍ ഇപ്പോള്‍ അവശേഷിക്കുന്നത്. അവസാനത്തെ എല്‍ടിടിഇക്കാരനെയും കൊല്ലാനുള്ള ആവേശത്തോടെ പട്ടാളവും ചാവേര്‍ പോരാട്ടത്തിന്റെ എല്ലാ നശീകരണ വാസനകളും ആവാഹിച്ച് എല്‍ടിടിഇക്കാരും നടത്തുന്നത് സര്‍വം നശിപ്പിക്കുന്ന യുദ്ധമാണ്. കഴിഞ്ഞ ദിവസം ആയിരത്തിലേറെ ഗ്രാമീണര്‍ കൊല്ലപ്പെട്ടുവെന്നും മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് വാര്‍ത്ത.
തമിഴ് വംശജരാകെ അരക്ഷിതാവസ്ഥയിലാണ്. ദിനേന പതിനായിരങ്ങള്‍ വീടുവിട്ട് എങ്ങോട്ടെന്നില്ലാതെ പലായനംചെയ്യുന്നു. യുദ്ധമേഖലയില്‍നിന്ന് പലായനംചെയ്തവരുടെ എണ്ണം അരക്കോടി കവിഞ്ഞുവെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍തന്നെ പറയുന്നു. സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരും രോഗികളുമെല്ലാം ദുരിതത്തിന്റെ ആഴക്കയത്തിലേക്കാണ് എടുത്തെറിയപ്പെടുന്നത്. അവരില്‍ മഹാഭൂരിപക്ഷത്തിനും എല്‍ടിടിഇയുമായി ബന്ധമില്ല. തമിഴ് പുലികളെയും തമിഴ് വംശജരായ സാധാരണ ജനങ്ങളെയും രണ്ടായി കാണാന്‍ സൈന്യം തയ്യാറാകുന്നില്ല. അതേസമയം, പാവപ്പെട്ട തമിഴ് ജനതയെ യുദ്ധപരിചയായി ഉപയോഗിക്കാന്‍ എല്‍ടിടിഇയും തയ്യാറാകുന്നു. സൈന്യത്തിനും പുലികള്‍ക്കുമിടയില്‍പെട്ട തമിഴ് ജനതയുടെ ജീവിതം അനിശ്ചിത്വത്തിന്റെ പിടിയിലാണ്. കടുത്ത മനുഷ്യാവകാശലംഘനമാണ് നടക്കുന്നത്. പരിക്കേറ്റവര്‍ക്ക് ചികിത്സ കിട്ടുന്നില്ല. മരുന്ന്, ഭക്ഷണം, കുടിവെള്ളം-എല്ലാറ്റിനും ക്ഷാമം നേരിടുകയാണെന്ന് വാര്‍ത്തകള്‍ വരുന്നു. കൂടാരങ്ങളില്‍കിടന്ന് നിലവിളിക്കുന്ന സ്ത്രീകളുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്. മനുഷ്യാവകാശസംഘടനകള്‍ പുറത്തുവിട്ടു. സമീപമേഖലയിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. ഹെലികോപ്റ്ററിലും ബോട്ടുകളിലും ആയിരങ്ങളെ രക്ഷപ്പെടുത്തിയെന്നും ഗുരുതരമായി പരിക്കേറ്റ ചിലരെ കൊളംബോയിലേക്ക് എത്തിച്ചെന്നും സൈന്യം അവകാശപ്പെട്ടു. എന്നാല്‍, പലായനംചെയ്യുന്നവര്ക്കുനേരെയും പുലികള്‍ ആക്രമണം നടത്തിയെന്നാണ് സൈന്യം പറയുന്നത്. ജനങ്ങളെ കവചമാക്കിയാണ് സൈന്യം തങ്ങളെ ആക്രമിക്കുന്നതെന്ന പ്രത്യാരോപണം എല്‍ടിടിഇയും ഉയര്‍ത്തിയിട്ടുണ്ട്. പുലിത്തലവന് പ്രഭാകരനെക്കുറിച്ച് തിട്ടമുള്ള വിവരമൊന്നും സൈന്യത്തിന് ലഭിച്ചിട്ടില്ല. പ്രഭാകരന്റെ സഹായികളായ രണ്ട് മുതിര്‍ന്ന പുലിനേതാക്കള്കൂടി കീഴടങ്ങിയതായാണ് ഒടുവിലത്തെ വാര്‍ത്ത. പ്രശ്നം ഗുരുതരമാംവണ്ണം വഷളായിട്ടും രാഷ്ട്രീയപരിഹാരത്തിന്റെയോ സമാധാനത്തിന്റെയോ മാര്‍ഗത്തില്‍ സര്‍ക്കാരും പുലികളും വരുന്നില്ലെന്നതാണ് ദുഃഖകരമായ യാഥാര്‍ഥ്യം. പുലികള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നു. ചര്‍ച്ചനടത്താമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം നിലനില്‍ക്കുകയാണെന്നും പ്രഭാകരനും കൂട്ടാളികള്‍ക്കും കീഴടങ്ങാന്‍ അവസരമുണ്ടെന്നുമാണ് പ്രസിഡന്റ് മഹിന്ദ രജപക്സെയുടെ പ്രതികരണം. കീഴടങ്ങിയില്ലെങ്കില്‍ സയനൈഡ് ഗുളികയുടെ സഹായം തേടുകയല്ലാതെ പുലികള്‍ക്ക് മറ്റു മാര്‍ഗമില്ലെന്നും രജപക്സെ പറയുന്നു.
സമാധാന പ്രക്രിയയിലൂടെ രാഷ്ട്രീയ പരിഹാരം കാണാനുള്ള പ്രതീക്ഷയെ സാധൂകരിക്കുന്ന സൂചനകള്‍ ഒന്നുംതന്നെ 2006 മുതല്‍ ശ്രീലങ്കയില്‍നിന്ന് വന്നിട്ടില്ല. കിഴക്കന്‍ മേഖലയില്‍നിന്ന് എല്‍ടിടിഇയെ തുടച്ചുനീക്കുന്നതില്‍ സൈന്യം വിജയം വരിച്ചത് ബലപ്രയോഗത്തിലൂടെ പുലികളെ അടിച്ചമര്‍ത്താമെന്ന് വാദിക്കുന്ന ശക്തികള്‍ക്ക് പ്രാത്സാഹനമാണ് പകര്‍ന്നത്. പുലികളുടെ കടുംപിടിത്തവും അവര്‍ സായുധ സമരമാര്‍ഗത്തില്‍ മാത്രം ഉറച്ചുനില്‍ക്കുന്നതും പരിഹാരമാര്‍ഗങ്ങള്‍ അടയ്ക്കുന്നതിനാണ് സഹായകമായത്. ഇതുമൂലം ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് തമിഴ്ജനതയാണ്; അവരില്‍ വലിയൊരു വിഭാഗം അഭയാര്‍ഥികളായി അലയുകയാണിന്ന്. സമ്പൂര്‍ണമായ യുദ്ധംതന്നെയാണ് നടക്കുന്നത്. ഈ അവസ്ഥ സൃഷ്ടിക്കുന്നതില്‍ പുലികള്‍ക്കെന്നപോലെ പ്രസിഡന്റ് രജപക്സെയുടെ ഭരണത്തിനും ഉത്തരവാദിത്തമുണ്ട്. സ്വയംഭരണത്തെയും അധികാരവികേന്ദ്രീകരണത്തെയും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പരിഹാരത്തിന് അനുകൂലമായ ഒരു നടപടിയും രജപക്സെ ഭരണം കൈക്കൊണ്ടില്ല. തമിഴ് സംസാരിക്കുന്ന പ്രദേശങ്ങള്‍ക്ക് സ്വയംഭരണം അനുവദിക്കുന്ന വ്യവസ്ഥയിലൂടെമാത്രമേ ശ്രീലങ്കയുടെ ഐക്യം കാത്തുസൂക്ഷിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും കഴിയൂ എന്ന ധാരണയില്‍ പ്രധാന സിംഹള പാര്‍ടികള്‍ എത്തിച്ചേരണം. തമിഴ് പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കാണാനുള്ള പരിശ്രമങ്ങള്‍ ഇന്ത്യാഗവമെന്റ് തുടരുകയും ചെയ്യേണ്ടതുണ്ട്. സമാധാന ഭഞ്ജകരായ പുലികളെ നിര്‍ദാക്ഷിണ്യം നേരിടുന്നതിനോടൊപ്പം തമിഴ് വംശജരായി എന്ന കാരണംകൊണ്ടുമാത്രം ഒരാളും ദുരിതത്തിലേക്ക് വലിച്ചെറിയപ്പെട്ടുകൂടാ എന്ന ശരിയായ സമീപനത്തില്‍ രജപക്സെ ഭരണം എത്തിയാലേ ശ്രീലങ്ക സമാധാനത്തിലേക്ക് തിരിച്ചുവരികയുള്ളൂ.
ദേശാഭിമാനി മുഖപ്രസംഗം 2009 ഏപ്രില്‍ 23
No comments:
Post a Comment