Thursday, April 16, 2009

ഒരു വോട്ടും പാഴാകരുത്

സംസ്ഥാനത്തെ ഇരുപതു ലോക്സഭാ മണ്ഡലങ്ങള്‍ പതിനഞ്ചാം ലോക്സഭയിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കാനായി ഇന്ന് പോളിങ് ബൂത്തിലേക്കു നീങ്ങുകയാണ്. 20,508 പോളിങ് സ്റ്റേഷനില്‍ 2,18,65,324 വോട്ടര്‍മാര്‍ 217 സ്ഥാനാര്‍ഥികളുടെ വിധിയെഴുതും. അഞ്ചുഘട്ട തെരഞ്ഞെടുപ്പില്‍ ആദ്യത്തേത് എന്ന നിലയില്‍ താരതമ്യേന കുറഞ്ഞ പ്രചാരണ സമയമേ ലഭിച്ചുള്ളൂവെങ്കിലും ഇന്ന് രാജ്യം നേരിടുന്ന മുഖ്യരാഷ്ട്രീയ പ്രശ്നങ്ങളില്‍ ഊന്നിയുള്ള ചര്‍ച്ചകളാണ് തെരഞ്ഞെടുപ്പുരംഗത്തുണ്ടായത്. അത്തരം പ്രശ്നങ്ങളില്‍ കേരളത്തിന്റെ ചായ്‌വ് നിശ്ചയിക്കുന്നതുതന്നെയാകും ഈ തെരഞ്ഞെടുപ്പ്. ഇന്ത്യയെ വര്‍ഗീയതയുടെയോ സാമ്രാജ്യത്വ അടിമത്തത്തിന്റെയോ അഗാധ ഗര്‍ത്തങ്ങളിലേക്കു തള്ളിവിടാനുള്ള ബിജെപി-കോണ്‍ഗ്രസ് നയങ്ങള്‍ക്കെതിരെ ശക്തമായി 2004ല്‍ പ്രതികരിച്ച അതേ വികാരത്തോടെ അതിനേക്കാള്‍ ആവേശത്തോടെയുള്ള ജനങ്ങളുടെ മുന്നേറ്റമാണ് പ്രചാരണ നാളുകളില്‍ പ്രകടമായത്. ആ മുന്നേറ്റവും ആവേശവും തല്ലിക്കെടുത്താന്‍ യുഡിഎഫും അതിന്റെ ചട്ടുകങ്ങളായ ഏതാനും മാധ്യമങ്ങളും തുടര്‍ച്ചയായി നടത്തിയ അതിരുവിട്ട പ്രകടനങ്ങളും അവയ്ക്ക് സേവപിടിച്ച് രംഗത്തിറങ്ങിയ ഏതാനും അഞ്ചാംപത്തികളും ജനങ്ങള്‍ക്കിടയില്‍ അപഹാസ്യരായി നില്‍ക്കുകയാണ്. നുണക്കഥകളുടെയും അറപ്പുളവാക്കുന്ന അപവാദ കഥകളുടെയും കുറുക്കുവഴികളുടെയും ബലത്തില്‍ തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കാനുള്ള പാപ്പരായ യുഡിഎഫ് രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ലെന്നു പ്രഖ്യാപിക്കാനുള്ള അസുലഭമായ അവസരമായാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ഈ തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന് എല്‍ഡിഎഫിന്റെ പ്രചാരണപരിപാടികളില്‍ അണിചേര്‍ന്ന ജനലക്ഷങ്ങള്‍ തെളിയിച്ചു.

കേരളത്തില്‍നിന്ന് ഇടതുപക്ഷം ജയിച്ചിട്ടെന്തുകാര്യം എന്ന പഴയപല്ലവി കോണ്‍ഗ്രസിന് ഒരിടത്തും ഉയര്‍ത്താനാകുന്നില്ല. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍, കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടുകഴിഞ്ഞെന്നും ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി അസ്തപ്രജ്ഞമായെന്നും ഇടതുപക്ഷം നേതൃത്വം നല്‍കുന്ന മൂന്നാം ശക്തിയിലാണ് രാജ്യത്തിന്റെ ഭാവി കുടികൊള്ളുന്നതെന്നുമുള്ള യാഥാര്‍ഥ്യമാണ് കേരളത്തിന്റെ വിധിയെഴുത്തിനെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകം. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വിധേയരാഷ്ട്രമായി; ഇസ്രയേലിന്റെ കൂട്ടുപ്രതിയായി ഇന്ത്യയെ അധഃപതിപ്പിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ നിരന്തരശ്രമം തുറന്നുകാട്ടുന്ന ഇടതുപക്ഷത്തിന്റെ പ്രചാരണങ്ങള്‍ക്ക് ജനങ്ങളില്‍നിന്ന് ആവേശകരമായ പ്രതികരണമാണുണ്ടായത്. എന്നാല്‍, അത്തരം വിഷയങ്ങളില്‍നിന്നും മാതൃകാപരമായ ജനക്ഷേമ നടപടികളിലൂടെ രാജ്യത്തിന് വഴികാട്ടുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബദല്‍സമീപനത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍നിന്നും ഒളിച്ചോടാനുള്ള ആസൂത്രിത നീക്കത്തിലാണ് യുഡിഎഫ് അഭിരമിച്ചത്. ഞെക്കിപ്പഴുപ്പിച്ചതും നുണകളില്‍മുക്കിയതുമായ കുറെ പുറംപൂച്ചുവിഷയങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ എറിഞ്ഞുകൊടുത്ത്, അതാണ് തെരഞ്ഞെടുപ്പിന്റെ മര്‍മമെന്ന് സ്ഥാപിക്കാന്‍ സഹതാപാര്‍ഹമായി യുഡിഎഫും മാധ്യമഭൃത്യരും അധ്വാനിച്ചു. കാപട്യപൂര്‍ണവും മൂല്യരഹിതവുമായ അത്തരം രാഷ്ട്രീയ അഭ്യാസങ്ങള്‍ക്കുള്ള കേരളത്തിന്റെ ഉചിതമായ മറുപടികൂടിയാകും വ്യാഴാഴ്ചത്തെ വിധിയെഴുത്ത്.

അവസാനനിമിഷങ്ങളില്‍, സ്ഥാനാര്‍ഥികള്‍ക്കെതിരെയും നേതാക്കള്‍ക്കെതിരെയും എത്ര തരംതാണ നുണ എഴുന്നള്ളിക്കാനും പ്രകോപനങ്ങള്‍ സൃഷ്ടിക്കാനും യുഡിഎഫും സഹായികളും തയ്യാറാകുമെന്ന്, പ്രചാരണം അവസാനിക്കുന്ന വേളയില്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുണ്ടായ സംഭവങ്ങള്‍ തെളിയിക്കുന്നു. കോട്ടയത്ത് എല്‍ഡിഎഫ്-ബിജെപി സംഘട്ടനം സൃഷ്ടിക്കാന്‍ യുഡിഎഫ് നേതാവ് കെ എം മാണിതന്നെ ഗൂഢാലോചന നടത്തിയതും കോഴിക്കോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായ അപവാദകഥകള്‍ അച്ചടിച്ച അശ്ളീലവാരികയുടെ നൂറുകണക്കിന് കോപ്പികള്‍ മുന്‍മന്ത്രികൂടിയായ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍നിന്ന് നാട്ടുകാര്‍ പിടികൂടിയതും നിസ്സാരമായി തള്ളിക്കളയേണ്ട അനുഭവങ്ങളല്ല. പണംകൊടുത്തും നുണപറഞ്ഞും അക്രമമുണ്ടാക്കിയും തെരഞ്ഞെടുപ്പുരംഗം അലങ്കോലമാക്കാനുള്ള പതിവുവഴിയില്‍തന്നെയാണ് യുഡിഎഫ് എന്ന് ഇതിലൂടെ വ്യക്തമാകുന്നു. അത്തരം കള്ളപ്രചാരണങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും വശംവദരാകാതെ അതീവ ജാഗ്രതയോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കനുകൂലമായ മുഴുവന്‍ വോട്ടും പോള്‍ചെയ്യുമെന്ന്് ഉറപ്പുവരുത്താനുള്ള ഗൌരവമേറിയ കര്‍ത്തവ്യമാണ് മുന്നണി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ഇനിയുള്ള നിമിഷങ്ങളില്‍ നിര്‍വഹിക്കാനുള്ളത്.

എല്‍ഡിഎഫ് ഉജ്വലവിജയം ആവര്‍ത്തിക്കുമെന്നുറപ്പായ സാഹചര്യം തകര്‍ക്കാന്‍ ദുഷ്പ്രചാരണങ്ങളുടെയും അക്രമത്തിന്റെയും വഴിയില്‍ എതിരാളികള്‍ സഞ്ചരിച്ചതിന്റെ അനുഭവങ്ങള്‍ മനസ്സില്‍വച്ച് സംയമനത്തിന്റെയും പക്വതയുടെയും ജാഗ്രതയുടെയും നേരിയ അംശംപോലും കൈവിടാതെ, വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനും സമാധാനപരമായ പോളിങ് ഉറപ്പാക്കാനും ഓരോ പ്രവര്‍ത്തകനും ഉയര്‍ന്ന ബോധം കാണിക്കേണ്ട ഘട്ടമാണിത്. എല്‍ഡിഎഫിന്റെ ശവപ്പെട്ടിയില്‍ ആണിയടിക്കാന്‍ നടക്കുന്നവര്‍ക്കും ഇടതുപക്ഷത്തിന് ശവമഞ്ചവും ആംബുലന്‍സും ഒരുക്കിനില്‍ക്കുന്നവര്‍ക്കും ചുട്ട മറുപടി നല്‍കാനാവുക എല്‍ഡിഎഫിന്റെ റെക്കോഡ് വിജയത്തിലൂടെയാണ്. അതിലേക്ക് ഓരോ വോട്ടും അമൂല്യമായ കൂട്ടിച്ചേര്‍ക്കലാണ്.

1 comment:

  1. എല്‍ഡിഎഫ് ഉജ്വലവിജയം ആവര്‍ത്തിക്കുമെന്നുറപ്പായ സാഹചര്യം തകര്‍ക്കാന്‍ ദുഷ്പ്രചാരണങ്ങളുടെയും അക്രമത്തിന്റെയും വഴിയില്‍ എതിരാളികള്‍ സഞ്ചരിച്ചതിന്റെ അനുഭവങ്ങള്‍ മനസ്സില്‍വച്ച് സംയമനത്തിന്റെയും പക്വതയുടെയും ജാഗ്രതയുടെയും നേരിയ അംശംപോലും കൈവിടാതെ, വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനും സമാധാനപരമായ പോളിങ് ഉറപ്പാക്കാനും ഓരോ പ്രവര്‍ത്തകനും ഉയര്‍ന്ന ബോധം കാണിക്കേണ്ട ഘട്ടമാണിത്. എല്‍ഡിഎഫിന്റെ ശവപ്പെട്ടിയില്‍ ആണിയടിക്കാന്‍ നടക്കുന്നവര്‍ക്കും ഇടതുപക്ഷത്തിന് ശവമഞ്ചവും ആംബുലന്‍സും ഒരുക്കിനില്‍ക്കുന്നവര്‍ക്കും ചുട്ട മറുപടി നല്‍കാനാവുക എല്‍ഡിഎഫിന്റെ റെക്കോഡ് വിജയത്തിലൂടെയാണ്. അതിലേക്ക് ഓരോ വോട്ടും അമൂല്യമായ കൂട്ടിച്ചേര്‍ക്കലാണ്.

    ReplyDelete