Monday, October 18, 2010

പെട്രോള്‍വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി/കൊച്ചി: പൊതുമേഖല എണ്ണകമ്പനികള്‍ വീണ്ടും പെട്രോള്‍ വില വര്‍ധിപ്പിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) പെട്രോളിന്റെ വില ലിറ്ററിന് 72 പൈസ വര്‍ധിപ്പിച്ചു. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ വര്‍ധന നിലവില്‍വന്നു. ഭാരത് പെട്രോളിയം വെള്ളിയാഴ്ച മുതല്‍ 70 പൈസ കൂട്ടിയിരുന്നു. ഞായറാഴ്ച അര്‍ധരാത്രിയോടെ ഹിന്ദുസ്ഥാന്‍ പെട്രോളിയവും വില കൂട്ടിയേക്കും. പെട്രോളിന് കൊച്ചിയില്‍ 77 പൈസയാണ് ഐഒസി വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കനുസരിച്ച് ചില്ലറ വില്‍പ്പനവില 54.48 രൂപയില്‍നിന്ന് 55.25 രൂപയായി. പ്രീമിയം പെട്രോളിന് 57.76 രൂപയാകും. വിലനിയന്ത്രണം എടുത്തുകളഞ്ഞശേഷം അഞ്ചാംതവണയാണ് ഐഒസി വില വര്‍ധിപ്പിക്കുന്നത്. ഒരുമാസത്തിനിടെ രണ്ടാം തവണയും. കഴിഞ്ഞമാസം 16ന് എണ്ണക്കമ്പനികള്‍ പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് 23 പൈസയും കൂട്ടിയിരുന്നു. അന്താരാഷ്ട്രവിപണിയില്‍ പെട്രോള്‍വിലയില്‍ മാറ്റമൊന്നും ഇല്ലാതിരിക്കെയാണ് പുതിയ വര്‍ധന.

ജൂണ്‍ 25നാണ് പെടോളിന്റെ വിലനിയന്ത്രണ സംവിധാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തുമാറ്റിയത്. ഈ ഘട്ടത്തില്‍ തന്നെ പെട്രോള്‍വില 3.50 പൈസ വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍ ഡീസല്‍ വില അടിക്കടി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കളുടെയടക്കം വില ഇനിയും കൂടും. പണപ്പെരുപ്പം ഉയരാനും വിലവര്‍ധന കാരണമാകും. ഒരുമാസത്തിനുള്ളില്‍ രണ്ടുതവണ പെട്രോള്‍ വിലവര്‍ധിപ്പിച്ചത് സംസ്ഥാനത്തെ വിലക്കയറ്റം രൂക്ഷമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 47.03 രൂപയായിരുന്ന പെട്രോളിന് ഇപ്പോള്‍ 57.71 രൂപയായി. വിലനിയന്ത്രണം നീക്കാനെന്നപേരില്‍ കമ്പനികള്‍ക്ക് ഇഷ്ടംപോലെ വില വര്‍ധിപ്പിക്കാന്‍ അവസരം നല്‍കുകയാണ് കേന്ദ്രം ചെയ്തത്-ഐസക് പറഞ്ഞു പെട്രോള്‍ വിലവര്‍ധന വിലവര്‍ധന ജനങ്ങളോടുള്ള കടുത്ത ദ്രോഹമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പറഞ്ഞു. ജനങ്ങളെ ശത്രുക്കളായി കാണുന്ന യുപിഎ സര്‍ക്കാരിനെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. അന്താരാഷ്ട്രവിപണിയിലെ വിലക്കുറവനുസരിച്ച് പെട്രോളിന് വില കുറയ്ക്കാതിരിക്കുകയും തോന്നിയതുപോലെ ഉയര്‍ത്തുകയും ചെയ്യുന്നതിന് ന്യായീകരണമില്ലെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന സെക്രട്ടറി എം രാധാകൃഷ്ണന്‍ പറഞ്ഞു.

തെളിയുന്നത് കോണ്‍ഗ്രസിന്റെ ജനവിരുദ്ധമുഖം: പിണറായി

കോഴിക്കോട്: പെട്രോളിന് അടിക്കടി വിലകൂട്ടുന്നതിലൂടെ കോണ്‍ഗ്രസിന്റെ ജനവിരുദ്ധമുഖമാണ് തെളിയുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. കലിക്കറ്റ് പ്രസ്ക്ളബ്ബില്‍ 'മീറ്റ് ദി ലീഡര്‍' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില നിര്‍ണയിക്കാനുള്ള സ്വതന്ത്ര അവകാശം എണ്ണക്കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയശേഷം അഞ്ചാംതവണയാണ് വില കൂട്ടുന്നത്. നിത്യോപയോഗസാധനങ്ങളുടെ വില ഇനിയും കൂടും. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാകും. കോണ്‍ഗ്രസ് നയത്തിനെതിരെ ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തിയിട്ടും ജനവികാരം പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. ഇത് തിരിച്ചറിഞ്ഞ് ഐഎന്‍ടിയുസി വീണ്ടും സമരത്തിന് തയ്യാറെടുക്കുകയാണെന്നും പിണറായി പറഞ്ഞു.

ദേശാഭിമാനി 181010

1 comment:

  1. പൊതുമേഖല എണ്ണകമ്പനികള്‍ വീണ്ടും പെട്രോള്‍ വില വര്‍ധിപ്പിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) പെട്രോളിന്റെ വില ലിറ്ററിന് 72 പൈസ വര്‍ധിപ്പിച്ചു. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ വര്‍ധന നിലവില്‍വന്നു. ഭാരത് പെട്രോളിയം വെള്ളിയാഴ്ച മുതല്‍ 70 പൈസ കൂട്ടിയിരുന്നു. ഞായറാഴ്ച അര്‍ധരാത്രിയോടെ ഹിന്ദുസ്ഥാന്‍ പെട്രോളിയവും വില കൂട്ടിയേക്കും. പെട്രോളിന് കൊച്ചിയില്‍ 77 പൈസയാണ് ഐഒസി വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കനുസരിച്ച് ചില്ലറ വില്‍പ്പനവില 54.48 രൂപയില്‍നിന്ന് 55.25 രൂപയായി. പ്രീമിയം പെട്രോളിന് 57.76 രൂപയാകും. വിലനിയന്ത്രണം എടുത്തുകളഞ്ഞശേഷം അഞ്ചാംതവണയാണ് ഐഒസി വില വര്‍ധിപ്പിക്കുന്നത്. ഒരുമാസത്തിനിടെ രണ്ടാം തവണയും. കഴിഞ്ഞമാസം 16ന് എണ്ണക്കമ്പനികള്‍ പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് 23 പൈസയും കൂട്ടിയിരുന്നു. അന്താരാഷ്ട്രവിപണിയില്‍ പെട്രോള്‍വിലയില്‍ മാറ്റമൊന്നും ഇല്ലാതിരിക്കെയാണ് പുതിയ വര്‍ധന.

    ReplyDelete