Tuesday, October 26, 2010

കേന്ദ്ര മന്ത്രിയുടെയും യു ഡി എഫിന്റെയും നുണപ്രചരണം

 ഇടതു ജനാധിപത്യ മുന്നണി അധികാരത്തില്‍ വരുമ്പോഴെല്ലാം കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും മുഖ്യ ആരോപണം ക്രമസമാധാനം അപകടത്തിലാണെന്നാണ്. ഇത്തവണ എല്‍ ഡി എഫ് സര്‍ക്കാരിന്റെ തുടക്കത്തില്‍ ഈ പ്രചരണം നടത്തിയെങ്കിലും അതു ഏശിയില്ല. യു ഡി എഫിന്റെ സാധാരണ പ്രവര്‍ത്തകര്‍പോലും അതു ഏറ്റെടുക്കാന്‍ തയ്യാറായില്ല. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ക്രമസമാധാനം ഒരു പ്രചരണ വിഷയമായിരുന്നില്ല. എന്നാല്‍ ഒന്നാം ഘട്ട വോട്ടെടുപ്പു തുടങ്ങി രണ്ടു മണിക്കൂറിനകം കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒരു വെടിപൊട്ടിച്ചു. കേരളത്തില്‍ സ്വതന്ത്രമായി വോട്ടു ചെയ്യാനുള്ള സാഹചര്യം ഇല്ലാതായിരിക്കുന്നു. എല്‍ ഡി എഫ് അക്രമം അഴിച്ചുവിടുന്നു. ടി വി ചാനലുകളില്‍ മുല്ലപ്പള്ളിയുടെ പ്രസ്താവന വന്ന് അധികം കഴിയുംമുമ്പ് ചില സ്ഥലങ്ങളില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ യു ഡി എഫുകാര്‍ അഴിഞ്ഞാടാന്‍ തുടങ്ങുകയും ചെയ്തു. സമാധാനപരവും നീതിപൂര്‍വ്വവുമായ വോട്ടെടുപ്പ് അസാധ്യമാക്കുംവിധമായിരുന്നു ഏതാനും ബൂത്തുകളില്‍ യു ഡി എഫുകാര്‍ അഴിച്ചുവിട്ട അക്രമം. പയ്യന്നൂര്‍ നഗരസഭയിലെ അന്നൂര്‍ സൗത്ത് വാര്‍ഡില്‍ യു ഡി എഫിന്റെ പോളിംഗ് ഏജന്റ് വോട്ടിംഗ് യന്ത്രം അടിച്ചുതകര്‍ത്തു. പട്ടുവത്ത് യു ഡി എഫുകാര്‍ രണ്ടു ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍മാരെ കത്തികാണിച്ചു ഭീഷണിപ്പെടുത്തിയ ശേഷം ബാലറ്റു പേപ്പറുകള്‍ കത്തിച്ചു. മാങ്ങാട്ടിടം പഞ്ചായത്തിലെ രണ്ട് ബൂത്തുകള്‍ എസ് ഡി പി ഐ ക്കാര്‍ കയ്യേറി. മാട്ടൂല്‍ ഒലിയങ്കര മദ്രസയിലെ രണ്ടു ബൂത്തുകളില്‍ മുസ്‌ലിം ലീഗുകാര്‍ ബാലറ്റ് പെട്ടിയും ബാലറ്റ് പേപ്പറുകളും നശിപ്പിച്ചു. യു ഡി എഫിന് സ്വാധീനമുള്ള മേഖലകളിലാണ് ഈ അക്രമങ്ങളെല്ലാം അരങ്ങേറിയത്. തിരഞ്ഞെടുപ്പു ഫലം തങ്ങള്‍ക്ക് എതിരായിരിക്കുമെന്ന് അറിഞ്ഞുകൊണ്ടാണ് യു ഡി എഫുകാര്‍ അക്രമത്തിന്റെ മാര്‍ഗ്ഗം അവലംബിച്ചതെന്ന് വ്യക്തം. അത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രി ''ക്രമസമാധാന തകര്‍ച്ച'' മുന്‍കൂട്ടി പ്രവചിച്ച് നടത്തിയ പ്രസ്താവന വ്യക്തമാക്കുന്നു.

കേരളത്തില്‍ ''സ്വതന്ത്രമായി വോട്ടു ചെയ്യാനുള്ള സാഹചര്യം ഇല്ല'' എന്ന മുല്ലപ്പള്ളിയുടെ ആരോപണത്തിനു രണ്ടു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിലൂടെ ജനങ്ങള്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടന്നത് (2005 ല്‍). ആ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം 64 ആയിരുന്നു. ഇത്തവണ അത് 73 ശതമാനത്തിനടുത്താണ്. ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ഏഴു ജില്ലകളില്‍ പോളിംഗ് 75.33 ശതമാനമാണ്. രണ്ടാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് 72 ശതമാനത്തിലധികമാണെന്ന് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വതന്ത്രമായി വോട്ടു ചെയ്യാനാവാത്ത സാഹചര്യമാണെങ്കില്‍ ഇത്രയധികം പേര്‍ വോട്ട് ചെയ്തത് എങ്ങനെയാണെന്നു മുല്ലപ്പള്ളി വിശദീകരിക്കണം.

''കേന്ദ്ര സേനയെ വിന്യസിച്ച് നിഷ്പക്ഷമതികളുടെ സാന്നിധ്യത്തില്‍  തിരഞ്ഞെടുപ്പു നടത്തിയാല്‍ കണ്ണൂരിലും കാസര്‍കോട്ടും ഒരു മണ്ഡലത്തിലും എല്‍ ഡി എഫ് വിജയിക്കില്ല'' എന്നാണ് ഞായറാഴ്ച മുല്ലപ്പള്ളി ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് യു ഡി എഫിന്റെ ഭരണത്തിലാണ് നടന്നത്. നിഷ്പക്ഷവും നീതിപൂര്‍വ്വവുമായി തിരഞ്ഞെടുപ്പു നടത്തിയെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവകാശപ്പെട്ടതാണ്. ആ തിരഞ്ഞെടുപ്പിലാണ് എല്‍ ഡി എഫ് നൂറു സീറ്റു നേടിയത്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലും മഹാ ഭൂരിപക്ഷം സീറ്റും എല്‍ ഡി എഫ് ആണ് നേടിയതെന്ന വസ്തുത മുല്ലപ്പള്ളി മറന്നുപോയോ? ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെകാലത്തുതന്നെയാണ് കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, അഴീക്കോട് മണ്ഡലങ്ങളില്‍ ഉപ തിരഞ്ഞെടുപ്പ് നടന്നത് കേന്ദ്ര സേനയുടെയും 'നിഷ്പക്ഷ'മതികളുടെയും മേല്‍നോട്ടത്തില്‍ നടന്ന ആ ഉപതിരഞ്ഞെടുപ്പുകളിലും റിക്കാഡ് ഭൂരിപക്ഷത്തോടെ എല്‍ ഡി എഫ് വിജയിച്ചു. മുല്ലപ്പള്ളി ഉള്‍പ്പടെയുള്ള യു ഡി എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ച 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് എല്‍ ഡി എഫ് ഭരണത്തിലാണ് നടന്നത്. എല്‍ ഡി എഫും സംസ്ഥാന സര്‍ക്കാരും അട്ടിമറി സംഘടിപ്പിച്ചിരുന്നുവെങ്കില്‍ മുല്ലപ്പള്ളി ലോക്‌സഭയിലെത്തുമായിരുന്നോ?

കേരളത്തില്‍ സ്വതന്ത്രമായ തിരഞ്ഞെടുപ്പിനുള്ള സാഹചര്യമില്ലെന്ന് പ്രചരിപ്പിക്കുകയും അക്രമം സംഘടിപ്പിക്കുകയും ചെയ്തതിലൂടെ യു ഡി എഫ് നേതൃത്വം കേരളത്തിലെ ജനങ്ങളെയാണ് അപമാനിച്ചത്. മുല്ലപ്പള്ളിയുടെയും യു ഡി എഫിന്റെയും കള്ള പ്രചരണങ്ങള്‍ക്ക് ബാലറ്റിലൂടെ ജനങ്ങള്‍ നല്‍കുന്ന മറുപടി നാളെ പുറത്തുവരും. കേരളത്തിലെ ജനങ്ങളെ നുണപ്രചരണങ്ങളിലൂടെ വഞ്ചിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യു ഡി എഫ് നേതൃത്വത്തിനു ബോധ്യമാകും.

ജനയുഗം മുഖപ്രസംഗം 261010

1 comment:

  1. കേരളത്തില്‍ ''സ്വതന്ത്രമായി വോട്ടു ചെയ്യാനുള്ള സാഹചര്യം ഇല്ല'' എന്ന മുല്ലപ്പള്ളിയുടെ ആരോപണത്തിനു രണ്ടു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിലൂടെ ജനങ്ങള്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടന്നത് (2005 ല്‍). ആ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം 64 ആയിരുന്നു. ഇത്തവണ അത് 73 ശതമാനത്തിനടുത്താണ്. ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ഏഴു ജില്ലകളില്‍ പോളിംഗ് 75.33 ശതമാനമാണ്. രണ്ടാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് 72 ശതമാനത്തിലധികമാണെന്ന് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വതന്ത്രമായി വോട്ടു ചെയ്യാനാവാത്ത സാഹചര്യമാണെങ്കില്‍ ഇത്രയധികം പേര്‍ വോട്ട് ചെയ്തത് എങ്ങനെയാണെന്നു മുല്ലപ്പള്ളി വിശദീകരിക്കണം.

    ReplyDelete