Wednesday, October 13, 2010

'സഫലം' ഈ പ്രതീക്ഷകള്‍

കാസര്‍കോട്: വീട്ടമ്മമാരുടെ അര്‍പ്പണ ബോധത്തിനും നിശ്ചയദാര്‍ഢ്യത്തിനും കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ് കൂടിയായപ്പോള്‍ കുടുംബശ്രീ സംരംഭമായ സഫലം പദ്ധതി വന്‍ വിജയത്തിലേക്ക്. ലോകനിലവാരമുള്ള കാസര്‍കോടന്‍ കശുഅണ്ടി കുടുംബശ്രീയിലെ വളയിട്ട കൈകളിലൂടെയാണ് വിപണിയിലെത്തുന്നത്.  ഗുണമേന്മയ്‌ക്കൊപ്പം ആകര്‍ഷമായ പാക്കിംഗ് സംവിധാനം കൂടി ഏര്‍പ്പെടുത്തിയപ്പോള്‍ കുടുംബശ്രീ ഉല്‍പന്നമായ സഫലം കശുഅണ്ടി ഗുണഭോക്താക്കളുടെ ഇഷ്ട ഇനമായി.

കാസര്‍കോട് ജില്ലയിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ കൂട്ടായ്മയാണിപ്പോള്‍ സഫലം കശുഅണ്ടി സംസ്‌ക്കരണ ഫാക്ടറിയുടെ പിന്‍ബലം. ഗ്രാമീണ കുടുംബങ്ങളിലെ നൂറുക്കണക്കിന്  വനിതകള്‍ക്ക് തൊഴിലും വഴികാട്ടിയുമായി ഈ സ്ഥാപനം മാറുമ്പോള്‍ കാസര്‍കോട് ജില്ലാപഞ്ചായത്തിനും അഭിമാനിക്കാന്‍ ഏറെയുണ്ട്.  എല്‍ ഡി എഫ് ഭരിച്ച കാസര്‍കോട് ജില്ലാ പഞ്ചായത്ത് കുടുംബശ്രീ മുഖേന നടപ്പാക്കിയ യൂണിറ്റുകളിലൊന്നാന് സഫലം കശുഅണ്ടി സംസ്‌ക്കരണ ഫാക്ടറി.   ചട്ടഞ്ചാലിലെ വ്യവസായ പാര്‍ക്കിലാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.
ജില്ലയിലെ 12 കുടുംബശ്രീ യൂണിറ്റുകളിലെ 120 ഓളം വനിതകളാണ് ഇതുവഴി ജീവിത മാര്‍ഗ്ഗം കണ്ടെത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 12 പഞ്ചായത്തുകളില്‍ നിന്നു സംഭരിച്ചു സംസ്‌കരിക്കുന്ന അണ്ടിപരിപ്പ് ചട്ടഞ്ചാല്‍ സഫലം കശുവണ്ടി സംസ്‌ക്കരണ യൂണിറ്റിലെത്തിച്ച് വേര്‍തിരിച്ച് പരിപ്പാക്കി പറങ്കി നട്ട്‌സ് എന്ന പേരില്‍ പാക്ക് ചെയ്ത് വിപണിയിലെത്തിച്ചാണ് സഫലം യൂണിറ്റ് ശ്രദ്ധ നേടിയത്.   ഗ്രാമീണ വനിതകളുടെ കൂട്ടായ്മയില്‍ വളര്‍ന്നു വന്ന ഈ സ്ഥാപനം ഇപ്പോള്‍ ജില്ലാ പഞ്ചായത്തിനും ജില്ലയ്ക്ക് തന്നെയും അഭിമാനമായി.

ഗ്രാമപഞ്ചായത്തുകളുടെ പൂര്‍ണ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. വനിതകള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കുന്ന കശുവണ്ടി സംസ്‌കരണ യൂണിറ്റിന്  വിപുലമായി വിപണന സൗകര്യം ഒരുക്കാനും ജില്ലാ പഞ്ചായത്തുകള്‍ക്കും എല്‍ ഡി എഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ക്കും കഴിഞ്ഞു.  എന്‍മകജെ, കുറ്റിക്കോല്‍, ബേഡഡുക്ക, കാറഡുക്ക, പളളിക്കര, പുല്ലൂര്‍-പെരിയ, കോടോം-ബേളൂര്‍, കളളാര്‍, പനത്തടി, അജാനൂര്‍, കയ്യൂര്‍-ചീമേനി, പിലിക്കോട് എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് കശുവണ്ടി സംഭരണം നടത്തുന്നത്. നിര്‍ധന കുടുംബങ്ങളിലെ 10 സ്ത്രീകള്‍ വീതമുള്ള ഗ്രൂപ്പുകളാണ് ഓരോ പഞ്ചായത്തില്‍നിന്നുമുള്ളത്. ഇവരില്‍ നിന്നും  5000 രൂപ വീതം മുതല്‍മുടക്ക് സ്വരൂപിച്ചാണ്  കശുവണ്ടി സംസ്‌ക്കരണത്തിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചത്. പദ്ധതിയുടെ സാധ്യത ഉള്‍ക്കൊണ്ട ജില്ലാ പഞ്ചായത്ത് ഈ യൂണിറ്റിനെ സഹായിക്കാന്‍ തയ്യാറായി. 2009 മാര്‍ച്ചില്‍ പ്രവര്‍ത്തനമാരംഭിച്ച യൂണിറ്റ് ആദ്യകാലത്ത് 59 ടണ്‍ കശുവണ്ടിയാണ് സംഭരിച്ചത്. ഇപ്പോള്‍ 89 ടണ്ണോളം കശുവണ്ടി സംഭരിക്കുന്നു. ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപയാണ് കശുവണ്ടി സംഭരണത്തിനായി സഫലത്തിന്  സഹായം നല്‍കിയത്. ഇതില്‍ 11 ലക്ഷം രൂപ ഈ വര്‍ഷം തിരിച്ചടക്കാന്‍ യൂണിറ്റിന് സാധിച്ചു.  

കശുവണ്ടി സംഭരണത്തിനുള്ള പരീശീലനം കുടുംബശ്രീ സംരംഭകര്‍ക്ക് നേരത്തെതന്നെ നല്‍കിയിരുന്നു. 24 തരം പരിപ്പാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. ഒന്നാംതരം പരിപ്പ് കിലോയ്ക്ക് മാര്‍ക്കറ്റില്‍ 640 രൂപയോളം വിലയുണ്ട്. വിവിധ തൂക്കത്തിലുള്ള പാക്കറ്റുകളാക്കിയാണ് പരിപ്പ് മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. മാര്‍ക്കറ്റിങ്ങിനായി വിപണിയില്‍ മത്സരിക്കേണ്ടി വരുന്നതിനാല്‍  അഭ്യസ്തവിദ്യരായ യുവതി-യുവാക്കള്‍ക്ക് തൊഴില്‍ സാധ്യതയുമായി.  അടുത്ത ഘട്ടത്തില്‍ കശുമാങ്ങ സ്‌ക്വാഷ് സംസ്‌കരണത്തിനുള്ള പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

 കെ വി പത്മേഷ് ജനയുഗം 121010

1 comment:

  1. വീട്ടമ്മമാരുടെ അര്‍പ്പണ ബോധത്തിനും നിശ്ചയദാര്‍ഢ്യത്തിനും കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ് കൂടിയായപ്പോള്‍ കുടുംബശ്രീ സംരംഭമായ സഫലം പദ്ധതി വന്‍ വിജയത്തിലേക്ക്. ലോകനിലവാരമുള്ള കാസര്‍കോടന്‍ കശുഅണ്ടി കുടുംബശ്രീയിലെ വളയിട്ട കൈകളിലൂടെയാണ് വിപണിയിലെത്തുന്നത്. ഗുണമേന്മയ്‌ക്കൊപ്പം ആകര്‍ഷമായ പാക്കിംഗ് സംവിധാനം കൂടി ഏര്‍പ്പെടുത്തിയപ്പോള്‍ കുടുംബശ്രീ ഉല്‍പന്നമായ സഫലം കശുഅണ്ടി ഗുണഭോക്താക്കളുടെ ഇഷ്ട ഇനമായി.

    ReplyDelete