Thursday, October 21, 2010

യുക്തിരഹിതമായ കോടതി നിര്‍ദ്ദേശം

സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണമെടുക്കാന്‍ പൊലീസിനോട് നിര്‍ദ്ദേശിച്ച ഹൈക്കോടതി ഉത്തരവ് യുക്തിരഹിതവും അപ്രായോഗികവുമാണ്. എയ്ഡഡ് സ്‌കൂളുകളില്‍ ഡിവിഷനുകള്‍ നിലനിര്‍ത്താനും അധ്യാപക തസ്തികകള്‍ നഷ്ടപ്പെടാതിരിക്കുവാനും കുട്ടികളുടെ എണ്ണത്തില്‍ കൃത്രിമം നടത്തുന്ന ചില വിദ്യാലയ മാനേജ്‌മെന്റുകള്‍ ഉണ്ടായേക്കാം. എല്ലാ എയ്ഡഡ് വിദ്യാലയങ്ങളെയും ആ പട്ടികയില്‍ പെടുത്തുന്നതിന് നീതീകരണമില്ല.

തലയെണ്ണല്‍ നടത്തുന്നതും വിദ്യാര്‍ഥികളുടെ എണ്ണം നിശ്ചയിക്കുന്നതും വിദ്യാഭ്യാസ വകുപ്പ് അധികൃതരാണ്. അതില്‍ കൃത്രിമമുണ്ടോയെന്ന് പരിശോധിക്കുന്നതിനായി മേല്‍നോട്ട പരിശോധനയും നിലവിലുണ്ട്. എന്നിട്ടും കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിക്കുന്ന പ്രവണത നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുവാന്‍ വിദ്യാഭ്യാസ വകുപ്പിനോടും സംസ്ഥാന സര്‍ക്കാരിനോടും നിര്‍ദ്ദേശിക്കുകയാണ് കോടതി ചെയ്യേണ്ടിയിരുന്നത്. പകരം പള്ളിക്കൂടത്തില്‍ ചെന്ന് വിദ്യാര്‍ഥികളുടെ പേരുള്‍പ്പെടുന്ന രജിസ്റ്റര്‍ ബുക്കുകള്‍ പരിശോധിക്കുവാനും വിദ്യാര്‍ഥികളുടെ തലയെണ്ണാനും പൊലീസിനോട് നിര്‍ദ്ദേശിക്കുകയാണ് കോടതി ചെയ്തത്.

അപ്രായോഗികമായ ഈ ഉത്തരവ് ഗുണപരമായ അന്തരീക്ഷത്തിന് സഹായകരമല്ല എന്നത് തീര്‍ച്ചയാണ്. പൊലീസിന്റെ ജോലിയല്ല കുട്ടികളുടെ തലയെണ്ണല്‍. തൃശൂര്‍ തളക്കുളം എസ് എന്‍ വി യു പി സ്‌കൂള്‍ പി ടി എ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്. കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് നിരക്കുന്നതല്ല ഈ ഉത്തരവ് എന്നതും ശ്രദ്ധേയമാണ്.

ഏറ്റവും പ്രധാനം വിദ്യാലയങ്ങളില്‍ അനിവാര്യമായും ഉണ്ടാകേണ്ട അന്തരീക്ഷത്തെ പൊലീസിന്റെ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശം അട്ടിമറിക്കുമെന്നതാണ്. വിദ്യാര്‍ഥികളുടെ മാനസികാവസ്ഥയെയും അധ്യാപകരുടെ അര്‍പ്പണമനോഭാവത്തെയും പൊലീസിന്റെ നടപടികള്‍ സ്വാധീനിക്കും.

കലാലയവളപ്പുകളിലും വിദ്യാലയങ്ങളിലും നിന്ന് പൊലീസിനെ അകറ്റിനിര്‍ത്തുന്ന സമീപനമാണ് നാം പിന്തുടര്‍ന്നു വന്നിരുന്നത്. കലാലയവളപ്പിലേയ്ക്ക് പൊലീസ് പ്രവേശിക്കരുതെന്ന വിധി പ്രസ്താവങ്ങള്‍ പോലും മുമ്പ് കോടതിയില്‍ നിന്നുണ്ടായിട്ടുണ്ട്. കലാലയങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്താല്‍ പോലും പൊലീസിനെ ഒഴിവാക്കി അധ്യാപകരും അധികൃതരും മുന്‍കയ്യെടുത്ത് പ്രശ്‌നപരിഹാരം ഉണ്ടാക്കുന്ന പതിവാണ് നിലനിന്നുപോരുന്നത്. പൊലീസ് വിദ്യാലയങ്ങളിലോ കലാലയങ്ങളിലോ കടന്നുകയറിയപ്പോഴൊക്കെ പൊതു സമൂഹത്തില്‍ നിന്ന് നിശിത വിമര്‍ശനം പൊലീസ് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

വിദ്യാഭ്യാസ അധികൃതര്‍ നടത്തുന്ന കണക്കെടുപ്പില്‍ കൃത്രിമം ഉണ്ടെന്ന് ബോധ്യപ്പെട്ട കോടതിയ്ക്ക് പക്ഷേ പൊലീസ് തലയെണ്ണല്‍ നടത്തിയാല്‍ അത് പരിപൂര്‍ണ വിശ്വാസ്യതയുള്ളതായിരിക്കുമെന്നുള്ളതിന് അടിസ്ഥാനമായി ഒന്നും ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞിട്ടുമില്ല.

എണ്ണത്തില്‍ കൃത്രിമം കാണിക്കുന്നത് അവസാനിപ്പിക്കുവാന്‍ മറ്റു ഫലപ്രദമായ നടപടികളാണ് ആരായേണ്ടത്. പ്രവേശന പട്ടിക കൂടുതല്‍ വിശ്വാസ്യതയും സുതാര്യതയുമുള്ളതാക്കാനും മറ്റുമുള്ള സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കണം.

അതിനു പകരം പൊലീസിനെ അയച്ച് വിദ്യാലയാന്തരീക്ഷം കലുക്ഷിതമാക്കാനോ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കാനോ പാടില്ല. ഹൈക്കോടതി ഉത്തരവിനെതിരായി വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും അധ്യാപക-വിദ്യാര്‍ഥി സംഘടനകളും പൊതുസമൂഹം തന്നെയും ഉയര്‍ത്തുന്ന വിയോജിപ്പിന്റെ സ്വരം കേള്‍ക്കാതെ പോവരുത്.

ജനയുഗം മുഖപ്രസംഗം 211010

1 comment:

  1. സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണമെടുക്കാന്‍ പൊലീസിനോട് നിര്‍ദ്ദേശിച്ച ഹൈക്കോടതി ഉത്തരവ് യുക്തിരഹിതവും അപ്രായോഗികവുമാണ്. എയ്ഡഡ് സ്‌കൂളുകളില്‍ ഡിവിഷനുകള്‍ നിലനിര്‍ത്താനും അധ്യാപക തസ്തികകള്‍ നഷ്ടപ്പെടാതിരിക്കുവാനും കുട്ടികളുടെ എണ്ണത്തില്‍ കൃത്രിമം നടത്തുന്ന ചില വിദ്യാലയ മാനേജ്‌മെന്റുകള്‍ ഉണ്ടായേക്കാം. എല്ലാ എയ്ഡഡ് വിദ്യാലയങ്ങളെയും ആ പട്ടികയില്‍ പെടുത്തുന്നതിന് നീതീകരണമില്ല.

    ReplyDelete