Thursday, October 14, 2010

ഇസ്രായേലുമായുള്ള അതിരുകടന്ന ചങ്ങാത്തം

ഇന്ത്യ-ഇസ്രായേല്‍ ഉഭയകക്ഷി വ്യാപാരം വന്‍തോതില്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള സ്വതന്ത്ര വ്യാപാരക്കരാറില്‍ ഒപ്പുവെയ്ക്കാന്‍ രണ്ടു രാഷ്ട്രങ്ങളിലെയും ധനമന്ത്രിമാര്‍ തമ്മില്‍ ധാരണയായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കഴിഞ്ഞയാഴ്ച വാഷിംഗ്ടണില്‍ നടന്ന ലോക ബാങ്ക് - ഐ എം എഫ് അര്‍ധവാര്‍ഷിക സമ്മേളനത്തിനിടയില്‍ ഇന്ത്യന്‍ ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജിയും ഇസ്രായേല്‍ ധനമന്ത്രി യുവാല്‍ സ്റ്റീനിറ്റ്‌സും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇങ്ങനെയൊരു തീരുമാനമുണ്ടായതെന്ന് ഇസ്രായേല്‍ ദിനപത്രം 'ഗ്ലോബ്‌സ്' റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
പ്രസിദ്ധ ഇസ്രായേല്‍ കമ്പനി പ്രതിനിധികളുമായി യുവാല്‍ സ്റ്റീനിറ്റ്‌സ് അടുത്തവര്‍ഷം ആദ്യം ഇന്ത്യ സന്ദര്‍ശിക്കുമെന്നും സ്വതന്ത്ര വ്യാപാരകരാറില്‍ ഇരു രാഷ്ട്രങ്ങളും ഒപ്പുവെയ്ക്കുമെന്നുമാണ് വാര്‍ത്ത. 500 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണത്രേ ലക്ഷ്യമിടുന്നത്.
ഇസ്രായേലിനോട് ഇന്ത്യ അടുത്തകാലത്ത് സ്വീകരിച്ചുവരുന്ന നയസമീപനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണിത്.

ഇന്ത്യയെ കേവലം വിപണിയായി കാണുന്ന സമീപനമാണ് അമേരിക്കയുള്‍പ്പെടെയുള്ള സാമ്രാജ്യത്വശക്തികള്‍ സ്വീകരിച്ചിട്ടുള്ളത്. ഇസ്രായേലും ഇന്ത്യയെ വെറും ചന്തയായി തന്നെയാണ് കാണുന്നത്. അമേരിക്കയിലെയും യൂറോപ്പിലെയും വിപണികളെ മാത്രം ആശ്രയിച്ച് തങ്ങള്‍ക്ക് മുന്നോട്ടുപോകാനാവില്ലെന്നും ഇന്ത്യ പോലുള്ള വലിയ കമ്പോളങ്ങള്‍ കണ്ടെത്തിയേ മതിയാവൂ എന്നുമാണ് ഇസ്രായേല്‍ ധനമന്ത്രി യുവാല്‍ സ്റ്റീനിറ്റ്‌സ് അഭിപ്രായപ്പെട്ടത്. ഇന്ത്യയെ വെറും കമ്പോളമായി കാണുന്ന വിപണിശക്തികള്‍ക്ക് നിരുപാധികം വഴങ്ങിക്കൊടുക്കുന്ന ഇന്ത്യന്‍ ഭരണാധികാരികളുടെ നയസമീപനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. വിപണികള്‍ പിടിച്ചടക്കുന്നതിലൂടെ ഇന്ത്യയുടെ സാമ്പത്തിക സമീപനത്തെയും സാമൂഹ്യജീവിതഘടനയെയും വന്‍തോതില്‍ സ്വാധീനിക്കുവാന്‍ സാമ്രാജ്യത്വശക്തികള്‍ ശ്രമിക്കും. അതിന്റെ ദുരനുഭവങ്ങള്‍ ഇന്ത്യ കഴിഞ്ഞ കുറേവര്‍ഷങ്ങളായി അഭിമുഖീകരിക്കുന്നുണ്ട്. കര്‍ഷക ആത്മഹത്യാപരമ്പരകളും കാര്‍ഷിക തകര്‍ച്ചയും വിപണിയില്‍ കുതിച്ചുയരുന്ന ആവശ്യഭക്ഷ്യവസ്തുക്കളുടെ വിലനിലവാരവും സാമ്രാജ്യത്വശക്തികളുടെ കമ്പോള അധിനിവേശത്തിന്റെകൂടി പ്രതിഫലനങ്ങളാണ്.

1992 ലാണ് ഇന്ത്യ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചത്. അതുവരെ അവരുമായി അകല്‍ച്ച പാലിച്ചത് സിയോണിസ്റ്റ് ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ അടിയുറച്ച നിലപാടുകൊണ്ടാണ്. ആ നയം ഇസ്രായേല്‍ ഇപ്പോഴും കയ്യൊഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല വര്‍ധിതവീര്യത്തോടെ നടപ്പിലാക്കുകയും ചെയ്യുന്നു. പലസ്തീനിലെ നിരാലംബരായ മനുഷ്യരെ ക്രൂരമായി കൊലച്ചെയുകയാണ് ഇസ്രായേല്‍ ഭീകരത. ഗാസയിലെ മനുഷ്യരെ മനുഷ്യത്വത്തിന്റെ കണികപോലും കാട്ടാതെ നിരന്തരം വേട്ടയാടുന്നു. പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരും സിയോണിസ്റ്റ് ഭീകരതയാല്‍ നിര്‍ദയം കൊലചെയ്യപ്പെടുന്നു. രാജ്യമില്ലാത്ത ജനതയായി പലസ്തീനിയര്‍ അലയണമെന്ന ധാര്‍ഷ്ട്യത്തോടെ ലോകത്തെയാകെ അമേരിക്കന്‍ പിന്തുണയോടെ വെല്ലുവിളിക്കുകയാണ് ഇസ്രായേല്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ഇത്തരമൊരു നൃശംസതയ്‌ക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുവാന്‍ ബാധ്യസ്ഥമാണ് ഇന്ത്യ. സമാധാനത്തിന്റെയും ശാന്തിയുടെയും മാനവസ്‌നേഹത്തിന്റെയും മഹനീയ സന്ദേശമാണ് ഇന്ത്യ എക്കാലവും ഉയര്‍ത്തിപിടിച്ചിട്ടുള്ളത്. പക്ഷേ അമേരിക്കന്‍ വിധേയത്വം ഏറിപ്പോയതുകൊണ്ട് ഇസ്രായേലിനെ എതിര്‍ക്കുവാനോ വിമര്‍ശിക്കുവാനോ മാറിനില്‍ക്കുവാനോ ഇന്നത്തെ ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് ധൈര്യമില്ല.

1992 ല്‍ ഉഭയകക്ഷി വ്യാപാരം ആരംഭിക്കുന്ന കാലത്ത് 20 കോടി ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും ഇസ്രായേലും നടത്തിയിരുന്നതെങ്കില്‍ ഇപ്പോഴത് 500 കോടി ഡോളറായി ഉയര്‍ത്തുവാനാണ് പദ്ധതി. ഇന്ത്യന്‍ കമ്പോളങ്ങളില്‍ ഇസ്രായേലിന്റെ സാന്നിധ്യവും നിര്‍ണായകമാവുമെന്നുവേണം തിരിച്ചറിയാന്‍.

ഏറ്റവും വലിയ ആയുധ ഇടപാടുകളിലും ഇസ്രായേലുമായി ഏര്‍പ്പെടാന്‍ നമ്മുടെ ഭരണാധികാരികള്‍ മടി കാണിക്കുന്നില്ല. കോടാനുകോടി രൂപയുടെ ആയുധ ഇടപാടിലാണ് ഇന്ത്യയും ഇസ്രായേലും തമ്മില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഈ ആയുധ ഇടപാടുകള്‍ അഴിമതി ആക്ഷേപങ്ങള്‍ക്ക് വിധേയമാകുകയും ഏറെ ദുരൂഹത സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. പ്രതിരോധമന്ത്രി ഏ കെ ആന്റണിപോലും ഇന്ത്യ-ഇസ്രായേല്‍ ആയുധ ഇടപാടില്‍ മുള്‍മുനയിലാണ്. ലോഹ ഉല്‍പന്നങ്ങള്‍, വളം, ധാതുക്കള്‍ എന്നിവയുടെ ഇന്ത്യയിലേയ്ക്കുള്ള കയറ്റുമതിയിലും ഇസ്രായേല്‍ നേട്ടം കൈവരിച്ചു.

ലോകസമാധാനത്തെയും മാനവസ്‌നേഹത്തെയും തൃണവിലയോടെ കാണുന്ന ഇസ്രായേലുമായി അതിരുവിട്ട ചങ്ങാത്തം സ്ഥാപിക്കുകയും സ്വതന്ത്ര വ്യാപാരക്കരാറിലും ആയുധ ഇടപാടിലും ഏര്‍പ്പെടുകയും ചെയ്യുന്ന ഇന്ത്യയുടെ നയം നമ്മുടെ പാരമ്പര്യത്തിനും നിലപാടുകള്‍ക്കും വിരുദ്ധമാണ്. സാമ്രാജ്യത്വ വിധേയത്വം ഇന്ത്യയ്ക്ക് കഷ്ടനഷ്ടങ്ങളല്ലാതെ മറ്റൊന്നും സമ്മാനിക്കുകയില്ലെന്ന് ഇന്ത്യന്‍ ഭരണാധികാരികള്‍ തിരിച്ചറിയേണ്ടതുണ്ട്.

ജനയുഗം മുഖപ്രസംഗം 141010

1 comment:

  1. ഇത്തരമൊരു നൃശംസതയ്‌ക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുവാന്‍ ബാധ്യസ്ഥമാണ് ഇന്ത്യ. സമാധാനത്തിന്റെയും ശാന്തിയുടെയും മാനവസ്‌നേഹത്തിന്റെയും മഹനീയ സന്ദേശമാണ് ഇന്ത്യ എക്കാലവും ഉയര്‍ത്തിപിടിച്ചിട്ടുള്ളത്. പക്ഷേ അമേരിക്കന്‍ വിധേയത്വം ഏറിപ്പോയതുകൊണ്ട് ഇസ്രായേലിനെ എതിര്‍ക്കുവാനോ വിമര്‍ശിക്കുവാനോ മാറിനില്‍ക്കുവാനോ ഇന്നത്തെ ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് ധൈര്യമില്ല.

    ReplyDelete