Tuesday, October 19, 2010

വില കത്തുമ്പോള്‍ എണ്ണപകരുന്നതാര്?

ഇന്ധനവില വര്‍ധന രാജ്യത്തെ അവശ്യസാധനങ്ങളുടെ വിലവര്‍ധനയുടെ കുതിപ്പിനെ തീവ്രഗതിയിലാക്കി. ഒക്ടോബര്‍ രണ്ടിന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ ഭക്ഷ്യവിലക്കയറ്റം 16.37 ശതമാനമാണ്. പയര്‍-പരിപ്പ് വര്‍ഗങ്ങളുടെയും അരിയുടെയും ഗോതമ്പിന്റെയും വര്‍ധിച്ച വിലക്കയറ്റമാണ് ഇതിന് കാരണം. ഡല്‍ഹിയിലും മറ്റും ഇപ്പോള്‍ ഉള്ളിക്ക് കിലോ 32-35 രൂപയാണ്. ഒരു വര്‍ഷത്തിലധികമായി അവശ്യവസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായിട്ടും അത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നുംചെയ്തിട്ടില്ല.
പെട്രോളിന് വീണ്ടും വിലവര്‍ധിപ്പിച്ച കേന്ദ്രനടപടി ജനങ്ങളോടള്ള യുദ്ധപ്രഖ്യാപനമായിരിക്കുകയാണ്. ഇപ്പോള്‍ത്തന്നെ താങ്ങാനാകാത്ത വിലവര്‍ധന കൂടുതല്‍ രൂക്ഷമാക്കുന്നതാണ് കേന്ദ്രനടപടി. വിലക്കയറ്റത്തില്‍നിന്ന് സാധാരണ ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന ലോക്സഭയുടെ നിര്‍ദേശം തെല്ലുപോലും മാനിക്കാതെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നത്.

വിലക്കയറ്റത്തിന് പ്രധാനകാരണം അവധി വ്യാപാരമാണെന്ന് ഇടതുപക്ഷം ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിരുന്നു. കൃഷിക്കാരില്‍നിന്ന് വന്‍ തോതില്‍ ഭക്ഷ്യവസ്തുക്കള്‍ മുന്‍കൂട്ടി വില നല്‍കി വാങ്ങി സൂക്ഷിക്കുകയാണിപ്പോള്‍. 2009 ഏപ്രിലിനും ഡിസംബറിനുമിടയില്‍ മാത്രം 10,13,379.97 കോടി രൂപയുടെ അവധി വ്യാപാരമാണ് നടന്നത്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മാത്രം അവധിവ്യാപാരത്തില്‍ 64.14 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. കമ്പോളത്തിലെ വിതരണത്തെയും ചോദനത്തെയും നിയന്ത്രിക്കുന്ന ശക്തിയായി ഇവര്‍ മാറിയിരിക്കുകയാണ്. അവര്‍ക്ക് ലാഭം കൂടുതല്‍ ലഭിക്കണമെങ്കില്‍ കമ്പോളത്തില്‍ വില ഉയരണമെന്നതും വസ്തുതയാണ്. അതാണിപ്പോള്‍ നടക്കുന്നത്. അവധി വ്യാപാരവും വിലക്കയറ്റവും തമ്മില്‍ ബന്ധമൊന്നുമില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. അടുത്തയിടെ യുഎന്‍ മനുഷ്യാവകാശ കമീഷന്‍ നിയമിച്ച ഭക്ഷ്യാവകാശം സംബന്ധിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് അവധി വ്യാപാരവും വിലക്കയറ്റവും തമ്മില്‍ ബന്ധമുണ്ടെന്നാണ്.
കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനോ കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാനോ പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതും വിലക്കയറ്റം രൂക്ഷമാകാന്‍ കാരണമായിട്ടുണ്ട്. എപിഎല്‍-ബിപിഎല്‍-എഎവൈ തുടങ്ങി പല തട്ടുകളിലായി വിഭജിച്ച് റേഷന്‍ സംവിധാനത്തെതന്നെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഭക്ഷ്യസുരക്ഷ സംബന്ധിച്ച് സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ ബില്‍ നിലവിലുള്ള ഭക്ഷ്യ ക്വോട്ടപോലും കുറച്ച് കൂടുതല്‍ വില ഈടാക്കാനാണ് നീക്കം. വിലക്കയറ്റം തടയാന്‍ ആത്മാര്‍ഥമായ ഒരു ശ്രമവും ഇല്ലെന്നു മാത്രമല്ല മറിച്ച് അത് വര്‍ധിപ്പിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ നവലിബറല്‍ സാമ്പത്തിക നയത്തിന്റെ ഭാഗം കൂടിയാണിത്.
(വി.ബി.പരമേശ്വരന്‍)

പെട്രോള്‍ വിലനിയന്ത്രണം പുനഃസ്ഥാപിക്കണം: സിപിഐ എം

അടിക്കടി പെട്രോളിന്റെ വിലവര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. പെട്രോളിയം വില വര്‍ധിപ്പിച്ച പൊതുമേഖലാസ്ഥാപനങ്ങളുടെ തീരുമാനം വിലക്കയറ്റം രൂക്ഷമാക്കും. തുടര്‍ച്ചയായുള്ള ഭക്ഷ്യവസ്തു വിലക്കയറ്റം കാരണം വിഷമമനുഭവിക്കുന്ന സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുമെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു. വിലനിര്‍ണയത്തിലെ സുതാര്യത ഇല്ലാതായിരിക്കയാണ്. വിലനിയന്ത്രണം എടുത്തുകളഞ്ഞ് പെട്രോളിന്റെ വില വര്‍ധിപ്പിക്കാനുള്ള വഴി സര്‍ക്കാര്‍തന്നെ തുറന്നിട്ടിരിക്കയാണ്. വിലവര്‍ധനയെ ശക്തമായി എതിര്‍ക്കുമെന്നും പൊളിറ്റ്ബ്യൂറോ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഭാരത് പെട്രോളിയം കോര്‍പറേഷനുമാണ് യഥാക്രമം 72 പൈസയും 70 പൈസയും ലിറ്ററിന്് വില വര്‍ധിപ്പിച്ചത്. സെപ്തംബറില്‍ 28 ഉം 26 ഉം പൈസ വര്‍ധിപ്പിച്ചതിന് പുറമെയാണിത്. അതായത് മൂന്നാഴ്ചക്കകം ഒരു രൂപയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്- പിബി ചൂണ്ടിക്കാട്ടി. വിലനിയന്ത്രണം ഒഴിവാക്കിയ വേളയില്‍തന്നെ പെട്രോളിയം വില മൂന്നര രൂപ കൂടി കൂട്ടിയിരുന്നു. നാല് മാസത്തിനകം നാലര രൂപയാണ് വര്‍ധിപ്പിച്ചത്. അതായത് മാസത്തില്‍ ശരാശരി ഒരു രൂപയുടെ വര്‍ധന. ഇതിനെതിരെ സിപിഐ എമ്മിന്റെയും മറ്റ് ഇടതു പാര്‍ടികളുടെയും നേതൃത്വത്തില്‍ രാജ്യവ്യാപകപ്രക്ഷോഭം ഉയര്‍ത്തിയിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ക്രമാതീതമായി വര്‍ധിക്കുമ്പോഴാണ് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. വിവിധ കാരണങ്ങളുടെ പേരില്‍ പെട്രോളിനും ഡീസലിനും അടിക്കടി വിലവര്‍ധിപ്പിക്കുന്ന എണ്ണക്കമ്പനികളുടെ പ്രവണത ഇന്ധനവിലനിര്‍ണയത്തില്‍ നിന്ന് പിന്മാറാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ പ്രത്യാഘാതമാണ്. ആഭ്യന്തര എണ്ണവിപണിയില്‍ കുത്തകകള്‍ക്ക് തോന്നിയപോലെ വിലനിശ്ചയിക്കാമെന്നും ജനങ്ങളില്‍നിന്ന് കോടികള്‍ അപഹരിച്ചാലും ആരും ചോദിക്കാനില്ലെന്നുമാണ് സര്‍ക്കാര്‍ നയത്തിന്റെ രത്നച്ചുരുക്കം.

ഇന്ധനവില നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനുള്ള നിയന്ത്രണം പൂര്‍ണമായും എടുത്തുമാറ്റുന്നതിലൂടെ രാജ്യത്തെ ഇന്ധനക്കമ്പോളം കുത്തകകളുടെ പിടിയിലാകുമെന്ന് നേരത്തെ ആശങ്കയുണ്ടായിരുന്നു. പൊതുമേഖലാ എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണെന്നും അവയെ കരകയറ്റാന്‍ വിലവര്‍ധന അനിവാര്യമാണെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്. ആദ്യപടിയെന്ന നിലയില്‍ പെട്രോളിന്റെ വിലനിര്‍ണയത്തില്‍നിന്നാണ് സര്‍ക്കാര്‍ പിന്മാറിയത്. ഡീസലിന്റെയും മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വില നിശ്ചയിക്കാനുള്ള അധികാരവും എണ്ണക്കമ്പനികളെ ഏല്‍പ്പിച്ച് ഘട്ടംഘട്ടമായി പിന്മാറാനാണ് നീക്കം. ഇതോടെ വിവിധ ആവശ്യങ്ങളുടെ പേരില്‍ ആരുമറിയാതെ വിലവര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് വഴിയൊരുങ്ങും. അന്താരാഷ്ട്രവിപണിയില്‍ താരതമ്യേന അസംസ്കൃത എണ്ണയുടെ വില കുറഞ്ഞുനില്‍ക്കുന്ന ഘട്ടത്തിലാണ് രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കുതിച്ചുയര്‍ന്നത്. ആറുമാസമായി ബാരലിന് 70-80 ഡോളറാണ് അന്താരാഷ്ട്ര കമ്പോളത്തില്‍ എണ്ണവില. കഴിഞ്ഞവര്‍ഷം ഇത് 140 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. വീണ്ടും അത്തരമൊരു സാഹചര്യമുണ്ടായാല്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് നൂറു രൂപയിലേറെ നല്‍കേണ്ട സാഹചര്യം ഉണ്ടാകും.


പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിക്കുക: സിഐടിയു

പെട്രോള്‍ വില വര്‍ധിപ്പിച്ചതില്‍ ശക്തമായി പ്രതിഷേധിക്കാന്‍ സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. 2010 ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെ വിലനിയന്ത്രണം പിന്‍വലിക്കുകയും എണ്ണക്കമ്പനികള്‍ക്ക് വില നിശ്ചയിക്കുന്നതിന് അധികാരം നല്‍കുകയും ചെയ്തശേഷം അഞ്ചാംതവണയാണ് വില വര്‍ധിപ്പിച്ചത്. ഈ മാസംതന്നെ രണ്ടാംതവണയാണ് വിലവര്‍ധന. വിലവര്‍ധന ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കും. എണ്ണ കുത്തകകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. വിലവര്‍ധനയ്ക്കെതിരെ യോജിച്ച പ്രതിഷേധമുയര്‍ത്താന്‍ എല്ലാ തൊഴിലാളികളോടും ട്രേഡ് യൂണിയനുകളോടും സിഐടിയു അഭ്യര്‍ഥിച്ചു.

പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചതില്‍ ശക്തമായി പ്രതിഷേധിക്കാന്‍ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ എംഎല്‍എ അഭ്യര്‍ഥിച്ചു. ഇന്ധനവില വര്‍ധന നിത്യോപയോഗസാധനങ്ങളുടെ വിലയും ജീവിതച്ചെലവുകളും കുതിച്ചുയരാനിടയാക്കും. വില വര്‍ധന സൃഷ്ടിക്കുന്ന നയം തിരുത്തണമെന്ന ആവശ്യം നിരാകരിച്ച് കുത്തകക്കമ്പനികളുടെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരമുയരണമെന്ന് ശൈലജ പറഞ്ഞു. പെട്രോള്‍വില അടിക്കടി വര്‍ധിപ്പിക്കുന്നത് ജനദ്രോഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ എണ്ണക്കമ്പനികളെ കയറൂരി വിട്ടിരിക്കുകയാണ്. ഈ ജനദ്രോഹ നയം തിരുത്തിക്കാന്‍ ശക്തമായ പൊതുജനാഭിപ്രായം ഉയരണമെന്ന് വെളിയം പറഞ്ഞു.

പെട്രോള്‍വില വര്‍ധിപ്പിച്ചത് ജനദ്രോഹം: വെളിയം

പെട്രോള്‍ വില അടിക്കടി വര്‍ധിപ്പിക്കുന്നത് ജനദ്രോഹമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പ്രസ്താവിച്ചു.

ഒരുമാസത്തിനകം രണ്ടുതവണയാണ് പൊതുമേഖലയിലെ പെട്രോളിയം കമ്പനികള്‍ വില കൂട്ടിയത്. വില നിയന്ത്രണം എടുത്തുകളയുകയും പെട്രോള്‍ വില നിശ്ചയിക്കാനുള്ള അവകാശം എണ്ണകമ്പനികള്‍ക്ക് നല്‍കുകയും ചെയ്തതാണ് അടിക്കടി വില ഉയരാനുള്ള കാരണം.
നാലുമാസം മുമ്പാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവയുടെ വില കുത്തനെ കൂട്ടിയത്. ഇതേതുടര്‍ന്ന് നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില ഉയരുകയും സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാവുകയും ചെയ്തു.

സര്‍വ സാധനങ്ങളുടേയും വില വര്‍ധിച്ചു. മൊത്തവില സൂചികയില്‍ 8.62 ശതമാനം വര്‍ധനവുണ്ടായി. ഭക്ഷ്യവിലയിലാണെങ്കില്‍ 16.37 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തില്‍ സര്‍വകാല റെക്കോര്‍ഡ് നേടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് ഭക്ഷ്യവില കുതിച്ചുയരുന്നത്.

വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ പെട്രോളിന്റെ വില ഉയര്‍ത്തി വിലക്കയറ്റത്തിന് ആക്കം കൂട്ടാന്‍ എണ്ണക്കമ്പനികളെ കയറൂരി വിട്ടിരിക്കുകയാണ്. ഈ ജനദ്രോഹ നയം തിരുത്തിക്കാന്‍ ശക്തമായ പൊതുജനാഭിപ്രായം വളര്‍ത്തിക്കൊണ്ടുവരണമെന്ന് വെളിയം അഭ്യര്‍ഥിച്ചു.

ജനയുഗം/ദേശാഭിമാനി വാര്‍ത്തകള്‍ 191010

1 comment:

  1. പെട്രോളിന് വീണ്ടും വിലവര്‍ധിപ്പിച്ച കേന്ദ്രനടപടി ജനങ്ങളോടള്ള യുദ്ധപ്രഖ്യാപനമായിരിക്കുകയാണ്. ഇപ്പോള്‍ത്തന്നെ താങ്ങാനാകാത്ത വിലവര്‍ധന കൂടുതല്‍ രൂക്ഷമാക്കുന്നതാണ് കേന്ദ്രനടപടി. വിലക്കയറ്റത്തില്‍നിന്ന് സാധാരണ ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന ലോക്സഭയുടെ നിര്‍ദേശം തെല്ലുപോലും മാനിക്കാതെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നത്.

    ReplyDelete