Wednesday, October 20, 2010

എസ്എഫ്ഐ വിജയത്തിന്റെ രാഷ്ട്രീയ പ്രാധാന്യം

2010 ഒക്ടോബര്‍ 1 കേരള, എം.ജി. സര്‍വകലാശാലാ പരിധിയിലെ 114 കലാലയങ്ങള്‍ വിധി നിര്‍ണയിച്ച ദിവസമായിരുന്നു. നേരത്തേ കണ്ണൂരിലും കാലിക്കറ്റിലും, പോളിടെക്നിക് യൂണിയനുകളിലും എസ്എഫ്ഐ നേടിയ തിളക്കമാര്‍ന്ന വിജയം ഇത്തവണയും ആവര്‍ത്തിച്ചു. തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ നടന്ന കേരള എം.ജി. തെരഞ്ഞെടുപ്പ് ഏറെ രാഷ്ട്രീയ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതായിരുന്നു. എന്നാല്‍ ഈ രാഷ്ട്രീയ പ്രാധാന്യം മാധ്യമങ്ങളില്‍ പ്രതിഫലിച്ചുകണ്ടില്ല. തെരഞ്ഞെടുപ്പ് ഫലം എസ്എഫ്ഐക്ക് എതിരായിരുന്നെങ്കില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് കുശാലായേനെ! വരുന്ന പൊതുതിരഞ്ഞെടുപ്പിന്റെ ദിശാസൂചികയായി കലാലയവിധിയെ അവര്‍ ആഘോഷിക്കുകയും ചെയ്തേനെ... പക്ഷേ എസ്.എഫ്.ഐ. വിജയം നേടി; കെ.എസ്.യു വന്‍ തകര്‍ച്ചയിലേയ്ക്ക് കൂപ്പുകുത്തുകയും ചെയ്തു. ആയതിനാല്‍ ഒക്ടോബര്‍ 1 ലെ ചരിത്ര വിജയത്തോട് മാധ്യമങ്ങള്‍ അയിത്തം പ്രഖ്യാപിച്ചു.

മഹാരാജാസിലെ ചെയര്‍മാന്‍ സ്ഥാനം എസ്.എഫ്.ഐ.ക്ക് നഷ്ടമായത് ഏഷ്യാനെറ്റ് ന്യൂസ് അവറിലെ പ്രഥമ വാര്‍ത്തയായി വന്നത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ? എസ്എഫ്ഐക്ക് പൊതുവില്‍ തിരിച്ചടി നേരിട്ടിരുന്നെങ്കില്‍ വാര്‍ത്താഘോഷയാത്ര പൊടിപൂരമാകുമായിരുന്നു.

രണ്ടു സര്‍വകലാശാലകളിലുമായി തെരഞ്ഞെടുപ്പ് നടന്നത് ആകെ 114 കോളേജുകളിലാണ്. 103 ഇടങ്ങളില്‍ എസ്.എഫ്.ഐ. വിജയിച്ചു. സര്‍വ്വകലാശാലാ യൂണിയന്‍ കൌണ്‍സിലര്‍മാരില്‍ കേരളയില്‍ 77-ല്‍ 52-ഉം എം.ജി.യില്‍ 111-ല്‍ 95-ഉം എസ്എഫ്ഐ നേടി. ഇടതുപക്ഷ പുരോഗമന ആശയങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ നല്‍കിയ സമ്മതിയുടെ സാക്ഷ്യപത്രമായിരുന്നു ഈ അംഗീകാരം. എറണാകുളം മഹാരാജാസിലെ ചെയര്‍മാന്‍ സ്ഥാനം ആഘോഷിച്ച മാധ്യമങ്ങള്‍ പറയാതെ പോയ വസ്തുത നിരവധി. കാല്‍നൂറ്റാണ്ടു മുമ്പ് കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞാടിയ കെ.എസ്.യു.വിന് സംഭവിച്ചതെന്ത്?

കോണ്‍ഗ്രസിന് ഇന്നുള്ള ദേശീയ-സംസ്ഥാന നേതൃത്വമാകെ കെ.എസ്.യുവിന്റെ സംഭാവനയായിരുന്നു. 1957-ല്‍ കെ.എസ്.യു ജന്‍മംകൊണ്ടത് ആലപ്പുഴയില്‍. 2010 ഒക്ടോബര്‍ 1-ന് കലാലയങ്ങള്‍ വിധിപറഞ്ഞപ്പോള്‍ ജന്‍മനാട്ടില്‍ കെ.എസ്.യു ബിഗ് സീറോ. ആലപ്പുഴ ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 11 കാമ്പസുകളില്‍ 11-ലും എസ്എഫ്ഐ വിജയിച്ചു.

ആന്റണിയുടെയും വയലാര്‍രവിയുടെയും സ്വന്തം മണ്ണില്‍ കെ.എസ്.യു വട്ടപൂജ്യമായതിന്റെ രാഷ്ട്രീയ പ്രാധാന്യം മാധ്യമ വിശാരദന്‍മാര്‍ പറഞ്ഞതേയില്ല. പത്തനംതിട്ടയിലും നൂറ് ശതമാനം വിജയം എസ്എഫ്ഐ ആഘോഷിച്ചു. വലതുപക്ഷ രാഷ്ട്രീയത്തിന് താരതമ്യേനെ ശക്തിയുള്ള പത്തനംതിട്ടയിലെ പുതിയ വോട്ടര്‍മാര്‍ ഇടതുപക്ഷത്തിനനുകൂലമായി വിധിയെഴുതിയതിന് രാഷ്ട്രീയപ്രാധാന്യം ഇല്ലെന്ന് മാധ്യമങ്ങള്‍!

തലസ്ഥാന ജില്ലയില്‍ 9 ക്യാമ്പസുകളില്‍ കെ.എസ്.യുവിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍പോലും ഒരു വിദ്യാര്‍ത്ഥിയുണ്ടായില്ല. കെ.എസ്.യു പ്രവര്‍ത്തനം പണ്ടേ നിലച്ചുപോയ യൂണിവേഴ്സിറ്റി കോളേജും ഗവണ്‍മെന്റ് ആര്‍ട്സ് കോളേജും ഗവണ്‍മെന്റ് സംസ്കൃത കോളേജും ചെമ്പഴന്തി എസ് എന്‍ കോളേജും മാത്രമല്ല ഈ പട്ടികയിലുള്ളത.് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍പോലും കെ.എസ്.യു മത്സരിക്കുകയും പലപ്പോഴും യൂണിയന്‍ ഭരണം കരസ്ഥമാക്കുകയും ചെയ്ത ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജില്‍ ഇക്കുറി എസ്എഫ്ഐ എതിരില്ലാതെയാണ് വിജയിച്ചത്.

അടുത്തകാലം വരെ കെ.എസ്.യു സജീവ സാന്നിദ്ധ്യമായിരുന്ന കാര്യവട്ടം ഗവണ്‍മെന്റ് കോളേജിലും കെ.എസ്.യു മത്സരരംഗത്തു വന്നില്ല. കഴിഞ്ഞ വര്‍ഷം കെ.എസ്.യു മത്സരിച്ചു പരാജയപ്പെട്ട പാറശ്ശാല ഐഎച്ച്ആര്‍ഡി കോളേജില്‍ ഇത്തവണ നോമിനേഷന്‍ കൊടുക്കാന്‍പോലും കെ.എസ്.യുവിന് ആളെക്കിട്ടിയില്ല. കെ.എസ്.യു കാംപസുകളില്‍ നിര്‍ജീവമായതും ലിംങ്ദോ കമ്മീഷന്‍ ശുപാര്‍ശപ്രകാരം പഠന മികവുള്ളവര്‍ക്ക് മാത്രമേ മത്സരിക്കാന്‍ സാധിക്കുകയുള്ളു എന്നതുമാണ് കെ.എസ്.യുവിന് മത്സരരംഗത്തുവരുവാന്‍പോലും സാധിക്കാതിരുന്നത്.

തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് നടന്ന 19-ല്‍ 2 കോളേജ് യൂണിയന്‍ മാത്രമാണ് കെ.എസ്.യുവിന് ലഭിച്ചത്. പതിറ്റാണ്ടുകളായി കെ.എസ്.യു കുത്തകയായി വച്ചിരുന്ന കാഞ്ഞിരംകുളം ഗവണ്‍മെന്റ് കോളേജില്‍ എസ്എഫ്ഐ ചരിത്രവിജയം നേടി. കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ രഘുചന്ദ്രബാലിന്റെ ഈ സ്വന്തം തട്ടകത്തില്‍ കെ.എസ്.യുവിന് അസോസിയേഷന്‍ സീറ്റില്‍പോലും വിജയിക്കാനായില്ല.

കൊല്ലം ജില്ലയില്‍ ശാസ്താംകോട്ട ഡി.ബി. കോളേജ് കെ.എസ്.യു സംസ്ഥാന നേതാക്കള്‍ പഠിക്കുന്ന ക്യാമ്പസാണ്. അതിലുപരി കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റ് പി സി വിഷ്ണുനാഥ് എംഎല്‍എ പഠിച്ച കലാലയം. അദ്ദേഹത്തിന്റെ വീടിന്റെ പടിവാതില്‍ക്കലുള്ള കലാലയത്തില്‍ കെ.എസ്.യു ദയനീയപരാജയം ഏറ്റുവാങ്ങി. മാനേജ്മെന്റിന്റെ ജനാധിപത്യ ധ്വംസനത്തെ അതിജീവിച്ച് കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളേജില്‍ എസ്എഫ്ഐ മിന്നുന്ന വിജയം നേടി. ജില്ലയില്‍ 7 ക്യാമ്പസുകളില്‍ എസ്എഫ്ഐ എല്ലാ സീറ്റിലും വിജയിച്ചു. കൊല്ലത്തെ 13-ല്‍ 11 കോളേജിലെ ഭരണം എസ്എഫ്ഐ നേടി.

ഉമ്മന്‍ചാണ്ടിയുടെയും കേരളാ കോണ്‍ഗ്രസ് പുണ്യാളന്മാരുടേയും തട്ടകമായ കോട്ടയത്ത് 16-ല്‍ 14 കാംപസുകളിലാണ് എസ്എഫ്ഐ വിജയക്കൊടി പാറിച്ചത്. ഉമ്മന്‍ചാണ്ടിയുടെ ‘വീട്ടുമുറ്റത്ത്’പുതുപ്പള്ളി എസ്എംഇ കോളേജില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് എസ്എഫ്ഐ വിജയം നേടിയത്. കോട്ടയത്തെ മനോരമ പത്രവും ടിവിക്കാരും ഇതൊന്നും കണ്ടതേയില്ല. ഇടയലേഖനങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാതിരുന്ന കാലത്താണ് വിശ്വാസികള്‍ ഉള്‍പ്പെടെയുള്ള യൌവ്വനം എസ്എഫ്ഐക്കൊപ്പമെന്ന് പ്രഖ്യാപിച്ചത്. ഇടുക്കിയില്‍ 13 ഇടത്ത് തെരഞ്ഞെടുപ്പ് നടന്നതില്‍ 12-ലും എസ്എഫ്ഐ. വിജയിച്ചു.

മഹാരാജാസില്‍ ചെയര്‍മാന്‍ സ്ഥാനം എസ്എഫ്ഐക്ക് നഷ്ടമായത് മഹാസംഭവമായി എഴുന്നള്ളിച്ചവര്‍ എറണാകുളത്തെ മറ്റു കലാലയങ്ങളിലെ എസ്എഫ്ഐ വിജയം കണ്ടതേയില്ല. ജില്ലയില്‍ 31 കോളേജുകളില്‍ മത്സരം നടന്നപ്പോള്‍ 29 ഇടത്തും വിജയിച്ചത് എസ്എഫ്ഐ. മഹാരാജാസില്‍ തന്നെയും മറ്റെല്ലാ സീറ്റുകളിലും എസ്എഫ്ഐ. വിജയിച്ചു. എന്നിട്ടും ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം" എന്നപോലെ ഏഷ്യാനെറ്റ് ചുടല നൃത്തം ചവുട്ടിയത് സിനിമാലയേക്കാള്‍ വലിയ തമാശതന്നെ! കേരളയില്‍ 44-ല്‍ 11 കോളേജുകളില്‍ നോമിനേഷന്‍ കൊടുക്കാന്‍പോലും കെ.എസ്.യുവിന് ആളെക്കിട്ടാത്ത ദയനീയത വാര്‍ത്തയല്ല! മത്സരരംഗത്തു ണ്ടായിട്ടും 24 കോളേജുകളില്‍ ഒരു സീറ്റില്‍പോലും കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി സംഘടന വിജയിക്കാതിരുന്നതിലും രാഷ്ട്രീയ പ്രാധാന്യം തീരെയില്ലത്രെ! മാധ്യമങ്ങളുടെ മഹാ ധാര്‍മ്മികതയ്ക്ക് നമോവാകം....!

ഇന്ന് എസ്എഫ്ഐക്ക് വയസ്സ് 40. ഏഷ്യാനെറ്റ് വാര്‍ത്തയ്ക്ക് 15ഉം. 1970 മുതല്‍ തന്നെ ഞങ്ങള്‍ മാധ്യമങ്ങളാല്‍ അക്രമിക്കപ്പെടാന്‍ തുടങ്ങിയിരുന്നു. മാധ്യമകുലപതികള്‍ പലരും ഞങ്ങളെ വെട്ടിനുറുക്കി പെട്ടിയിലാക്കി അന്ത്യകൂദാശ നല്‍കാന്‍ ഒത്തിരി നടന്നിട്ടുണ്ട്. അന്നൊന്നും ഈ ഏഷ്യാനെറ്റില്ല. ഏഷ്യാനെറ്റും ജമാഅത്തെ ഇസ്ളാമിയുടെ മാധ്യമവും മലയാളമനോരമയും മാതൃഭൂമിയുമാണ് എറണാകുളം മഹാരാജാസിനെ മഹാസംഭവമായി അവതരിപ്പിച്ചത്. മഹാരാജാസിലെ ചെയര്‍മാന്‍സ്ഥാനം എസ്എഫ്ഐക്ക് നഷ്ടമായ ജില്ലയിലും സംസ്ഥാനത്താകെയും കെ.എസ്.യുവിനുണ്ടായ വന്‍വീഴ്ചയെക്കാളും മഹാരാജാസ് കോളേജ് യൂണിയന്റെ സീറ്റ് നഷ്ടപ്പെട്ടതിന് പ്രാധാന്യമുണ്ടോ?

യഥാര്‍ത്ഥത്തില്‍ ഒക്ടോബര്‍ 1-ലെ തെരഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യേണ്ട രാഷ്ട്രീയ-സാമൂഹ്യ പ്രാധാന്യമുള്ള നിരവധി വസ്തുതകളുണ്ട്.

കെ.എസ്.യു തകര്‍ന്നുകഴിഞ്ഞു എന്നത് എസ്എഫ്ഐയുടെ അവകാശവാദം മാത്രമല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച തെരഞ്ഞെടുപ്പായിരുന്നു ഒക്ടോബര്‍ 1-ലേത്. മലയാള മാധ്യമങ്ങള്‍ ആഘോഷപൂര്‍വ്വം വരവേറ്റ സംഘടനാ തെരഞ്ഞെടുപ്പ് രാഷ്ട്രീയമായി കെ.എസ്.യുവിനെ ഒരു തരത്തിലും ശക്തിപ്പെടുത്തിയില്ല എന്ന് ഒരിക്കല്‍ക്കൂടി ബോധ്യമായിരിക്കുന്നു.

മതനിരപേക്ഷതയ്ക്കും കാംപസ് ജനാധിപത്യത്തിനും വേണ്ടിയായിരുന്നു എസ്എഫ്ഐ വോട്ടഭ്യര്‍ത്ഥിച്ചത്. കെ.എസ്.യുവിന് കാര്യമായ ഒരു രാഷ്ട്രീയ മുദ്രാവാക്യവും മുന്നോട്ടുവയ്ക്കാനുണ്ടായിരുന്നില്ല. അവര്‍ ഉയര്‍ത്തിക്കാട്ടിയത് രാഹുല്‍ഗാന്ധിയെയായിരുന്നു. ഇതേ മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച രാഹുലിന്റെ കാംപസ് പ്രകടനങ്ങള്‍’ക്ളച്ചുപിടിച്ചില്ല എന്നതും ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രത്യേകതയാണ്. കെ.എസ്.യുവിനെ പരാജയപ്പെടുത്തിയ വിദ്യാര്‍ത്ഥികള്‍ തള്ളിക്കളഞ്ഞത് രാഹുല്‍ ഗാന്ധിയെന്ന കെട്ടുകാഴ്ചയെ കൂടിയാണ്.

സംസ്ഥാനത്താകെ മത-വര്‍ഗ്ഗീയ ധ്രുവീകരണത്തിനായി വിധ്വംസക ശക്തികള്‍ ഗൂഢമായ ശ്രമം നടത്തുന്നതിനിടയിലായിരുന്നു തെരഞ്ഞെടുപ്പു നടന്നത്. എസ്എഫ്ഐ ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷതയുടെ മുദ്രാവാക്യം വിദ്യാര്‍ത്ഥികള്‍ ഏറ്റുവാങ്ങി. മഹാരാജാസിലെ ചെയര്‍മാന്‍ കസേരക്ക് പിന്നില്‍ മാധ്യമങ്ങള്‍ ഒളിപ്പിച്ച അവിശുദ്ധ സഖ്യത്തെ അനാവരണം ചെയ്യേണ്ടതുണ്ട്. മഹാഭൂരിപക്ഷം കാംപസുകളിലും കെ.എസ്.യു വര്‍ഗ്ഗീയ സംഘടനകളുമായി സഖ്യമുണ്ടാക്കി യായിരുന്നു മത്സരിച്ചിരുന്നത്. ’

കായംകുളം എംഎസ്എം കോളേജില്‍ ജമാ അത്തെ ഇസ്ളാമിയുടെ എസ്ഐഒയും പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കാമ്പസ്ഫ്രണ്ടും സുന്നി സ്റുഡന്റ്സ് ഫെഡറേഷനും മുസ്ളീംലീഗിന്റെ എംഎസ്എഫും സംയുക്തമായി എസ്എംഎസ് എന്ന മുന്നണി രൂപീകരിച്ചു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇവര്‍ മത്സരിക്കാതെ കെ.എസ്.യുവിന് പിന്തുണ നല്‍കി. ആര്‍ട്സ് ക്ളബ്ബ് സെക്രട്ടറി സ്ഥാനത്തേക്ക് കെ.എസ്.യു, എസ്എംഎസിനെയും സഹായിച്ചു. ആലപ്പുഴയിലെ ചേര്‍ത്തല എസ്എന്‍ കോളേജില്‍ കെ.എസ്.യു-എബിവിപി പരസ്യ സഖ്യമായിരുന്നു. കൌണ്‍സിലര്‍, ജനറല്‍ സെക്രട്ടറി, ചെയര്‍മാന്‍ സീറ്റുകളില്‍ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാണ് ഇരുവരും മത്സരിച്ചത്. പി സി വിഷ്ണുനാഥിന്റെ മണ്ഡലത്തിലായിരുന്നു ഈ വര്‍ഗ്ഗീയ കൂട്ടുകെട്ട്.

തിരുവനന്തപുരത്ത് പെരിങ്ങമ്മല ഇക്ബാലില്‍ കെ.എസ്.യു- എസ്ഐഒ- എംഎസ്എഫ് - കാംപസ് ഫ്രണ്ട് പരസ്യമായ വോട്ടുകച്ചവടമാണ് നടത്തിയത്. മഹാരാജാസിലെ ചെയര്‍മാന്‍സ്ഥാനം എസ്എഫ്ഐക്ക് നഷ്ടമായത് ആഘോഷിച്ചത് ജമാ അത്തിന്റെ മാധ്യമം. എസ്ഐഒ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെയാണ് കെ.എസ്.യുവിന് തിരുവനന്തപുരത്തെ സെന്റ് സേവ്യേഴ്സ് കോളേജില്‍ പിന്തുണ പ്രഖ്യാപിച്ചത്.

1991-ലെ കോലീബി സഖ്യത്തെ അനുസ്മരിപ്പിക്കുന്ന കാഴ്ചയായിരുന്നു നെടുമങ്ങാട് ഗവണ്‍മെന്റ് കോളേജിലെ കെ.എസ്.യു-എബിവിപി - ക്യാമ്പസ് ഫ്രണ്ട് നീക്കുപോക്ക്.

പ്രസിദ്ധമായ കൊല്ലം എസ് എന്‍ കോളേജില്‍ ജനറല്‍ സെക്രട്ടറി, കൌണ്‍സിലര്‍ സ്ഥാനങ്ങളില്‍ കെ.എസ്.യുവും എബിവിപിയും വോട്ടു കച്ചവടം നടത്തി. പത്തനംതിട്ടയിലെ പരുമല ദേവസ്വംബോര്‍ഡ് കോളേജ്, കോഴഞ്ചേരി സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലും കെ.എസ്.യു-എബിവിപി സഖ്യമായിരുന്നു എസ്.എഫ്.ഐ.യെ നേരിട്ടത്.

ഏതെങ്കിലും ഒരു കോളേജിലെ ബാന്ധവമല്ലിത്. സംസ്ഥാനത്താകെ കാപസുകളില്‍ കെ.എസ്.യു വര്‍ഗ്ഗീയസംഘടനകളുമായി സഖ്യം ചേരുന്നു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അറിവും സമ്മതവുമില്ലാതെ ഇതു നടക്കുമോ? നേതൃത്വത്തിന്റെ സമ്മതമില്ലെങ്കില്‍ ഈ കൂട്ടുകെട്ടിനെ വിടുവിക്കാതിരുന്നതെന്തേ? നേരത്തെ നടന്ന കണ്ണൂര്‍, കാലിക്കറ്റ്, പോളിടെക്നിക്ക് യൂണിയനുകളിലെ തെരഞ്ഞെടുപ്പുകളിലും കേരള സെനറ്റ് തെരഞ്ഞെടുപ്പിലും ഇതേസഖ്യം പ്രവര്‍ത്തിച്ചിരുന്നു.

കേരളയിലെ സെനറ്റ് തെരഞ്ഞെടുപ്പില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു എബിവിപിയും എസ്ഐഒയും കെ.എസ്.യു സ്ഥാനാര്‍ത്ഥികളുടെ വിപ്പ് വാങ്ങി വോട്ട് ചെയ്തത്.

കേരളത്തിലെ കലാലയങ്ങളുടെ അമൂല്യമായ സവിശേഷത അതിന്റെ മതേതര സ്വഭാവമാണ്. പുതിയ തലമുറയുടെ മസ്തിഷ്കങ്ങളെ വര്‍ഗ്ഗീയസംഘങ്ങള്‍ കീഴടക്കിയാല്‍ സംഭവിക്കുന്നതെന്തെന്ന് മലയാള മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതല്ലേ? മഹാരാജാസിലെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയുടെ പരാജയം പര്‍വതീകരിച്ച ഏഷ്യാനെറ്റും മാധ്യമവും മറ്റുമാധ്യമങ്ങളും മൂടിവച്ച ഈ അവിശുദ്ധസഖ്യം കലാലയങ്ങളെ കീഴ്പ്പെടുത്താതിരിക്കാനുള്ള ജാഗ്രതയിലായിരിക്കും ഇനി എസ്എഫ്ഐ കേരളത്തില്‍. ഏതെങ്കിലും ക്യാമ്പസില്‍ ക്ളാസ് പ്രതിനിധി സ്ഥാനത്തേക്കെങ്കിലും എസ്എഫ്ഐ വര്‍ഗ്ഗീയ സംഘടനകളോട് നേരിയബന്ധമെങ്കിലും സ്ഥാപിച്ചിരുന്നെന്ന് ആര്‍ക്കും ആരോപിക്കാനാകില്ല. വിട്ടുവീഴ്ചയില്ലാത്ത ഈ മതേതര സമീപനമാണ് എസ്എഫ്ഐയുടെ മുഖമുദ്ര.

കുറ്റം ചെയ്തവരെ വെറുതേവിട്ട മാധ്യമക്കോടതി ഞങ്ങള്‍ക്ക് ശിക്ഷ വിധിച്ചു. എന്നാല്‍ കലാലയങ്ങള്‍ വിധിച്ചത് യഥാര്‍ത്ഥ ഒറ്റുകാര്‍ക്കെതിരെയും. കാമ്പസുകള്‍ എസ്എഫ്ഐയെ ഹൃദയത്തിലേറ്റുവാങ്ങി. അഭിവന ഗീബല്‍സുമാര്‍ പുതിയ പരീക്ഷണശാലകള്‍ ഇനിയും തേടട്ടെ...

എ എ റഹിം ചിന്ത വാരിക 221010


എസ്.എഫ്.ഐ വെബ് സൈറ്റ്

1 comment:

  1. 2010 ഒക്ടോബര്‍ 1 കേരള, എം.ജി. സര്‍വകലാശാലാ പരിധിയിലെ 114 കലാലയങ്ങള്‍ വിധി നിര്‍ണയിച്ച ദിവസമായിരുന്നു. നേരത്തേ കണ്ണൂരിലും കാലിക്കറ്റിലും, പോളിടെക്നിക് യൂണിയനുകളിലും എസ്എഫ്ഐ നേടിയ തിളക്കമാര്‍ന്ന വിജയം ഇത്തവണയും ആവര്‍ത്തിച്ചു. തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ നടന്ന കേരള എം.ജി. തെരഞ്ഞെടുപ്പ് ഏറെ രാഷ്ട്രീയ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതായിരുന്നു. എന്നാല്‍ ഈ രാഷ്ട്രീയ പ്രാധാന്യം മാധ്യമങ്ങളില്‍ പ്രതിഫലിച്ചുകണ്ടില്ല. തെരഞ്ഞെടുപ്പ് ഫലം എസ്എഫ്ഐക്ക് എതിരായിരുന്നെങ്കില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് കുശാലായേനെ! വരുന്ന പൊതുതിരഞ്ഞെടുപ്പിന്റെ ദിശാസൂചികയായി കലാലയവിധിയെ അവര്‍ ആഘോഷിക്കുകയും ചെയ്തേനെ... പക്ഷേ എസ്.എഫ്.ഐ. വിജയം നേടി; കെ.എസ്.യു വന്‍ തകര്‍ച്ചയിലേയ്ക്ക് കൂപ്പുകുത്തുകയും ചെയ്തു. ആയതിനാല്‍ ഒക്ടോബര്‍ 1 ലെ ചരിത്ര വിജയത്തോട് മാധ്യമങ്ങള്‍ അയിത്തം പ്രഖ്യാപിച്ചു.

    മഹാരാജാസിലെ ചെയര്‍മാന്‍ സ്ഥാനം എസ്.എഫ്.ഐ.ക്ക് നഷ്ടമായത് ഏഷ്യാനെറ്റ് ന്യൂസ് അവറിലെ പ്രഥമ വാര്‍ത്തയായി വന്നത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ? എസ്എഫ്ഐക്ക് പൊതുവില്‍ തിരിച്ചടി നേരിട്ടിരുന്നെങ്കില്‍ വാര്‍ത്താഘോഷയാത്ര പൊടിപൂരമാകുമായിരുന്നു.

    ReplyDelete