വുഹാന്‍ (ചൈന): ഐക്യരാഷ്ട്രസഭയുടെ സമഗ്രമായ പരിഷ്കരണത്തിന് റഷ്യ, ഇന്ത്യ, ചൈന വിദേശമന്ത്രിമാരുടെ സമ്മേളനം ആഹ്വാനംചെയ്തു. രക്ഷാസമിതിയില്‍ രണ്ടു വര്‍ഷത്തേക്ക് താല്‍ക്കാലിക അംഗമായുള്ള ഇന്ത്യയുടെ പ്രവേശത്തെ റഷ്യയും ചൈനയും സ്വാഗതംചെയ്തു. ഇന്ത്യയുമായി കൂടുതല്‍ ആഴത്തിലുള്ള സഹകരണം പ്രതീക്ഷിച്ചിരിക്കുകയാണെന്ന് ചൈന വിദേശമന്ത്രി യാങ് ജീഷിയും റഷ്യ വിദേശമന്ത്രി സെര്‍ജി ലാവ്റോവും പറഞ്ഞു. ഇരുനേതാക്കളും വിദേശമന്ത്രി എസ് എം കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയില്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമവും വിഷയമായി. രക്ഷാസമിതി സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമത്തെ റഷ്യ പൂര്‍ണമായി പിന്താങ്ങുന്നുണ്ട്. ചൈന വിദേശമന്ത്രിയുമായി കൃഷ്ണ നടത്തിയ 70 മിനിറ്റ് സംഭാഷണത്തില്‍ ഇതുസംബന്ധിച്ച് അനുകൂല സൂചന ലഭിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ചൈനയ്ക്ക് തിബറ്റും തയ്വാനും എന്നതുപോലെയാണ് ഇന്ത്യക്ക് ജമ്മു കശ്മീര്‍ എന്ന് കരുതണമെന്ന് ജീഷിയോട് കൃഷ്ണ പറഞ്ഞു. ഇന്ത്യ-ചൈന നയതന്ത്രബന്ധം നിലവില്‍വന്നതിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഇരുരാജ്യവും തമ്മിലുള്ള ബന്ധം വികസിച്ചുവരികയാണെന്ന് ജീഷി പറഞ്ഞു. ഇക്കൊല്ലം സെപ്തംബര്‍വരെയുള്ള കാലയളവില്‍ ഉഭയകക്ഷി വ്യാപാരത്തില്‍ തൊട്ടുമുന്‍വര്‍ഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് 43.7 ശതമാനം വര്‍ധനയുണ്ടായി. മൂന്നു ലക്ഷം കോടി രൂപയുടെ ഉഭയകക്ഷിവ്യാപാരമാണ് ഇക്കൊല്ലം ലക്ഷ്യമിട്ടിരിക്കുന്നത്. ഡിസംബറില്‍ ചൈന പ്രധാനമന്ത്രി വെന്‍ ജിയാബാവോ ഇന്ത്യ സന്ദര്‍ശിക്കും.
രക്ഷാപദ്ധതി: ഗ്രീക്ക്മാതൃക വേണ്ടെന്ന് അയര്‍ലണ്ട്
ഡബ്ളിന്‍: കടക്കെണിയിലായ അയര്‍ലണ്ട് പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തികസഹായം നേടുന്നുവെന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിഷേധിച്ചു. ഗ്രീസ് മാതൃകയിലുള്ള രക്ഷാപദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അയര്‍ലണ്ട് സഹമന്ത്രി ഡിക്ക് റോച്ച് പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍നിന്നോ ഐഎംഎഫില്‍നിന്നോ ഫണ്ട് സ്വീകരിക്കാന്‍ അയര്‍ലണ്ട് തയ്യാറാണെന്ന റിപ്പോര്‍ട്ട് വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ധനകമ്മി രാജ്യത്തിന്റെ ആഭ്യന്തരമൊത്തവരുമാനത്തിന്റെ 32 ശതമാനത്തോളമായി ഉയര്‍ന്ന സാഹചര്യത്തില്‍ അയര്‍ലണ്ടിനുമേല്‍ യൂറോപ്യന്‍ യൂണിയന്‍ കടുത്ത സമ്മര്‍ദം ചെലുത്തുകയാണ്. കമ്മി കുറയ്ക്കാന്‍ സഹായം നല്‍കാമെന്നും എന്നാല്‍, ഇതിനായി സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കണമെന്നുമാണ് യൂറോപ്യന്‍ യൂണിയന്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയന്റെ ഈ വ്യവസ്ഥ അംഗീകരിച്ച ഗ്രീസില്‍ സര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായ ജനരോഷം അലയടിക്കുകയാണ്്. ഗ്രീക്ക്സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് പാളിയതുകൊണ്ടാണ് അയര്‍ലണ്ട് ഇക്കാര്യത്തില്‍ കരുതലോടെ നീങ്ങുന്നത്. പാര്‍ലമെന്റില്‍ നേരിയ ഭൂരിപക്ഷംമാത്രമുള്ള അയര്‍ലണ്ട് സര്‍ക്കാരിന് വരുന്ന 25ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പും നിര്‍ണായകമാണ്. സാമ്പത്തികമാന്ദ്യത്തിന്റെ ഭാഗമായി രാജ്യത്ത് വീടുകളുടെ വിലയില്‍ 50-60 ശതമാനംവരെ ഇടിവ് വന്നിട്ടുണ്ട്. പ്രതിസന്ധിപരിഹാരമാര്‍ഗം സംബന്ധിച്ച് ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി അയര്‍ലണ്ട് സംഘം ചര്‍ച്ച നടത്തിവരികയാണ്.
വിദേശത്തേക്ക് പോകുന്ന യുഎസ് വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നു
വിദേശത്തേക്ക് ഉപരിപഠനത്തിന് പോകുന്ന അമേരിക്കന്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നു. തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് അമേരിക്കയില്‍നിന്ന് ഇന്ത്യയിലെത്തിയ വിദ്യാര്‍ഥികളില്‍ എണ്ണത്തില്‍ കഴിഞ്ഞ അധ്യയനവര്‍ഷം 15 ശതമാനം ഇടിവുണ്ടായി. ബ്രിട്ടന്‍, ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളെയാണ് അമേരിക്കന്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി ഏറ്റവുമധികം ആശ്രയിക്കുന്നത്. എന്നാല്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അമേരിക്കന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ബ്രിട്ടനില്‍ ആറ് ശതമാനവും ഇറ്റലിയില്‍ 11 ശതമാനവും സ്പെയിനില്‍ നാല് ശതമാനവും ഫ്രാന്‍സില്‍ മൂന്ന് ശതമാനവും ഇടിവുണ്ടായി. എന്നാല്‍, ചൈനയില്‍ ഇക്കാലയളവില്‍ അമേരിക്കന്‍ വിദ്യാര്‍ഥികളുടെ എണ്ണം നാല് ശതമാനം വര്‍ധിച്ചു. പതിവ് രാജ്യങ്ങളെ അപേക്ഷിച്ച് അര്‍ജന്റീന, ചിലി, ദക്ഷിണാഫ്രിക്ക, നെതര്‍ലാന്‍ഡ്സ്, ഡെന്‍മാര്‍ക്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്കും അമേരിക്കന്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി പോകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദേശാഭിമാനി 161110
ഐക്യരാഷ്ട്രസഭയുടെ സമഗ്രമായ പരിഷ്കരണത്തിന് റഷ്യ, ഇന്ത്യ, ചൈന വിദേശമന്ത്രിമാരുടെ സമ്മേളനം ആഹ്വാനംചെയ്തു. രക്ഷാസമിതിയില്‍ രണ്ടു വര്‍ഷത്തേക്ക് താല്‍ക്കാലിക അംഗമായുള്ള ഇന്ത്യയുടെ പ്രവേശത്തെ റഷ്യയും ചൈനയും സ്വാഗതംചെയ്തു. ഇന്ത്യയുമായി കൂടുതല്‍ ആഴത്തിലുള്ള സഹകരണം പ്രതീക്ഷിച്ചിരിക്കുകയാണെന്ന് ചൈന വിദേശമന്ത്രി യാങ് ജീഷിയും റഷ്യ വിദേശമന്ത്രി സെര്‍ജി ലാവ്റോവും പറഞ്ഞു. ഇരുനേതാക്കളും വിദേശമന്ത്രി എസ് എം കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയില്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമവും വിഷയമായി. രക്ഷാസമിതി സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമത്തെ റഷ്യ പൂര്‍ണമായി പിന്താങ്ങുന്നുണ്ട്. ചൈന വിദേശമന്ത്രിയുമായി കൃഷ്ണ നടത്തിയ 70 മിനിറ്റ് സംഭാഷണത്തില്‍ ഇതുസംബന്ധിച്ച് അനുകൂല സൂചന ലഭിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ReplyDelete