Tuesday, November 16, 2010

അഴിമതിക്കേസിലും മാധ്യമ പക്ഷപാതമോ?

കേന്ദ്രസര്‍ക്കാരിന്റെ തനിനിറം വ്യക്തമാക്കുന്ന മൂന്ന് അഴിമതിക്കേസുകളാണ് രാജ്യമാകെ ചര്‍ച്ചചെയ്യപ്പെടുന്നത്. മഹാരാഷ്ട്രാ മുഖ്യമന്ത്രിയുടെ കസേര തെറിപ്പിച്ച "ആദര്‍ശ്'' ഫ്ളാറ്റ് കുംഭകോണവും, കോമണ്‍വെല്‍ത്ത് ഗയിംസ് അഴിമതിയും താരതമ്യേന പുതിയവയാണെങ്കില്‍ 1,78,000 കോടി രൂപ ഖജനാവിനു നഷ്ടപ്പെടുത്തിയ സ്പെക്ട്രം അഴിമതി രണ്ടുവര്‍ഷക്കാലമായി രാഷ്ട്രീയരംഗത്ത് കോളിളക്കമുണ്ടാക്കുന്നു. ഈ മൂന്നു സംഭവങ്ങളിലും അഴിമതി നടന്നുവെന്ന് എല്ലാവര്‍ക്കും ബോധ്യമായി. കോണ്‍ഗ്രസ് നേതാക്കളായ ചിലര്‍ക്ക് സംഭവിച്ച വൈയക്തികമായ വികല്‍പമാണോ ഈ അഴിമതി? പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മൂമ്പ് കോണ്‍ഗ്രസ് തങ്ങളുടെ മുഖം രക്ഷിക്കാന്‍ സ്വീകരിച്ച പരിമിതമായ ചില നടപടികളെ എത്ര ആഘോഷമായാണ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ താലോലിക്കുന്നത്!

        "ഇനി മതി, അഴിമതി'' എന്ന കൂറ്റന്‍ തലക്കെട്ടില്‍ ചവാന്‍ മുഖ്യമന്ത്രിപദം രാജിവച്ചതും കല്‍മാഡി പാര്‍ലമെന്ററി സെക്രട്ടറി സ്ഥാനം രാജിവച്ചതും മലയാള മനോരമ മഹാകാര്യമായി അവതരിപ്പിക്കുന്നു.

        എല്ലാ കുറ്റങ്ങളും ചില വ്യക്തികളുടെ തലയില്‍വച്ച് അഴിമതിക്ക് ചൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ് പാര്‍ടിയെ ഏകപക്ഷീയമായി വിശുദ്ധരായി പ്രഖ്യാപിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും ആരോപണവിധേയരെ സംരക്ഷിക്കുക മാത്രമല്ല, പാര്‍ടിയംഗത്വത്തില്‍നിന്ന് സസ്പെന്റ്ചെയ്യാന്‍പോലും തയ്യാറാകാത്ത സോണിയാഗാന്ധി, ഇവര്‍ക്കൊപ്പം എഐസിസി പ്ളീനറി സമ്മേളനവേദിയില്‍ ഒരുമിച്ചിരുന്നത് മാധ്യമങ്ങള്‍ക്ക് വിഷയമല്ല.

        രണ്ടു നേതാക്കള്‍ക്കെതിരെ ചെറിയ നടപടികള്‍ സ്വീകരിച്ചപ്പോള്‍, പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധത്തിന്റെ മുനയൊടിഞ്ഞുവെന്ന ആഹ്ളാദമാണ് മാധ്യമങ്ങളില്‍ നിറയുന്നത്. ഇപ്പോള്‍ പാര്‍ലമെന്റ് സമ്മേളനമില്ലായിരുന്നെങ്കില്‍ ഇത്രപോലും നടപടിയുണ്ടാകുമായിരുന്നോ എന്ന നേരിയ സംശയംപോലും മാധ്യമങ്ങളില്‍ ഉയരുന്നില്ല. ലക്ഷക്കണക്കിന് കോടികള്‍ ഖജനാവിന് നഷ്ടപ്പെടുത്തിയ സ്പെക്ട്രം അഴിമതിയിലെ മന്ത്രി രാജയെ തൊടാന്‍ ധൈര്യമില്ലാത്ത കോണ്‍ഗ്രസ്, അധികാരം സംരക്ഷിക്കാന്‍ ഇന്ത്യയെ കൊള്ളയടിക്കുന്നവര്‍ക്കുമുന്നില്‍ തലകുമ്പിട്ട് നില്‍ക്കുന്ന ചിത്രമല്ല, മറിച്ച് ഡിഎംകെക്ക് വ്യക്തമായ സന്ദേശം സോണിയ നല്‍കിയെന്ന വാര്‍ത്തയാണ് മാധ്യമങ്ങള്‍ നല്‍കുന്നത്.

        ഇപ്പോള്‍ പുറത്തായ മഹാരാഷ്ട്രാ മുഖ്യമന്ത്രി, പണം നല്‍കി വാര്‍ത്തവരുത്തുന്ന കലയുടെ കുലപതിയാണെന്ന് തെളിയിക്കപ്പെട്ടയാളാണ്. മുഴുനീള പരസ്യങ്ങള്‍ മാസങ്ങളോളം മാധ്യമങ്ങളില്‍ കുത്തിനിറച്ച് കോടികള്‍ ഒഴുക്കിയ ഈ മാന്യന്‍ എങ്ങനെയാണ് പണമുണ്ടാക്കുന്നതെന്ന് ഏത് പത്രപ്രവര്‍ത്തകനാണ് അന്വേഷിക്കാന്‍ നേരമുള്ളത്? ജനങ്ങള്‍ക്കിടയില്‍നിന്നും പണം പിരിക്കാതെ, തെരഞ്ഞെടുപ്പിലും മറ്റും കോടികള്‍ ചിലവിടുന്ന കോണ്‍ഗ്രസിന്റെ ഫണ്ടിന്റെ സ്രോതസ്സ് അഴിമതിയല്ലാതെ മറ്റെന്താണ്?ഈ ബൂര്‍ഷ്വാ രാഷ്ട്രീയത്തെ വെള്ളപൂശുന്ന മാധ്യമങ്ങളാണ് ഇടതുപക്ഷത്തെക്കൂടി അഴിമതിയുടെ ചെളി തെറിപ്പിച്ച് വികൃതമാക്കാമോയെന്ന് നോക്കുന്നത്.

        ലാവ്ലിന്‍ കേസും ഒരു സാന്റിയാഗോ മാര്‍ട്ടിനും ഫാരിസ് അബുബേക്കറെപ്പോലുള്ള ചില പേരുകളും മാറിമാറി ഉപയോഗിച്ച് ഇടതുപക്ഷത്തിന്റെ വിശുദ്ധിക്കുമേല്‍ കളങ്കം ആരോപിക്കുന്നവരുടെ അഴിമതിവിരുദ്ധ ജ്വരം കോണ്‍ഗ്രസിന്റെ കാര്യം വരുമ്പോള്‍ തലകീഴായി പോകുന്നതെന്തുകൊണ്ട്? കമ്യൂണിസ്റ്റു പാര്‍ടി ആരെയെങ്കിലും പുറത്താക്കിയാല്‍ മാധ്യമങ്ങള്‍ ആര്‍ക്കൊപ്പമാണ്? ഷൊര്‍ണ്ണൂരിലെ മുരളിമാരെപ്പോലെ വീണുകിട്ടുന്ന ഓരോ ജീര്‍ണങ്ങളേയും കമ്യൂണിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മഹാവിഗ്രഹങ്ങളായി അവതരിപ്പിക്കുമ്പോള്‍, മറുപക്ഷത്ത് കോണ്‍ഗ്രസ് നേതൃത്വവും സംഘടനയും ഒരിക്കലും തെറ്റുകാരല്ലെന്ന മുന്‍വിധിയെ ബലപ്പെടുത്തുന്ന ചിത്രീകരണങ്ങളാണ് മാധ്യമങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ കൊള്ളകള്‍ പുറത്തുവരുമ്പോള്‍, അത് കോണ്‍ഗ്രസിന്റെ കൊള്ളരുതായ്മയല്ല, രാഷ്ട്രീയക്കാരുടെയാകെ കുഴപ്പമാണെന്ന സാമാന്യവല്‍ക്കരണത്തിന്റെ മറയിട്ട് അവരെ രക്ഷിക്കുകയാണ് പതിവ്. ഇടതുപക്ഷത്തെപ്പറ്റിയാണ് ആരോപണമെങ്കില്‍ അത് പര്‍വതീകരിച്ച് ആവര്‍ത്തിക്കുകയും നടപടികള്‍ക്ക് വിധേയരാകുന്നവരെ വിശുദ്ധരാക്കി പാര്‍ടിവിരുദ്ധ പ്രചരണം വളര്‍ത്തിയെടുക്കുകയും ചെയ്യുന്നു.

        ആദര്‍ശ് ഫ്ളാറ്റ് കുംഭകോണത്തിന് രണ്ടുതലങ്ങളുണ്ട്. ഒന്ന് ബോംബെയിലെ കണ്ണായ സ്ഥലത്താണ് കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധുക്കളുടെപേരില്‍ ഫ്ളാറ്റ് കയ്യടക്കിയത്. അത് കോണ്‍ഗ്രസ് നേതാക്കളുടെ സ്വഭാവവും രീതിയുമാണ്. മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതുപോലെ രാഷ്ട്രീയത്തിന്റെയാകെ കുഴപ്പമല്ല. രണ്ടാമതായി കാര്‍ഗില്‍ വിധവകള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. രക്തസാക്ഷികളുടെപേരില്‍ സൃഷ്ടിക്കപ്പെട്ട ഒരു ഫ്ളാറ്റുസമുച്ചയം അവരുടെ ബന്ധുക്കള്‍ക്ക് നല്‍കുന്നതിനുപകരം കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കലാക്കിയത് ഹീനമായ വഞ്ചനയാണ്. രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായവരെ വഞ്ചിക്കുന്ന കോണ്‍ഗ്രസ് നടപടി രാജ്യദ്രോഹമല്ലാതെ മറ്റൊന്നുമല്ല. ഈ രാജ്യദ്രോഹ പാപത്തെ മുഖ്യമന്ത്രിയുടെ രാജികൊണ്ടുമാത്രം കഴുകിക്കളയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയില്ല. ക്വത്റോച്ചിയുടെ ബന്ധുവായ സോണിയയുടെ ബോഫോഴ്സ് കളങ്കം അറിഞ്ഞുകൊണ്ടുതന്നെ സോണിയായെ വാഴ്ത്തുന്ന മാധ്യമങ്ങള്‍ ഇക്കാര്യത്തിലും സോണിയക്ക് സ്തുതിപറയുമ്പോള്‍ ഇവരുടെ ദാസ്യവേലയുടെ ദയനീയ നിലവാരമാണ് അനാവൃതമാകുന്നത്.

        സൈന്യത്തിനുള്ളിലേക്ക് പടര്‍ന്നുകയറിയ അഴിമതിക്കഥകളിലും ആന്റണി പതിവുപോലെ വിശുദ്ധനാണ്. ആന്റണി നില്‍ക്കുന്നത് ചെളിക്കുണ്ടിലാണെന്ന് വിളിച്ചുപറയാന്‍ മടിക്കുകയും ആന്റണിയെ വാഴ്ത്തുകയും ചെയ്യുന്ന മാധ്യമങ്ങള്‍ എത്ര അമാന്യമായാണ് ഇടതുപക്ഷ നേതാക്കളോട് പെരുമാറുന്നതെന്നുകൂടി ചിന്തിക്കുമ്പോഴേ ചിത്രം പൂര്‍ത്തിയാകു.

        പ്രതിരോധവകുപ്പിലെ പതിനാറിലേറെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് ആദര്‍ശമില്ലാത്ത ആദര്‍ശ് ഫ്ളാറ്റുകള്‍ക്കായി കരുനീക്കിയത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ച ആന്റണിയെ സ്തുതിക്കുന്ന മാധ്യമങ്ങള്‍തന്നെ, കേന്ദ്രസര്‍ക്കാര്‍ ഓരോ സിബിഐ ക്കേസുകളെയും എങ്ങനെയൊക്കെ ദുരുപയോഗിക്കുന്നുവെന്ന സത്യം അറിയാത്തവരുമല്ല. തന്റെ പാര്‍ടിയില്‍ തനിക്കുമുകളിലും താഴെയുമുള്ള സര്‍വ്വരും അഴിമതി നടത്തിയാലും "ദീപസ്തംഭം മഹാശ്ചര്യം, എനിക്ക് കസേര കിട്ടണ''മെന്നു മാത്രം വ്രതം നോറ്റിരിക്കുന്ന ആന്റണിയുടെ ആദര്‍ശം ആഴ്ചതോറും അലക്കിവെളുപ്പിച്ച് അയയിലിട്ടുണക്കി മാലോകരെ തെര്യപ്പെടുത്തുന്ന മാധ്യമങ്ങള്‍, രാജായെന്ന വിഖ്യാത കുറ്റവാളിയോടൊപ്പം മന്ത്രിപ്പടയിലൊരംഗമായിരിക്കാന്‍ ആന്റണിക്കുള്ള ഉളുപ്പില്ലായ്മയെപ്പറ്റി നാലുവരിയെഴുതാന്‍ എന്ന് നേരം കണ്ടെത്തും?

        കാര്‍ഗില്‍ രക്തസാക്ഷികളുടെ ശവപ്പെട്ടിയില്‍പോലും കുംഭകോണം നടത്തിയ ബിജെപിയും മായാവതിയും ലല്ലുവുമൊന്നും അഴിമതിയില്‍ ഒരിക്കലും മോശക്കാരായിട്ടില്ല. ഇതൊക്കെ ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ രീതിയും സ്വഭാവവുമാണ്. കോര്‍പ്പറേറ്റുകളില്‍നിന്ന് മാസപ്പടിപറ്റുന്ന ബൂര്‍ഷ്വാ നേതാക്കളാണ് ഇന്ത്യയിലുള്ളത്. അതില്‍നിന്ന് വ്യത്യസ്തമായി പാര്‍ടിയംഗങ്ങളില്‍നിന്നും ജനപ്രതിനിധികളില്‍നിന്നും ലെവി പിരിച്ചും പൊതുജനങ്ങളെ സമീപിച്ച് ഫണ്ടുശേഖരിച്ചും നിലനില്‍ക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് വല്ലാത്ത പുച്ഛമാണ് മാധ്യമങ്ങള്‍ക്ക്. ആഴ്ചയിലാഴ്ചയില്‍ പെട്രോളിനു വില കൂടുമ്പോഴെങ്കിലും അംബാനിയുടെ എണ്ണ ക്കമ്പനികളുടെ ലാഭം പെരുകുന്നതിന്റെ കണക്കെടുത്താല്‍ സോണിയാഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ടിയുടെ വരുമാനസ്രോതസ് ബോധ്യപ്പെടും. എന്നിട്ടും അവര്‍ വിശുദ്ധരാണെന്ന് ഊറ്റംകൊള്ളുന്ന മാധ്യമങ്ങള്‍ പക്ഷപാതമല്ല, ദാസ്യവൃത്തിയാണ് തങ്ങളുടെ മുഖമുദ്രയെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

അഡ്വ. കെ അനില്‍കുമാര്‍ ചിന്ത 191110

2 comments:

  1. കേന്ദ്രസര്‍ക്കാരിന്റെ തനിനിറം വ്യക്തമാക്കുന്ന മൂന്ന് അഴിമതിക്കേസുകളാണ് രാജ്യമാകെ ചര്‍ച്ചചെയ്യപ്പെടുന്നത്. മഹാരാഷ്ട്രാ മുഖ്യമന്ത്രിയുടെ കസേര തെറിപ്പിച്ച "ആദര്‍ശ്'' ഫ്ളാറ്റ് കുംഭകോണവും, കോമണ്‍വെല്‍ത്ത് ഗയിംസ് അഴിമതിയും താരതമ്യേന പുതിയവയാണെങ്കില്‍ 1,78,000 കോടി രൂപ ഖജനാവിനു നഷ്ടപ്പെടുത്തിയ സ്പെക്ട്രം അഴിമതി രണ്ടുവര്‍ഷക്കാലമായി രാഷ്ട്രീയരംഗത്ത് കോളിളക്കമുണ്ടാക്കുന്നു. ഈ മൂന്നു സംഭവങ്ങളിലും അഴിമതി നടന്നുവെന്ന് എല്ലാവര്‍ക്കും ബോധ്യമായി. കോണ്‍ഗ്രസ് നേതാക്കളായ ചിലര്‍ക്ക് സംഭവിച്ച വൈയക്തികമായ വികല്‍പമാണോ ഈ അഴിമതി? പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മൂമ്പ് കോണ്‍ഗ്രസ് തങ്ങളുടെ മുഖം രക്ഷിക്കാന്‍ സ്വീകരിച്ച പരിമിതമായ ചില നടപടികളെ എത്ര ആഘോഷമായാണ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ താലോലിക്കുന്നത്!

    ReplyDelete
  2. എന്നിട്ടും അവര്‍ വിശുദ്ധരാണെന്ന് ഊറ്റംകൊള്ളുന്ന മാധ്യമങ്ങള്‍ പക്ഷപാതമല്ല, ദാസ്യവൃത്തിയാണ് തങ്ങളുടെ മുഖമുദ്രയെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുന്നു.... ഇതിനോട് യോജിക്കുന്നു.. സഖാക്കള്‍ക്കെതിരേ കേസ് വരുമ്പോള്‍ കോടതിയെ കുറ്റം പറയുന്നമാതിരി , ഈ കാട്ടുകള്ളന്മാര്‍ പറയുന്നില്ലാല്ലോ എന്നൊരാശ്വാസം.

    ReplyDelete