Saturday, November 13, 2010

ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കല്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനെ മാറ്റുകയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും സുരേഷ് കല്‍മാഡിയെ ഒഴിവാക്കുകയും ചെയ്തത് അഴിമതിയ്ക്ക് എതിരായ കോണ്‍ഗ്രസിന്റെ സന്ധിയില്ലാത്ത നിലപാടിന്റെ തെളിവായാണ് കോണ്‍ഗ്രസ് നേതൃത്വം പ്രചരിപ്പിക്കുന്നത്. ഒരു വിഭാഗം മാധ്യമങ്ങള്‍ ഇത് ഏറ്റുപാടുകയും ചെയ്യുന്നുണ്ട്. സമീപ നാളുകളില്‍ രാജ്യത്തെ പിടിച്ചുലച്ചവയാണ് 2 ജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്‌ളാറ്റ് എന്നിവയുമായി ബന്ധപ്പെട്ട അഴിമതികള്‍. കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്ക് നേരിട്ടു പങ്കുള്ള കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെയും ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിയുടെയും കാര്യത്തില്‍ തങ്ങള്‍ കര്‍ക്കശവും മാതൃകാപരവുമായ നടപടി എടുത്തുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവകാശവാദം. ഡി എം കെ ക്കാരനായ മന്ത്രി എ രാജ ഉള്‍പ്പെട്ട സ്‌പെക്ട്രം അഴിമതിയുടെ കാര്യം മാത്രമാണ് ഇനി അവശേഷിക്കുന്നത്. കരുണാനിധിയുടെ മനസ്സുമാറ്റി രാജയെ രാജിവെയ്പ്പിക്കാന്‍ കഴിഞ്ഞാല്‍ അഴിമതിയ്ക്ക് എതിരായ നടപടികള്‍ പൂര്‍ണമാകുമെന്നും അവര്‍ പ്രചരിപ്പിക്കുന്നു. ചവാനും കല്‍മാഡിക്കും എതിരായ നടപടികളിലൂടെ കോണ്‍ഗ്രസിന്റെ കരങ്ങള്‍ സംശുദ്ധമായെന്നു വിശ്വസിപ്പിക്കാനുള്ള സംഘടിത പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. ആദര്‍ശ് ഫ്‌ളാറ്റ് വിവാദം നോക്കാം. കാര്‍ഗില്‍ യുദ്ധത്തില്‍ മരണമടഞ്ഞ ജവാന്മാരുടെ വിധവകള്‍ക്കുവേണ്ടി നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും നല്‍കിയവരില്‍ ഒരാള്‍ മാത്രമാണ് അശോക് ചവാന്‍. ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട ഒട്ടനവധി നിയമങ്ങളും ചട്ടങ്ങളും ലംഘിക്കപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി വകുപ്പിന്റെ അനുമതിപോലും തേടിയിരുന്നില്ല. ഇത്തരം നിയമലംഘനങ്ങളെല്ലാം നടന്നപ്പോള്‍ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിപദത്തിലിരുന്ന മറ്റ് മൂന്നു കോണ്‍ഗ്രസ് നേതാക്കന്‍മാരുണ്ട്. വിലാസ്‌റാവുദേശ് മുഖ്, സുശീല്‍ കുമാര്‍ ഷിന്‍ഡെ, നാരായണ്‍ റാണെ എന്നിവര്‍. അനര്‍ഹരായവര്‍ക്ക് ഫ്‌ളാറ്റ് നല്‍കാന്‍ മൂന്നുപേരും ശുപാര്‍ശ നല്‍കിയിരുന്നു. ഇവരില്‍ വിലാസ് റാവുദേശ് മുഖും സുശീല്‍കുമാര്‍ ഷിന്‍ഡെയും ഇപ്പോള്‍ മന്‍മോഹന്‍സിംഗ് മന്ത്രിസഭയില്‍ അംഗങ്ങളാണ്. അശോക് ചവാനെപ്പോലെ ഇവരും അഴിമതി നടത്തിയവരാണ്. അഴിമതിക്കാര്‍ക്ക് എതിരെ നടപടി എടുക്കുമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ ആത്മാര്‍ഥതയുടെ കണികയുണ്ടെങ്കില്‍ വിലാസ് റാവു ദേശ്മുഖിനും സുശീല്‍കുമാര്‍ ഷിന്‍ഡെയ്ക്കും എതിരെ നടപടി എടുക്കണം. അവരെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും മാറ്റി നിര്‍ത്തണം.

ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിയേക്കാള്‍ ഭീമവും നാടിനെ നടുക്കിയതുമായ വെട്ടിപ്പാണ് കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് നടന്നത്. ഗെയിംസിന്റെ സംഘാടക സമിതി തലവനായിരുന്ന സുരേഷ് കല്‍മാഡിക്കു മാത്രമല്ല ആ അഴിമതിയില്‍ പങ്കുള്ളത്. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. കല്‍മാഡിയെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റുന്നത് കോടാനുകോടി രൂപയുടെ അഴിമതി നടത്തിയതിനുള്ള ശിക്ഷയാകുമോ? കല്‍മാഡി ഇപ്പോഴും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവാണ്, പാര്‍ലമെന്റ് അംഗമാണ്, ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ പ്രസിഡന്റാണ്. ആ സ്ഥാനങ്ങള്‍ക്കൊന്നും മാറ്റമില്ല. ഗെയിംസ് സംഘടിപ്പിക്കുന്നതിനുള്ള പൊതുമുതലാണ് കല്‍മാഡിയും സംഘവും വെട്ടിച്ചത്. കോണ്‍ഗ്രസിന്റെ സംഘടനാ ഫണ്ടില്‍ വെട്ടിപ്പു നടത്തിയതാണ് ആരോപണമെങ്കില്‍ പാര്‍ട്ടി സ്ഥാനത്തുനിന്നും മാറ്റിയാല്‍ അതൊരു ശിക്ഷണ നടപടിയായി കരുതാം. എന്നാല്‍ ഖജനാവില്‍ നിന്നുള്ള പണം വെട്ടിച്ചതിനുള്ള ശിക്ഷ ഇതല്ല. കല്‍മാഡിക്കും അഴിമതിയില്‍ പങ്കുള്ള മറ്റുള്ളവര്‍ക്കും എതിരെ കേസ് എടുക്കണം. നിയമമനുശാസിക്കുന്ന ശിക്ഷ അവര്‍ക്ക് നല്‍കണം.

കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ നടത്തുന്ന അഭ്യാസം ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കലാണ്. അഴിമതിയ്ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാനോ, അഴിമതിക്കാര്‍ക്ക് എതിരെ നടപടി എടുക്കാനോ കോണ്‍ഗ്രസ് നേതൃത്വം തയ്യാറല്ല. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതുകൊണ്ട് മുഖം രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്‌തെന്നു വരുത്തിത്തീര്‍ക്കണം. ഡി എം കെ നേതൃത്വത്തിനും ഇതറിയാം. അതുകൊണ്ടാണ് മന്ത്രി രാജയുടെ കാര്യത്തില്‍ കര്‍ക്കശമായ നിലപാട് എടുക്കാന്‍ അവരും തയ്യാറാകാത്തത്.

ജനയുഗം മുഖപ്രസംഗം 131110

1 comment:

  1. മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനെ മാറ്റുകയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും സുരേഷ് കല്‍മാഡിയെ ഒഴിവാക്കുകയും ചെയ്തത് അഴിമതിയ്ക്ക് എതിരായ കോണ്‍ഗ്രസിന്റെ സന്ധിയില്ലാത്ത നിലപാടിന്റെ തെളിവായാണ് കോണ്‍ഗ്രസ് നേതൃത്വം പ്രചരിപ്പിക്കുന്നത്. ഒരു വിഭാഗം മാധ്യമങ്ങള്‍ ഇത് ഏറ്റുപാടുകയും ചെയ്യുന്നുണ്ട്. സമീപ നാളുകളില്‍ രാജ്യത്തെ പിടിച്ചുലച്ചവയാണ് 2 ജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്‌ളാറ്റ് എന്നിവയുമായി ബന്ധപ്പെട്ട അഴിമതികള്‍. കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്ക് നേരിട്ടു പങ്കുള്ള കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെയും ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിയുടെയും കാര്യത്തില്‍ തങ്ങള്‍ കര്‍ക്കശവും മാതൃകാപരവുമായ നടപടി എടുത്തുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവകാശവാദം. ഡി എം കെ ക്കാരനായ മന്ത്രി എ രാജ ഉള്‍പ്പെട്ട സ്‌പെക്ട്രം അഴിമതിയുടെ കാര്യം മാത്രമാണ് ഇനി അവശേഷിക്കുന്നത്. കരുണാനിധിയുടെ മനസ്സുമാറ്റി രാജയെ രാജിവെയ്പ്പിക്കാന്‍ കഴിഞ്ഞാല്‍ അഴിമതിയ്ക്ക് എതിരായ നടപടികള്‍ പൂര്‍ണമാകുമെന്നും അവര്‍ പ്രചരിപ്പിക്കുന്നു. ചവാനും കല്‍മാഡിക്കും എതിരായ നടപടികളിലൂടെ കോണ്‍ഗ്രസിന്റെ കരങ്ങള്‍ സംശുദ്ധമായെന്നു വിശ്വസിപ്പിക്കാനുള്ള സംഘടിത പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്

    ReplyDelete