Friday, November 12, 2010

കാശ്മീര്‍ - രാഷ്ട്രീയ പരിഹാരം മാത്രം

വെടിയുണ്ട കൊണ്ടും കാക്കിയുടെ അപ്രമാദിത്വം കൊണ്ടും ഒരു നാടിനെയും ജനതയെയും വരിഞ്ഞു മുറുക്കി ദേശീയോദ്ഗ്രഥനവും ഐക്യവും അഖണ്ഡതയും സാധ്യമാക്കിയെടുക്കാനാവുമോ? സ്നേഹം കൊണ്ടും സ്വാഭിമാനബോധം കൊണ്ടും സ്വാതന്ത്ര്യാവബോധം കൊണ്ടുമാണ് ഐക്യം ഊട്ടിയുറപ്പിക്കേണ്ടത്. കാശ്മീര്‍ നല്‍കുന്ന പാഠവും  മറ്റൊന്നല്ല. മൂന്നു മാസത്തോളം നീണ്ട ഇന്‍തിഫാദയെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാശ്മീര്‍ 'സാധാരണ' ജീവിതത്തിലേക്ക് തിരിച്ചു വന്നതായി റിപ്പോര്‍ട് ചെയ്യപ്പെട്ടു. എന്താണ് കാശ്മീരിനെ സംബന്ധിച്ചിടത്തോളം സാധാരണത്തം എന്ന നിര്‍ണായക ചോദ്യം ഈ വാര്‍ത്തയെ പ്രശ്നഭരിതമാക്കുന്നുമുണ്ട്. അതെന്തായാലും; ഇന്ത്യന്‍ ഭരണകൂടം, കാശ്മീരിലെ എല്ലാ അര്‍ത്ഥത്തിലുമുള്ള രാഷ്ട്രീയനേതൃത്വങ്ങള്‍, കാശ്മീരി സമൂഹം എന്നീ മൂന്നു സാമൂഹിക ശക്തികള്‍ എന്ത് നിലപാടാണ് ഇനിയുള്ള നാളുകളില്‍ സ്വീകരിക്കാന്‍ പോകുന്നത് എന്നതനുസരിച്ചാണ് ഇപ്പോഴുള്ള താല്‍ക്കാലികവും താരതമ്യേന ആശാവഹവുമായ സമാധാനവും സാധാരണത്വവും നിലനില്‍ക്കുമോ എന്നറിയാന്‍ കഴിയുകയുള്ളൂ.

ഇന്ത്യന്‍ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം, സാധാരണത്വം എന്നതിനര്‍ത്ഥം; അക്രമപ്രവര്‍ത്തനങ്ങളും വാര്‍ത്തകളും ഏറ്റവും കുറവോ ഇല്ലാതിരിക്കുകയോ ആയിട്ടുള്ള സ്ഥിതി കൈവരിക്കുക, പ്രതിഷേധങ്ങള്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിന് വിധേയമായിരിക്കുക എന്നാണ്. കാശ്മീരിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കാകട്ടെ, ഓരോരുത്തരും നിലയുറപ്പിച്ചിരിക്കുന്ന നിലപാടുതറകള്‍ക്കനുസരിച്ചാണ് സാധാരണത്വം വ്യാഖ്യാനിക്കപ്പെടുക. ഇന്ത്യന്‍ പൌരത്വം അംഗീകരിച്ചവരും അല്ലാത്തവരുമായ രാഷ്ട്രീയ സംഘടനകളാണ് കാശ്മീരിലുള്ളത് എന്നതിനാല്‍ ഇവരുടെ വീക്ഷണങ്ങളും അത്യന്തം വിഭിന്നമായ അവസ്ഥകളിലാണ് ഉള്ളത്. ഇന്ത്യന്‍ ഭരണഘടനക്കകത്തു നിന്നു കൊണ്ടുള്ള ജനാധിപത്യ സമ്പ്രദായം തുടരുക എന്നതു മുതല്‍ക്ക്, കാശ്മീരിന് സ്വാതന്ത്ര്യം(ആസാദി) വേണമെന്നും, പാക്കിസ്ഥാനില്‍ ലയിപ്പിക്കണമെന്നും ആവശ്യമുന്നയിക്കുന്ന വിവിധ സംഘടനകളാണ് കാശ്മീരില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരെല്ലാവരെയും ഉള്‍ക്കൊണ്ടു കൊണ്ടുള്ളതും അര്‍ത്ഥവത്തായതുമായ സംവാദങ്ങളും സംഭാഷണങ്ങളും നിരന്തരമായി തുടരാവുന്ന വിധത്തില്‍ അടിയന്തിരമായി ആരംഭിക്കുക എന്നതാണ് പോംവഴിയിലേക്കുള്ള പാത എന്ന് ഇന്ത്യന്‍ ഇടതുപക്ഷമടക്കമുള്ള നിരവധി ജനാധിപത്യവാദികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ്, ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ നേതൃത്വത്തില്‍ കാശ്മീര്‍ സന്ദര്‍ശിച്ച സര്‍വകക്ഷി സംഘത്തിന്റെ അഭിസംബോധന കേള്‍ക്കാന്‍ വരാതിരുന്ന സംഘടനകളുടെ സവിധത്തില്‍ പോയി സംസാരിക്കാന്‍ ഈ കക്ഷി നേതാക്കള്‍ തയ്യാറായത്. സെപ്തംബര്‍ 20ന് ശ്രീനഗറിലെ ഷെര്‍ ഇ കാശ്മീര്‍ അന്താരാഷ്ട്ര സമ്മേളന കേന്ദ്രത്തില്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ടി, ബി ജെ പി, സി പി ഐ(എം) എന്നീ പാര്‍ടികളുടെ പ്രതിനിധികളാണ് മുഖ്യമായും പങ്കെടുത്തത്. 'വിഘടനവാദികള്‍' എന്നാക്ഷേപിക്കപ്പെടുന്ന വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന വലിയൊരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ നിന്ന് വിട്ടു നിന്നു. അപ്പോഴെന്താണ് സംഭവിക്കുക. ഇപ്രകാരം വിട്ടുനിന്നവരെ അപലപിച്ചുകൊണ്ട് ഒരു പ്രമേയവും പാസാക്കി ചിദംബരം മുതല്‍ സുഷമാ സ്വരാജ് വരെയുള്ള നേതാക്കള്‍ തിരിച്ച് ദില്ലിയിലേക്ക് വിമാനം കയറുക! കാര്യം ശുഭം.

എന്നാല്‍, അതല്ല സംഭവിച്ചത്. സി പി ഐ(എം) നേതാവ് സീതാറാം യെച്ചൂരിയും അകാലിദള്‍ നേതാവ് രത്തന്‍ സിംഗ് അജ്നാലയും ഡി എം കെ നേതാവ് ടി ആര്‍ ബാലുവും ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടു സംസാരിച്ചു. ഇതേ മട്ടില്‍, സി പി ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്തയും മറ്റു ചില നേതാക്കളും ചേര്‍ന്ന് ഓള്‍ പാര്‍ടി ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മിര്‍വൈസ് ഉമര്‍ ഫാറൂഖിനെയും, രാം വിലാസ് പാസ്വാന്‍ അടക്കമുള്ള നേതാക്കള്‍ ജെ കെ എല്‍ എഫ് ചെയര്‍മാന്‍ യാസിന്‍ മാലിക്കിനെയും സന്ദര്‍ശിച്ചു. അന്യഥാ വ്യര്‍ത്ഥമായിപ്പോകുമായിരുന്ന സര്‍വകക്ഷി സന്ദര്‍ശനം ഈ പ്രത്യേക നീക്കത്തിലൂടെ കൂടുതല്‍ അര്‍ത്ഥവത്താകുകയും ജനാധിപത്യവാദികളില്‍ പ്രതീക്ഷ ജനിപ്പിക്കുകയും ചെയ്തു. പ്രത്യേക സൈനികാധികാര നിയമം(എ എഫ് എസ് പി എ) റദ്ദാക്കണമെന്ന ആവശ്യമാണ് സമരം ചെയ്തു വരുന്ന കാശ്മീരി ജനത ആവശ്യപ്പെട്ടിരുന്നത്. അതിനോട് കേന്ദ്ര മന്ത്രിസഭയിലെയും ഭരണകക്ഷിയിലെയും ഒരു പ്രബല വിഭാഗം അനുഭാവം പ്രകടിപ്പിക്കുകയും ചെയ്തതായി പത്ര റിപ്പോര്‍ടുകള്‍ സൂചന തന്നിരുന്നു. എന്നാല്‍ ആ നിര്‍ണായക ആവശ്യം നടപ്പിലാക്കാനുള്ള ചങ്കൂറ്റം ആ ഘട്ടത്തില്‍ കേന്ദ്ര ഭരണകൂടം പ്രകടിപ്പിച്ചില്ല. അതിനു പകരമാണ് സര്‍വകക്ഷി സംഘത്തിന്റെ സന്ദര്‍ശനം പ്രഖ്യാപിച്ചത്. അതിനോട് ഹുറിയത് കോണ്‍ഫറന്‍സും ജെ കെ എല്‍ എഫും സഹകരിച്ചില്ലെങ്കില്‍ പിന്നെന്തു പ്രയോജനം? ആ ഘട്ടത്തിലാണ് കോണ്‍ഗ്രസും ബി ജെ പിയും ഒഴിച്ചുള്ള കക്ഷിനേതാക്കള്‍ അവരെ പോയി കണ്ടത്. ഇത് സമാധാനപ്രക്രിയ വേഗത്തിലാക്കുമെന്ന പ്രതീതിയെങ്കിലും ജനിപ്പിക്കുന്നതിനുതകി. സര്‍വകക്ഷി സന്ദര്‍ശനത്തിനു ശേഷം പ്രഖ്യാപിച്ച എട്ടിന പരിപാടിയും സംഘര്‍ഷം ലഘൂകരിക്കുന്നതിനുതകുന്ന ദിശാബോധത്തോടെയുള്ളതായിരുന്നു. അതുകൊണ്ടു തന്നെയാണ് ഈ സന്ദര്‍ശനത്തിനു ശേഷം കാശ്മീരില്‍ അനിഷ്ട സംഭവങ്ങള്‍ ഏറെക്കൂറെ ഇല്ലാതെ പോയതും.

കാശ്മീരിലെ സാധാരണക്കാര്‍ ഇന്നനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്നമെന്താണെന്ന കേവല ധാരണയെങ്കിലുമുണ്ടെങ്കില്‍ മാത്രമേ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് കാശ്മീര്‍ പ്രശ്നത്തോട് വസ്തുനിഷ്ഠമായ സമീപനം രൂപപ്പെടുത്താന്‍ കഴിയുകയുള്ളൂ. ഓരോ അമ്പതു മീറ്റര്‍ ദൂരം പിന്നിടുമ്പോഴും ആട്ടോമാറ്റിക്ക് ആയുധവും ഏന്തി നില്‍ക്കുന്ന ഒരു കാക്കി ധാരിയുടെ സുരക്ഷാ ചോദ്യം ചെയ്യലിനു വിധേയമായി വേണം കാശ്മീരിലെ ഏതു സാധാരണക്കാരനും പച്ചക്കറിയോ ഇറച്ചിയോ പലവ്യഞ്ജനങ്ങളോ വാങ്ങാനും, ഇലക്ട്രിസിറ്റി ബില്ലടക്കാനും, വെള്ളക്കരമടക്കാനും ജോലിക്കും വിദ്യാഭ്യാസത്തിനും വേണ്ടി യാത്ര ചെയ്യാനും. പരീക്ഷകള്‍ അനന്തമായി നീളുകയും ക്ളാസുകള്‍ മുടങ്ങുകയോ ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥകള്‍ പിന്നിട്ട് അവിടത്തെ യുവജനങ്ങള്‍ പുതിയ മത്സരാധിഷ്ഠിത സാഹചര്യത്തില്‍ എന്ത് ജോലി നേടാനാണ്? അവര്‍ ഇന്ത്യന്‍ പൌരന്‍ എന്ന് ഫോറത്തില്‍ പൂരിപ്പിച്ച് ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ ജോലിക്കപേക്ഷിക്കുമ്പോള്‍ എന്തു തരം സമീപനത്തിലൂടെയായിരിക്കും അവര്‍ കടന്നു പോകുക എന്ന് ആലോചിച്ചു നോക്കിയാലറിയാം. അതിക്രൂരമായ ബലാത്സംഗത്തിനും കൊലക്കും വിധേയരായ ആസിയയുടെയും നിലോഫറിന്റെയും പിച്ചിച്ചീന്തപ്പെട്ട ശവശരീരങ്ങള്‍ ഷോപ്പിയാനിലെ ആപ്പിള്‍ മരങ്ങള്‍ക്കിടയിലെ നീരൊഴുക്കിനു സമീപം അനാഥമായിക്കിടന്നപ്പോള്‍, അതിനുത്തരവാദികളായവര്‍ ഇനിയും പിടിക്കപ്പെടുകയോ തിരിച്ചറിയപ്പെടുകയോ പോലും ചെയ്തിട്ടില്ല എന്നത് ഏതു തരം 'നീതിന്യായ'ത്തെയാണ് സൂചിപ്പിക്കുന്നത്? കര്‍ഫ്യൂ രാത്രികളുടെയും ഏറ്റുമുട്ടല്‍ കൊലകളുടെയും ഖെറ്റോവത്ക്കരണങ്ങളുടെയും ചുഴലികളില്‍ നിന്ന് രക്ഷപ്പെടാനാകുമ്പോള്‍ മാത്രമേ കാശ്മീരിലെ സാധാരണക്കാര്‍ക്ക് തങ്ങള്‍ സാധാരണക്കാരാണെന്ന ബോധ്യമെങ്കിലും തിരിച്ചു കിട്ടുകയുള്ളൂ. കാശ്മീരി പണ്ഡിറ്റുകള്‍ക്ക് സാധാരണത്വം എന്നാല്‍ തങ്ങളുടെ ജ•ഗ്രാമത്തിലേക്ക് തിരിച്ചു പോകാന്‍ കഴിയുമ്പോഴാണ്. കച്ചവടക്കാര്‍ക്കാകട്ടെ മുസാഫറാബാദിലേക്ക് പോയി സാധനങ്ങള്‍ മൊത്തമായി വാങ്ങാനും വില്‍ക്കാനും കഴിയുന്നതിനെയാണ് സാധാരണത്വം എന്നു പറയുക. അതായത്, സ്വാതന്ത്യ്രം, സ്വാശ്രയത്വം, ഇസ്ളാമികവത്ക്കരണം, ജിഹാദ്, കാശ്മീരിയത്ത് തുടങ്ങിയ പദങ്ങള്‍ക്ക് കാശ്മീരികള്‍ക്കിടയില്‍ പോലും അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളും വിഭിന്നമായി ചിതറുന്നു എന്നു ചുരുക്കം. പക്ഷെ, കഴിഞ്ഞ ആറു മാസങ്ങളിലുണ്ടായ കല്ലെറിയല്‍ പ്രക്ഷോഭകാരികളുടെ മനോഭാവം പരിശോധിച്ചാല്‍; അന്യവത്ക്കരണം, സുരക്ഷാ ഭട•ാരോടുള്ള വിദ്വേഷം എന്നീ കാര്യങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ ഒരു ഐക്യം രൂപപ്പെട്ടിട്ടുണ്ടെന്നും അതാണ് ഇന്നത്തെ കാശ്മീര്‍ യാഥാര്‍ത്ഥ്യത്തിന്റെ രത്നച്ചുരുക്കം എന്നും ബോധ്യപ്പെടും.

ഈ യാഥാര്‍ത്ഥ്യത്തെ സര്‍ഗാത്മക-പ്രക്ഷോഭകരമായി വീക്ഷിക്കാനാണ് അരുന്ധതി റോയ് ശ്രമിച്ചത്. അവരുടെ വാചകങ്ങളെ അതേപടി പിന്തുടരാനോ പിന്തുണക്കാനോ അല്ല ഈ കുറിപ്പില്‍ ശ്രമിക്കുന്നത്. പക്ഷെ, കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നില്ല എന്ന് ഒരര്‍ത്ഥത്തില്‍ പ്രകോപനകരമായ പ്രസ്താവനയിലൂടെ യാഥാര്‍ത്ഥ്യത്തിലേക്ക് കണ്‍ തുറക്കാന്‍ മുഴുവന്‍ ഇന്ത്യക്കാരെയും ലോകരെയും പ്രേരിപ്പിക്കുന്ന ഇടപെടലാണ് അരുന്ധതി നടത്തിയത് എന്നതാണ് വാസ്തവം. ചരിത്രം മറന്നതുകൊണ്ട് ഇല്ലാതാകുകയില്ല. അവരുടെ വീട്ടിലേക്ക് അക്രമവുമായി ഇടിച്ചുകയറിയ സംഘപരിവാറിനേക്കാള്‍ ഔചിത്യപൂര്‍ണമായ നടപടിയാണ് രാജ്യദ്രോഹക്കേസെടുക്കേണ്ടെന്ന കോണ്‍ഗ്രസിന്റെ തീരുമാനം എന്നതും കാണാതിരിക്കുന്നില്ല.

കാശ്മീരിന് സൈനിക പരിഹാരമല്ല, രാഷ്ട്രീയ പരിഹാരമാണ് വേണ്ടത് എന്ന വസ്തുതയിലേക്ക് ഇന്ത്യന്‍ ഭരണകൂടവും പ്രതിപക്ഷങ്ങളും യോജിച്ചു കണ്‍തുറക്കുകയാണ് ഇനി വേണ്ടത്. എന്നാല്‍, മാധ്യമ പ്രവര്‍ത്തകനായ ദിലീപ് പദ്ഗാവ്ങ്കര്‍, അധ്യാപകനായ രാധാകുമാര്‍, ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ എം എം അന്‍സാരി എന്നിങ്ങനെ രാഷ്ട്രീയേതര പരിശുദ്ധാത്മാക്കളുടെ ഒരു സംഘത്തെയാണ് മന്‍മോഹന്‍ സിംഗ് മധ്യസ്ഥരായി നിയോഗിച്ചിരിക്കുന്നത് എന്നത് പ്രശ്നത്തോട് ഗൌരവവും കാലികവുമായ സമീപനം രൂപപ്പെടുത്താന്‍ കേന്ദ്രത്തിന് സാധിക്കുന്നില്ല എന്നതിന്റെ തെളിവായി നിരീക്ഷിക്കപ്പെട്ടു കഴിഞ്ഞു. സര്‍വകക്ഷികളിലും പെട്ട രാഷ്ട്രീയക്കാരുടെ ഒരു പ്രതിനിധി സംഘത്തെയാണ് മധ്യസ്ഥരായി നിയോഗിക്കേണ്ടത് എന്ന യാഥാര്‍ത്ഥ്യം പോലും കാണാതിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രശ്നപരിഹാരത്തിനായി ആത്മാര്‍ത്ഥ സമീപനം എടുക്കുമെന്ന് വിശ്വസിക്കാന്‍ ഈ ഘട്ടത്തില്‍ സാധിക്കുന്നില്ല.

*
ജി. പി. രാമചന്ദ്രന്‍

1 comment:

  1. തന്ത്രപ്രധാന വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മില്‍ നാലാംവട്ട ചര്‍ച്ച നടന്നു. കശ്മീരികള്‍ക്ക് ചൈന വിസ നല്‍കുന്നതുമുതല്‍ യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയബാവോ അടുത്ത മാസം നടത്തുന്ന ഇന്ത്യ സന്ദര്‍ശനത്തിന് മുന്നൊരുക്കംകൂടിയായിരുന്നു ചര്‍ച്ച. വിദേശ സെക്രട്ടറി നിരുപമ റാവുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ചൈനീസ് ഉപവിദേശമന്ത്രി ചാങ് സിജുനുമായാണ് ചര്‍ച്ച നടത്തിയത്.

    ReplyDelete