Sunday, November 14, 2010

മാധ്യമങ്ങളുടെ കണ്‍കെട്ടുവിദ്യ

ലാവ്ലിന്‍വിഷയം ആവര്‍ത്തനവിരസതയുള്ളതാണെങ്കിലും മൃതപ്രായമായ അതിന് നവജീവന്‍ നല്‍കാന്‍ കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ ആവശ്യാനുസരണം പല പ്രയോഗവും നടത്തിവരുന്നുണ്ട്. അത് ഒരുതരം കണ്‍കെട്ടുവിദ്യയാണ്. കേന്ദ്രം ഭരിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ അഴിമതിയുടെ ആഴക്കടലില്‍ മുങ്ങിത്താഴുമ്പോള്‍ രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ കാലിട്ടടിക്കുന്നതാണ് നാം കാണുന്നത്. 2ജി സ്പെക്ട്രം അഴിമതിയില്‍ 1.76 ലക്ഷം കോടി രൂപ കേന്ദ്ര ഖജനാവിന് നഷ്ടംവന്നതായാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ കണ്ടെത്തിയത്. ഇത്രയും ഭീമമായ തുക നഷ്ടംവരുത്തുന്നതിന് ഉത്തരവാദിയായ കേന്ദ്ര ടെലികോംമന്ത്രി മന്ത്രിസഭയില്‍ തുടരുന്നതില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പിലുണ്ടായ ലജ്ജാകരമായ അഴിമതിയുടെപേരില്‍ കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡിക്ക് സ്ഥാനം നഷ്ടപ്പെട്ടു. മറ്റൊരു പ്രതിയായ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് തല്‍ക്കാലം രക്ഷപ്പെട്ടുനില്‍ക്കുകയാണ്. കാര്‍ഗില്‍ യുദ്ധഭടന്മാര്‍ക്ക് ഫ്ളാറ്റ് നിര്‍മിച്ചതിന്റെ പേരിലുള്ള അഴിമതിയുടെ പേരില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ രാജിവച്ചൊഴിയാന്‍ നിര്‍ബന്ധിതനായി. ചവാന്റെ മന്ത്രിസഭയിലെ റവന്യൂമന്ത്രി റാണയും അഴിമതിയില്‍ പങ്കാളിയാണെന്ന് വന്നിരിക്കുന്നു. ഇരുമ്പയിര് ഖനനവുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന അഴിമതി വേറെയുമുണ്ട്. കേരളത്തില്‍നിന്നുള്ള മന്ത്രിയായിരുന്ന ശശി തരൂര്‍ രാജിവച്ചൊഴിയേണ്ടിവന്നത് ഐപിഎല്‍ അഴിമതിയുടെ പേരിലാണ്.

രണ്ടാം യുപിഎ സര്‍ക്കാരിനെ മൂടിയിരിക്കുന്ന ഈ അഴിമതിക്കൂമ്പാരത്തിന്റെ ദുര്‍ഗന്ധം മറച്ചുപിടിക്കാനാണ് ഇപ്പോള്‍ വീണ്ടും ലാവ്ലിന്‍ കേസില്‍ ഹാജരായ ഒരു വക്കീലിന്റെ ബാലിശമായ വാദം ലീഡ് വാര്‍ത്തയായി മലയാളമനോരമ അച്ചടിച്ചുവിട്ടത്. മാതൃഭൂമിയും വളരെ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയിട്ടുണ്ട്. സിബിഐക്കുവേണ്ടി ഹാജരായ വക്കീലിന്റെ വാദഗതിയില്‍ കഴമ്പില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് വലതുപക്ഷ മാധ്യമങ്ങള്‍ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. സിബിഐക്കുവേണ്ടി വക്കീല്‍ പറഞ്ഞത് പിണറായി വിജയനെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കാതിരുന്ന മന്ത്രിസഭയുടെ തീരുമാനം ജനാധിപത്യവിരുദ്ധവും പക്ഷപാതപരവുമാണെന്നാണ്. സത്യസന്ധമായും നിഷ്പക്ഷമായും വിലയിരുത്തുകയാണെങ്കില്‍,കേരള ഗവര്‍ണറുടെ നടപടിയെയാണ് ജനാധിപത്യവിരുദ്ധവും പക്ഷപാതപരവും രാഷ്ട്രീയപ്രേരിതവുമെന്ന് വിളിക്കാനാവുക. ലാവ്ലിന്‍ കേസിന്റെ ചരിത്രം എല്ലാവര്‍ക്കും അറിയാവുന്നതാണ്.

1995ലും 1996 ഫെബ്രുവരിയിലുമാണ് പള്ളിവാസല്‍, പന്നിയാര്‍, ശെങ്കുളം ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിന് കനഡയിലെ ലാവ്ലിന്‍ കമ്പനിയെ കണ്ടെത്തിയതും ധാരണാപത്രം ഒപ്പിട്ടതും കരാറൊപ്പിട്ടതും. യുഡിഎഫ് സര്‍ക്കാരിന്റെ കാലമാണത്. കോണ്‍ഗ്രസ് നേതാവ് കാര്‍ത്തികേയനായിരുന്നു ബന്ധപ്പെട്ട മന്ത്രി. അതിന്റെ തുടര്‍ച്ചയായുള്ള അന്തിമകരാറിലാണ് പിണറായി വിജയന്റെകാലത്ത് ഒപ്പിട്ടത്. രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ കേസ് കെട്ടിച്ചമച്ചപ്പോള്‍, കാര്‍ത്തികേയനെ സിബിഐ ഒഴിവാക്കി. കാര്‍ത്തികേയന്റെ പങ്ക് അന്വേഷിക്കണമെന്ന് പ്രത്യേക കോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയിട്ട് ഒന്നരവര്‍ഷമായി. അന്വേഷണഗതിയെന്തെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കുന്നില്ല. അതാണ് ലാവ്ലിന്‍ വിഷയത്തിലെ രാഷ്ട്രീയവശം. യുഡിഎഫ് ഭരണകാലത്താണ് ലാവ്ലിന്‍ കേസ് അന്വേഷിക്കാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തിയത്. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്രവര്‍മ അന്വേഷണറിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് നല്‍കിയതാണ്. കേസ് തൃശൂരിലെ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. അന്വേഷണറിപ്പോര്‍ട്ടില്‍ പിണറായി വിജയനെ പ്രതിയാക്കാത്തതില്‍ ക്ഷുഭിതനായാണ് ഉമ്മന്‍ചാണ്ടി ഉപേന്ദ്രവര്‍മയെ ഡയറക്ടര്‍സ്ഥാനത്തുനിന്ന് മാറ്റിയത്. തെരഞ്ഞെടുപ്പു കമീഷന്‍ ഇടപെട്ടാണ് വീണ്ടും ഡയറക്ടര്‍സ്ഥാനത്ത് നിയമിച്ചത്.

രാഷ്ട്രീയലക്ഷ്യത്തോടെയാണ് വീണ്ടും കേസ് സിബിഐ അന്വേഷണത്തിന് വിട്ടത്. സിബിഐ തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരുടെ ഇംഗിതത്തിനനുസരിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് നല്‍കി; പ്രോസിക്യൂഷന്‍ അനുമതിക്കായി ആവശ്യമുന്നയിച്ചു. അക്കാര്യം ചര്‍ച്ചചെയ്ത കേരള മന്ത്രിസഭ നിയമാനുസരണം അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിനായി അയച്ചുകൊടുത്തു. അഡ്വക്കറ്റ് ജനറല്‍ റിപ്പോര്‍ട്ട് സൂക്ഷ്മമായി പഠിച്ച് സര്‍ക്കാരിന് നിയമോപദേശം നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടതില്ലെന്ന് സ്വതന്ത്രമായും നിഷ്പക്ഷമായും തീരുമാനമെടുക്കുകയാണ് മന്ത്രിസഭ ചെയ്തത്. കേന്ദ്ര- സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ രാഷ്ട്രീയലക്ഷ്യം നേടുന്നതിന് സഹായം നല്‍കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടായിരിക്കാം. എന്നാല്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നീതി നിഷേധിക്കണമെന്ന് കേരളത്തിലെ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക് താല്‍പ്പര്യമില്ല. ലാവ്ലിന്‍ കമ്പനിയുമായി ധാരണാപത്രവും കരാറും ഒപ്പിട്ടകാലത്തെ വൈദ്യുതിമന്ത്രി കാര്‍ത്തികേയനെ ഒഴിവാക്കുകയും അന്തിമകരാറില്‍ ഒപ്പിട്ട പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തത് നഗ്നമായ രാഷ്ട്രീയ വിവേചനമാണെന്ന് സിബിഐ കോടതിക്ക് പ്രഥമദൃഷ്ട്യാ തോന്നിയത് മാധ്യമങ്ങള്‍ക്ക് കണ്‍കെട്ടുവിദ്യകൊണ്ട് മറച്ചുപിടിക്കാന്‍ കഴിയുകയില്ലല്ലോ.

കേരളത്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുത്ത നിയമസഭയും മന്ത്രിസഭയുമുണ്ട്. മന്ത്രിസഭയുടെ ജനാധിപത്യപരമായ തീരുമാനം തിരസ്കരിച്ച് ഗവര്‍ണര്‍ നിയമവിരുദ്ധമായി, സ്വേച്ഛാധിപത്യപരമായി പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതാണ് ജനാധിപത്യവിരുദ്ധവും പക്ഷപാതപരവുമായ നടപടി. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം സ്വീകാര്യമല്ലെന്നുവന്നാല്‍ അറ്റോര്‍ണി ജനറലിന്റെയോ സോളിസിറ്റര്‍ ജനറലിന്റെയോ നിയമോപദേശം തേടാതെ സ്വന്തമായി ഒരു റിട്ടയേര്‍ഡ് ജഡ്ജിയെ തെരഞ്ഞുപിടിച്ച് നിയമോപദേശം തേടിയത് സദുദ്ദേശ്യത്തോടെയാണെന്ന് സ്ഥാപിക്കാന്‍ കഴിയില്ല. ഗവര്‍ണറുടെമേല്‍ കടുത്ത രാഷ്ട്രീയസമ്മര്‍ദമുണ്ടായിരുന്നുവെന്നത് രഹസ്യമല്ല. ഇതൊക്കെ മറച്ച് സിബിഐ മേധാവികളുടെ ജനാധിപത്യബോധവും നിഷ്പക്ഷതയും പൊക്കിപ്പിടിക്കുന്ന കണ്‍കെട്ടുവിദ്യ യുപിഎ സര്‍ക്കാരിന്റെ അഴിമതിക്ക് മറയാക്കാമെന്നു കരുതേണ്ടതില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് അപവാദപ്രചാരണം ആവര്‍ത്തിക്കുന്നതെങ്കില്‍, അത് തിരിച്ചറിയാനുള്ള കഴിവ് ഉല്‍ബുദ്ധതയുള്ള കേരളീയര്‍ക്കുണ്ടെന്ന് മാധ്യമ സിന്‍ഡിക്കറ്റ് മനസ്സിലാക്കുമെങ്കില്‍ നല്ലതാണ്.

ദേശാഭിമാനി മുഖപ്രസംഗം 131110

1 comment:

  1. ലാവ്ലിന്‍വിഷയം ആവര്‍ത്തനവിരസതയുള്ളതാണെങ്കിലും മൃതപ്രായമായ അതിന് നവജീവന്‍ നല്‍കാന്‍ കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ ആവശ്യാനുസരണം പല പ്രയോഗവും നടത്തിവരുന്നുണ്ട്. അത് ഒരുതരം കണ്‍കെട്ടുവിദ്യയാണ്. കേന്ദ്രം ഭരിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ അഴിമതിയുടെ ആഴക്കടലില്‍ മുങ്ങിത്താഴുമ്പോള്‍ രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ കാലിട്ടടിക്കുന്നതാണ് നാം കാണുന്നത്. 2ജി സ്പെക്ട്രം അഴിമതിയില്‍ 1.76 ലക്ഷം കോടി രൂപ കേന്ദ്ര ഖജനാവിന് നഷ്ടംവന്നതായാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ കണ്ടെത്തിയത്. ഇത്രയും ഭീമമായ തുക നഷ്ടംവരുത്തുന്നതിന് ഉത്തരവാദിയായ കേന്ദ്ര ടെലികോംമന്ത്രി മന്ത്രിസഭയില്‍ തുടരുന്നതില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പിലുണ്ടായ ലജ്ജാകരമായ അഴിമതിയുടെപേരില്‍ കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡിക്ക് സ്ഥാനം നഷ്ടപ്പെട്ടു. മറ്റൊരു പ്രതിയായ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് തല്‍ക്കാലം രക്ഷപ്പെട്ടുനില്‍ക്കുകയാണ്. കാര്‍ഗില്‍ യുദ്ധഭടന്മാര്‍ക്ക് ഫ്ളാറ്റ് നിര്‍മിച്ചതിന്റെ പേരിലുള്ള അഴിമതിയുടെ പേരില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ രാജിവച്ചൊഴിയാന്‍ നിര്‍ബന്ധിതനായി. ചവാന്റെ മന്ത്രിസഭയിലെ റവന്യൂമന്ത്രി റാണയും അഴിമതിയില്‍ പങ്കാളിയാണെന്ന് വന്നിരിക്കുന്നു. ഇരുമ്പയിര് ഖനനവുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന അഴിമതി വേറെയുമുണ്ട്. കേരളത്തില്‍നിന്നുള്ള മന്ത്രിയായിരുന്ന ശശി തരൂര്‍ രാജിവച്ചൊഴിയേണ്ടിവന്നത് ഐപിഎല്‍ അഴിമതിയുടെ പേരിലാണ്

    ReplyDelete