Saturday, November 13, 2010

വര്‍ഗീസ് വധത്തിനു പിന്നിലെ രാഷ്ട്രീയം

നക്സലൈറ്റ് നേതാവ് വര്‍ഗീസ് കൊല്ലപ്പെട്ട് 40 വര്‍ഷത്തിനുശേഷം നിഷ്ഠൂരമായ ആ കൊലപാതകത്തിന് ഉത്തരവാദികളായവരില്‍ ഒരാള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. തിരുനെല്ലി, തൃശ്ശിലേരി നക്സലൈറ്റ് ആക്രമണക്കേസ് അന്വേഷണോദ്യോഗസ്ഥനായ അന്നത്തെ തലശ്ശേരി ഡിവൈഎസ്പി കെ ലക്ഷ്മണയാണ് ശിക്ഷിക്കപ്പെട്ടത്. കേസിലെ മറ്റൊരു പ്രതിയായ അന്നത്തെ കണ്ണൂര്‍ പോലീസ് സൂപ്രണ്ട് പി വിജയനെ സംശയാതീതമായ തെളിവുകളില്ലെന്ന പേരില്‍ കോടതി വെറുതെ വിടുകയും ചെയ്തു. ലക്ഷ്മണയുടെ ആജ്ഞാനുസരണം വര്‍ഗീസിനെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെച്ച് കൊല്ലാന്‍ നിര്‍ബന്ധിതനായ രാമചന്ദ്രന്‍നായര്‍ എന്ന കോണ്‍സ്റ്റബിളിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് 12 വര്‍ഷം മുമ്പ് സിബിഐ കേസ് അന്വേഷണം ആരംഭിച്ചത്.

    1970 ഫെബ്രുവരി 18നാണ് തിരുനെല്ലി കാട്ടില്‍ വെച്ച് വര്‍ഗീസ് കൊല്ലപ്പെട്ടത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വര്‍ഗീസ് കൊല്ലപ്പെട്ടതായാണ് അന്ന് പ്രചരിപ്പിക്കപ്പെട്ടത്. പോലീസിന്റെ, സര്‍ക്കാരിന്റെയും, ഈ ഭാഷ്യം വെള്ളം തൊടാതെ വെട്ടിവിഴുങ്ങുകയും പൊടിപ്പും തൊങ്ങലുംവെച്ച് ദൃക്സാക്ഷി വിവരണംപോലെ കള്ളക്കഥകള്‍ മെനഞ്ഞെടുത്ത് പ്രചരിപ്പിക്കുകയുമായിരുന്നു മുഖ്യധാരാ മാധ്യമങ്ങള്‍. 'മലയാള മനോരമ' ആകട്ടെ, പോലീസും വര്‍ഗീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലിന്റെ ദൃക്സാക്ഷി വിവരണം തന്നെ നടത്തിയിരുന്നു; വര്‍ഗീസിന്റെ നാടന്‍ തോക്കില്‍ നിന്നുള്ള വെടിയുണ്ടയുടെ ശബ്ദം തന്നെ വായനക്കാരെ കേള്‍പ്പിച്ചിരുന്നു.

    എന്നാല്‍, അന്ന്, 1970 ഫെബ്രുവരി 20നു തന്നെ 'ദേശാഭിമാനി' മാത്രമാണ് വര്‍ഗീസ് പോലീസ് കസ്റ്റഡിയില്‍വെച്ച് വെടിവെച്ച് കൊല്ലപ്പെടുകയായിരുന്നു എന്ന സത്യം ലോകത്തോട് വിളിച്ചു പറഞ്ഞത്. തൊട്ടടുത്ത ദിവസം തന്നെ, അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഇ എം എസ് തിരുനെല്ലി സന്ദര്‍ശിക്കുകയും അടുത്ത ദിവസം നിയമസഭയില്‍ ഇത് സംബന്ധിച്ച് ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് ഭരണാധികാരികളും മനോരമാദി മാധ്യമങ്ങളും ദേശാഭിമാനിയെയും ഇ എം എസിനെയും സിപിഐ എമ്മിനെയും നക്സലൈറ്റ് അക്രമങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നവരായി ചിത്രീകരിച്ച് അപഹസിക്കുകയാണുണ്ടായത്. "കേരളം : ഇന്നലെ, ഇന്ന്, നാളെ'' എന്ന പുസ്തകത്തില്‍ ഇ എം എസ് പഴശ്ശി സമരങ്ങളെക്കുറിച്ച് എഴുതിയതാണ് വയനാട്ടില്‍ "അക്രമങ്ങള്‍ അഴിച്ചുവിടാന്‍'' നക്സലൈറ്റുകള്‍ക്ക് പ്രചോദനമായത് എന്നു പോലും എഴുതിവിടാന്‍ മനോരമ മറന്നില്ല. ഇന്ന് 'അടിയോരുടെ പെരുമന്‍' എന്ന് വിശേഷിപ്പിച്ച് വര്‍ഗീസിനെ വാഴ്ത്തുന്ന 'മലയാള മനോരമ', അന്ന് അദ്ദേഹത്തെ കൊടും ഭീകരനും കൊലയാളിയും സാമൂഹ്യവിരുദ്ധനുമെല്ലാമായി കടുത്ത ചായത്തിലാണ് ചിത്രീകരിച്ചത്. ദൃക്സാക്ഷി വിവരണം എന്ന പേരില്‍ പച്ചക്കള്ളം എഴുതിവിട്ട മനോരമ ഇപ്പോഴെങ്കിലും കേരളീയ സമൂഹത്തോട് ക്ഷമാപണം നടത്തേണ്ടതാണ്.

    ഇപ്പോള്‍ സിബിഐ, കേസന്വേഷണത്തെ ലക്ഷ്മണ എന്ന പോലീസ് ഉദ്യോഗസ്ഥനില്‍ പരിമിതപ്പെടുത്തുകയും കോടതി ആ പരിമിത വൃത്തത്തിനുള്ളില്‍നിന്ന് വിധിന്യായം പുറപ്പെടുവിക്കുകയുമാണ് ചെയ്തിരിക്കുന്നത്. 1969-77 കാലഘട്ടത്തില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ കിങ്കരന്മാരായി കേരളമാകെ അഴിഞ്ഞാടിയ ക്രൂരതയുടെ ആള്‍രൂപങ്ങളായി അറിയപ്പെട്ടിരുന്ന പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ മാത്രമാണ് ലക്ഷ്മണ. ലക്ഷ്മണയും വിജയനും ജയറാം പടിക്കലും മധുസൂദനനും അടങ്ങുന്ന ഈ പോലീസ് മേധാവികളെയാണ് ആ കാലത്ത് ബഹുജനപ്രസ്ഥാനങ്ങളെയും ബഹുജനസമരങ്ങളെയും തങ്ങളുടെ രാഷ്ട്രീയ എതിരാളികളെയും അടിച്ചമര്‍ത്താന്‍ ഭരണാധികാരികള്‍ കയറൂരി വിട്ടത്. വര്‍ഗീസ് വധ കാലഘട്ടത്തില്‍ ആഭ്യന്തര മന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ് കോയയുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടിരുന്ന പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു ലക്ഷ്മണ. വര്‍ഗീസ് വധത്തിന്റെ പ്രത്യുപകാരമെന്നോണം ആ സംഭവം കഴിഞ്ഞയുടന്‍ ലക്ഷ്മണയെ ജില്ലാ പോലീസ് സൂപ്രണ്ടായി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. മാത്രമല്ല, ആ കാലഘട്ടത്തില്‍ ആഭ്യന്തരമന്ത്രി മുഹമ്മദ് കോയ പറഞ്ഞത,് ഇപ്പോള്‍ പോലീസിന് 'ഉശിര്' തിരിയെ കിട്ടി എന്നാണ്. അങ്ങനെ ഭരണാധികാരികളുടെ അനുഗ്രഹാശിസ്സുകളോടെയും അറിവോടെയും ക്രിമിനല്‍ മാനസികാവസ്ഥയുള്ള ഒരു സംഘം പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ അരുംകൊലയാണ് വര്‍ഗീസിന്റേത്. അതുകൊണ്ടുതന്നെ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കിനെക്കുറിച്ച് വിചാരണ ചെയ്യപ്പെടേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമുണ്ട്.

    കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി കെ രാജന്‍ ഉള്‍പ്പെടെ നിരവധി പേരെ കൊന്നുതള്ളുകയും ഒട്ടേറെപ്പേരെ തല്ലിച്ചതച്ച് ജീവച്ഛവങ്ങളാക്കി ജയിലറയ്ക്കുള്ളില്‍ തള്ളുകയും ചെയ്ത അടിയന്തിരാവസ്ഥ കാലത്തിന്റെ തിരനോട്ടമായിരുന്നു വര്‍ഗീസ് വധം. മുഹമ്മദ് കോയക്കുശേഷം ആഭ്യന്തര മന്ത്രിയായ കെ കരുണാകരന്‍ കേരളത്തെയാകെ ഒരു കൊലയറയാക്കി മാറ്റിയിരുന്നുവെന്നത്, അടിയന്തിരാവസ്ഥയെ തുടര്‍ന്നുള്ള നാളുകളില്‍ വെളിപ്പെടുത്തപ്പെട്ട വസ്തുതയാണ്. രാജന്‍ വധക്കേസിലും മുഖ്യപ്രതികളില്‍ ഒരാളാണ് ലക്ഷ്മണ. രാജനെ കൊന്നത് ആരെന്നതും മൃതശരീരത്തെ എന്തു ചെയ്തുവെന്നതും ഇന്നും അജ്ഞാതമാണ്. ഈ അരുംകൊലകള്‍ ബോധപൂര്‍വം മറച്ചുവെയ്ക്കുകയും നിയമസഭയിലും കോടതിയിലും ഉള്‍പ്പെടെ പച്ചക്കള്ളം പറയുകയും ചെയ്ത രാഷ്ട്രീയ നേതൃത്വമാണ് ആ കാലഘട്ടത്തിലെ അതിക്രമങ്ങളുടെ എല്ലാം മുഖ്യപ്രതി. അടിയന്തിരാവസ്ഥക്കാലത്ത് നിയമസഭാംഗമായിരുന്ന പിണറായി വിജയനെ ലോക്കപ്പിലടച്ച് അതിക്രൂരമായി തല്ലിച്ചതയ്ക്കാന്‍ പുലിക്കോടന്‍ നാരായണനെപ്പോലെ (ഇയാളും രാജന്‍ വധക്കേസിലെ പ്രതിയാണ്) ഒരു പോലീസ് ഇന്‍സ്പെക്ടര്‍ക്ക് ധൈര്യവും 'ഉശിരും' ലഭിച്ചത്, സംസ്ഥാനം ഭരിച്ചിരുന്നവരുടെ സര്‍വാത്മനാ ഉള്ള ഒത്താശകൊണ്ടാണ്.

    കേരളത്തില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്ന ആദ്യത്തെയോ അവസാനത്തെയോ പൊതുപ്രവര്‍ത്തകനല്ല വര്‍ഗീസ്. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് വാഴ്ചക്കാലത്ത് കേരളത്തില്‍ അരങ്ങേറിയ നരനായാട്ടുകളില്‍ ഒന്നു മാത്രമാണ് വര്‍ഗീസ് വധം. അതുകൊണ്ടുതന്നെ രാഷ്ട്രീയ നേതൃത്വത്തെ പറ്റിയുള്ള ചര്‍ച്ച സി എച്ച് മുഹമ്മദ് കോയയിലും കെ കരുണാകരനിലും ഒതുങ്ങുന്നില്ല. അത് കോണ്‍ഗ്രസിനുനേരെയാണ് വിരല്‍ചൂണ്ടുന്നത്. കോണ്‍ഗ്രസിന്റെ പൈതൃകം പേറുന്ന യുഡിഎഫിലേക്കാണ് അത് വിരല്‍ചൂണ്ടുന്നത്.

    1949 മെയ് 13ന് അന്ന് കമ്യൂണിസ്റ്റ് നേതാവായിരുന്ന, കേരളത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുത്തവരില്‍ ഒരാളും ആദ്യമായി മലയാളത്തില്‍ കോണ്‍ഗ്രസ്സിന്റെ ചരിത്രം എഴുതിയ ആളുമായ മൊയ്യാരത്ത് ശങ്കരനെ കണ്ണൂര്‍ ലോക്കപ്പില്‍ ഇഞ്ചിഞ്ചായി തല്ലിച്ചതച്ചാണ് കൊലപ്പെടുത്തിയത്. കാക്കിയിട്ട പോലീസും ഖദര്‍ ധരിച്ച ഗുണ്ടാപ്പടയും ചേര്‍ന്നാണ് പൊതുനിരത്തിലൂടെ നടന്നുപോവുകയായിരുന്ന മൊയ്യാരത്തിനെ പട്ടാപ്പകല്‍ പിടിച്ചുകെട്ടി അടിച്ചും ഇടിച്ചും ഒരു പരുവത്തിലാക്കി ലോക്കപ്പില്‍ എത്തിച്ചത്. കര്‍ഷക - കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരായിരുന്ന കെ കെ രൈരു നമ്പ്യാരെയും കമ്മാട്ടുമ്മല്‍ കുട്ട്യാപ്പയെയും മഞ്ഞേരി ഗോപാലന്‍ നമ്പ്യാരെയും "കമ്യൂണിസ്റ്റ് പാര്‍ടി മൂര്‍ദാബാദ്'' എന്ന് വിളിക്കാന്‍ തയ്യാറാകാത്തതിന് റെ എന്ന ഇന്‍സ്പെക്ടര്‍ പാടിക്കുന്നില്‍ വെച്ച് വെടിവെച്ച് കൊന്നത് 1950 മെയ് 4നാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന രൈരു നമ്പ്യാരും കുട്ട്യാപ്പയും ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങിയതായി വ്യാജരേഖ ചമച്ച് പുറത്തിറക്കിയും കയരളം പോലീസ് ക്യാമ്പില്‍ മര്‍ദ്ദിച്ചവശനാക്കി ഇട്ടിരുന്ന ഗോപാലന്‍ നമ്പ്യാരെ അവിടന്നു കൊണ്ടുവന്നുമാണ് ഇന്‍സ്പെക്ടര്‍ റെ വെടിയുണ്ടയ്ക്ക് ഇരയാക്കിയത്. കോണ്‍ഗ്രസ്സുകാരനായ അന്നത്തെ മദിരാശി ആഭ്യന്തരമന്ത്രി കോഴിപ്പുറത്ത് മാധവമേനോന്‍ ഈ നിഷ്ഠുരമായ കൊലപാതകത്തെയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായാണ് വിശേഷിപ്പിച്ചത്.

    1950ല്‍ തന്നെയാണ് സേലം ജയിലില്‍ തടവിലായിരുന്ന കമ്യൂണുസ്റ്റുകാര്‍ തങ്ങള്‍ക്ക് രാഷ്ട്രീയ തടവുകാരെന്ന പരിഗണന നല്‍കണമെന്നാവശ്യപ്പെട്ടതിന്റെ പേരില്‍ ജയിലിനുള്ളില്‍വെച്ച് 22 സഖാക്കളെ വെടിവെച്ച് കൊന്നത്. അതിനും കാര്‍മ്മികത്വം വഹിച്ചത് കോണ്‍ഗ്രസ് നേതാവ് കോഴിപ്പുറത്ത് മാധവമോനോന്‍ തന്നെയാണ്.

    ഇതേ കാലഘട്ടത്തില്‍ തന്നെ തിരു-കൊച്ചി സംസ്ഥാനത്തെ കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി പരവൂര്‍ ടി കെ നാരായണപിള്ള, ശൂരനാട് സംഭവത്തെ തുടര്‍ന്ന് അവിടെ പാഞ്ഞെത്തി തെന്നല കുടുംബ മുറ്റത്ത് തമ്പടിച്ചിരുന്ന പോലീസ് സംഘത്തിന് നിര്‍ദ്ദേശം നല്‍കിയത് അടുത്ത പ്രഭാതത്തില്‍ ശൂരനാട് എന്ന പ്രദേശം പോലും ഉണ്ടാവരുതെന്നാണ്. പരവൂര്‍ ടി കെയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു അന്ന് പോലീസ് ശൂരനാട്ട് നരനായാട്ട് നടത്തിയത്. ചേര്‍ത്തല ലോക്കപ്പില്‍ മുഹമ്മ അയ്യപ്പനും ഇടപ്പള്ളി കേസില്‍ പ്രതികളാക്കപ്പെട്ട ജോസഫും കെ യു ദാസും അങ്ങനെ നിരവധി പേരാണ് അന്നത്തെ കോണ്‍ഗ്രസ് ഭരണകാലത്ത് ലോക്കപ്പുകള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടത്. അന്ന് മലബാറിലെയും തിരുകൊച്ചിയിലെയും ലോക്കപ്പ് മുറികളില്‍ ചോര തളംകെട്ടി നിന്നിരുന്നതായാണ് ആ കാലത്തെ പീഡനങ്ങളെ അതിജീവിച്ച് പിന്നീട് പുറത്തിറങ്ങിയ സമരനായകരില്‍ പലരും എഴുതിയിട്ടുള്ളത്.

    ഇതിന് അറുതി വന്നത് 1957ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തില്‍ എത്തിയതോടെയാണ്. ജന്മിമാരുടെയും മുതലാളിമാരുടെയും കാവല്‍നായ്ക്കളുടെ ജോലിയല്ല പോലീസിനുള്ളതെന്നും ധനികദരിദ്ര ഭേദമില്ലാതെ എല്ലാ പേര്‍ക്കും തുല്യനീതി ഉറപ്പാക്കേണ്ടതും നാട്ടില്‍ ക്രമസമാധാനം പാലിക്കേണ്ടതുമാണ് പോലീസിന്റെ ജോലിയെന്നും കേസന്വേഷണത്തിന് കസ്റ്റഡിയില്‍ എടുക്കുന്നവരെ ഭേദ്യം ചെയ്യാന്‍ പാടില്ലെന്നും കര്‍ക്കശമായ നിര്‍ദ്ദേശമാണ് ഇ എം എസ് സര്‍ക്കാര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. അതാണ് അന്നും പിന്നീട് 1967-69 കാലത്തും പോലീസിന്റെ വീര്യം കെടുത്തിയിരിക്കുന്നതായി കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മുറവിളി കൂട്ടിയത്. 1969ല്‍ ഇ എം എസ് സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടശേഷം കോണ്‍ഗ്രസ് പിന്തുണയോടെ അധികാരത്തിലെത്തിയ സര്‍ക്കാരും അതിന്റെ ആഭ്യന്തര മന്ത്രി മുഹമ്മദ് കോയയും പോലീസിന് വീര്യവും ഉശിരും പകര്‍ന്നതാണ് വര്‍ഗീസ് വധത്തില്‍ കലാശിച്ചത്.

    വര്‍ഗീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതാണെന്ന് അറിഞ്ഞിട്ടും അത് പുറം ലോകത്തെ അറിയിക്കാതെ സര്‍ക്കാര്‍ ഭാഷ്യം പ്രചരിപ്പിച്ചിരുന്ന മുന്‍ നക്സലൈറ്റുകളുടെ നിലപാടും സംശയാസ്പദമാണ്. അതും പൊതുസമൂഹം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. വലതുപക്ഷത്തെ സേവിക്കലാണ് ഇടതുപക്ഷ മുഖംമൂടി ധരിച്ച പലരുടെയും യഥാര്‍ത്ഥ ലക്ഷ്യമെന്നാണ് ഇത് വെളിവാക്കുന്നത്. വൈകി എങ്കിലും നീതി നടപ്പാക്കപ്പെട്ടു എന്നത് ഇനിയും ഇത്തരം നൃശംസതകള്‍ ഉണ്ടാകാതിരിക്കാന്‍ പാഠമാകേണ്ടതുമാണ്.

ജി വിജയകുമാര്‍ ചിന്ത വാരിക 121110

1 comment:

  1. നക്സലൈറ്റ് നേതാവ് വര്‍ഗീസ് കൊല്ലപ്പെട്ട് 40 വര്‍ഷത്തിനുശേഷം നിഷ്ഠൂരമായ ആ കൊലപാതകത്തിന് ഉത്തരവാദികളായവരില്‍ ഒരാള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. തിരുനെല്ലി, തൃശ്ശിലേരി നക്സലൈറ്റ് ആക്രമണക്കേസ് അന്വേഷണോദ്യോഗസ്ഥനായ അന്നത്തെ തലശ്ശേരി ഡിവൈഎസ്പി കെ ലക്ഷ്മണയാണ് ശിക്ഷിക്കപ്പെട്ടത്. കേസിലെ മറ്റൊരു പ്രതിയായ അന്നത്തെ കണ്ണൂര്‍ പോലീസ് സൂപ്രണ്ട് പി വിജയനെ സംശയാതീതമായ തെളിവുകളില്ലെന്ന പേരില്‍ കോടതി വെറുതെ വിടുകയും ചെയ്തു. ലക്ഷ്മണയുടെ ആജ്ഞാനുസരണം വര്‍ഗീസിനെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെച്ച് കൊല്ലാന്‍ നിര്‍ബന്ധിതനായ രാമചന്ദ്രന്‍നായര്‍ എന്ന കോണ്‍സ്റ്റബിളിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് 12 വര്‍ഷം മുമ്പ് സിബിഐ കേസ് അന്വേഷണം ആരംഭിച്ചത്.

    ReplyDelete