സ്‌പെക്ട്രം ഇടപാടില്‍ ആരോപണ വിധേയനായ കേന്ദ്ര ടെലികോം മന്ത്രി എ രാജ രാജിവച്ചു. ഇന്നലെ രാത്രിയാണ് രാജ രാജിക്കത്ത് പ്രധാനമന്ത്രിക്ക് നല്‍കിയത്. സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട രണ്ടു ഹര്‍ജികള്‍ ഇന്നു സുപ്രിം കോടതിയുടെ പരിഗണനയ്ക്കു വരാനിരിക്കെയാണ് രാജി.
രാജയെ നീക്കില്ലെന്ന ഡി എം കെയുടെ പിടിവാശിക്കു മുന്നില്‍ മുട്ടുമടക്കിനില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം സുപ്രിം കോടതിയില്‍നിന്നുണ്ടാവുന്ന പരാമര്‍ശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് വ്യക്തമായ സൂചനകളുണ്ടായിരുന്നു. സുപ്രിം കോടതി കേസ് പരിഗണിച്ചതിനു ശേഷം രാജയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനമെടുക്കുമെന്നാണ് ഇന്നലെ വൈകിട്ട് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞത്.
അഴിമതി ആരോപണ വിധേയനായ മന്ത്രി അതേ വകുപ്പു തന്നെ ഇപ്പോഴും കൈകാര്യം ചെയ്യുന്നതില്‍ സുപ്രിം കോടതി കഴിഞ്ഞ വാദം കേള്‍ക്കലിനിടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേസില്‍ സി ബി ഐയുടെ അന്വേഷണത്തെയും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇതിനു പിന്നാലെ രാജ പൊതുഖജനാവിന് ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുക കൂടി ചെയ്തതോടെയാണ് രാജയുടെ രാജിക്കായുള്ള മുറവിളികള്‍ ശക്തമായത്. അതേസമയം രാജയ്‌ക്കെതിരെ നടപടിയൊന്നുമില്ലെന്ന ഡി എം കെയുടെ നിലപാട് കോണ്‍ഗ്രസിനെ ധര്‍മസങ്കടത്തിലാക്കി. സുപ്രിം കോടതിയില്‍നിന്ന് ഇന്നുണ്ടാവുന്ന പരാമര്‍ശങ്ങളുടെ പേരില്‍ രാജയെ മാറ്റിനിര്‍ത്താന്‍ ഡി എം കെ നേതൃത്വത്തോട് ആവശ്യപ്പെടാനായിരുന്നു കോണ്‍ഗ്രസിന്റെ ഉദ്ദ്യേശ്യം. അതുവരെ ഇക്കാര്യത്തില്‍ അഴകൊഴമ്പന്‍ സമീപം തുടരാനുള്ള പാര്‍ട്ടി നയത്തിന്റെ ഭാഗമായാണ് സ്‌പെക്ട്രവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവനയ്ക്കില്ലെന്ന് എ കെ ആന്റണിയും പ്രണബ് മുഖര്‍ജിയും അറിയിച്ചത്.. രാജയുടെ കാര്യത്തില്‍ കാത്തിരുന്നു കാണൂ എന്നാണ് ആന്റണി തിരുവനന്തപുരത്ത് പറഞ്ഞത്. പാര്‍ലമെന്റിലല്ലാതെ രാജയുടെ കാര്യത്തില്‍ പരാമര്‍ശമൊന്നും നടത്തില്ലെന്ന് പ്രണബ് മുഖര്‍ജി ഡല്‍ഹിയില്‍ പറഞ്ഞു.
സ്‌പെക്ട്രം ഇടപാട് കടുത്ത നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തില്‍ ഇതില്‍നിന്ന് തലയൂരുന്നതിന് തകൃതിയായ ആലോചനകളിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. പ്രധാനമന്ത്രി വിദേശപര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയാലുടന്‍ രാജയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനായിരുന്നു കോണ്‍ഗ്രസ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കു പോലുമില്ലെന്ന് ഡി എം കെ അധ്യക്ഷന്‍ കരുണാനിധി അസന്നിഗ്ധമായി വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് ഊരാക്കുടുക്കിലായി. രാജയുടെ രാജി ആവശ്യപ്പെട്ട് ഇന്നു പുനരാരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനം പ്രക്ഷുബ്ധമാവുമെന്ന് ഉറപ്പുള്ള പശ്ചാത്തലത്തില്‍ ഇന്നലെ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. സോണിയാ ഗാന്ധി, മന്‍മോഹന്‍ സിംഗ്, പ്രണബ് മുഖര്‍ജി, അഹമ്മദ് പട്ടേല്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിന് കാര്യമായ തീരുമാനമൊന്നുമെടുക്കാനായില്ല. കേസ് സുപ്രിം കോടതി പരിഗണിക്കുന്നതുവരെ കാത്തിരിക്കാനാണ് യോഗത്തിലുണ്ടായ ധാരണ.
ഇതിനിടെ ചെന്നൈയില്‍ രാജ പാര്‍ട്ടി അധ്യക്ഷന്‍ കരുണാനിധിയുമായി രണ്ടു വട്ടം കൂടിക്കാഴ്ച നടത്തി. രാജി സംബന്ധിച്ച ഒരു കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ലെന്നാണ് രാജ പിന്നീട് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞത്. രാജയെ നീക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചകളും ഡി എം കെയില്‍ നടക്കുന്നില്ലെന്ന് കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴിയും മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു.
സ്‌പെക്ട്രം ഇടപാടിലെ അഴിമതി ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടനയായ സി പി ഐ എല്‍, ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് ഇന്നു സുപ്രിം കോടതിയുടെ പരിഗണനയ്ക്കു വരുന്നത്.
ജനയുഗം 151110
സ്‌പെക്ട്രം ഇടപാടില്‍ ആരോപണ വിധേയനായ കേന്ദ്ര ടെലികോം മന്ത്രി എ രാജ രാജിവച്ചു. ഇന്നലെ രാത്രിയാണ് രാജ രാജിക്കത്ത് പ്രധാനമന്ത്രിക്ക് നല്‍കിയത്. സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട രണ്ടു ഹര്‍ജികള്‍ ഇന്നു സുപ്രിം കോടതിയുടെ പരിഗണനയ്ക്കു വരാനിരിക്കെയാണ് രാജി.
ReplyDelete