Monday, November 15, 2010

രാജ്യത്ത് തൊഴിലില്ലായ്മ കുതിച്ചുയരുന്നു

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ വര്‍ധിച്ചെന്ന് തൊഴില്‍ മന്ത്രാലയം സംഘടിപ്പിച്ച സര്‍വേ. തൊഴിലില്ലായ്മ നിരക്ക് 2009-2010 വര്‍ഷത്തില്‍ 9.4 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 6.8 ശതമാനമായിരുന്നു. നാലുകോടി അഭ്യസ്തവിദ്യരാണ് തൊഴിലില്ലാത്തവരായി കഴിയുന്നത്. രാജ്യം സാമ്പത്തികവളര്‍ച്ച നേടിയെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നതായി തൊഴില്‍ മന്ത്രാലയത്തിന്റെ സര്‍വേ റിപ്പോര്‍ട്ട് തന്നെ വ്യക്തമാക്കുന്നത്.

തൊഴില്‍രഹിതരെ സൃഷ്ടിക്കുന്ന വികസനമാണ് രാജ്യത്ത് നടപ്പാക്കുന്നതെന്ന കാഴ്ചപ്പാട് ശരിവയ്ക്കുന്നതാണ് സര്‍വേറിപ്പോര്‍ട്ട്. ഗ്രാമീണ മേഖലയില്‍ 10.1 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. നഗരങ്ങളില്‍ ഇത് 7.3 ശതമാനമാണ്. ആദ്യമായാണ് തൊഴില്‍ മന്ത്രാലയത്തിനു കീഴിലുള്ള തൊഴില്‍ ബ്യൂറോ ദേശീയ തലത്തില്‍ വീടുവീടാന്തരമുള്ള സര്‍വേ നടത്തിയത്. ഇതിനു മുമ്പ് 2004ലായിരുന്നു ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക്- 9.5 ശതമാനം. ആയിരം തൊഴിലാളികളില്‍ 455 പേര്‍ കാര്‍ഷിക-മത്സ്യബന്ധന-വന മേഖലകളിലാണ് പണിയെടുക്കുന്നത്. 89 പേര്‍ നിര്‍മാണ രംഗത്തും 88 പേര്‍ മൊത്ത വിതരണ-ചില്ലറ വ്യാപാര രംഗത്തും ജോലിചെയ്യുന്നു. 84 പേര്‍ സാമൂഹ്യ സേവന മേഖലയിലാണ് പണിയെടുക്കുന്നത്. ആയിരം തൊഴിലാളികളില്‍ 439 പേര്‍ സ്വയംതൊഴിലില്‍ ഏര്‍പ്പെട്ടവരാണ്. ആയിരം പുരുഷന്മാര്‍ക്ക് 917 സ്ത്രീകള്‍ എന്ന നിലയിലാണ് തൊഴില്‍ രംഗത്തെ അനുപാതം. 28 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 300 ജില്ലയിലാണ് സര്‍വേ നടത്തിയതെന്ന് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സര്‍വേ നടന്നില്ല.

deshabhimani 151110

1 comment:

  1. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ വര്‍ധിച്ചെന്ന് തൊഴില്‍ മന്ത്രാലയം സംഘടിപ്പിച്ച സര്‍വേ. തൊഴിലില്ലായ്മ നിരക്ക് 2009-2010 വര്‍ഷത്തില്‍ 9.4 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 6.8 ശതമാനമായിരുന്നു. നാലുകോടി അഭ്യസ്തവിദ്യരാണ് തൊഴിലില്ലാത്തവരായി കഴിയുന്നത്. രാജ്യം സാമ്പത്തികവളര്‍ച്ച നേടിയെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നതായി തൊഴില്‍ മന്ത്രാലയത്തിന്റെ സര്‍വേ റിപ്പോര്‍ട്ട് തന്നെ വ്യക്തമാക്കുന്നത്.

    ReplyDelete