വിഷക്കൂട്ടില്‍ ചാലിച്ച വിജയചിത്രം -6 , കെ വി സുധാകരന്‍
ആദ്യഭാഗം ഉല്‍ക്കണ്ഠയുടെ 'ഭൂരിപക്ഷം' നല്‍കുന്ന വാഴക്കുളം
രണ്ടാം ഭാഗം അവിശുദ്ധ സഖ്യം അരക്കിട്ടുറപ്പിച്ച് പാലക്കാട്
മൂന്നാം ഭാഗം ആപ്പിള്‍ തിയറി തൃശൂരിലൊതുങ്ങിയില്ല
നാലാം ഭാഗം വോട്ടുമറിക്കലിന്റെ വണ്ടന്‍മേട് മാതൃക
അഞ്ചാം ഭാഗം 'കൈ'യയച്ച സഹായത്തില്‍ താമര വിരിഞ്ഞു
ബിജെപിയുമായി യുഡിഎഫിനുള്ള ഹൃദയബന്ധം പണ്ടേ പരസ്യമായ പഞ്ചായത്താണ് കാസര്‍കോട് ജില്ലയിലെ പുത്തിഗെ. വടകര- ബേപ്പൂര്‍ മോഡലില്‍ കുപ്രസിദ്ധിയാര്‍ജിച്ച കോലീബി സഖ്യത്തിന് പുത്തിഗെയില്‍ എപ്പോഴും ഉദയസൂര്യന്റെ ശോഭയാണ്. 2005ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും ബിജെപിയും ഇവിടെ ഉദയസൂര്യനെന്ന പൊതുചിഹ്നത്തിലാണ് മത്സരിച്ചത്. അന്ന് ഉദയസൂര്യനില്‍ കോലീബി മുന്നണി എല്‍ഡിഎഫിന്റെ നാല് സീറ്റിനെതിരെ ഒമ്പത് സീറ്റ് നേടി പഞ്ചായത്ത് അഞ്ചുവര്‍ഷവും തടസ്സമില്ലാതെ ഭരിച്ചു.
ഇത്തവണ പക്ഷേ ബിജെപിയും കോണ്‍ഗ്രസും ലീഗും മുന്നണിയായെങ്കിലും പ്രചാരണം ഭയന്ന് പൊതുചിഹ്നം ഉപേക്ഷിച്ചു. എന്നാല്‍, ബിജെപി സ്ഥാനാര്‍ഥികളെ സ്വതന്ത്രവേഷം കെട്ടിച്ച് സഖ്യശോഭ കെടുത്തിയില്ല. ബിജെപി നേതാവും പുത്തിഗെ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ജയന്ത പാട്ടാളി ഇത്തവണ ഉദയസൂര്യന്‍ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചു. ഇവിടെ യുഡിഎഫിന് സ്ഥാനാര്‍ഥിയില്ല. ഇത്തവണ 14 വാര്‍ഡില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അഞ്ചുസീറ്റ് വീതവും ബിജെപിക്ക് നാലുസീറ്റും ലഭിച്ചു. പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമാണ്. എല്‍ഡിഎഫിനും രണ്ട് അംഗങ്ങളുള്ള ലീഗിനും മാത്രമേ പട്ടികജാതി അംഗങ്ങളുള്ളൂ. ഇവിടെ ലീഗ് പ്രതിനിധി പഞ്ചായത്ത് പ്രസിഡന്റാകുന്നത് ബിജെപിയുടെ പിന്തുണയോടെയായിരിക്കും. ബിജെപിയുമായി ചേരില്ലെന്ന് വലിയ വായില്‍ ആദര്‍ശം പറഞ്ഞ ചെന്നിത്തലയ്ക്കും ചെര്‍ക്കളത്തിനും ഇക്കാര്യത്തില്‍ ഒരേ മനസ്സാണ്.
കാസര്‍കോട് ജില്ലയിലെ പൈവളിഗെ, അജാനൂര്‍, കോടോം-ബേളൂര്‍, പനത്തടി, പുല്ലൂര്‍-പെരിയ തുടങ്ങിയ പഞ്ചായത്തുകളിലും ഈ രാഷ്ട്രീയസഖ്യം പൂര്‍വാധികം ശക്തിയോടെ ഇത്തവണ അരങ്ങേറി. ഈ സഖ്യം അഞ്ച് പഞ്ചായത്തിലെങ്കിലും എല്‍ഡിഎഫ് മുന്നേറ്റം തടയുന്നതില്‍ വിജയിക്കുകയും ചെയ്തു. പൈവളിഗെയില്‍ ബിജെപിക്ക് ഏഴും യുഡിഎഫിന് ആറും സീറ്റാണ് ലഭിച്ചത്. എല്‍ഡിഎഫിനും ആറു സീറ്റാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോ-ലി-ബി സഖ്യം കൂടുതല്‍ വ്യക്തമായി ഭരണത്തിലേറും. അജാനൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് വിജയിക്കാന്‍ സാധ്യതയുള്ള വാര്‍ഡുകളില്‍ ബിജെപിയും യുഡിഎഫും പരസ്പരം സഹായിക്കുകയായിരുന്നു. ഇവിടെ എല്‍ഡിഎഫ്- 9, യുഡിഎഫ്- 10, ബിജെപി- 4 എന്നിങ്ങനെയാണ് കക്ഷിനില. കോടോം- ബേളൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യത്തിലൂടെ സീറ്റ് വര്‍ധിപ്പിക്കാന്‍ യുഡിഎഫിന് കഴിഞ്ഞെങ്കിലും ഇവിടങ്ങളിലെല്ലാം ജില്ലാപഞ്ചായത്തിലേക്ക് മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. ഇവിടെ നാലുസീറ്റാണ് കോണ്‍ഗ്രസ് ബിജെപിക്ക് നല്‍കിയത്. പറക്കളായി വാര്‍ഡില്‍ താമരചിഹ്നത്തില്‍ മത്സരിച്ച കാനത്തില്‍ നാരായണിയും എട്ടാംവാര്‍ഡില്‍ സ്വതന്ത്രവേഷത്തിലിറങ്ങിയ നാരായണനും വിജയിച്ചു. 2, 4 വാര്‍ഡുകളും ബിജെപിക്ക് നല്‍കി. മറ്റു വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്ന ബിജെപി വോട്ട് യുഡിഎഫിന് നല്‍കി. എന്നാല്‍, 12 വാര്‍ഡില്‍ വിജയിച്ച് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. പനത്തടി പഞ്ചായത്തില്‍ മൂന്ന് സീറ്റ് ബിജെപിക്ക് കൊടുത്താണ് കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയത്. ഈ വാര്‍ഡുകളില്‍ എല്‍ഡിഎഫുമായി നേരിട്ടുള്ള മത്സരത്തില്‍ രണ്ടിടത്ത് ബിജെപി ജയിച്ചു. മൂന്നാംവാര്‍ഡില്‍ ജയിച്ച സുശീല താമര ചിഹ്നത്തിലും ഏഴാംവാര്‍ഡില്‍ ശാരദ രാഘവന്‍ സ്വതന്ത്രയുമായാണ് മത്സരിച്ചത്. ഇവിടെയും യുഡിഎഫ് സ്ഥാനാര്‍ഥി ഉണ്ടായില്ല.
ബിജെപിക്ക് 1600 വോട്ടുള്ള പുല്ലൂര്‍-പെരിയയില്‍ രണ്ടുസീറ്റാണ് കോണ്‍ഗ്രസ് നല്‍കിയത്. വിഷ്ണുമംഗലത്ത് ബിജെപിയുടെ ശൈലജയുടെ വിജയം കോണ്‍ഗ്രസിന്റേതുകൂടിയാണ്. കേളോത്ത് വാര്‍ഡിലും കോണ്‍ഗ്രസ് പിന്തുണയുള്ള ബിജെപി സ്ഥാനാര്‍ഥി മത്സരിച്ചെങ്കിലും ഇവിടെ മുന്നൂറോളം വോട്ടിന് എല്‍ഡിഎഫ് ജയിച്ചു. മറ്റു വാര്‍ഡുകളിലെല്ലാം ബിജെപി വോട്ട് യുഡിഎഫിനായിരുന്നു. പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും എട്ടുവീതം സീറ്റാണ്. ഒന്ന് ബിജെപിക്കും. ബിജെപിയുടെ മധുരിക്കുന്ന പിന്തുണയില്‍ ഭരണം കിനാവുകാണുകയാണ് പുല്ലൂര്‍- പെരിയയിലെ കോണ്‍ഗ്രസുകാര്‍.
7
കാവി പൂശിയ പച്ച നിലം
വര്‍ഗീയമോ തീവ്രവാദമോ ഏതായാലും വേണ്ടില്ല, ഇടതുപക്ഷത്തിന്റെ വ്യാപനം തടയണമെന്ന ലക്ഷ്യം മാത്രമായിരുന്നു മലപ്പുറത്ത് യുഡിഎഫിനുണ്ടായിരുന്നത്. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ ചരിത്രം എങ്ങനെയൊക്കെ അപകടപ്പെട്ടാലും എല്‍ഡിഎഫിനെ തളര്‍ത്തുകയെന്ന യുഡിഎഫിന്റെ ഗൂഢപദ്ധതിക്ക് മലപ്പുറത്ത് വിജയം നേടാനും കഴിഞ്ഞു.
ഓരോ പ്രദേശത്തെയും സാഹചര്യത്തിനനുസരിച്ച് ബിജെപിയെയും എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ളാമിയെയും യുഡിഎഫ് കൂടെക്കൂട്ടി. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഈ പദ്ധതി നടപ്പാക്കിയപ്പോള്‍ മുസ്ളിം ലീഗിന്റെ ശക്തികേന്ദ്രമായ വേങ്ങരയില്‍ എസ്ഡിപിഐ അക്കൌണ്ട് തുറന്നു. മുന്നണി ധാരണപ്രകാരം കോണ്‍ഗ്രസിനായിരുന്നു പത്താംവാര്‍ഡായ അരീക്കുളം സീറ്റ്. എന്നാല്‍, ലീഗിന്റെ പിന്തുണയോടെ ഇവിടെ എസ്ഡിപിഐയിലെ ഖദീജ ഷംസുദീന്‍ 267 വോട്ടിന് ജയിച്ചു. ജമാഅത്തെ ഇസ്ളാമിയുടെ വികസനമുന്നണിയും രണ്ടു സീറ്റോടെ അക്കൌണ്ട് തുറന്നു.
എല്‍ഡിഎഫിന്റെ ഉറച്ച പഞ്ചായത്തുകളായ വള്ളിക്കുന്നിലും തിരുവാലിയിലും ബിജെപി സഹായത്തിലാണ് യുഡിഎഫ് ഭരണം അട്ടിമറിച്ചത്. വള്ളിക്കുന്ന് 16-ാം വാര്‍ഡില്‍ ബിജെപിയിലെ പുഴക്കല്‍ ദീപ ജയിച്ചിടത്ത് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി. 18-ാം വാര്‍ഡിലും സമാനസ്ഥിതിയാണ്. ഇവിടെ ജയിച്ച ബിജെപിയിലെ ഒടുക്കത്തെ ലക്ഷ്മി സായിബാബയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത് വിവാദത്തിലായിരിക്കുകയാണ്. യുഡിഎഫ് പിന്തുണച്ചപ്പോള്‍ ബാക്കിയെല്ലായിടത്തും പ്രത്യുപകാരം ലഭിച്ചു. തിരുവാലിയില്‍ ആര്‍എസ്എസുകാരനായ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ യുഡിഎഫ് മടികാട്ടാതിരുന്നപ്പോള്‍ ബിജെപി വോട്ടുകള്‍ യഥേഷ്ടംകിട്ടി.
എടക്കര പഞ്ചായത്തിലും ബിജെപിയുടെ സഹായം യുഡിഎഫിനു കിട്ടി. താനൂരില്‍ കണ്ണട ചിഹ്നത്തില്‍ മത്സരിച്ച ബിജെപിയെ ലീഗ് പിന്തുണച്ചു. പ്രത്യുപകാരമായി 2, 22 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. താനാളൂര്‍ 18-ാം വാര്‍ഡിലെ പിന്തുണയ്ക്ക് ബിജെപി 19, 20, 21 വാര്‍ഡുകളില്‍ യുഡിഎഫിനെ സഹായിച്ചു.
വെട്ടത്തൂര്‍ പഞ്ചായത്തിലെ ഒന്ന്, 16 വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ നിര്‍ത്താതെ ജമാഅത്ത് ഇസ്ളാമിയുടെ വികസനമുന്നണിയെ പിന്തുണച്ചു. ഇതില്‍ ഒന്നാം വാര്‍ഡില്‍ വികസനമുന്നണി ജയിച്ചു. ഇവിടെ യുഡിഎഫ് സഹായത്തോടെ ജയിച്ച ജമാഅത്തെ ഇസ്ളാമി അംഗത്തിന്റെ വോട്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. മലപ്പുറത്തെ മുനിസിപ്പാലിറ്റികള്‍ പിടിച്ചെടുക്കാന്‍ യുഡിഎഫിനെ സഹായിച്ചതും ബിജെപി വോട്ടാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബിജെപി വോട്ടില്‍ പ്രകടമായ ചോര്‍ച്ച ഇതിലേക്കാണ് വെളിച്ചംവീശുന്നത്.
ഏഴു മുനിസിപ്പാലിറ്റിയിലായി ബിജെപിക്ക് ആകെ കിട്ടിയത് 4591 വോട്ടാണ്. യുഡിഎഫിന് 1,20,599 വോട്ടു കിട്ടിയപ്പോള്‍ എല്‍ഡിഎഫിന് 1,07,514 വോട്ടുണ്ട്.
34 വാര്‍ഡുള്ള പെരിന്തല്‍മണ്ണയില്‍ ബിജെപിക്ക് താമര ചിഹ്നത്തില്‍ ആകെ കിട്ടിയത് 81 വോട്ട്. ഒരു വാര്‍ഡില്‍ ശരാശരി മൂന്ന് വോട്ടുപോലും ബിജെപിക്ക് ലഭിച്ചില്ല. ഏതാണ്ട് സമാനമായ അവസ്ഥയിലാണ് ബിജെപി നിലമ്പൂരിലും. 33 വാര്‍ഡുള്ള നിലമ്പൂരില്‍ ബിജെപിക്ക് 114 വോട്ടാണ് കിട്ടിയത്. 51 വാര്‍ഡുള്ള പൊന്നാനിയില്‍ ബിജെപി 2667 വോട്ടിലൊതുങ്ങിയപ്പോഴാണ് യുഡിഎഫ് 19,329 വോട്ടു നേടി മുന്നിലെത്തിയത്. 19,055 വോട്ടു ലഭിച്ച എല്‍ഡിഎഫ് ഇവിടെ വെറും 274 വോട്ടിനാണ് പിന്നിലായതെന്ന് അറിയുമ്പോഴാണ് ബിജെപി പിന്തുണയില്‍ യുഡിഎഫ് തരപ്പെടുത്തിയ വിജയത്തിന്റെ ചുരുളഴിയുന്നത്.
50 വാര്‍ഡുള്ള മഞ്ചേരിയില്‍ ബിജെപിക്ക് കിട്ടിയത് 128 വോട്ട്. ബാക്കി വോട്ടെല്ലാം കൈപ്പത്തിക്കും കോണിക്കും പോയി. യുഡിഎഫ് 27,875, എല്‍ഡിഎഫ് 17,801. മലപ്പുറം മുനിസിപ്പാലിറ്റിയില്‍ ബിജെപിയുടെ പ്രകടനം ദയനീയമായി. താമര ചിഹ്നത്തില്‍ വീണത് 32 വോട്ട്. യുഡിഎഫ് 19,907, എല്‍ഡിഎഫ് 12,364. ബിജെപി വ്യാപകമായി വോട്ടു മറിച്ച തിരൂരില്‍ 729 വോട്ടാണ് സമ്പാദ്യം. യുഡിഎഫ് 13,846, എല്‍ഡിഎഫ് 10,582. ലീഗിന്റെ ബിജെപി ബന്ധം കോണ്‍ഗ്രസുകാര്‍ വെളിപ്പെടുത്തിയ കോട്ടക്കല്‍ മുനിസിപ്പാലിറ്റിയില്‍ യുഡിഎഫിന് 13,941 വോട്ടു കിട്ടി. ബിജെപി 940 വോട്ടിലൊതുങ്ങി. എല്‍ഡിഎഫിന് 7730 വോട്ടു കിട്ടി.
കോ-ലീ-ബി സഖ്യം സജീവമായിരുന്ന തിരൂര്‍ മുനിസിപ്പാലിറ്റിയിലെ 31-ാം വാര്‍ഡായ ഇല്ലത്തുപറമ്പില്‍ സിപിഐ എമ്മിലെ കൃഷ്ണന്‍നായര്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തായി. ഇവിടെ യുഡിഎഫിന്റെ വോട്ടു ലഭിച്ച ബിജെപി സ്വതന്ത്രനാണ് രണ്ടാം സ്ഥാനത്ത്. 32-ാം വാര്‍ഡായ തൃക്കണ്ടിയൂരില്‍ ബിജെപി സ്വതന്ത്രയായ നിര്‍മല കുട്ടികൃഷ്ണനെ യുഡിഎഫ് ജയിപ്പിച്ചു. മൂന്നാമതായ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ വി ദീപയ്ക്ക് കിട്ടിയത് 40 വോട്ട്. 33-ാം വാര്‍ഡ് വിഷുപ്പാടത്ത് കോണ്‍ഗ്രസ് മൂന്നാമതായി. 34-ാം വാര്‍ഡായ തൃക്കണ്ടിയൂര്‍ ഈസ്റ്റില്‍ കോണ്‍ഗ്രസ് ബന്ധമുള്ള ലീഗ് സ്ഥാനാര്‍ഥി ലക്ഷ്മി അച്യുതന്‍ ജയിച്ചത് 12 വോട്ടിന്. ഇവിടെ 150 വോട്ടുള്ള ബിജെപിക്ക് കിട്ടിയത് 29 വോട്ട്. 24-ാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ബിജെപി യുഡിഎഫിനെ തുണച്ചു.
8
തിരുവനന്തപുരം അഥവാ തകര്‍ന്നടിഞ്ഞ പരീക്ഷണശാല
തെക്കന്‍ കേരളത്തില്‍ കൊല്ലവും തിരുവനന്തപുരവുമായിരുന്നു യുഡിഎഫ്-ബിജെപി ബാന്ധവത്തിന്റെ പരീക്ഷണശാല. എന്നാല്‍, ഇതുകൊണ്ട് യുഡിഎഫിന് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായില്ല.
തിരുവനന്തപുരം കോര്‍പറേഷന്‍ എങ്ങനെയെങ്കിലും എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു ഈ കൂട്ടുകെട്ടിന്റെ പ്രധാന അജന്‍ഡ. തലസ്ഥാനനഗരിയില്‍ എല്‍ഡിഎഫിനെ തകര്‍ക്കാന്‍ കഴിഞ്ഞാല്‍ പിന്നെ കാര്യങ്ങള്‍ വളരെ എളുപ്പമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇരുകൂട്ടരും. പക്ഷേ, ഫലം വന്നപ്പോള്‍ ഇവര്‍ക്ക് നിരാശരാകേണ്ടിവന്നു. 100 സീറ്റുള്ള തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫും ബിജെപിയും കൈകോര്‍ത്താല്‍പ്പോലും കേവലഭൂരിപക്ഷം തട്ടിക്കൂട്ടാന്‍ കഴിയാത്ത സ്ഥിതി. ബിജെപി ജയിച്ച വാര്‍ഡുകളിലെ വോട്ടിങ്രീതി പരിശോധിച്ചാല്‍ മനസ്സിലാകും ഇവിടങ്ങളിലെ കൊടുക്കല്‍വാങ്ങലുകള്‍. ഈ വാര്‍ഡിലെല്ലാം യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്താണ്. എല്‍ഡിഎഫ് വിജയിച്ച വെങ്ങാനൂര്‍, തിരുമല, വലിയവിള, കരിക്കകം, കടകംപള്ളി, തൃക്കണ്ണാപുരം, വെള്ളാര്‍, ചാല, ഫോര്‍ട്ട് എന്നീ വാര്‍ഡിലെല്ലാം ബിജെപിയാണ് രണ്ടാമതെത്തിയത്. യുഡിഎഫ് ജയിച്ച വാര്‍ഡുകളില്‍ ബിജെപിക്കു ലഭിച്ചത് നിസ്സാരവോട്ട്.
കൊല്ലം കോര്‍പറേഷനിലെ തിരുമുല്ലവാരത്ത് താമര വിരിയിക്കാനുള്ള കോണ്‍ഗ്രസ് മോഹത്തിന് തെരഞ്ഞെടുപ്പുഫലം തിരിച്ചടി നല്‍കി. യുഡിഎഫ് സ്ഥാനാര്‍ഥി സത്യഭാമയുടെ നാമനിര്‍ദേശപത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളുകയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി രേഖ ഉണ്ണിക്കൃഷ്ണന്‍ 182 വോട്ടിന് ഇവിടെ വിജയിച്ചു. രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ സത്യഭാമയുടെ പത്രിക തള്ളാന്‍ ബോധപൂര്‍വം അവസരമൊരുക്കിയതിനെതിരെ വോട്ടര്‍മാര്‍ പ്രതികരിച്ചു.
ബിജെപി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്ന വാര്‍ഡാണ് ഉമ്മന്നൂര്‍ പഞ്ചായത്തിലെ വിലങ്ങറ. വിലങ്ങറയിലെ വോട്ടുകച്ചവടത്തിനു പകരമായി ഉമ്മന്നൂരില്‍ സ്വാധീനമുള്ള മറ്റു വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ല. സൂക്ഷ്മപരിശോധനയില്‍ നാമനിര്‍ദേശപത്രിക തള്ളിപ്പോയ അഞ്ചല്‍ പഞ്ചായത്തിലെ നെടിയറ വാര്‍ഡില്‍ ബിജെപി-കോണ്‍ഗ്രസ് ധാരണ പൊളിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയംനേടി.
കേവലമൊരു തദ്ദേശ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താനുള്ള കുറുക്കുവഴി മാത്രമല്ല ഈ കൂട്ടുകെട്ട് കോണ്‍ഗ്രസിനെന്നത് അതിന്റെ ചരിത്രം മറന്നിട്ടില്ലാത്തവര്‍ക്കൊക്കെ അറിയാം.
'ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വര്‍ഗീയതയായി നിലനില്‍ക്കേണ്ടതില്ല, ദേശീയതയായിത്തന്നെ നിലനില്‍ക്കാന്‍ കഴിയും' എന്ന ജവാഹര്‍ലാല്‍ നെഹ്റുവിന്റെ വാക്കുകള്‍ ശരിവയ്ക്കുന്ന നിലയിലാണ് ബിജെപി എത്തിനില്‍ക്കുന്നത്. വര്‍ഗീയതയ്ക്ക് ഇങ്ങനെ ദേശീയതയുടെ മുഖാവരണം അണിയാന്‍ അരങ്ങും അണിയറയും ഒരുക്കിയതാകട്ടെ ഇന്ദിര ഗാന്ധിയുടെ കാലംമുതലും. സിഖ്കലാപം സൃഷ്ടിച്ച മുറിവുകളുടെ ചോരപ്പാടുകള്‍ ഇപ്പോഴും ചരിത്രത്തില്‍ നിന്ന് മാഞ്ഞിട്ടില്ല. ജര്‍ണയില്‍ സിങ്ങെന്ന ഒരു സാധാരണ പുരോഹിതനെ ഭിന്ദ്രന്‍വാലയാക്കിയതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനു മാത്രം.
അയോധ്യ അടങ്ങുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച മിത്രാസെന്‍ യാദവിനെ തോല്‍പ്പിക്കാന്‍ ബിജെപിക്ക് അനുകൂലമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിച്ച രാജീവ് ഗാന്ധിയുടെ ചരിത്രവും നാം മറന്നിട്ടില്ല. ഇതേ ഫൈസാബാദില്‍ ഹിന്ദുത്വവാദത്തോട് മൃദുസമീപനം സ്വീകരിച്ച് രാജീവ് ഗാന്ധി നടത്തിയ പ്രസംഗവും ചരിത്രത്തിന്റെ ഭാഗം.
കുപ്രസിദ്ധമായ ബാബറി മസ്ജിദ് തകര്‍ക്കലിനു ചൂട്ടുപിടിച്ച നരസിംഹറാവുവിന്റെ വര്‍ഗീയപ്രീണന നയവും കണ്ടവരാണ് നമ്മള്‍. വര്‍ഗീയ-വിഘടനവാദ പ്രസ്ഥാനത്തിന്റെ അപകടഭീഷണി ഉയര്‍ത്തിയ ത്രിപുര ഉപജാതി ജുബസമിതിയുമായും പശ്ചിമ ബംഗാളില്‍ സുഭാഷ് ഘീഷിങ്ങിന്റെ ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭ സംരംഭങ്ങളുമായും ചങ്ങാത്തം കൂടുകയും അവയ്ക്കു പിന്തുണ നല്‍കുകയും ചെയ്തതിന്റെ പാപക്കറ കഴുകിക്കളയാനും കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ലെന്നതും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്.
സ്ഥാനാര്‍ഥികളാരെന്ന് തൊട്ടുകാണിക്കാതെ തന്നെ ബിജെപിക്ക് അറിയാം കോണ്‍ഗ്രസിന് വോട്ടു ചെയ്യണമെന്ന്. മറിച്ച് കോണ്‍ഗ്രസിനും അറിയാം. കുപ്രസിദ്ധമായ 'വടകര-ബേപ്പൂര്‍ സഖ്യ'ത്തിന്റെ പശ്ചാത്തല ഭൂമികയിതാണ്. ഈ പരീക്ഷണത്തിന്റെ ആവര്‍ത്തനത്തിന് സമകാലിക വിധ്വംസകശക്തികളെക്കൂടി കൂടെക്കൂട്ടുകയാണ് ബിജെപിക്കൊപ്പം എസ്ഡിപിഐയെക്കൂടി സഖ്യത്തിലെടുക്കുക വഴി കോണ്‍ഗ്രസ് ചെയ്തത്. മുന്‍കാലത്തെന്നതുപോലെ ഇതിന്റെയും ആപത്ത് നാട് നേരിടേണ്ടിവരുന്ന കാലം ഏറെ വിദൂരമല്ലെന്നത്് ജനാധിപത്യവാദികളെ ആശങ്കപ്പെടുത്തേണ്ടതാണ്.
ബിജെപിയുമായി യുഡിഎഫിനുള്ള ഹൃദയബന്ധം പണ്ടേ പരസ്യമായ പഞ്ചായത്താണ് കാസര്‍കോട് ജില്ലയിലെ പുത്തിഗെ. വടകര- ബേപ്പൂര്‍ മോഡലില്‍ കുപ്രസിദ്ധിയാര്‍ജിച്ച കോലീബി സഖ്യത്തിന് പുത്തിഗെയില്‍ എപ്പോഴും ഉദയസൂര്യന്റെ ശോഭയാണ്. 2005ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും ബിജെപിയും ഇവിടെ ഉദയസൂര്യനെന്ന പൊതുചിഹ്നത്തിലാണ് മത്സരിച്ചത്. അന്ന് ഉദയസൂര്യനില്‍ കോലീബി മുന്നണി എല്‍ഡിഎഫിന്റെ നാല് സീറ്റിനെതിരെ ഒമ്പത് സീറ്റ് നേടി പഞ്ചായത്ത് അഞ്ചുവര്‍ഷവും തടസ്സമില്ലാതെ ഭരിച്ചു.
ReplyDeleteഇത്തവണ പക്ഷേ ബിജെപിയും കോണ്‍ഗ്രസും ലീഗും മുന്നണിയായെങ്കിലും പ്രചാരണം ഭയന്ന് പൊതുചിഹ്നം ഉപേക്ഷിച്ചു. എന്നാല്‍, ബിജെപി സ്ഥാനാര്‍ഥികളെ സ്വതന്ത്രവേഷം കെട്ടിച്ച് സഖ്യശോഭ കെടുത്തിയില്ല. ബിജെപി നേതാവും പുത്തിഗെ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ജയന്ത പാട്ടാളി ഇത്തവണ ഉദയസൂര്യന്‍ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചു.