Friday, November 19, 2010

മാധ്യമങ്ങള്‍ക്കും വേണം മൂക്കുകയര്‍

മാധ്യമ വിമര്‍ശങ്ങള്‍ക്ക് പഞ്ഞമില്ലെങ്കിലും മാധ്യമങ്ങള്‍ തോന്നിയവഴിക്ക് സഞ്ചരിക്കുന്ന നാടാണ് ഇന്ത്യ. തങ്ങള്‍ക്ക് എല്ലാവരെയും വിമര്‍ശിക്കാം; അപഹസിക്കാം; ജനാധിപത്യത്തെയും ഭരണഘടനയെയും വെല്ലുവിളിക്കാം എന്നതാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ആര്‍ജിച്ചിട്ടുള്ള പൊതുസ്വഭാവം. അത്തരം തെറ്റായ പ്രവണതകള്‍ക്കെതിരായ നേരിയ മുന്‍കൈയുണ്ടായാല്‍പ്പോലും, മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായി ചിത്രീകരിച്ച് ചിറകരിഞ്ഞുകളയും. നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ താങ്ങിനിര്‍ത്തുക എന്ന ബൂര്‍ഷ്വാ മാധ്യമധര്‍മത്തിനപ്പുറം, വ്യവസ്ഥിതിയുടെ പ്രധാന കൈകാര്യകര്‍ത്താക്കളായി സ്വയം അവരോധിക്കുകയാണ് മാധ്യമങ്ങള്‍. അതിന്റെ ഭാഗമായാണ് സമീപകാലത്ത് ഇന്ത്യയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന 'പണത്തിനു പകരം വാര്‍ത്ത' എന്ന പ്രതിഭാസം. വെറുതെ പണം മുടക്കുന്നവരല്ല, മാധ്യമങ്ങള്‍ക്ക് നിശ്ചിത പണം നല്‍കുന്നവരാണ് ജനങ്ങള്‍ക്കുമുന്നില്‍ 'നല്ലവരായി' അവതരിക്കപ്പെടുക. മാധ്യമധാര്‍ഷ്ട്യത്തിന് കീഴ്പ്പെടാതെ, സ്വതന്ത്രമായ അഭിപ്രായങ്ങള്‍ വച്ചുപുലര്‍ത്തുകയും സത്യസന്ധമായ സമീപനം സ്വീകരിക്കുയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളെയും പ്രസ്ഥാനങ്ങളെയും തേജോവധംചെയ്യാനും ജനങ്ങളില്‍നിന്ന് അകറ്റാനും മോശമായ ഏതുവഴിയിലും സഞ്ചരിക്കാന്‍ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്ക് കഴിയുന്നു. അധികാരവര്‍ഗസേവയെന്ന ചരിത്രപരമായ ദൌത്യനിര്‍വഹണത്തിനപ്പുറം അധികാരത്തിന്റെ ദല്ലാള്‍മാരും വോട്ടുബാങ്കുകളുടെ മൊത്തക്കച്ചവടക്കാരുമായിക്കൂടി ബൂര്‍ഷ്വാ മാധ്യമങ്ങള്‍ അധഃപതിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലാണ് ഇളക്കപ്പെടുന്നത്.

മാധ്യമങ്ങള്‍ നേരിടുന്ന ഇത്തരം അപചയങ്ങള്‍ക്കെതിരെ മാധ്യമ പ്രവര്‍ത്തകരില്‍നിന്നുതന്നെ പ്രതിരോധം ഉണ്ടാകുന്നത് പ്രധാനമാണ്. വ്യാഴാഴ്ച 'പത്രപ്രവര്‍ത്തന സംരക്ഷണദിന'ത്തിന്റെ ഭാഗമായി ഡല്‍ഹി ജേര്‍ണലിസ്റ്റ് യൂണിയന്‍ (ഡിജെയു) തയ്യാറാക്കിയ രേഖ അത്തരത്തിലൊരു മുന്‍കൈയാണ്. ഇന്നത്തേയ്ക്കുമാത്രമല്ല, ഭാവിയിലേക്കുകൂടി പത്രപ്രവര്‍ത്തനത്തെ സംരക്ഷിക്കാനുള്ള സമഗ്രമായ രേഖയാണ് ഡിജെയു തയ്യാറാക്കി തെരഞ്ഞെടുപ്പുകമീഷനും വാര്‍ത്താ വിതരണ, തൊഴില്‍മന്ത്രാലയങ്ങള്‍ക്കും സമര്‍പ്പിച്ചത്. നിലവിലുള്ള പ്രസ് കൌസിലിനു പകരം അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കാകെ ബാധകമായതും വിപുലമായ അധികാരങ്ങളോടുകൂടിയതുമായ മാധ്യമ കൌണ്‍സില്‍ രൂപീകരിക്കണമെന്നാണ് രേഖയിലെ ആദ്യ ആവശ്യം. അതിനായി പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തണം. മാധ്യമ ഉടമകളും സംഘടനകളും മാധ്യമപ്രവര്‍ത്തകരും ആശാസ്യമല്ലാത്ത പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടാല്‍ ഇടപെടാന്‍ കഴിവുള്ളതാകണം പുതിയ സംവിധാനം. അതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും സ്വതന്ത്ര വ്യക്തികള്‍ക്കും ഗണ്യമായ പ്രാതിനിധ്യമുണ്ടാകണമെന്നാണ് രേഖ നിര്‍ദേശിക്കുന്നത്. അത്തരമൊരു കൌണ്‍സില്‍ നിലവില്‍ വരുന്നതുവരെ പ്രസ് കൌസിലിന് കൂടുതല്‍ അധികാരമുണ്ടാകണം- അതിന്റെ തീരുമാനങ്ങള്‍ ഗവണ്‍മെന്റ് അധികൃതര്‍ അനുസരിക്കുമെന്ന് ഉറപ്പാക്കാനാവശ്യമായ നിയമനിര്‍മാണം നടത്തണം.

ഇലക്ട്രോണിക് മാധ്യമങ്ങളുടെ വന്‍തോതിലുള്ള കടന്നുവരവോടെ ഉണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്, സര്‍വതലങ്ങളും സ്പര്‍ശിക്കുന്നതും പഠിക്കുന്നതുമായ മാധ്യമ കമീഷന്‍ രൂപീകരിക്കണമെന്നാണ് മറ്റൊരു ശുപാര്‍ശ. മാധ്യമപ്രവര്‍ത്തകരുടെ പദവിയും തൊഴില്‍സാഹചര്യങ്ങളും വരുമാനവും മെച്ചപ്പെട്ടതാണെന്ന് ഉറപ്പുവരുത്തുക, വാര്‍ത്താ റിപ്പോര്‍ട്ടിങ്ങും കച്ചവടസംരംഭങ്ങളും കൂട്ടിക്കലര്‍ത്തുന്ന അവസ്ഥ ഒഴിവാക്കുക, സ്ട്രിങ്ങര്‍മാരുടെ പ്രതിഫലം ഉയര്‍ത്തുക, എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാകുംവിധം വര്‍ക്കിങ് ജേര്‍ണലിസ്റ്റ് ആക്ട് ഭേദഗതിചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് അതിനുപുറമെ ഉയര്‍ത്തുന്നത്. മാധ്യമസ്ഥാപനത്തിനകത്തെ പത്രാധിപരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനൊപ്പം മാനേജര്‍മാര്‍ എഡിറ്റോറിയലിനു പുറത്തുള്ള തീരുമാനങ്ങളില്‍ ഒതുങ്ങിനില്‍ക്കുമെന്ന് ഉറപ്പാക്കണമെന്നതാണ് മറ്റൊരാവശ്യം. ഇതൊക്കെ ഉന്നയിക്കുമ്പോഴും രേഖ പ്രധാനമായി ഊന്നുന്നത്, 'പണത്തിനു പകരം വാര്‍ത്ത' എന്ന അപകടകരമായ രീതി മാധ്യമരംഗത്തെയും ജനാധിപത്യത്തെയും എത്രമാത്രം നശിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടാനാണ്; അതിന് തടയിടാനാണ്.

തെരഞ്ഞെടുപ്പുകാലത്തു മാത്രമല്ല, എല്ലാ സമയത്തും പണംകൊടുത്തുള്ള വാര്‍ത്തകളുടെ ഭീഷണിയുണ്ട്. അത് മാധ്യമങ്ങളുടെ വിശ്വാസ്യത പാടെ തകര്‍ക്കുന്നു. മാധ്യമനിരീക്ഷകരും വിദഗ്ധരുമടങ്ങുന്ന സംവിധാനം ഇക്കാര്യം സദാ പരിശോധിക്കണം. വാര്‍ത്ത വില്‍ക്കുന്ന പ്രവണതയ്ക്കെതിരെ രാഷ്ട്രീയ പാര്‍ടികളും നേതാക്കളും മാധ്യമപ്രവര്‍ത്തകരും മാധ്യമ ഉടമകളും പൊതുസമൂഹമാകെയും ഐക്യപ്പെട്ട് നീങ്ങണം. തെരഞ്ഞെടുപ്പു കമീഷനാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യാനുള്ളത്. മാധ്യമങ്ങളുടെ തെരഞ്ഞെടുപ്പുകാലത്തെ നിയമവിരുദ്ധ ഇടപെടലുകളെ കര്‍ക്കശമായി നേരിടേണ്ടതുമുണ്ട്. മാധ്യമങ്ങളുടെ ഇന്നുള്ള പോക്ക് ആശാസ്യമല്ലെന്നും അതിന് മൂക്കുകയറിടേണ്ടത് അനിവാര്യതയാണെന്നുമാണ് രേഖയുടെ കാതല്‍. പണത്തിനും ലാഭത്തിനും അധികാരത്തിനും ഉപജാപങ്ങള്‍ക്കും പിന്നാലെ പായുകയും അവാസ്തവ പ്രചാരണവും അപനിര്‍മിതികളും ദിനചര്യയാക്കുകയും ചെയ്ത മാധ്യമങ്ങള്‍ക്കു നടുവിലാണ് ഇന്ന് സമൂഹം. നാം വായിക്കുന്ന വാര്‍ത്തകള്‍ക്കുപിന്നില്‍ ഒളിച്ചുവയ്ക്കപ്പെട്ട ലാഭമോഹവും അധികാര-വിപണി താല്‍പ്പര്യങ്ങളുമാണുള്ളതെന്ന് വരുമ്പോള്‍ സമൂഹം ഉല്‍ക്കണ്ഠപ്പെടുകതന്നെ വേണം. യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ തിരിച്ചുപിടിച്ച കണ്ണാടിയാകണം ബഹുജനമാധ്യമങ്ങള്‍. അല്ലാത്തവയെ തിരിച്ചറിയാനും നിയന്ത്രിക്കാനും കഴിയണം. അതിനുള്ള മുന്‍കൈ ഇന്നത്തെ ഇന്ത്യന്‍ ഭരണാധികാരികളില്‍നിന്ന് ഉണ്ടാവുക അസാധ്യമാണ്. മാധ്യമപ്രവര്‍ത്തകര്‍ കൂട്ടായി അതിനുവേണ്ടി പരിശ്രമിക്കുകയും സ്വയം അത്തരം ഉയര്‍ന്ന ബോധ്യത്തിലേക്കെത്തുകയും വളരെ പ്രധാനമായ സംഗതിയാണ്. അത്തരമൊരു അവസ്ഥ സൃഷ്ടിക്കാന്‍ ഡല്‍ഹി ജേര്‍ണലിസ്റ്റ് യൂണിയന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്റെയും പിന്തുണ ലഭിക്കേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 191110

1 comment:

  1. പണത്തിനും ലാഭത്തിനും അധികാരത്തിനും ഉപജാപങ്ങള്‍ക്കും പിന്നാലെ പായുകയും അവാസ്തവ പ്രചാരണവും അപനിര്‍മിതികളും ദിനചര്യയാക്കുകയും ചെയ്ത മാധ്യമങ്ങള്‍ക്കു നടുവിലാണ് ഇന്ന് സമൂഹം. നാം വായിക്കുന്ന വാര്‍ത്തകള്‍ക്കുപിന്നില്‍ ഒളിച്ചുവയ്ക്കപ്പെട്ട ലാഭമോഹവും അധികാര-വിപണി താല്‍പ്പര്യങ്ങളുമാണുള്ളതെന്ന് വരുമ്പോള്‍ സമൂഹം ഉല്‍ക്കണ്ഠപ്പെടുകതന്നെ വേണം. യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ തിരിച്ചുപിടിച്ച കണ്ണാടിയാകണം ബഹുജനമാധ്യമങ്ങള്‍. അല്ലാത്തവയെ തിരിച്ചറിയാനും നിയന്ത്രിക്കാനും കഴിയണം. അതിനുള്ള മുന്‍കൈ ഇന്നത്തെ ഇന്ത്യന്‍ ഭരണാധികാരികളില്‍നിന്ന് ഉണ്ടാവുക അസാധ്യമാണ്. മാധ്യമപ്രവര്‍ത്തകര്‍ കൂട്ടായി അതിനുവേണ്ടി പരിശ്രമിക്കുകയും സ്വയം അത്തരം ഉയര്‍ന്ന ബോധ്യത്തിലേക്കെത്തുകയും വളരെ പ്രധാനമായ സംഗതിയാണ്. അത്തരമൊരു അവസ്ഥ സൃഷ്ടിക്കാന്‍ ഡല്‍ഹി ജേര്‍ണലിസ്റ്റ് യൂണിയന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്റെയും പിന്തുണ ലഭിക്കേണ്ടതുണ്ട്.

    ReplyDelete