Friday, November 19, 2010

എ വിഭാഗത്തിനെതിരെ യുദ്ധപ്രഖ്യാപനവുമായി ഐ യോഗം

പണവും അധികാരവും ഉപയോഗിച്ച് ഉമ്മന്‍ ചാണ്ടി യൂത്ത് കോണ്‍ഗ്രസ് പിടിച്ചെടുക്കുന്നു: വേണുഗോപാല്‍

പണവും അധികാരവുംകൊണ്ട് യൂത്ത്‌കോണ്‍ഗ്രസ് പിടിച്ചെടുക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പിന്റെ ശ്രമമെന്ന് വിശാല ഐ ഗ്രൂപ്പിന്റെ യോഗത്തില്‍ ആരോപണമുയര്‍ന്നു. കൊച്ചി മേയര്‍സ്ഥാനം കൈപ്പിടിയില്‍നിന്ന് വിട്ടുപോയ കെപിസിസി സെക്രട്ടറി എന്‍ വേണുഗോപാലാണ് ഈ ആരോപണം ഇന്നലെ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് മുന്നോടിയായിചേര്‍ന്ന വിശാല ഐ ഗ്രൂപ്പ് യോഗത്തില്‍ ഉന്നയിച്ചത്.

കോണ്‍ഗ്രസില്‍ വരുംകാലങ്ങളില്‍ നടക്കാന്‍പോകുന്ന നിര്‍ണായക പോരാട്ടത്തിന്റെ തുടക്കമാണ് ഇപ്പോഴത്തെ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിനിര്‍ണയത്തിലും അത് പ്രതിഫലിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

ഐ ഗ്രൂപ്പിന്റെ നിര്‍ണായകപോരാട്ടത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി വിട്ടുനിന്നത് ഐ ഗ്രൂപ്പിന് പ്രഹരമായി. കഴിഞ്ഞദിവസം ചേര്‍ന്ന എ ഗ്രൂപ്പിന്റെ ഗ്രൂപ്പ്‌യോഗത്തില്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി ആദ്യാവസാനക്കാരനായിരുന്നുവെന്ന് ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ്ഷിയാസാണ് യോഗത്തില്‍ അധ്യക്ഷതവഹിച്ചത്. അന്‍വര്‍ സാദത്ത്, കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്‍ പി ചന്ദ്രശേഖരന്‍, ലിനോ ജേക്കബ്, ടി ജെ വിനോദ്, ജമാല്‍ മണക്കാടന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. ഐ ഗ്രൂപ്പില്‍ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന്റെ ചുമതല അജയ് തറയിലിനാണെങ്കിലും കാലിന് പരിക്കേറ്റ് വിശ്രമത്തിലായതിനാല്‍ അദ്ദേഹം യോഗത്തില്‍ പങ്കെടുത്തില്ല.

janayugom 191110

കൊച്ചിയില്‍ എ വിഭാഗത്തിനെതിരെ യുദ്ധപ്രഖ്യാപനവുമായി ഐ യോഗം


കൊച്ചി: ജില്ലയിലെ കോണ്‍ഗ്രസ് എ വിഭാഗത്തിനെതിരെ തുറന്ന യുദ്ധപ്രഖ്യാപനവുമായി ഐ വിഭാഗം ഗ്രൂപ്പ് യോഗം. പണത്തിന്റെയും
അധികാരത്തിന്റെയും സ്വാധീനത്തില്‍ സംഘടന പിടിച്ചെടുക്കാനുള്ള എ ഗ്രൂപ്പിന്റെ നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് വ്യാഴാഴ്ച
ശിക്ഷക്സദനില്‍ ചേര്‍ന്ന യോഗം പ്രഖ്യാപിച്ചു. എ വിഭാഗം നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശമാണ് യോഗത്തില്‍ ഉയര്‍ന്നത്. വരുന്ന യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ എ വിഭാഗത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും യോഗം പ്രഖ്യാപിച്ചു.

കോണ്‍ഗ്രസില്‍ വിരുന്നുകാരന്‍ വീട്ടുകാരനും വീട്ടുകാരന്‍ വേലക്കാരനുമാകുന്ന അവസ്ഥയാണുള്ളതെന്ന് യോഗത്തില്‍ സംസാരിച്ച കെപിസിസി ജനറല്‍ സെക്രട്ടറി ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. കൊച്ചി കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ചതിയും വഞ്ചനയുമാണു കണ്ടത്. ഈ അവസ്ഥ പൊറുക്കാനാവില്ല. കോണ്‍ഗ്രസുകാരനായി ജീവിക്കാനുള്ള സമരം ഉയരണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു. ബാബുമേത്തറെപ്പോലുള്ളവരുടെ പണവും കേന്ദ്രമന്ത്രി കെ വി തോമസിന്റെ അധികാരസ്വാധീനവും ഉപയോഗിച്ചാണ് എ വിഭാഗം സംഘടനയെ വരുതിയിലാക്കാന്‍ ഒരുങ്ങുന്നതെന്ന് മറ്റൊരു കെപിസിസി ജനറല്‍ സെക്രട്ടറിയായ എന്‍ വേണുഗോപാല്‍ പറഞ്ഞു. സമവായങ്ങള്‍ തകര്‍ത്ത് പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്തില്‍ സംഘടന പിടിച്ചെടുക്കാനുള്ള ശ്രമമാണ് ഇവരുടേത്. ഇത്തരം വഴിവിട്ട നീക്കങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പണം 25, 26 തീയതികളില്‍ നടക്കാനിരിക്കേ വെള്ളിയാഴ്ചമുതല്‍ 22 വരെ 14 നിയോജകമണ്ഡലങ്ങളിലും ഐ വിഭാഗം ഗ്രൂപ്പ് കണ്‍വന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കാനും യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ വിവിധ മേഖലയില്‍നിന്നുള്ള നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്ത യോഗത്തില്‍ ഐ വിഭാഗം നേതാക്കളായ എം എ ചന്ദ്രശേഖരന്‍, ടി ജെ വിനോദ്, ലിനോ ജേക്കബ് തുടങ്ങിയവരും പങ്കെടുത്തു.

deshabhimani 191110

1 comment:

  1. പണവും അധികാരവുംകൊണ്ട് യൂത്ത്‌കോണ്‍ഗ്രസ് പിടിച്ചെടുക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പിന്റെ ശ്രമമെന്ന് വിശാല ഐ ഗ്രൂപ്പിന്റെ യോഗത്തില്‍ ആരോപണമുയര്‍ന്നു. കൊച്ചി മേയര്‍സ്ഥാനം കൈപ്പിടിയില്‍നിന്ന് വിട്ടുപോയ കെപിസിസി സെക്രട്ടറി എന്‍ വേണുഗോപാലാണ് ഈ ആരോപണം ഇന്നലെ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് മുന്നോടിയായിചേര്‍ന്ന വിശാല ഐ ഗ്രൂപ്പ് യോഗത്തില്‍ ഉന്നയിച്ചത്.

    ReplyDelete