Friday, November 19, 2010

ട്രേഡ് യൂണിയന്‍ അംഗീകരണ നിയമത്തിന് അനുമതി

കേരള നിയമസഭ പാസാക്കിയ ട്രേഡ് യൂണിയന്‍ അംഗീകരണനിയമത്തിനു രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു. വ്യവസായ സ്ഥാപനങ്ങളിലും വ്യവസായ മേഖലകളിലും തൊഴിലാളികളുടെ സംഘടിതമായ വിലപേശല്‍ സുഗമമാക്കുന്നതിനും തൊഴിലാളി തൊഴിലുടമാബന്ധം സുഖകരമാക്കുന്നതിനും വ്യവസായ സ്ഥാപനങ്ങളില്‍ ട്രേഡ് യൂണിയനുകളുടെ ബാഹുല്യം നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് ഈ നിയമം.
ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്‌സ് ആക്ട് (1947 ലെ കേന്ദ്രനിയമം) പ്രകാരം അന്‍പതോ അതിലധികമോ തൊഴിലാളികള്‍ പണിയെടുക്കുകയോ പണിയെടുത്തിരുന്നതോ ആയ ഏതൊരു വ്യവസായ സ്ഥാപനത്തിനും നിയമം ബാധകമാണ്. കേന്ദ്ര നിയമവുമായി ബന്ധപ്പെട്ട നിയമമായതുകൊണ്ട് അവതരിപ്പിക്കുന്നതിന് മുമ്പ് കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരത്തിനയയ്ക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്തതിനുശേഷമാണ് നിയമസഭ പാസാക്കിയത്. കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും രണ്ടുപ്രവശ്യം സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കുകയും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്ത നിയമത്തിനുള്ള ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. അതിന് നിയമവകുപ്പിന്റെ അംഗീകാരം ലഭിച്ചാലുടന്‍ കേരള റെക്കഗ്നിഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ ആക്ട് 2010 നടപ്പില്‍ വരും.

ഓരോ വ്യവസായത്തിലും വോട്ടെടുപ്പു നടത്തിയാണ് ബന്ധപ്പെട്ട യൂണിയനുകള്‍ക്ക് അംഗീകാരം നല്‍കുന്നത്. ഒരു വ്യവസായ മേഖലയില്‍ പത്തുശതമാനം പ്രാതിനിധ്യം ലഭിക്കുന്നതും ഒരു വ്യവസായ സ്ഥാപനത്തില്‍ 15 ശതമാനം പ്രാതിനിധ്യം ലഭിക്കുന്നതുമായ യൂണിയനുകള്‍ക്ക് അംഗീകൃത ട്രേഡ് യൂണിയനുകള്‍ക്കുള്ള എല്ലാ അവകാശങ്ങളുമുണ്ടായിരിക്കും.

ട്രേഡ് യൂണിയന്‍ അംഗീകരണത്തിനുവേണ്ടി ഓരോ സംഘടനയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അപേക്ഷ സമര്‍പ്പിക്കണം. ഒരു സ്ഥാപനത്തില്‍ ഒരു സംഘടനയുടെ അപേക്ഷ മാത്രമാണ് ലഭിക്കുന്നതെങ്കില്‍  യൂണിയനെ പ്രസ്തുതസ്ഥാപനത്തിലെ സോള്‍ബാര്‍ഗൈനിംഗ് ഏജന്റായി നിയമിക്കുന്നതാണ്. ഒന്നിലധികം സംഘടനകള്‍ അപേക്ഷ സമര്‍പ്പിക്കുന്ന വ്യവസായ സ്ഥാപനത്തില്‍ വ്യവസായ മേഖലയില്‍ ബന്ധപ്പെട്ട രജിസ്ട്രാര്‍ തിരഞ്ഞെടുപ്പു നടത്തുകയും 51 ശതമാനമോ അതിലധികമോ വോട്ടു ലഭിക്കുന്ന യൂണിയന് സോള്‍ബാര്‍ഗൈനിംഗ് ഏജന്റായി ബന്ധപ്പെട്ട തൊഴിലുടമാ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണ്. സോള്‍ബാര്‍ഗൈനിംഗ് ഏജന്റിനും വ്യവസായ സ്ഥാപത്തില്‍ 15 ശതമാനത്തിലധികവും വ്യവസായ മേഖലയില്‍ 10 ശതമാനത്തിലധികവും വോട്ടുലഭിക്കുന്ന പ്രകാരം അംഗീകാരം ലഭിച്ച യൂണിയനുകള്‍ക്ക് തൊഴിലുടമയുമായി തൊഴില്‍ തര്‍ക്കങ്ങളില്‍ പങ്കാളിയാകാനും ഒത്തുതീര്‍പ്പില്‍ ഒപ്പുവയ്ക്കാനും അവകാശമുണ്ടായിരിക്കും. എന്നാല്‍ ഒരു സമവായം ഉണ്ടാക്കാനാകാതെ വന്നാല്‍ സോള്‍ബാര്‍ഗൈനിംഗ് ഏജന്റിന് ഈ ഒത്തുതീര്‍പ്പില്‍ ഒപ്പുവയ്ക്കാനവകാശമുണ്ടായിരിക്കുന്നതും ഒത്തുതീര്‍പ്പ് എല്ലാ തൊഴിലാളികള്‍ക്കും തൊഴിലുടമയ്ക്കും ബാധകമായിരിക്കുന്നതുമാണ്.

ഒരു വ്യവസായ സ്ഥാപനത്തില്‍ 15 ശതമാനത്തിലധികം വോട്ടുലഭിക്കുന്ന തൊഴിലാളി സംഘടനകള്‍ക്ക് ഒരുമിച്ച് ഒരു ജോയിന്റ് ബാര്‍ഗൈനിംഗ് കൗണ്‍സില്‍ രൂപീകരിക്കാനവകാശമുണ്ടായിരിക്കും. ഇതില്‍ 40 ശതമാനത്തിലധികം വോട്ടുലഭിക്കന്ന സംഘടനയെ പ്രിന്‍സിപ്പല്‍ ബാര്‍ഗൈനിംഗ് ഏജന്റായി തൊഴിലുടമ സര്‍ട്ടിഫൈ ചെയ്യാന്‍ ബാധ്യസ്ഥനുമായിരിക്കും. ജോയിന്റ് ബാര്‍ഗൈനിംഗ് കൗണ്‍സിലിന് തൊഴിലുടമയുമായുള്ള കൂടിയാലോചനകളില്‍ പങ്കെടുക്കാനും അതിന്റെ അടിസ്ഥാനത്തില്‍ ഒത്തുതീര്‍പ്പില്‍ ഒപ്പുവയ്ക്കാനും അവകാശമുണ്ടായിരിക്കുകയും ചെയ്യും. വ്യവസായ മേഖലയെ സംബന്ധിച്ചിടത്തോളം ട്രേഡ് യൂണിയനുകളുടെ അംഗീകാരത്തിനുള്ള അര്‍ഹത 10 ശതമാനവും അതനുസരിച്ച് ജോയിന്റ് ബാര്‍ഗൈനിംഗ് കൗണ്‍സില്‍ രൂപീകരിക്കാനും അതില്‍ 40 ശതമാനത്തിലധികം പ്രാതിനിധ്യമുള്ള സംഘടന പ്രിന്‍സിപ്പല്‍ ബാര്‍ഗൈനിംഗ് ഏജന്റ് ആയിരിക്കുകയും ചെയ്യും. ജോയിന്റ് ബാര്‍ഗൈനിംഗ് കൗണ്‍സിലിലെ സംഘടനകള്‍ക്ക് കൂടിയാലോചനകളിലും ചര്‍ച്ചയിലും പങ്കെടുക്കാനും തീരുമാനമെടുക്കാനും അധികാരമുണ്ടായിരിക്കുന്നതോടൊപ്പം ജോയിന്റ് ബാര്‍ഗൈനിംഗ് കൗണ്‍സിലിലെ രണ്ടോ അതിലധികമോ യൂണിയനുകള്‍ യോജിച്ചു 50 ശതമാനത്തിലധികം വോട്ടു കരസ്ഥമാക്കുന്ന പക്ഷം പ്രിന്‍സിപ്പല്‍ ബാര്‍ഗൈനിംഗ് ഏജന്റ് ഇല്ലാത്ത സ്ഥാപനങ്ങളിലെ സെറ്റില്‍മെന്റില്‍ ഒപ്പിടാന്‍ അവകാശമുണ്ടായിരിക്കുന്നതുമാണ്. അംഗീകൃത ട്രേഡ് യൂണിയനുകളുടെ ഇതര അവകാശങ്ങള്‍ സംബന്ധിച്ചും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

ജനയുഗം 191110

1 comment:

  1. കേരള നിയമസഭ പാസാക്കിയ ട്രേഡ് യൂണിയന്‍ അംഗീകരണനിയമത്തിനു രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു. വ്യവസായ സ്ഥാപനങ്ങളിലും വ്യവസായ മേഖലകളിലും തൊഴിലാളികളുടെ സംഘടിതമായ വിലപേശല്‍ സുഗമമാക്കുന്നതിനും തൊഴിലാളി തൊഴിലുടമാബന്ധം സുഖകരമാക്കുന്നതിനും വ്യവസായ സ്ഥാപനങ്ങളില്‍ ട്രേഡ് യൂണിയനുകളുടെ ബാഹുല്യം നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് ഈ നിയമം.
    ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്‌സ് ആക്ട് (1947 ലെ കേന്ദ്രനിയമം) പ്രകാരം അന്‍പതോ അതിലധികമോ തൊഴിലാളികള്‍ പണിയെടുക്കുകയോ പണിയെടുത്തിരുന്നതോ ആയ ഏതൊരു വ്യവസായ സ്ഥാപനത്തിനും നിയമം ബാധകമാണ്. കേന്ദ്ര നിയമവുമായി ബന്ധപ്പെട്ട നിയമമായതുകൊണ്ട് അവതരിപ്പിക്കുന്നതിന് മുമ്പ് കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരത്തിനയയ്ക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്തതിനുശേഷമാണ് നിയമസഭ പാസാക്കിയത്. കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും രണ്ടുപ്രവശ്യം സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കുകയും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്ത നിയമത്തിനുള്ള ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. അതിന് നിയമവകുപ്പിന്റെ അംഗീകാരം ലഭിച്ചാലുടന്‍ കേരള റെക്കഗ്നിഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ ആക്ട് 2010 നടപ്പില്‍ വരും.

    ReplyDelete