Thursday, November 18, 2010

സ്പെക്ട്രം : വെളിപ്പെടുന്നത് കോര്‍പ്പറേറ്റ് സ്വാധീനം

രണ്ടാം തലമുറ സ്പെക്ട്രം ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാ‍ട്ടിയുള്ള സി.എ.ജി റിപ്പോര്‍ട്ടിലൂടെ വെളിപ്പെടുന്നത് കോര്‍പ്പറേറ്റ് അഴിമതിയുടെ വളര്‍ച്ച. ടെലികോം മന്ത്രാലയം കേന്ദ്രീകരിച്ച് നടന്ന അഴിമതിക്ക് പ്രധാനമന്ത്രി കാര്യാലയവും ധന നിയമ മന്ത്രാലയവുമെല്ലാം കൂട്ടുനിന്നുവെന്ന് സി.എ.ജിയുടെ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു. കോര്‍പ്പറേറ്റ് സ്വാധീനമാണ് ഇതിനു പിന്നില്‍.

കാര്‍ഗില്‍ ഫ്ലാറ്റ്, കോമണ്‍‌വെല്‍ത്ത്, സ്പെക്ട്രം ഇടപാട് തുടങ്ങിയ അഴിമതികളെല്ലാം ഭരണതലത്തില്‍ കോര്‍പ്പറേറ്റ് ലോബി കൈവരിച്ച സ്വാധീനത്തിനു തെളിവായി മാറുകയാണ്. അഴിമതിയുടെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവന്നത് സ്പെക്ട്രം ഇടപാടില്‍ മാത്രമാണ്. സ്പെക്ട്രം ഇടപാടിനു പിന്നില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പാണ് ഇടപെടലുകള്‍ നടത്തിയ പ്രധാ‍ന കോര്‍പ്പറേറ്റ് സ്ഥാപനം. ചില പ്രധാന റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകളും ഇടപാടുകള്‍ക്ക് പിന്നിലുണ്ടെന്ന് സി.എ.ജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ടെലികോം രംഗത്തേക്ക് നേരത്തെ തന്നെ പ്രവേശിച്ചിരുന്ന റിലയന്‍സ് ഗ്രൂപ്പ് ബിനാമി കമ്പനി രൂപീകരിച്ച് രംഗത്തുവരികയായിരുന്നു. സ്പെക്ട്രം ലേലത്തില്‍ പങ്കെടുത്ത സ്വാന്‍ എന്ന കമ്പനിയില്‍ പത്തു ശതമാനത്തിലേറെ ഓഹരിയാണ് റിലയന്‍സിന് ഉണ്ടായിരുന്നത്. ചട്ടപ്രകാരം നിലവില്‍ ടെലികോം രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിക്ക് മറ്റ് ടെലികോം കമ്പനികളില്‍ 10 ശതമാനത്തില്‍ കൂടുതല്‍ ഓഹരി പാടില്ലെന്നുണ്ട്. റിലയന്‍സിന്റെ ഓഹരി പങ്കാളിത്തം മറച്ചുവെച്ചാണ് സ്വാന്‍ സ്പെക്ട്രത്തിന് അപേക്ഷ നല്‍കിയത്.

സ്വാന്‍ കമ്പനിയില്‍ റിലയന്‍സിന് ആയിരം കോടിയുടെ ഓഹരിയും കമ്പനി പ്രൊമോട്ടര്‍മാരായ ടൈഗര്‍ ട്രേഡേഴ്സിന് 100 കോടിയുടെയും ഓഹരിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ കടലാസില്‍ 90 ശതമാനത്തിനടുത്ത് ഓഹരിയും ടൈഗര്‍ ട്രേഡേഴ്സിന്റെതായാണ് കാണിച്ചത്. പരിശോധനയില്‍ വ്യക്തമാകുന്ന ഈ തട്ടിപ്പ് ടെലികോം വകുപ്പ് കണ്ടില്ലെന്ന് നടിച്ചു. സ്പെക്ട്രം സ്വന്തമാക്കിയ സ്വാന്‍ കമ്പനി പിന്നീട് വന്‍‌ലാഭത്തില്‍ ഇത് എറ്റിസലാത്ത് ഡിബി കമ്പനിക്ക് മറിച്ചു നല്‍കുകയായിരുന്നു. വെറും കടലാസുകമ്പനികളിലൂടെ മാത്രം കോടികളുടെ ലാഭം റിലയന്‍സ് സ്വന്തമാക്കി.

റിലയന്‍സിനു പുറമെ യൂണിടെക്ക് (നിലവില്‍ യൂണിനോര്‍), ലൂപ്പ്, ഡാറ്റാകോം, അലയന്‍സ്  ഇന്‍ഫ്ര, എസ് ടെല്‍ തുടങ്ങിയ 13 കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ അപേക്ഷകളിലും ക്രമക്കേടുകള്‍ വ്യക്തമായിരുന്നു. 122 ലൈസന്‍സുകളില്‍ 85 ലൈസന്‍സുകളും ഈ സ്ഥാ‍പനങ്ങള്‍ സ്വന്തമാക്കി. കോഴ നല്‍കിയ സ്ഥാപനങ്ങള്‍ക്ക് തന്നെ സ്പെക്ട്രം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും ഭരണതലത്തില്‍ ആസൂത്രണം നടന്നു. പ്രവേശനഫീസും മറ്റും സമര്‍പ്പിക്കുന്നതിന് ഹ്രസ്വമായ സമയപരിധി മാത്രം നല്‍കിയാണ് പല സ്ഥാപനങ്ങളെയും ടെലികോം മന്ത്രാലയം വെട്ടിയത്.

അഴിമതി വ്യക്തമായിട്ടും പ്രധാനമന്ത്രി കാര്യാലയവും ധന-നിയമ മന്ത്രാലയങ്ങളും എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന ചോദ്യം സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പ്രസക്തമാവുകയാണ്. കുറഞ്ഞ നിരക്കില്‍ സ്പെക്ട്രം നല്‍കുന്നത് ശരിയാണോയെന്ന് സംശയം ആരാഞ്ഞ് ഒരു വട്ടം കത്തയച്ചതല്ലാതെ യാതൊരു ഇടപെടലും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഉണ്ടായില്ല. കോര്‍പ്പറേറ്റ് അഴിമതിയുടെ സ്വാധീനത്തിന് ടെലികോം മന്ത്രാലയത്തിനു പുറമെ മറ്റു പല മന്ത്രാലയങ്ങളും വഴങ്ങുകയായിരുന്നു.

വിദേശ ഫണ്ട് ഇടപാടിനെപ്പറ്റി അന്വേഷണം തുടങ്ങി

സ്പെക്ട്രം ഇടപാടിലെ അഴിമതികള്‍ക്കുപിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന കോര്‍പറേറ്റ് സ്ഥാപനങ്ങളിലൊന്നായ യൂണിടെക്കിന്റെ വിദേശ ഫണ്ട് ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. യൂണിടെക്കിന്റെ സ്ഥാപകഉടമകളായ രമേശ് ചന്ദ്ര, സതീശ് ചന്ദ്ര എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു. ലിബിയ, സൈപ്രസ് തുടങ്ങി നിരവധി രാജ്യങ്ങളില്‍നിന്ന് യൂണിടെക്കിന് ക്രമരഹിതമായി ഫണ്ടുകള്‍ വന്നതാണ് ഇഡി അന്വേഷിക്കുന്നത്. യൂണിടെക്കിന്റെ ബാങ്ക് അക്കൌണ്ടുകളുടെ വിശദാംശങ്ങളും തേടിയിട്ടുണ്ട്. സൈപ്രസില്‍ മാത്രം യൂണിടെക്കിന് ഇരുപതോളം ഉപസ്ഥാപനങ്ങളുണ്ട്. ഈ സ്ഥാപനങ്ങളില്‍ പലതും ക്രമരഹിതമായി ഫണ്ടൊഴുക്കിയിട്ടുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൈപ്രസിന് പുറമെ മൌറീഷ്യസ്, ചാനല്‍ ഐലന്‍ഡ്സ്, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും യൂണിടെക്ക് ഉപസ്ഥാപനങ്ങള്‍ സ്ഥാപിച്ചിരുന്നു.

ജെപിസി അന്വേഷണംതന്നെ വേണം: ജയലളിത

2ജി സ്പെക്ട്രം അഴിമതിയില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണത്തില്‍ കുറഞ്ഞതൊന്നും പ്രതിപക്ഷത്തിന് സ്വകീകാര്യമല്ലെന്ന് എഐഎഡിഎംകെ നേതാവ് ജയലളിത പറഞ്ഞു. രാജിവച്ചയുടന്‍ മന്ത്രി രാജ പറഞ്ഞത് താന്‍ കുറ്റക്കാരനല്ലെന്നാണ്. കുറ്റക്കാരനല്ലെങ്കില്‍ ജെപിസി അന്വേഷണത്തെ കരുണാനിധി ഭയക്കുന്നതെന്തിനെന്ന് ജയലളിത ചോദിച്ചു. ബിജെപിയിലെമുരളി മനോഹര്‍ ജോഷി നയിക്കുന്ന പിഎസിയാണ് ജെപിസിയേക്കാള്‍ ശക്തമെന്ന കരുണാനിധിയുടെ വാദത്തെയും ജയലളിത പരാമര്‍ശിച്ചു. ഭരണകക്ഷി നേതാവ് തലവനായ ജെപിസിയെ കരുണാനിധിക്കു വിശ്വാസമില്ലെന്നതിനര്‍ഥം കോണ്‍ഗ്രസ്സിനെത്തന്നെ വിശ്വാസമില്ല എന്നല്ലേയെന്ന് ജയ ചോദിച്ചു.

ദേശാഭിമാനി 181110

2 comments:

  1. രണ്ടാം തലമുറ സ്പെക്ട്രം ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാ‍ട്ടിയുള്ള സി.എ.ജി റിപ്പോര്‍ട്ടിലൂടെ വെളിപ്പെടുന്നത് കോര്‍പ്പറേറ്റ് അഴിമതിയുടെ വളര്‍ച്ച. ടെലികോം മന്ത്രാലയം കേന്ദ്രീകരിച്ച് നടന്ന അഴിമതിക്ക് പ്രധാനമന്ത്രി കാര്യാലയവും ധന നിയമ മന്ത്രാലയവുമെല്ലാം കൂട്ടുനിന്നുവെന്ന് സി.എ.ജിയുടെ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു. കോര്‍പ്പറേറ്റ് സ്വാധീനമാണ് ഇതിനു പിന്നില്‍.

    കാര്‍ഗില്‍ ഫ്ലാറ്റ്, കോമണ്‍‌വെല്‍ത്ത്, സ്പെക്ട്രം ഇടപാട് തുടങ്ങിയ അഴിമതികളെല്ലാം ഭരണതലത്തില്‍ കോര്‍പ്പറേറ്റ് ലോബി കൈവരിച്ച സ്വാധീനത്തിനു തെളിവായി മാറുകയാണ്. അഴിമതിയുടെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവന്നത് സ്പെക്ട്രം ഇടപാടില്‍ മാത്രമാണ്. സ്പെക്ട്രം ഇടപാടിനു പിന്നില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പാണ് ഇടപെടലുകള്‍ നടത്തിയ പ്രധാ‍ന കോര്‍പ്പറേറ്റ് സ്ഥാപനം. ചില പ്രധാന റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകളും ഇടപാടുകള്‍ക്ക് പിന്നിലുണ്ടെന്ന് സി.എ.ജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

    ReplyDelete
  2. 69 ടെലികോം കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ശുപാര്‍ശ. കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും ശുപാര്‍ശയില്‍ നിര്‍ദ്ദേശമുണ്ട്. (people channel news)

    ReplyDelete