Saturday, November 20, 2010

ശീതളപാനീയം, സ്വാശ്രയം, എന്‍‌ട്രന്‍സ്

പെപ്സിക്കെതിരായ കേസുകള്‍ സുപ്രീംകോടതി റദ്ദാക്കി

ശീതളപാനീയത്തില്‍ അളവില്‍ കവിഞ്ഞ് കീടനാശിനി കണ്ടെത്തിയതിന് കേരളത്തില്‍ പെപ്സി കോളയ്ക്കെതിരെ എടുത്ത ഏഴോളം കേസ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ അല്‍ത്തമാസ് കബീര്‍, സിറിയക് ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കേരളത്തിലെ പല ജില്ലകളിലായി നടത്തിയ പരിശോധനയില്‍ പെപ്സി കോളയില്‍ അളവില്‍ കവിഞ്ഞ കീടനാശിനി കണ്ടെത്തിയിരുന്നു. പലയിടത്തും മജിസ്ട്രേട്ട് കോടതികള്‍ പെപ്സിക്കെതിരെ ഭക്ഷ്യമായംചേര്‍ക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്തു. കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെപ്സി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് തുടരാനാണ് വിധിച്ചത്. ഹൈക്കോടതിവിധിക്കെതിരെ പെപ്സി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പെപ്സിയുടെ വാദം അംഗീകരിച്ചാണ് ഇപ്പോള്‍ എല്ലാ കേസും റദ്ദാക്കിയത്.

മായംചേര്‍ക്കല്‍ പരിശോധിക്കുന്നതിന് അധികാരപ്പെട്ട ലാബുകളെ നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവന്നിട്ടില്ല എന്ന കാരണമാണ് പെപ്സിക്ക് അനുകൂലമായ വിധിക്ക് കോടതി മുഖ്യമായും ഉന്നയിക്കുന്ന ന്യായം. മായംചേര്‍ക്കല്‍ പരിശോധനയ്ക്ക് നിശ്ചിത മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കാത്തതും പെപ്സിക്ക് അനുകൂലമായി. പരിശോധനകള്‍ക്ക് നിശ്ചിത മാനദണ്ഡം ഇല്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ പരിശോധകന്‍ ഡിജിഎച്ച്എസ് മാര്‍ഗം ഉപയോഗിച്ച് നടത്തിയ പരിശോധന പരിഗണിക്കാനാകില്ലെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.

സ്വാശ്രയ അനുമതി സിബിഐ കുറ്റപത്രം നല്‍കി

അടിസ്ഥാനസൌകര്യങ്ങളില്ലാത്ത എന്‍ജിനിയറിങ് കോളേജുകള്‍ക്ക് അനുമതി നല്‍കിയ കേസില്‍ സിബിഐ എഐസിടിഇ റീജണല്‍ ഡയറക്ടറെയും സ്വാശ്രയ കോളേജ് ട്രസ്റ്റ് ചെയര്‍മാനെയും പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി (2) മുമ്പാകെയാണ് കുറ്റപത്രം. എഐസിടിഇയുടെ ബംഗളൂരുവിലെ റീജണല്‍ ഡയറക്ടര്‍ ഡോ. മഞ്ജുസിങ്, പാലക്കാട് ഗോവിന്ദാപുരം പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി ട്രസ്റ്റ് ചെയര്‍മാന്‍ ഒ കെ ശ്രീധരന്‍ എന്നിവര്‍ക്കെതിരെയാണ് ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. അഴിമതിനിരോധനനിയമത്തിലെ വിവിധ വകുപ്പനുസരിച്ചും കുറ്റം ആരോപിച്ചിട്ടുണ്ട്.

എഐസിടിഇ മാനദണ്ഡങ്ങള്‍പ്രകാരമുള്ള പഠനസൌകര്യങ്ങള്‍ ഇല്ലാത്ത കോളേജിന് അനുമതി നല്‍കാന്‍ മഞ്ജുസിങ് 17 ലക്ഷം രൂപ കോളേജ് ചെയര്‍മാന്‍ ഒ കെ ശ്രീധരനില്‍നിന്ന് കൈക്കൂലി വാങ്ങിയതായി സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. രണ്ടു തവണയായാണ് കൈക്കൂലി വാങ്ങിയത്. ആദ്യം രണ്ടുലക്ഷവും പിന്നീട് 15 ലക്ഷവുമാണ് വാങ്ങിയത്. ലൈബ്രറി, ലാബ്, പുസ്തകങ്ങള്‍ തുടങ്ങി എന്‍ജിനിയറിങ് കോളേജിന് എഐസിടിഇ നിഷ്കര്‍ഷിച്ചിട്ടുള്ള സൌകര്യങ്ങള്‍ ഇല്ലെന്ന് സിബിഐ കണ്ടെത്തി. എഐസിടിയുടെ പരിശോധനാ റിപ്പോര്‍ട്ട് മറികടന്നാണ് അനുമതി നല്‍കിയതെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

സംസ്ഥാനത്തെ മൂന്ന് സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ക്കെതിരെയാണ് സിബിഐ അന്വേഷണം നടത്തിയത്. കേരളം, തമിഴ്നാട്, കര്‍ണാടകം എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ക്ക് അനുമതി നല്‍കുന്നതിന് കോഴവാങ്ങിയതായി കണ്ടെത്തി 42 കേസാണ് സിബിഐ രജിസ്റ്റര്‍ചെയ്തത്.

എംബിബിഎസിനും പ്ളസ്ടു മാര്‍ക്ക് മാനദണ്ഡമാക്കും


അടുത്ത വര്‍ഷത്തെ മെഡിക്കല്‍-എന്‍ജിനിയറിങ് പ്രവേശനത്തിന് പ്രവേശനപരീക്ഷയുടെ മാര്‍ക്കിനു പുറമെ പ്ളസ്ടു മാര്‍ക്കും മാനദണ്ഡമാക്കും.
പ്ളസ്ടു പരീക്ഷയുടെ മാര്‍ക്കിനും പ്രവേശനപരീക്ഷയുടെ മാര്‍ക്കിനും തുല്യവെയ്റ്റേജ് നല്‍കി റാങ്ക്ലിസ്റ് തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും. എംബിബിഎസ് പ്രവേശനത്തിന് പ്ളസ്ടു മാര്‍ക്കുകൂടി മാനദണ്ഡമാക്കുന്നതിന് ആവശ്യമെങ്കില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ആലോചനയുണ്ട്. വിദ്യാഭ്യാസമന്ത്രി എം എ ബേബിയും ആരോഗ്യമന്ത്രി പി കെ ശ്രീമതിയും ബുധനാഴ്ച ഇതു സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തി.

ഇന്ത്യന്‍ മെഡിക്കല്‍ കൌസിലിന്റെ നിലവിലുള്ള മാനദണ്ഡമനുസരിച്ച് എംബിബിഎസ് പ്രവേശനത്തിന് പ്രവേശനപരീക്ഷയുടെ മാര്‍ക്ക് മാത്രമേ പരിഗണിക്കാന്‍ കഴിയൂ. അതേസമയം, യോഗ്യതാ പരീക്ഷയ്ക്ക് കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് വേണം. യോഗ്യതാ പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്ക് എന്നതിനു പുറമെ യോഗ്യതാ പരീക്ഷയുടെ മാര്‍ക്കുകൂടി മാനദണ്ഡമാക്കുന്നതിനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. തമിഴ്നാട്ടില്‍ നിലവില്‍ പ്ളസ്ടു മാര്‍ക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശനം നല്‍കുന്നത്. പ്രവേശനപരീക്ഷ ഇല്ല. മെഡിക്കല്‍ കൌസില്‍ ഓഫ് ഇന്ത്യ ഇതിന് അംഗീകാരം നല്‍കിയിട്ടില്ലെങ്കിലും സുപ്രീംകോടതിയില്‍നിന്ന് വിധി സമ്പാദിച്ചാണ് പ്രവേശനം നടത്തുന്നത്. കേരളത്തില്‍ പ്ളസ്ടു മാര്‍ക്കുകൂടി മാനദണ്ഡമാക്കുന്നതിന് അനുമതി തേടി കേന്ദ്രസര്‍ക്കാരിനും എംസിഐക്കും സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇതിന് അംഗീകാരം നല്‍കിയില്ലെങ്കില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.

ഡിസംബര്‍ മൂന്നാംവാരത്തോടെ മാത്രമേ പ്രോസ്പെക്ടസ് തയ്യാറാക്കേണ്ടതുള്ളു. അതുകൊണ്ടുതന്നെ എംബിബിഎസ് പ്രവേശനത്തിന്റെ കാര്യത്തില്‍ ധൃതിപിടിച്ച് തീരുമാനമെടുക്കേണ്ടതില്ല. പ്രവേശന പരീക്ഷാ പരിഷ്കരണ സമിതിയും പ്ളസ്ടു മാര്‍ക്ക് ഏകീകരിക്കുന്നതിനുള്ള സമിതിയും കഴിഞ്ഞ ദിവസം സംയുക്തയോഗം ചേര്‍ന്നിരുന്നു. എംസിഐയുടെ അംഗീകാരം കിട്ടാത്തതിനാല്‍ എന്‍ജിനിയറിങ് പ്രവേശനത്തിനുമാത്രം പ്ളസ്ടു മാര്‍ക്ക് മാനദണ്ഡമാക്കുന്ന കാര്യം ചര്‍ച്ചചെയ്തിരുന്നു. എന്നാല്‍, എംബിബിഎസിനും എന്‍ജിനിയറിങ്ങിനും ഒരേ മാനദണ്ഡമുണ്ടാക്കാനാണ് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചത്. അതനുസരിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്.

സിബിഎസ്ഇ സ്കൂളുകളുടെ അനുമതി: എട്ടാഴ്ച സമയം

കേരളത്തിലെ നൂറോളം സിബിഎസ്ഇ സ്കൂളുകളുടെ അനുമതി പ്രശ്നം ഉന്നയിച്ചുള്ള കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. വിദ്യാഭ്യാസ അവകാശനിയമം നിലവില്‍വന്ന സാഹചര്യത്തില്‍ അതുപ്രകാരം ചട്ടങ്ങള്‍ക്ക് രൂപംനല്‍കാന്‍ സമയം
അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സത്യവാങ്മൂലം. ഇതിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് എട്ടാഴ്ചകൂടി സമയം അനുവദിച്ചു.

ദേശാഭിമാനി 191110

1 comment:

  1. അടിസ്ഥാനസൌകര്യങ്ങളില്ലാത്ത എന്‍ജിനിയറിങ് കോളേജുകള്‍ക്ക് അനുമതി നല്‍കിയ കേസില്‍ സിബിഐ എഐസിടിഇ റീജണല്‍ ഡയറക്ടറെയും സ്വാശ്രയ കോളേജ് ട്രസ്റ്റ് ചെയര്‍മാനെയും പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി (2) മുമ്പാകെയാണ് കുറ്റപത്രം. എഐസിടിഇയുടെ ബംഗളൂരുവിലെ റീജണല്‍ ഡയറക്ടര്‍ ഡോ. മഞ്ജുസിങ്, പാലക്കാട് ഗോവിന്ദാപുരം പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി ട്രസ്റ്റ് ചെയര്‍മാന്‍ ഒ കെ ശ്രീധരന്‍ എന്നിവര്‍ക്കെതിരെയാണ് ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. അഴിമതിനിരോധനനിയമത്തിലെ വിവിധ വകുപ്പനുസരിച്ചും കുറ്റം ആരോപിച്ചിട്ടുണ്ട്.

    ReplyDelete