ഹരിത-ധവള വിപ്ലവങ്ങള്‍ക്ക് ശേഷം ഇന്ത്യ ഒരു നീല വിപ്ലവത്തിന്റെ പാതയിലാണ്. ഇതിന്റെ ഫലമായി മത്സ്യോല്‍പാദനത്തില്‍ വന്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ കാര്‍ഷിക മേഖലയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച കാഴ്ചവയ്ക്കുന്നത് മത്സ്യ മേഖലയിലാണ്. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മത്സ്യത്തിന്റെ ഏതാണ്ട് 10 ശതമാനം മാത്രമാണ് സംസ്‌ക്കരണത്തത്തിനം മൂല്യവര്‍ദ്ധനയ്ക്കും ഉപയുക്തമാക്കുന്നത്. അതുകൊണ്ട് തന്നെ മത്സ്യോല്‍പാദന മേഖലയ്ക്ക് വന്‍ വ്യവസായ സാധ്യതകളാണുള്ളത്. എന്നാല്‍ മത്സ്യമേഖലാ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുന്ന വിധത്തില്‍ സര്‍വകലാശാല തലത്തില്‍ ആഴത്തിലുള്ള ഗവേഷണങ്ങളോ ഗൗരവമേറിയ പഠനങ്ങളോ നടക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങള്‍ മത്സ്യമേഖലയുടെ വളര്‍ച്ചയ്ക്ക് ഉപയുക്തമാകുന്ന വിധത്തില്‍ സര്‍വകലാശാലാ തലത്തില്‍ അടിസ്ഥാന സൗകര്യങ്ങളും സ്ഥാപനങ്ങളും അനിവാര്യമാണ്.
കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്ന് ശകതമാനം മത്സ്യമേഖലയുടെ സംഭാവനയാണ്. കാര്‍ഷിക മേഖലയുടെ മൊത്തം ഉല്‍പാദനത്തിന്റെ 9 മുതല്‍ 10 ശതമാനം വരെ മത്സ്യമേഖല സംഭാവന ചെയ്യുന്നു. മത്സ്യോല്‍പന്നങ്ങളുടെ കയറ്റുമതി വഴി പ്രതിവര്‍ഷം ഏകദേശം 1500 കോടിരൂപയോളം വിദേശ നാണ്യം മത്സ്യമേഖല നേടിയെടുക്കുന്നുണ്ട്. കേരളത്തിലെ 11 ലക്ഷത്തോളം മത്സ്യത്തൊഴിലാളികള്‍ മത്സ്യമേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കൂടാതെ 10 ലക്ഷത്തില്‍ പരം ആളുകള്‍ അനുബന്ധ മേഖലകളില്‍ പണിയെടുക്കുന്നു. മത്സ്യത്തൊഴിലാളികള്‍ സംസ്ഥാനത്തെ സാമൂഹ്യമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളില്‍ ഒന്നാണ്. ഇവരുടെ സര്‍വ്വതോന്മുഖമായ പുരോഗതി കേരളത്തിന്റെ സുസ്ഥിരമായ വകസനത്തിന് അനിവാര്യമാണ്. നമ്മുടെ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ മത്സ്യമേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് കേരളത്തില്‍ ഒരു ഫിഷറീസ് സര്‍വകലാശാല സ്ഥാപിക്കണമെന്ന നിര്‍ദേശം മുന്‍ സി ഐ എഫ് ടി ഡയറക്ടറായിരുന്ന ഡോ രവീന്ദ്രന്‍ അധ്യക്ഷനായ വിദഗ്ധ സമിതി മുന്നോട്ട് വെയ്ക്കുകയും വിവിധ വശങ്ങള്‍ പരിശോധിച്ച് സംസ്ഥാനസര്‍ക്കാര്‍ ആ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കുകയും ചെയ്തു. അതിനെത്തുടര്‍ന്ന് ഒരു ഫിഷറീസ് സര്‍വകലാശാല ബില്ലിന് രൂപം നല്‍കുകയും അത് ഓര്‍ഡിനന്‍സായി ഇറക്കുന്നതിന് കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നല്‍കുകയും ചെയ്തു. പ്രസ്തുത ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരം കിട്ടുന്ന മുറയ്ക്ക് പ്രാബല്യത്തില്‍ വരും.
കൊച്ചിയിലെ ഫിഷറീസ് കോളജ് ആസ്ഥാനമാക്കി ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിനാണ് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുള്ളത്. ഫിഷറീസ് കോളജിന്റെ കീഴിലുള്ള കൊച്ചിയിലെ 75 ഏക്കര്‍ സ്ഥലവും കോളജിലെ അടിസ്ഥാന സൗകര്യങ്ങളും പുതുവെപ്പ് ഫിഷറീസ് സ്റ്റേഷന്റെ കീഴിലുള്ള 50 ഏക്കര്‍ സ്ഥലവും സൗകര്യങ്ങളും കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും വേര്‍പ്പെടുത്തി ഫിഷറീസ് സര്‍വകലാശാലയ്ക്ക് വേണ്ടി വിനിയോഗിക്കും. തുടക്കത്തില്‍ ഈ സ്ഥലം സര്‍വകലാശാലയുടെ കീഴില്‍ വിവിധ അക്കാദമിക് വിഭാഗങ്ങളും ഗവേഷണ യൂണിറ്റുകളും സ്ഥാപിക്കുന്നതിനും സാറ്റലൈറ്റ് കാമ്പസുകള്‍ തുടങ്ങുന്നതിനും പ്രയോജനപ്പെടുത്തും.
നിര്‍ദ്ദിഷ്ട സര്‍വകലാശാലയ്ക്ക് ചാന്‍സലര്‍, പ്രൊ ചാന്‍സലര്‍, വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, ഗവേണിംഗ് കൗണ്‍സില്‍, റിസര്‍ച്ച് കൗണ്‍സില്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഗവേണിംഗ് കൗണ്‍സിലുകള്‍ തുടങ്ങി സ്റ്റാറ്റിയൂട്ടില്‍ നിര്‍ദേശിക്കുന്ന ഘടനയും സംവിധാനവും ഉണ്ടായിരിക്കുന്നതാണ്. ഫിഷറീസ് ഡീന്‍, ഓരോ ബോര്‍ഡ് ഓഫ് സ്റ്റഡീസിലേയും ചെയര്‍ പേഴ്‌സണ്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിന്നുള്ള ഒരു മെമ്പര്‍, രണ്ട് സബ്ജക്ട് എക്‌സ്പര്‍ട്ട്‌സ് എന്നിവര്‍ അടങ്ങുന്ന ഒരു ഫാക്കല്‍ട്ടിയും ഓര്‍ഡിനന്‍സില്‍ വിഭാവന ചെയ്തിട്ടുണ്ട്.
ഇന്ത്യയില്‍ ആദ്യമായിട്ടാണ് മത്സ്യമേഖലയ്ക്ക് പ്രത്യേകമായി ഒരു സര്‍വകലാശാല നിലവില്‍ വരുന്നത് എന്ന ചരിത്രപരമായ പ്രാധാന്യം ഇതിനുണ്ട്. ഏഷ്യയില്‍തന്നെ ചൈന, ജപ്പാന്‍, തെക്കന്‍ കൊറിയ എന്നിങ്ങനെ മത്സ്യോല്‍പാദനത്തില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങളില്‍ മാത്രമാണ് ഫിഷറീസ് സര്‍വകലാശാലകള്‍ നിലവിലുള്ളത്. പ്രസ്തുത രാജ്യങ്ങളില്‍ സാമ്പത്തിക വികസനത്തിന്റെ എഞ്ചിനുകളുമായി സ്വയം മാറുന്നതിന് ഈ സര്‍വകലാശാലകള്‍ക്ക് കഴിയുന്നുണ്ട്. മത്സ്യമേഖലാ വികസനത്തില്‍ ആ രാജ്യങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങളില്‍ ഫിഷറീസ് സര്‍വകലാശാലകള്‍ കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഈ രാജ്യങ്ങളുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മത്സ്യമേഖലയില്‍ മുന്നേറുന്നതിനാണ് നിര്‍ദ്ദിഷ്ട സര്‍വകലാശാലയുടെ സംസ്ഥാപനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.
സംസ്ഥാനത്തിന്റെ മത്സ്യമേഖലാ വികസന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും മത്സ്യ മേഖലയെ നമ്മുടെ സമ്പദ്ഘടനയുടെ വളര്‍ച്ചയുടെ മുഖ്യ ചാലകശക്തിയാക്കി പരിവര്‍ത്തനം ചെയ്യുകയും ചെയ്യുക എന്നതായിരിക്കും ഫിഷറീസ് സര്‍വകലാശാലയുടെ പരമമായ ലക്ഷ്യം.
മത്സ്യമേഖലയില്‍ ഉന്നത വിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനും തീരപരിസ്ഥിതി സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യം ഉറപ്പാക്കുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വിജ്ഞാന വ്യാപന മേഖലകള്‍ ശക്തിപ്പെടുത്തുന്നതിനും ഉല്‍പാദനരംഗത്ത് സുസ്ഥിര വളര്‍ച്ച കൈവരിക്കുന്നതിനും ഈ സര്‍വകലാശാല ലക്ഷ്യമിടുന്നു. ഇത് സാധിത പ്രായമാക്കുന്നതിന് ഉന്നത നിലവാരമുള്ള ഫാക്കല്‍ട്ടികളും മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളും ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സര്‍വകലാശാലകളുമായുള്ള അക്കാദമിക ബന്ധങ്ങളും നിര്‍ദ്ദിഷ്ട സര്‍വകലാശാല ലക്ഷ്യം വെയ്ക്കുന്നു.
ഭാരതത്തില്‍ മാത്രമല്ല വിദേശരാജ്യങ്ങളിലും മത്സ്യവിഭവ ശേഷി സുസ്ഥിരമായ തോതില്‍ വിനിയോഗിക്കുന്നതിന് വിവിധ തുറകളില്‍ ഉന്നത ബിരുദധാരികളുടേയും പ്രഫഷണലുകളുടേയും ആവശ്യം വര്‍ധിച്ചു വരികയാണ്. സമീപ ഭാവിയില്‍ത്തന്നെ മത്സ്യമേഖലയില്‍ പ്രത്യേകിച്ചും അക്വാകള്‍ച്ചര്‍ രംഗത്ത് വന്‍ മുന്നേറ്റങ്ങള്‍ക്ക് ലോകം സാക്ഷ്യംവഹിക്കാന്‍ പോകുകയാണ്. ഇത് സ്വാഭാവികമായും ഇന്ത്യയിലും വിദേശങ്ങളിലും പുതിയ തൊഴില്‍ അവസരങ്ങള്‍ക്ക് വഴിയൊരുക്കും. അക്വാകള്‍ച്ചര്‍ രംഗത്ത് ഉണ്ടാവുന്ന മുന്നേറ്റങ്ങള്‍ അനുബന്ധ മേഖലകളായ മത്സ്യ സംസ്‌ക്കരണം, വിപണനം, കയറ്റുമതി തുടങ്ങിയ മേഖലകള്‍ക്ക് ഉത്തേജനമാവും. അലങ്കാര മത്സ്യകൃഷി വന്‍ വികസന സാധ്യതയുള്ള പുത്തന്‍ മേഖലയാണ്. ഇന്ത്യയില്‍ മത്സ്യമേഖലയില്‍ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ 32 ലക്ഷം മനുഷ്യശേഷി വേണ്ടി വരുമെന്നാണഅ വിദഗ്ധ പഠനങ്ങള്‍ കാണിക്കുന്നത്. ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന് നിര്‍ദ്ദിഷ്ട സര്‍വകലാശാലയ്ക്ക് ഏറെ മുന്നേറാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ഭാരതത്തിന് പ്രത്യേകിച്ചും കേരളത്തിന് കടലുമായുള്ള ബന്ധത്തിന് ഏറെ പഴക്കമുണ്ടെങ്കിലും മത്സ്യമേഖലാ വികസനവുമായി ബന്ധപ്പെട്ടുള്ള സമുദ്രവിജ്ഞാനം അടുത്തകാലത്ത് മാത്രമാണ് സജീവപഠന വിഷയമാണ്. പുരാതനകാലത്ത് കടലിനെ പ്രധാനമായും രണ്ട് കാര്യങ്ങള്‍ക്കാണ് ഉപയോഗപ്പെടുത്തിയിരുന്നത്. മത്സ്യബന്ധനത്തിനും കപ്പല്‍ വ്യവസായത്തിനും: ഭക്ഷ്യവസ്തുക്കള്‍, എണ്ണ, വാതകം, ഖനിജങ്ങള്‍, രാസവസ്തുക്കള്‍, മരുന്നുകള്‍, കുടിവെള്ളം തുടങ്ങിയവയുടെയൊക്കെ അമൂല്യശേഖരമാണ് സമുദ്രമെന്ന കാര്യം ഇന്ന് ഏവരും സമ്മതിക്കും. കടലിനെ നിയന്ത്രിക്കുന്ന രാജ്യം ഭൂമിയെ നിയന്ത്രിക്കുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ മത്സ്യമേഖലയോടൊപ്പം സമുദ്രപഠനത്തിന് പ്രാധാന്യം നല്‍കുന്ന ഫിഷറീസ് സര്‍വകലാശാല കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് മുതല്‍ക്കൂട്ടാവുമെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല.
എസ് ശര്‍മ്മ ദേശാഭിമാനി 191110
കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്ന് ശകതമാനം മത്സ്യമേഖലയുടെ സംഭാവനയാണ്. കാര്‍ഷിക മേഖലയുടെ മൊത്തം ഉല്‍പാദനത്തിന്റെ 9 മുതല്‍ 10 ശതമാനം വരെ മത്സ്യമേഖല സംഭാവന ചെയ്യുന്നു. മത്സ്യോല്‍പന്നങ്ങളുടെ കയറ്റുമതി വഴി പ്രതിവര്‍ഷം ഏകദേശം 1500 കോടിരൂപയോളം വിദേശ നാണ്യം മത്സ്യമേഖല നേടിയെടുക്കുന്നുണ്ട്. കേരളത്തിലെ 11 ലക്ഷത്തോളം മത്സ്യത്തൊഴിലാളികള്‍ മത്സ്യമേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കൂടാതെ 10 ലക്ഷത്തില്‍ പരം ആളുകള്‍ അനുബന്ധ മേഖലകളില്‍ പണിയെടുക്കുന്നു. മത്സ്യത്തൊഴിലാളികള്‍ സംസ്ഥാനത്തെ സാമൂഹ്യമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളില്‍ ഒന്നാണ്. ഇവരുടെ സര്‍വ്വതോന്മുഖമായ പുരോഗതി കേരളത്തിന്റെ സുസ്ഥിരമായ വകസനത്തിന് അനിവാര്യമാണ്.
ReplyDeleteകണ്ണും മനസ്സും കുളിർപ്പിക്കുന്ന രൂപഭംഗിയുള്ള അലങ്കാര മത്സ്യങ്ങളുടെ ഏതു പുതിയ ഇനം വന്നാലും അന്നു തന്നെ വാങ്ങണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇതാ നിങ്ങൾക്കായി ഒരു എളുപ്പവഴി.
ReplyDeleteവൃത്തിയുള്ള സാഹചര്യത്തിൽ പരിപാലിക്കുന്ന മികച്ച മാതൃശേഖരവും, ഇറക്കുമതി ചെയ്ത ഗുണമേന്മയുള്ള തീറ്റയും. എല്ലാം ഇതാ വിരൽ തുമ്പിൽ
ഇവിടെ ഒന്ന് തൊട്ട് നോക്കു