Tuesday, November 16, 2010

രാജ( ി)യില്‍ ഒതുങ്ങില്ല

ടെലികോംമന്ത്രി രാജയുടെ രാജിയില്‍ തീരുന്നതല്ല രണ്ടാം യുപിഎ സര്‍ക്കാരിന്റെ അഴിമതിഭാരം. ഗത്യന്തരമില്ലാതെയാണ് രാജയ്ക്ക് രാജിവയ്ക്കേണ്ടിവന്നത്. സ്പെക്ട്രം ലേലത്തില്‍ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടായെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലാണ് സ്ഥിരീകരിച്ചത്. അഴിമതിയില്‍ പങ്കാളിത്തം വഹിച്ചവരും കണ്ടുനിന്നവരും ഉപകരണങ്ങളായവരും യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു. രണ്ടാംതലമുറ സ്പെക്ട്രം ലൈസന്‍സ് നല്‍കിയതില്‍ 1,90,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും പൊതുലേലം നടത്താതെ ലൈസന്‍സ് നല്‍കിയ ടെലികോംമന്ത്രി രാജയുടെ നടപടി ധനമന്ത്രാലയം, നിയമമന്ത്രാലയം, ടെലികോംവകുപ്പ് എന്നിവയുടെ എതിര്‍പ്പ് മറികടന്നാണെന്നും സിപിഐ എം നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വ്യക്തമാക്കിയത്, ഖജനാവിന് 1,76,379 കോടി രൂപ നഷ്ടമായി എന്നും ധനമന്ത്രാലയത്തിന്റെയും നിയമമന്ത്രാലയത്തിന്റെയും ടെലികോം വിഭാഗത്തിന്റെയും എതിര്‍പ്പിനെ അവഗണിച്ചാണ് പൊതുലേലം നടത്താതെ ലൈസന്‍സ് നല്‍കിയതെന്നുമാണ്. രാജയ്ക്കോ യുപിഎ സര്‍ക്കാരിനോ ഒഴിഞ്ഞുമാറാന്‍ നേരിയ പഴുതുപോലുമുണ്ടായില്ല എന്നര്‍ഥം.

രണ്ടാംതലമുറ മൊബൈല്‍ഫോണുകളുടെ സ്പെക്ട്രം അനുവദിച്ചതിലെ അഴിമതി രാജ്യത്ത് ഇന്നേവരെ നടന്നതില്‍ ഏറ്റവും വലുതാണ്. 2001ലെ നിരക്കില്‍ 122 രണ്ടാംതലമുറ സ്പെക്ട്രം ലൈസന്‍സ് നല്‍കിയ ഇനത്തില്‍ 1.24 ലക്ഷം കോടിയും ഇരട്ട സാങ്കേതികവിദ്യയുടെ ലേലത്തില്‍ ലഭിക്കേണ്ട 36,000 കോടി രൂപയും ജിഎസ്എം ഓപ്പറേറ്റര്‍മാര്‍ 6.2 മെഗാ ഹെര്‍ട്സിലധികം സ്പെക്ട്രം കൈവശംവച്ച ഇനത്തില്‍ 30,000 കോടി രൂപയും നഷ്ടമുണ്ടായതായി സിപിഐ എം ചൂണ്ടിക്കാട്ടിയിരുന്നു. സിഎജിയാകട്ടെ ഇത് യഥാക്രമം 1,02,498 കോടിയും 40,526 കോടിയും 33,355 കോടി രൂപയുമാണെന്നു കണ്ടെത്തി. മൊത്തം 1.76 ലക്ഷം കോടി രൂപ. ഈ ഭീമന്‍സംഖ്യ രാജ്യത്തിന് നഷ്ടംവരുത്തിയവരെ സംരക്ഷിക്കാനും അഴിമതി ഒളിപ്പിച്ചുവയ്ക്കാനുമാണ് യുപിഎയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നേതൃത്വങ്ങള്‍ നിരന്തരം ശ്രമിച്ചത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ മൂന്ന് ശതമാനമാണ് ഖജനാവിന് നഷ്ടപ്പെട്ടത്. രാജ്യത്തിന്റെ മൊത്തം ആരോഗ്യബജറ്റിന്റെ എട്ടിരട്ടിയും വിദ്യാഭ്യാസബജറ്റിന്റെ മൂന്നര ഇരട്ടിയും വരുന്ന തുകയാണത്.

2008ല്‍ നല്‍കിയ 122 ലൈസന്‍സില്‍ 12 കമ്പനിക്ക് നല്‍കിയ 85 ലൈസന്‍സും ടെലികോംവിഭാഗം മുന്നോട്ടുവച്ച നിബന്ധനകള്‍ പാലിക്കാത്തതാണെന്നും ടെലികോം വിഭാഗം നിശ്ചയിച്ച മൂലധനമില്ലാത്ത കമ്പനികള്‍ക്കാണ് 72 ലൈസന്‍സ് നല്‍കിയതെന്നും സിഎജി വ്യക്തമാക്കിയിരുന്നു. ഇതിനര്‍ഥം, രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചുകൊണ്ടുപോകാന്‍ സങ്കല്‍പ്പിക്കാനാകാത്ത തുക അച്ചാരം വാങ്ങി എന്നുതന്നെയാണ്. അത്തരം ഇടപാടിനുവേണ്ടി, ഒരു കരാറില്‍ പ്രാഥമികമായി പാലിക്കേണ്ട മാനദണ്ഡങ്ങള്‍പോലും അട്ടിമറിച്ചു. രാജ പോയതുകൊണ്ട് അഴിമതിയുടെ ഗൌരവമോ അതില്‍ യുപിഎ സര്‍ക്കാരിനുള്ള ഉത്തരവാദിത്തമോ തെല്ലും കുറയുന്നില്ല. നഷ്ടമായെന്ന് സിഎജി കണ്ടെത്തിയ തുക ലൈസന്‍സ് നേടിയ കമ്പനികളില്‍നിന്ന് സര്‍ക്കാര്‍ പിടിച്ചെടുക്കണം. ഈ തുക നല്‍കാന്‍ തയ്യാറാകാത്ത കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി പുനര്‍ലേലം നടത്തണം. ക്രമക്കേട് കാട്ടിയ ഉദ്യോഗസ്ഥരെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണം. അഴിമതിക്കെതിരെ നടപടി സ്വീകരിക്കുന്നതിനുപകരം മന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതിന്റെ കാരണം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തവും യുപിഎ സര്‍ക്കാരിനുണ്ട്.

രണ്ടാം യുപിഎ സര്‍ക്കാരില്‍ മൂന്നാമത്തെ കക്ഷിയായ ഡിഎംകെയുടെ പ്രതിനിധിയാണ് രാജ എന്നതുകൊണ്ടുമാത്രമല്ല നടപടി വൈകിയതെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ഡിഎംകെയെ പിണക്കിയാല്‍ അധികാരം നഷ്ടപ്പെടുമെന്ന ഭയമാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നതെന്ന വശം നിലനില്‍ക്കുമ്പോള്‍ത്തന്നെ, ഒരു മന്ത്രിമാത്രം വിചാരിച്ചാല്‍ ഇത്ര വലിയ അഴിമതി നടത്താനാകില്ലെന്ന യാഥാര്‍ഥ്യവും നിലനില്‍ക്കുന്നു. പ്രധാനമന്ത്രികാര്യാലയം അറിഞ്ഞാണ് എല്ലാ നടപടിയും കൈക്കൊണ്ടതെന്നാണ് രാജ പറഞ്ഞിട്ടുള്ളത്. അക്കാര്യത്തില്‍ സംശയം ദൂരീകരിക്കുന്ന വിശദീകരണം ഇന്നുവരെ പ്രധാനമന്ത്രിയില്‍നിന്ന് ഉണ്ടായിട്ടില്ല.

കോണ്‍ഗ്രസ് അഴിമതിയുടെ എവറസ്റ്റിലാണുള്ളത്. ആ പാര്‍ടിക്ക് തെരഞ്ഞെടുപ്പുഫണ്ട് ഉണ്ടാക്കാനുള്ള കറവപ്പശുക്കളായി പ്രതിരോധ ഇടപാടുകളും ടെലികോം പരിഷ്കരണവും മാറിയിരിക്കുന്നു. യുപിഎ ഭരണത്തിന്റെ പര്യായംതന്നെ അഴിമതി എന്നായിരിക്കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ്, ഐപിഎല്‍ അഴിമതികള്‍ക്കുപുറമെ മുംബൈ ആദര്‍ശ് ഫ്ളാറ്റ് അഴിമതിയുംകൂടിയായപ്പോള്‍ രാജ്യത്തിനുവേണ്ടി പടപൊരുതി മരിച്ചവരുടെ പേരില്‍പ്പോലും പണം അടിച്ചുമാറ്റാന്‍ മടിയില്ലാത്തവരാണ് കോണ്‍ഗ്രസുകാരെന്നാണ് തെളിഞ്ഞത്. ഇപ്പോഴിതാ, രാജ രാജിവച്ചപ്പോള്‍ ഒഴിഞ്ഞ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുന്നു. അഴിമതിയുടെ തെളിവുകള്‍ മാച്ചുകളയാനോ തുടര്‍ന്നുള്ള കൊയ്ത്ത് സ്വന്തമായി നടത്താനോ അതെന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്.

സ്പെക്ട്രം അഴിമതി സംയുക്ത പാര്‍ലമെന്ററിസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കില്ലെന്ന വാശി കോണ്‍ഗ്രസിന്റെ കുറ്റവാളിമുഖം മറച്ചുവയ്ക്കാനല്ലാതെ മറ്റൊന്നിനല്ല. അഴിമതിയുടെ ഈ വിഴുപ്പുഭാണ്ഡം അറബിക്കടലിലേക്കെറിയാനുള്ള സമയമായി. അതിനായുള്ള ജനമുന്നേറ്റമാണ് അലയടിച്ചുയരേണ്ടത്. അഴിമതിയെയും അഴിമതിക്കാരെയും വച്ചുപൊറുപ്പിക്കില്ലെന്ന ജനങ്ങളുടെ ഏകകണ്ഠമായ പ്രഖ്യാപനമാണ് ഉണ്ടാകേണ്ടത്.

ദേശാഭിമാനി മുഖപ്രസംഗം 161110

1 comment:

  1. സിഎജിയാകട്ടെ ഇത് യഥാക്രമം 1,02,498 കോടിയും 40,526 കോടിയും 33,355 കോടി രൂപയുമാണെന്നു കണ്ടെത്തി. മൊത്തം 1.76 ലക്ഷം കോടി രൂപ. ഈ ഭീമന്‍സംഖ്യ രാജ്യത്തിന് നഷ്ടംവരുത്തിയവരെ സംരക്ഷിക്കാനും അഴിമതി ഒളിപ്പിച്ചുവയ്ക്കാനുമാണ് യുപിഎയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നേതൃത്വങ്ങള്‍ നിരന്തരം ശ്രമിച്ചത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ മൂന്ന് ശതമാനമാണ് ഖജനാവിന് നഷ്ടപ്പെട്ടത്. രാജ്യത്തിന്റെ മൊത്തം ആരോഗ്യബജറ്റിന്റെ എട്ടിരട്ടിയും വിദ്യാഭ്യാസബജറ്റിന്റെ മൂന്നര ഇരട്ടിയും വരുന്ന തുകയാണത്.

    ReplyDelete