കോണ്‍ഗ്രസ് പുനഃസംഘടന നീളും
ചേരിപ്പോര് രൂക്ഷമായതിനാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് പുനഃസംഘടന നീളും. ഡിസിസി പ്രസിഡന്റ്, കെപിസിസി-ഡിസിസി ഭാരവാഹി, എഐഎസിസി അംഗം തുടങ്ങിയവരെ ഇപ്പോള്‍ നിര്‍ദേശിച്ചാല്‍ വന്‍ കുഴപ്പമുണ്ടാകുമെന്ന് നേതൃത്വത്തിനറിയാം. ഇത് മനസ്സിലാക്കി ഡിസംബറിലെ എഐസിസി സമ്മേളനം കഴിയുംവരെ പുനഃസംഘടനാ അജന്‍ഡ പരണത്തുവയ്ക്കാനാണ് ഉന്നത കോണ്‍ഗ്രസ് കേന്ദ്രങ്ങളുടെ ആലോചന. കേന്ദ്രത്തിലെ സ്പെക്ട്രം അഴിമതി കൊടുങ്കാറ്റ് ശമിച്ചാല്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഡല്‍ഹിയിലെത്തി സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ കണ്ട് പുനഃസംഘടനാകാര്യം ചര്‍ച്ചചെയ്തേക്കും.
പക്ഷേ, ഇതിനുള്ള തീയതിപോലും നിശ്ചയിക്കാനാകാത്തവിധം അഴിമതിയുടെ തീക്കാറ്റില്‍ ഉലയുകയാണ് ഹൈക്കമാന്‍ഡ്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചേരിതിരിഞ്ഞു ഏറ്റുമുട്ടുന്നതിനെ സോണിയയും എ കെ ആന്റണിയും ആറുമാസംമുമ്പേ വിലക്കിയിരുന്നു. പക്ഷേ, പ്രാദേശിക തെരഞ്ഞെടുപ്പിനുശേഷം സ്ഥിതി കൂടുതല്‍ വഷളായി. ചെന്നിത്തലയെ കെപിസിസി പ്രസിഡന്റായി ഹൈക്കമാന്‍ഡ് വീണ്ടും നാമനിര്‍ദേശംചെയ്തതിനാല്‍ ഇനി സംഘടനാ കാര്യങ്ങള്‍ നോക്കിയാല്‍ മതി, നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടയെന്ന സന്ദേശമാണ് നല്‍കിയതെന്ന് ഉമ്മന്‍ചാണ്ടിവിഭാഗം പ്രചരിപ്പിച്ചു. എന്നാല്‍, മത്സരിക്കാന്‍ ഹരിപ്പാട് സീറ്റ് നേരത്തെ സ്വയം ബുക്കുചെയ്ത് നില്‍പ്പാണ് ചെന്നിത്തല. ചെന്നിത്തല സംഘടനാകാര്യം നോക്കി കഴിയട്ടെയെന്ന വര്‍ത്തമാനം കോണ്‍ഗ്രസിന്റെ അകത്തളങ്ങളില്‍ ശക്തമായത് വിശാല ഐ ഗ്രൂപ്പിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിശാല ഐ ഗ്രൂപ്പ് പരസ്യയോഗങ്ങള്‍ക്ക് മുന്നോട്ടുവന്നത്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരൊക്കം എന്നത് അടിയന്തരപ്രേരണയും.
സംഘടനാ തെരഞ്ഞെടുപ്പില്‍ കെഎസ്യുവിനെ ഉമ്മന്‍ചാണ്ടിയുടെ എ ഗ്രൂപ്പ് കൈയടക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി പി സി വിഷ്ണുനാഥിനെ വിജയിപ്പിച്ച് യുവജനവിഭാഗവും കൈപ്പിടിയിലാക്കാനാണ് എ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. എന്നാല്‍, സ്ഥാനമൊഴിഞ്ഞ സംസ്ഥാന പ്രസിഡന്റ് എം ലിജുവിനെ മുന്‍നിര്‍ത്തി യൂത്ത് കോണ്‍ഗ്രസില്‍ മേധാവിത്വം സ്ഥാപിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് അങ്കത്തില്‍ ഒരു ചുവട് മുന്നേറാമെന്നാണ് ചെന്നിത്തല കരുതുന്നത്. ബൂത്തുകമ്മിറ്റികളിലേക്ക് നാമനിര്‍ദേശപത്രിക 24നും 25നും നല്‍കണം. അതിനുമുമ്പായി എല്ലാ ജില്ലയിലും ഗ്രൂപ്പുയോഗങ്ങള്‍ വിശാല ഐ ഗ്രൂപ്പ് വിളിച്ചുചേര്‍ക്കുകയാണ്. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ ചേര്‍ന്ന ഗ്രൂപ്പ് യോഗത്തില്‍ ജോസഫ് വാഴയ്ക്കനും എന്‍ വേണുഗോപാലും എ ഗ്രൂപ്പിനെ വെല്ലുവിളിച്ചിട്ടുണ്ട്. ചതിചെയ്യുന്നവരെ സംഘടനയില്‍ ഒറ്റപ്പെടുത്താനും ആഹ്വാനംചെയ്തത് കൊച്ചിയിലെ മേയര്‍ തെരഞ്ഞെടുപ്പിലെ അട്ടിമറിമാത്രം വിഷയമാക്കിയല്ല.
കൊച്ചിയിലെ പരസ്യ ഗ്രൂപ്പ് യോഗത്തിനെതിരെ തുറന്ന വിമര്‍ശവുമായി എ പക്ഷത്തെ ബെന്നി ബെഹനാന്‍ ദൃശ്യമാധ്യമങ്ങളിലെത്തി. ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ് തുടങ്ങിയവര്‍ ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട് ബദല്‍ ഗ്രൂപ്പ് യോഗങ്ങള്‍ക്ക് തീരുമാനം എടുത്തു. സംസ്ഥാനത്തെ പ്രധാന നേതാക്കള്‍ ആര്യാടന്റെ സാന്നിധ്യത്തില്‍ വരുംദിവസം യോഗം ചേരും.
(ആര്‍ എസ് ബാബു)
ഐ ഗ്രൂപ്പ് യോഗം: നടപടി വേണമെന്ന് എ വിഭാഗം
നിരോധം ലംഘിച്ച് ഐ വിഭാഗം പരസ്യമായി ഗ്രൂപ്പ് യോഗം ചേര്‍ന്നതിനെതിരെ കെപിസിസി സ്വമേധയാ നടപടി സ്വീകരിക്കണമെന്ന് എ വിഭാഗം. എന്നാല്‍, ഇതുസംബന്ധിച്ച് കെപിസിസിക്ക് ഔദ്യോഗികമായി പരാതി നല്‍കില്ലെന്ന് എ വിഭാഗം നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ബെന്നി ബഹനാന്‍ 'ദേശാഭിമാനി'യോടു പറഞ്ഞു.
ഗ്രൂപ്പ് അടിസ്ഥാനത്തില്‍ യോഗംചേരരുതെന്ന കെപിസിസിയുടെ തീരുമാനം നിലനില്‍ക്കെയാണ് ജനറല്‍ സെക്രട്ടറിമാരായ ജോസഫ് വാഴയ്ക്കന്റെയും എന്‍ വേണുഗോപാലിന്റെയും നേതൃത്വത്തില്‍ വ്യാഴാഴ്ച എറണാകുളത്ത് യോഗംചേര്‍ന്നത്. കെപിസിസി പ്രസിഡന്റ് സ്ഥലത്തെത്തിയാല്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. അതേസമയം, ഗ്രൂപ്പ് യോഗത്തെപ്പറ്റി പരാതിപറയാന്‍ എ വിഭാഗത്തിനു അര്‍ഹതയില്ലെന്ന് എന്‍ വേണുഗോപാല്‍ പറഞ്ഞു.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെയും എംപിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ ഗ്രൂപ്പ്യോഗം വിളിച്ചുചേര്‍ത്തത് എ വിഭാഗമാണ്. പരാതി നല്‍കിയാല്‍ അന്നു ചേര്‍ന്ന ഗ്രൂപ്പ്യോഗങ്ങളും ചര്‍ച്ചചെയ്യേണ്ടിവരും. അതിനാലാണ് എ വിഭാഗം പരാതി നല്‍കാന്‍ ധൈര്യപ്പെടാത്തതെന്നും വേണുഗോപാല്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി എ- ഐ വിഭാഗങ്ങള്‍ ഗ്രൂപ്പ്പ്രവര്‍ത്തനം ശക്തമാക്കി. ഐ വിഭാഗം വെള്ളിയാഴ്ച പെരുമ്പാവൂര്‍, കോതമംഗലം നിയോജക മണ്ഡലങ്ങളില്‍ ഗ്രൂപ്പ്യോഗം ചേര്‍ന്നു. ശനിയാഴ്ച ഞാറക്കല്‍, മട്ടാഞ്ചേരി, എറണാകുളം, തൃപ്പൂണിത്തുറ, തൃക്കാക്കര മണ്ഡലങ്ങളിലും ഗ്രൂപ്പ് യോഗം ചേരും. എ വിഭാഗവും രഹസ്യമായി നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ വരെ ഗ്രൂപ്പ് യോഗം ചേര്‍ന്നു. ബൂത്ത്തലത്തില്‍ സ്ഥാനാര്‍ഥിയാകേണ്ടവരുടെ പേര് തീരുമാനിക്കുകയുംചെയ്തതായി ഒരു നേതാവ് പറഞ്ഞു. ഐക്കാര്‍ പരസ്യമായി ഗ്രൂപ്പ് യോഗം ചേര്‍ന്ന് മറുഗ്രൂപ്പിനെ ചീത്തപറയുമ്പോള്‍ കാര്യംകാണാനുള്ള യോഗമാണ് തങ്ങള്‍ ചേരുന്നതെന്നും ഇദ്ദേഹം പ്രതികരിച്ചു.
തൃശൂരില്‍ ഐ ഗ്രൂപ്പ് യോഗം; എ ഗ്രൂപ്പിനെ ഒതുക്കാന്‍ തീരുമാനം
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വിശാല ഐ ഗ്രൂപ്പിന്റെ യോഗം തൃശൂരില്‍ ചേര്‍ന്നു. ബൂത്ത് തലം മുതലുള്ള കമ്മിറ്റികളില്‍ എ ഗ്രൂപ്പിനെ പൂര്‍ണമായി ഒഴിവാക്കി ആധിപത്യം നേടാനാണ് യോഗം തീരുമാനിച്ചത്. കെപിസിസി ട്രഷറര്‍ സി എന്‍ ബാലകൃഷ്ണന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം പി ഭാസ്കരന്‍നായര്‍, നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന എം ലിജു തുടങ്ങീ ഒട്ടേറെ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു.
കോണ്‍ഗ്രസുമായുള്ള ലയനത്തിന് പിള്ള ഗ്രൂപ്പില്‍ എതിര്‍പ്പ്
കോണ്‍ഗ്രസുമായി ലയിക്കാനുള്ള തീരുമാനം കേരള കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പ് തല്‍ക്കാലം മാറ്റിവെച്ചു. വെള്ളിയാഴ്ച പാര്‍ടി സംസ്ഥാന ഭാരവാഹികളുടെ യോഗം ചേര്‍ന്നിരുന്നു. ലയനത്തിനെതിരായി ശക്തമായ അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തല്‍ക്കാലം നിലപാട് മാറ്റിയതെന്നറിയുന്നു. കെ ബി ഗണേഷ്കുമാര്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നു. ലയനം തീരുമാനിച്ചിട്ടില്ലെന്ന് ബാലകൃഷ്ണപിള്ള പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിനോട് അയിത്തമില്ല. ഘടകകക്ഷികള്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നല്‍കേണ്ടതില്ലെന്ന് പിള്ള പറഞ്ഞു.
യുഡിഎഫ് അനൈക്യം മികച്ച വിജയത്തിനു തടസ്സമായി: ടി എം ജേക്കബ്
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുന്നണിക്കകത്തെ ഐക്യക്കുറവുമൂലം യുഡിഎഫിന് തിളക്കമാര്‍ന്ന വിജയം നേടാനായില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ടി എം ജേക്കബ് പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 100 നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫിന് മേല്‍ക്കൈയുണ്ടായിരുന്നെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ സ്വാധീനം കുറഞ്ഞു. ഇക്കാര്യം യുഡിഎഫ് നേതൃയോഗത്തില്‍ ഉന്നയിക്കും. മുന്നണിക്കുണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്തം അതിനകത്തെ എല്ലാ പാര്‍ടികള്‍ക്കുമുണ്ടെങ്കിലും പ്രധാന ഉത്തരവാദി കോണ്‍ഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിമതരായി മത്സരിച്ചവരെ ആറുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യണമെന്നു തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതനുസരിച്ച് പുറത്താക്കിയവരെ പല തദ്ദേശസ്ഥാപനങ്ങളിലും പ്രസിഡന്റ്സ്ഥാനം നേടാനായി തിരിച്ചെടുക്കുകയുംചെയ്തു. ഇതിലൂടെ ഭരണത്തെക്കാള്‍ വലുത് റിബലുകള്‍ക്കെതിരായ നടപടിയായിരുന്നെന്ന ഉറച്ച നിലപാടു സ്വീകരിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. യുഡിഎഫ് സംവിധാനത്തില്‍ എല്ലാ പാര്‍ടികളെയും തുല്യരായി കാണുന്ന സമീപനം വേണം. ചില പാര്‍ടികള്‍ക്ക് എത്ര കിട്ടിയാലും മതിവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി 201110
ചേരിപ്പോര് രൂക്ഷമായതിനാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് പുനഃസംഘടന നീളും. ഡിസിസി പ്രസിഡന്റ്, കെപിസിസി-ഡിസിസി ഭാരവാഹി, എഐഎസിസി അംഗം തുടങ്ങിയവരെ ഇപ്പോള്‍ നിര്‍ദേശിച്ചാല്‍ വന്‍ കുഴപ്പമുണ്ടാകുമെന്ന് നേതൃത്വത്തിനറിയാം. ഇത് മനസ്സിലാക്കി ഡിസംബറിലെ എഐസിസി സമ്മേളനം കഴിയുംവരെ പുനഃസംഘടനാ അജന്‍ഡ പരണത്തുവയ്ക്കാനാണ് ഉന്നത കോണ്‍ഗ്രസ് കേന്ദ്രങ്ങളുടെ ആലോചന. കേന്ദ്രത്തിലെ സ്പെക്ട്രം അഴിമതി കൊടുങ്കാറ്റ് ശമിച്ചാല്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഡല്‍ഹിയിലെത്തി സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ കണ്ട് പുനഃസംഘടനാകാര്യം ചര്‍ച്ചചെയ്തേക്കും
ReplyDelete