Saturday, November 20, 2010

അമ്പ് കൊള്ളാ‍ത്തവരില്ല കര്‍ണ്ണാടക മന്ത്രിമാരില്‍

ആരോപണങ്ങളില്‍ കുടുങ്ങി മന്ത്രിമാര്‍

കര്‍ണാടകത്തിലെ രാഷ്ട്രീയപ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നതിനിടെ ഉയര്‍ന്ന ഭൂമി കുംഭകോണം ബിജെപി വിലയ്ക്കു വാങ്ങിയ തിരിച്ചടിയായി. രണ്ടുവര്‍ഷംമുമ്പ് അധികാരത്തിലേറിയതു മുതല്‍ അഴിമതിയില്‍ ആറാടിയ സര്‍ക്കാര്‍ ഓപ്പറേഷന്‍ കമലയിലൂടെയും കുതിരക്കച്ചവടത്തിലൂടെയുമാണ് നിലനിന്നു പോന്നത്. ആറിലേറെ മന്ത്രിമാരാണ് ഭൂമി കുംഭകോണത്തില്‍ ഉള്‍പ്പെട്ടത്. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്കു പുറമെ ആഭ്യന്തരമന്ത്രി ആര്‍ അശോക്, ഐടി മന്ത്രി കട്ട സുബ്രഹ്മണ്യനായിഡു, വൈദ്യുതിമന്ത്രി ശോഭ കരന്ത്ലാജെ, തദ്ദേശമന്ത്രി
ജഗദീഷ് ഷെട്ടാര്‍, മുന്‍ ദേവസ്വംമന്ത്രി കൃഷ്ണയ്യഷെട്ടി എന്നിവര്‍ക്കെതിരെയാണ് ഒരുവര്‍ഷത്തിനിടെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട്
അഴിമതിയാരോപണം ഉയര്‍ന്നത്. മെഡിക്കല്‍ കോളേജ് നിയമന വിവാദത്തില്‍ രാമചന്ദ്രഗൌഡ, ലൈംഗികാപവാദക്കേസുമായി ബന്ധപ്പെട്ട് എച്ച് ഹാലപ്പ എന്നിവര്‍ക്കും സ്ഥാനം നഷ്ടമായിരുന്നു.

ആക്ഷേപം ഉയര്‍ന്നയുടന്‍ ഇവരുടെ രാജി എഴുതിവാങ്ങിയ യെദ്യൂരപ്പ, തനിക്കെതിരെ കോടികളുടെ അഴിമതിയാരോപണം ഉയര്‍ന്നപ്പോള്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ നിരത്തി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതിക്കേസിലൊന്നിലും ഇതുവരെ അന്വേഷണം നടന്നിട്ടുമില്ല. 1991ലെ കര്‍ണാടക ലാന്‍ഡ് ആക്ട് പ്രകാരം ബിഡിഎക്ക് പതിച്ചുനല്‍കിയ ഭൂമി ഡീനോട്ടിഫൈ ചെയ്യാനോ വില്‍ക്കാനോ പാട്ടത്തിനു നല്‍കാനോ അനുവാദമില്ല. ഈ വ്യവസ്ഥയെല്ലാം കാറ്റില്‍പറത്തിയാണ് സര്‍ക്കാര്‍ഭൂമി സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും യെദ്യൂരപ്പ തന്നെ പതിച്ചുനല്‍കിയത്.

ജനാധിപത്യത്തിന് ഒരുവിലയും കല്‍പ്പിക്കാതെ അധികാരം നിലനിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. അഴിമതി ആരോപണം നേരിടാത്ത ഒരൊറ്റ മന്ത്രി പോലും കര്‍ണാടകത്തിലില്ല. പ്രശ്നം എങ്ങനെ മറികടക്കുമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വം. സംസ്ഥാന പ്രസിഡന്റ് ഈശ്വരപ്പയ്ക്കെതിരെയും അഴിമതിയാരോപണം ഉയര്‍ന്നതും തിരിച്ചടിയായി. യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കുമെന്ന സാഹചര്യത്തില്‍ ഈ സ്ഥാനത്തേക്ക് പല നേതാക്കളും തയ്യാറായിക്കഴിഞ്ഞു. ഇതാകട്ടെ കര്‍ണാടക ബിജെപിയിലെ ഗ്രൂപ്പുപോര് രൂക്ഷമാക്കി.
(പി വി മനോജ്കുമാര്‍)

ഭൂമിതട്ടിപ്പ്: യെദ്യൂരപ്പ പുറത്തേക്ക്


സര്‍ക്കാര്‍ഭൂമി ചട്ടംലംഘിച്ച് ബന്ധുക്കള്‍ക്ക് പതിച്ചുനല്‍കിയ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പുറത്തേക്ക്. യെദ്യൂരപ്പക്കെതിരെ നടപടി ആവശ്യപ്പെട്ട് 16 വിമത എംഎല്‍എമാര്‍ വെള്ളിയാഴ്ച ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിന് കത്ത് നല്‍കി. ഇതോടെ മുഖ്യമന്ത്രിയെ എതിര്‍ക്കുന്ന ബിജെപി എംഎല്‍എമാരുടെ എണ്ണം 56 ആയി. 40 എല്‍എഎമാര്‍ നേരത്തെ ബിജെപി കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ഭൂമികുംഭകോണത്തില്‍ കേന്ദ്രനേതൃത്വത്തിന് വിശദീകരണം നല്‍കാന്‍ യെദ്യൂരപ്പ വെള്ളിയാഴ്ച രാത്രി ഡല്‍ഹിയിലെത്തി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി. അതിനിടെ, മുഖം രക്ഷിക്കാന്‍ യെദ്യൂരപ്പയുടെ മകനും മകളും മരുമകനും തങ്ങള്‍ക്ക് അനധികൃതമായി ലഭിച്ച ഭൂമി സര്‍ക്കാരിന് തിരികെ നല്‍കി.

യെദ്യൂരപ്പയുടെ പകരക്കാരനെ കണ്ടെത്തുന്നതു സംബന്ധിച്ചും ബിജെപി സംസ്ഥാന നേതൃത്വത്തില്‍ തര്‍ക്കം ആരംഭിച്ചു. മുന്‍ കേന്ദ്രമന്ത്രി അനന്ത്കുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി. കേന്ദ്രനേതാക്കളായ സുഷമ സ്വരാജ്, ദേശീയ എക്സിക്യൂട്ടീവംഗം പ്രഹ്ളാദ്ജോഷി എന്നിവര്‍ അനന്ത്കുമാറിനെ പിന്തുണയ്ക്കുന്നു. അതേസമയം, ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. വി എസ് ആചാര്യയെ മുഖ്യമന്ത്രിയാക്കണമെന്ന് യെദ്യൂരപ്പ ബിജെപി, ആര്‍എസ്എസ് നേതൃത്വത്തോട് അഭ്യര്‍ഥിച്ചതായി റിപ്പോര്‍ട്ടുണ്ട്.
വിവാദം മുറുകിയതോടെയാണ് അനധികൃതമായി ലഭിച്ച ഭൂമി യെദ്യൂരപ്പയുടെ മക്കള്‍ സര്‍ക്കാരിന് തിരിച്ചുനല്‍കിയത്. ബംഗളൂരു നഗരപ്രാന്തത്തിലെ ആര്‍എംവി എക്സ്റ്റന്‍ഷനില്‍ വീടുവയ്ക്കാന്‍ ലഭിച്ച 4,000 ചതുരശ്രയടി സ്ഥലവും നാഗഷെട്ടിഹള്ളിയില്‍ വ്യാവസായികാവശ്യത്തിന് ലഭിച്ച രണ്ടര ഏക്കര്‍ ഭൂമിയുമാണ് മകന്‍ ബി വൈ രാഘവേന്ദ്ര എംപി തിരിച്ചുനല്‍കിയത്. ഹൊറഹള്ളിയില്‍ മക്കളായ ഉമാദേവി, ദീപ എന്നിവര്‍ക്ക് ലഭിച്ച രണ്ടേക്കര്‍ സ്ഥലവും ഹൊറപള്ളിയില്‍ത്തന്നെ മരുമകന്‍ സോഹന്‍കുമാറിന് പതിച്ചുനല്‍കിയ രണ്ടേക്കര്‍ സ്ഥലവും വെള്ളിയാഴ്ച തിരിച്ചുനല്‍കി. ഇത് സംബന്ധിച്ച് ബംഗളൂരു ഡവലപ്മെന്റ് അതോറിറ്റിക്കും കര്‍ണാടക വ്യവസായ വികസനബോര്‍ഡിനും ഇവര്‍ കത്ത് നല്‍കി. ബിഡിഎയില്‍ സ്ഥലം ലഭിച്ച മറ്റ് ബന്ധുക്കളും സ്ഥലം കൈമാറിക്കൊണ്ട് കത്ത് നല്‍കി.

അതേസമയം, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡ മുഖ്യമന്ത്രിയായിരുന്ന സമയത്തെ ഭൂമി ഇടപാട് കൂടി ഉള്‍പ്പെടുത്തുക ലക്ഷ്യമിട്ട് 1994 മുതലുള്ള എല്ലാ ഭൂമി ഇടപാടും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിമതനീക്കത്തിന് രഹസ്യപിന്തുണ നല്‍കിയ തദ്ദേശമന്ത്രി ജഗദീഷ് ഷെട്ടാറിനെതിരെയും ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് അഴിമതിയാരോപണം ഉയര്‍ന്നു. സഹോദരന്‍ പ്രദീപ് ഷെട്ടാറിന് ഒന്നര ഏക്കര്‍ ഭൂമി അനധികൃതമായി പതിച്ചുനല്‍കാന്‍ ജഗദീഷ് ഷെട്ടാര്‍ ഇടപെട്ടുവെന്നാണ് ആരോപണം. ഭൂമി കുംഭകോണത്തില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രി യെദ്യൂരപ്പയെ അറസ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് ഉഗ്രപ്പ ആവശ്യപ്പെട്ടു. സര്‍ക്കാരില്‍ നേതൃമാറ്റം അനിവാര്യമാണെന്ന് ഡല്‍ഹിയിലേക്ക് തിരിക്കുംമുമ്പ് ജഗദീഷ് ഷെട്ടാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദേശാഭിമാനി 201110

1 comment:

  1. ജനാധിപത്യത്തിന് ഒരുവിലയും കല്‍പ്പിക്കാതെ അധികാരം നിലനിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. അഴിമതി ആരോപണം നേരിടാത്ത ഒരൊറ്റ മന്ത്രി പോലും കര്‍ണാടകത്തിലില്ല. പ്രശ്നം എങ്ങനെ മറികടക്കുമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വം. സംസ്ഥാന പ്രസിഡന്റ് ഈശ്വരപ്പയ്ക്കെതിരെയും അഴിമതിയാരോപണം ഉയര്‍ന്നതും തിരിച്ചടിയായി. യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കുമെന്ന സാഹചര്യത്തില്‍ ഈ സ്ഥാനത്തേക്ക് പല നേതാക്കളും തയ്യാറായിക്കഴിഞ്ഞു. ഇതാകട്ടെ കര്‍ണാടക ബിജെപിയിലെ ഗ്രൂപ്പുപോര് രൂക്ഷമാക്കി.

    ReplyDelete