Monday, November 15, 2010

സി കെ ചന്ദ്രപ്പന്‍ സി പി ഐ സംസ്ഥാന സെക്രട്ടറി

സി പി ഐ സംസ്ഥാന സെക്രട്ടറിയായി സി കെ ചന്ദ്രപ്പന്‍ തിരഞ്ഞെടുക്കപ്പെട്ടു. അനാരോഗ്യം മൂലം വെളിയം ഭാര്‍ഗവന്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഇന്നലെ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ചന്ദ്രപ്പനെ ഏകകണ്ഠമായി സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

അനാരോഗ്യം മൂലം സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിയാന്‍ അനുവദിക്കണമെന്ന് ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ വെളിയം ആവശ്യപ്പെട്ടു. പുതിയ സെക്രട്ടറിയായി ചന്ദ്രപ്പനെ നിര്‍ദേശിക്കുകയും ചെയ്തു. യോഗം അത് ഏകകണ്ഠമായി അംഗീകരിച്ചു. സ്റ്റേറ്റ് എക്‌സിക്യൂട്ടീവിന്റെ നിര്‍ദേശം തുടര്‍ന്നു നടന്ന സ്റ്റേറ്റ് കൗണ്‍സില്‍ യോഗവും അംഗീകരിച്ചു.

സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധനും ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢിയും ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി ദിവാകരനും പന്ന്യന്‍ രവീന്ദ്രനും യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.

1996ല്‍ കണ്ണൂരില്‍ നടന്ന സമ്മേളനത്തിലാണ് വെളിയം സംസ്ഥാന സെക്രട്ടറിയായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. 1983 മുതല്‍ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. കണ്ണൂര്‍ സമ്മേളനത്തിനു ശേഷം പാലക്കാട്, കോട്ടയം, തൃശൂര്‍ സമ്മേളനങ്ങളിലും വെളിയത്തെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കേരളത്തില്‍ കമ്മ്യൂണിസ്‌ററ് പാര്‍ട്ടിയെയും ഇടതു ജനാധിപത്യ മുന്നണിയെയും ശക്തിപ്പെടുത്തുന്നതില്‍ വെളിയം വഹിച്ച പങ്ക് നിസ്തുലമാണെന്ന് സെക്രട്ടറി സ്ഥാനം ഒഴിയാനുള്ള വെളിയത്തിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് എ ബി ബര്‍ധന്‍ പറഞ്ഞു.

വിദ്യാര്‍ഥി രംഗത്തെ പ്രവര്‍ത്തനത്തിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് വന്ന സി കെ ചന്ദ്രപ്പന്‍ വയലാര്‍ സമരനായകനായ സി കെ കുമാരപ്പണിക്കരുടെയും അമ്മുകുട്ടി അമ്മയുടെയും മകനാണ്. പ്രശസ്തമായ ചിരപ്പന്‍ചിറ തറവാട്ടിലെ അംഗമായ ചന്ദ്രപ്പന്‍ 1936 നവംബര്‍ 11നാണ് ജനിച്ചത്. ചേര്‍ത്തലയിലും തൃപ്പൂണിത്തുറയിലുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും ചിറ്റൂര്‍ ഗവണ്‍മെന്റ് കോളജിലും ബിരുദപഠനം പൂര്‍ത്തിയാക്കിയ ചന്ദ്രപ്പന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും ബിരുദാന്തര ബിരുദം നേടി.
നന്നെ ചെറുപ്പത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചന്ദ്രപ്പന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ വിദ്യാര്‍ഥി ഫെഡറേഷന്റെ സജീവ പ്രവര്‍ത്തകനായി. 1956 ല്‍ എ ഐ എസ് എഫിന്റെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് എതിരായ വിമോചന സമരത്തിനെതിരായി വിദ്യാര്‍ഥികളെ അണിനിരത്തുന്നതില്‍ ചന്ദ്രപ്പന്‍ നിര്‍ണായക പങ്കുവഹിച്ചു. എ ഐ എസ് എഫിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ചന്ദ്രപ്പന്‍ എ ഐ വൈ എഫിന്റെ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഗോവ വിമോചന സമരത്തില്‍ പങ്കെടുത്ത ചന്ദ്രപ്പന്‍ വിദ്യാര്‍ഥി യുവജന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി പലതവണ അറസ്റ്റു ചെയ്യപ്പെട്ടു. ഡല്‍ഹി തിഹാര്‍ ജയിലിലും കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലും ഉള്‍പ്പടെയുള്ള ജയിലുകളില്‍ കഴിയേണ്ടിവന്നു.

പ്രഗത്ഭനായ പാര്‍ലമെന്റേറിയനാണ് ചന്ദ്രപ്പന്‍. മൂന്നു തവണ പാര്‍ലമെന്റിലേയ്ക്കും ഒരു തവണ നിയമസഭയിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു. 1971 ല്‍ തലശ്ശേരിയില്‍ നിന്നും 1977 ല്‍ കണ്ണൂരില്‍ നിന്നും 2005 ല്‍ തൃശൂരില്‍ നിന്നുമാണ് ചന്ദ്രപ്പന്‍ ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1991 ലെ തിരഞ്ഞെടുപ്പില്‍ ചേര്‍ത്തലയില്‍ നിന്നാണ് നിയമസഭയിലെത്തിയത്.

കെ ടി ഡി സി ചെയര്‍മാന്‍, കേരഫെഡ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച ചന്ദ്രപ്പന്‍ ഇപ്പോള്‍ പ്രഭാത് ബുക്ക് ഹൗസിന്റെ മാനേജിംഗ് ഡയറക്ടറാണ്. 1970 മുതല്‍ സി പി ഐ ദേശീയ കൗണ്‍സില്‍ അംഗമായ ചന്ദ്രപ്പന്‍ ഇപ്പോള്‍ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്. അഖിലേന്ത്യാ കിസാന്‍സഭ പ്രസിഡന്റുമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയും അഖിലേന്ത്യാ വര്‍ക്കിംഗ് വുമന്‍സിന്റെ നേതാവുമായ ബുലുറോയ് ചൗധരിയാണ് ഭാര്യ.

janayugom 151110

1 comment:

  1. സി പി ഐ സംസ്ഥാന സെക്രട്ടറിയായി സി കെ ചന്ദ്രപ്പന്‍ തിരഞ്ഞെടുക്കപ്പെട്ടു. അനാരോഗ്യം മൂലം വെളിയം ഭാര്‍ഗവന്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഇന്നലെ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ചന്ദ്രപ്പനെ ഏകകണ്ഠമായി സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

    ReplyDelete