കഴിഞ്ഞമാസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളും മുന്നണികളുടെ ചേരുവകളുടെ സ്വഭാവവുമെല്ലാം ചര്‍ച്ചാവിഷയമാണ്. വിലയിരുത്തലുകളുടെ അവസാനരൂപമെന്തായാലും, തെരഞ്ഞെടുപ്പുഫലങ്ങളുടെ സ്വഭാവം വ്യക്തമാക്കുന്ന വസ്തുതയുണ്ട്: ഗവണ്‍മെന്റിനെയും പഞ്ചായത്തുകളെയും സംബന്ധിച്ച ജനങ്ങളുടെ വിലയിരുത്തലുകളെ ഏകോപിപ്പിച്ച ശക്തി സമുദായമാണ്. സാമുദായികശക്തികള്‍ക്ക് കേരളത്തിലെ പൊതു ജീവിതത്തിലുള്ള ആധിപത്യത്തിന് വേറെയധികം തെളിവുകള്‍ ആവശ്യമില്ല.
തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യമുന്നണി ഏറ്റവുമധികം പഞ്ചായത്തുകള്‍ നേടിയത് വ്യത്യസ്ത മതസമുദായങ്ങള്‍ക്ക് ആധിപത്യമുള്ള മലപ്പുറം, വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ്. മത സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള തൃശൂരിലും ഇതേ പ്രവണത കാണാം. ഏറ്റവും പ്രധാനമായി ബിജെപി, എസ്ഡിപിഐ തുടങ്ങിയ സംഘടനകള്‍ നേടിയ വാര്‍ഡുകളും ഇതേ പ്രവണത കാണിക്കുന്നു. ഇതുവരെ മതനിരപേക്ഷ ശക്തികള്‍ക്ക് നിര്‍ണായകശക്തിയുണ്ടായിരുന്ന മേഖലകളിലേക്കും ഇവര്‍ക്ക് കടന്നുചെല്ലാനായി എന്നതും ശ്രദ്ധേയമാണ്.
തെരഞ്ഞെടുപ്പിനുശേഷം നടക്കുന്ന വിലയിരുത്തലുകളും ഈ വസ്തുത പരോക്ഷമായി സമ്മതിക്കുന്നു. വിവിധ പ്രശ്നങ്ങളില്‍ മതന്യുനപക്ഷങ്ങളെ അകറ്റിയതാണ് പരാജയകാരണമെന്ന് വിദഗ്ധരും ചില രാഷ്ട്രീയ പാര്‍ട്ടികളും പറയുന്നുണ്ട്. ഇടതുപക്ഷകക്ഷികളുടെ പരാജയത്തെ പല മത നേതാക്കളും "തങ്ങളുടെ നിലപാടിന്റെ വിജയ''മായി വിലയിരുത്തിയിട്ടുമുണ്ട്. ഒരു പ്രമുഖപത്രം എഴുതിയ മുഖപ്രസംഗത്തില്‍ എല്‍ഡിഎഫ് നടപ്പിലാക്കിയ വികസനപദ്ധതികള്‍ നിര്‍വഹണതലത്തില്‍ പരാജയപ്പെട്ടതും മതന്യൂനപക്ഷങ്ങളെ അകറ്റിയതുമാണ് പരാജയ കാരണമെന്ന് അഭിപ്രായപ്പെടുന്നു. എല്ലായിടത്തും മതവും സമുദായവും പ്രധാന കഥാപാത്രങ്ങളായി രംഗത്തെത്തിയിരിക്കുകയാണ്. മത സമുദായങ്ങളോടുള്ള ഇടതുപക്ഷത്തിന്റെ നിലപാട് പരിശോധിക്കുന്നതിനുമുമ്പ് ഇന്നത്തെ മതസമുദായങ്ങളുടെ സ്വഭാവം വ്യക്തമാക്കേണ്ടതുണ്ട്. ചരിത്രപരമായി മതങ്ങള്‍ക്കുണ്ടായിരുന്ന സ്വാധീനത്തെ ആരും നിഷേധിക്കുകയില്ല. ബഹുഭൂരിപക്ഷം ജനങ്ങളും ഏതെങ്കിലും വിധത്തിലുള്ള ദൈവവിശ്വാസികളാണ് എന്നതും വസ്തുതയാണ്. എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്നത് വ്യത്യസ്തമായ ഒരു സാമൂഹ്യശാസ്ത്ര പ്രശ്നമാണ്, അത് പരിഗണിക്കേണ്ട സന്ദര്‍ഭമല്ല ഇപ്പോഴുള്ളത്. ഈ വിശ്വാസത്തെയും അതിനെ ചുറ്റിപ്പറ്റി രൂപപ്പെടുന്ന ആചാരങ്ങളെയും കീഴ്വഴക്കങ്ങളെയും കേന്ദ്രീകരിച്ചാണ് മത സമുദായങ്ങള്‍ രൂപപ്പെടുന്നത്. അത്തരം സമുദായങ്ങള്‍ ചരിത്രത്തിലെ എല്ലാ ദശകളിലും നിലനിന്നിട്ടുണ്ട്. ചരിത്രത്തിലെ രാഷ്ട്രീയ രൂപങ്ങളില്‍ ചിലത് മതസമുദായങ്ങളെ ആധാരമാക്കിയും ചിലത് അല്ലാതെയും വളര്‍ന്നുവന്നവയാണ്. ചില മതവാദികള്‍ സിദ്ധാന്തിക്കുന്നതിനു വിപരീതമായി ചരിത്രത്തിലെ എല്ലാ രാഷ്ട്രീയ രൂപങ്ങള്‍ക്കും മതവിശ്വാസത്തിന്റെ അടിത്തറയില്ല. ഇന്ത്യയില്‍പോലും മൌര്യന്മാരും ഗുപ്തന്മാരുമടക്കമുള്ള നിരവധി രാജവംശങ്ങള്‍ ഏതെങ്കിലും പ്രത്യേക മതത്തിന്റെ സ്വാധീനമുള്ളവയായിരുന്നില്ല. 'ഇസ്ളാമിക' മെന്നു കരുതപ്പെടുന്ന മുഗള്‍ രാഷ്ട്രത്തില്‍പോലും അക്ബറിന്റെ കാലത്തു രൂപംകൊണ്ട സുല്‍ഹ്-ഇ-കുല്‍ (എല്ലാവര്‍ക്കും സമാധാനം - ദീന്‍ ഇലാഹിയെന്ന പൊതുപ്പേരില്‍ അറിയപ്പെടുന്നു) മുഗള്‍ ദര്‍ബാറിന്റെ ഔദ്യോഗിക ആരാധനാ രൂപമായിരുന്നുവെന്നുവെന്നോര്‍ക്കുക. നിരവധി മധ്യകാലരാജാക്കന്മാരുടെകാലത്തും രാഷ്ട്രീയാധികാരവും മതനേതൃത്വവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ കാണാം.
വിശ്വാസ രൂപങ്ങളെക്കാള്‍ പ്രധാനമായി മതവും രാഷ്ട്രീയവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ഉണ്ടാകുന്നത് മതത്തിന്റെ സാമൂഹ്യതലത്തിലാണ്. അതിലൊന്ന്, വിശ്വാസികള്‍ നേടിയെടുക്കുന്ന ആസ്തികളാണ്; രണ്ട്, മതസമുദായങ്ങളുടെ നിയമപരവും പ്രത്യയശാസ്ത്രപരവുമായ സ്വാധീനവും. വിശ്വാസികളുടെ ആസ്തികള്‍ മദ്ധ്യകാലത്തില്‍പോലും നിരന്തരമായ തര്‍ക്കവിഷയമായിരുന്നു. യൂറോപ്പിലെ പല രാജാക്കന്മാരും ആസ്തികളുടെമേലുള്ള അവകാശത്തിന്റെ പ്രശ്നത്തില്‍ പള്ളിയുമായി വഴക്കിട്ടവരാണ്. അവസാനം ഇംഗ്ളണ്ടില്‍ ഹെന്റി എട്ടാമന്‍ പള്ളിയുടെയും സന്യാസിമഠങ്ങളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു. യൂറോപ്പിലെ മതനവീകരണ പ്രസ്ഥാനം വളര്‍ന്നുവന്നത് ശിക്ഷാവിധികള്‍ പുറപ്പെടുവിക്കുന്നതിനുള്ള പോപ്പിന്റെ നിയമപരമായ അവകാശത്തെ ചോദ്യംചെയ്തുകൊണ്ടാണ്. മദ്ധ്യകാല ഇന്ത്യയില്‍ രാജാക്കന്മാരും ഇസ്ളാമിക ഭരണാധികാരികളും ഒരുപോലെ ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും ഉദാരമായി ദാനംനല്‍കുകയും വേണ്ട സംരക്ഷണ നടപടികള്‍ സ്വീകരിക്കുകയും ചെയ്തുവന്നു. അതേസമയം, ഭരണാധികാരികളുടെ ദൈനംദിന നടപടിക്രമങ്ങളില്‍ കൈകടത്താന്‍ അവര്‍ മതനേതാക്കളെ അനുവദിച്ചിരുന്നില്ല. ഇത് ഭരണാധികാരികളും മതാദ്ധ്യക്ഷന്മാരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു. അലാവുദീന്‍ഖില്‍ജി, മുഹമ്മദ് ബിന്‍ തുഗ്ളക്ക്, അക്ബര്‍ മുതലായവര്‍ ഉദാഹരണങ്ങളാണ്.
ഇന്ത്യയില്‍ മതത്തിന് നിയാമകസ്വഭാവം കൈവരുന്നത് ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ കാലഘട്ടത്തിലാണ്. ബ്രിട്ടീഷ് ഭരണകര്‍ത്താക്കളും ഇന്ത്യയില്‍ വ്യാപകമായി മിഷനറി പ്രവര്‍ത്തനം നടത്തിയ ഇവാഞ്ചലിക്കല്‍ ക്രിസ്തുമതവും ഇന്ത്യന്‍ സമൂഹത്തെ പൌരസ്ത്യ "പ്രാകൃതസമൂഹ''മായി വിലയിരുത്തുകയും അവരുടെ പ്രവര്‍ത്തനത്തെ ഇന്ത്യന്‍ നാഗരികത വളര്‍ത്താനുള്ള ശ്രമമായി കണക്കാക്കുകയും ചെയ്തു. ഇതിന്റെ പല രൂപങ്ങളില്‍ പ്രധാനപ്പെട്ടത് പരമ്പരാഗത കീഴ്വഴക്കങ്ങളെയും ആചാരങ്ങളെയും മതസംഹിതകളെയും "നിയമ''ങ്ങളായി മാറ്റിയതായിരുന്നു. ഇസ്ളാമിക വ്യക്തിനിയമം, ഹിന്ദു വിവാഹനിയമം, ക്രിസ്ത്യന്‍ വിവാഹ (വിവാഹമോചന) നിയമം തുടങ്ങിയവ ഇവയില്‍ ചിലതാണ്. കേരളത്തിലെ ദേവസ്വങ്ങള്‍ മറ്റു പല ഭാഗങ്ങളിലുമുള്ള ക്ഷേത്ര ഭരണസമിതികള്‍, മുസ്ളീങ്ങളുടെ വഖഫ്സ്വത്തുക്കളുടെമേലുള്ള അവകാശങ്ങള്‍ തുടങ്ങിയവയ്ക്ക് ഔപചാരിക നിയമങ്ങളുടെ സ്വഭാവം കൈവന്നു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സഹായത്തോടെ മിഷണറിമാര്‍ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും സ്കൂളുകള്‍, ആതുരാലയങ്ങള്‍, കോണ്‍വെന്റുകള്‍ തുടങ്ങിയവ സ്ഥാപിച്ചു. ക്രിസ്ത്യന്‍ മതവിശ്വാസത്തിന് ആധിപത്യമില്ലാത്ത സ്ഥലങ്ങളില്‍പോലും ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ സ്വാധീനം വര്‍ദ്ധിച്ചു. കേരളത്തില്‍ പൊതു വിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യ സ്ഥാപനങ്ങളിലും സമുദായ സ്ഥാപനങ്ങള്‍ നിര്‍ണായകശക്തിയായി തീര്‍ന്നു. ക്രമേണ പ്രസുകള്‍, പത്രങ്ങള്‍, ആനുകാലികങ്ങള്‍, ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ മുതല്‍ തൊഴില്‍ സംഘടനകള്‍, സന്നദ്ധ സംഘടനകള്‍വരെ എല്ലാ മേഖലകളിലേക്കും മത സമുദായ സ്ഥാപനങ്ങള്‍ പടര്‍ന്നുപിടിക്കുന്നതായി കാണാം. കേരളത്തില്‍ മതസ്വഭാവമുള്ള സ്ഥാപനങ്ങള്‍ക്കാണ് ഏറ്റവുമധികം വിദേശഫണ്ടിംഗ് ലഭിക്കുന്നതും. ഏറ്റവുമവസാനം മുസ്ളീം-ഹിന്ദു മതസമൂഹങ്ങളും ക്രിസ്ത്യന്‍ മാതൃക പിന്‍തുടരുകയും അവരുടേതായ രീതിയില്‍ സ്ഥാപനവല്‍ക്കരണം നടത്തുകയും ചെയ്യുന്നു.
പുതിയ മതവല്‍ക്കരണത്തിന്റെ അടിത്തറ കേവലമായ സ്ഥാപനവല്‍ക്കരണം മാത്രമല്ല. സ്ഥാപനങ്ങളെ കേന്ദ്രീകരിക്കുന്ന "വിശ്വാസി സമൂഹ''ങ്ങളുടെ വളര്‍ച്ചയും പ്രധാനമാണ്. മദ്ധ്യകാല സമൂഹങ്ങളില്‍ വിശ്വാസി സമൂഹങ്ങളും പൊതുജനവും തമ്മില്‍ വേര്‍തിരിവില്ലായിരുന്നു. വിശ്വാസി സമൂഹങ്ങളില്‍ പെടാത്തവര്‍ സമൂഹത്തിന് പുറത്തായിരുന്നു. 'ഹെരെറ്റിക്കുകള്‍' 'കുഫ്രാക്കള്‍' 'ബൌദ്ധന്മാര്‍' 'ചാര്‍വാകന്മാര്‍' തുടങ്ങി നിരവധി പേരുകളില്‍ അറിയപ്പെട്ടവര്‍ മദ്ധ്യകാല പൊതുജീവിതത്തിനു പുറത്തായ വിഭാഗങ്ങളില്‍പ്പെടുന്നു. വിശ്വാസത്തിനെതിരെ കലാപം നടത്തുന്നവരെ പുറന്തള്ളാനുള്ള മാര്‍ഗങ്ങളും ഓരോ വിശ്വാസ സമൂഹത്തിനും ഉണ്ടായിരുന്നു.
ആധുനിക മുതലാളിത്തത്തിന്റെ വളര്‍ച്ചയുടെ ഭാഗമായി വിശ്വാസി സമൂഹത്തിന്റെ ഘടനയിലും മാറ്റംവന്നു. മുതലാളിത്തത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന പൌരസമൂഹം വിശ്വാസി സമൂഹത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. മുതലാളിത്തത്തിന്റെ വളര്‍ച്ച യുക്തിസഹമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലായിരുന്നു. സ്വാതന്ത്ര്യം, അവസരസമത്വം, പുരോഗതി, വികസനം മുതലായ ആശയങ്ങള്‍ ഇതിന്റെ ആശയസംഹിതയുമായിരുന്നു. വിശ്വാസം, കീഴ്വഴക്കങ്ങളുടെയും ആചാരങ്ങളുടെയും അടിസ്ഥാനത്തിലുള്ള നിയമാവലികള്‍ തുടങ്ങിയവയില്‍നിന്ന് ഭിന്നമായ ഇത്തരം ആശയങ്ങള്‍ക്ക് പ്രകടമായ മതനിരപേക്ഷ സ്വഭാവമുണ്ടായിരുന്നു. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ഭിന്നതകള്‍ക്കും വിശ്വാസി സമൂഹത്തിന്റെ വഴക്കങ്ങള്‍ക്കും പ്രസക്തിയില്ലാത്ത മതനിരപേക്ഷ സമൂഹത്തിന്റെ വളര്‍ച്ച ഒരുവശത്ത് മുതലാളിത്തത്തിന്റെ വികാസം സാധ്യമാക്കി. മറുവശത്ത് മുതലാളിത്തത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങള്‍ വളരാനും സഹായിച്ചു. വിശ്വാസികളും അവിശ്വാസികളും ഒരുമിക്കുകയും ഒരേ അവകാശങ്ങളും ബാധ്യതകളും നിലനിര്‍ത്തുകയും ചെയ്യുന്ന പൌരസമൂഹത്തിന്റെ വളര്‍ച്ചയും ഇത് സാധ്യമാക്കി.
മുതലാളിത്ത സമൂഹത്തില്‍ രൂപപ്പെട്ടുവന്ന ജനാധിപത്യ ഭരണകൂടവും രാഷ്ട്രീയവും പൌരസമൂഹത്തെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുകയും ജനാധിപത്യപരമായ മാനവികാവകാശങ്ങളെ പൌരാവകാശങ്ങളായി കാണുകയും ചെയ്തു. മറ്റു പൌരാവകാശങ്ങളെപ്പോലെ മത സ്വാതന്ത്യ്രവും ഒരു പൌരാവകാശമായി. അതായത് ബൂര്‍ഷ്വാ ജനാധിപത്യ രാഷ്ട്രങ്ങളില്‍ വിശ്വാസം രാഷ്ട്രത്തിന്റെ സ്വഭാവത്തെ നിര്‍ണയിക്കുന്ന ഘടകമല്ലാതായി. അതേസമയം വിശ്വാസി സമൂഹങ്ങള്‍ക്ക് മറ്റേവരെയുംപോലെ സ്വന്തം വിശ്വാസം നിലനിര്‍ത്താനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു. സ്വന്തം സ്ഥാപനങ്ങള്‍ നടത്താനും നിലനിര്‍ത്താനുമുള്ള സ്വാതന്ത്യ്രവും നല്‍കപ്പെട്ടു.
സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയില്‍ ബുര്‍ഷ്വാ ഭരണവ്യവസ്ഥയുടെ എല്ലാ ഭാഗങ്ങളും നിലനിര്‍ത്തി. ഇന്ത്യയുടെ സവിശേഷതകള്‍ ഉള്‍ക്കൊണ്ട് ചില പുതിയ സംവിധാനവും കൊണ്ടുവന്നു. ജാതിപരമായ വിവേചനവും അയിത്തവും തടയുന്നതിനും ചരിത്രപരമായി സാമൂഹ്യ അധ:സ്ഥിതരായ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനുമുള്ള സംവിധാനമായിരുന്നു ഒന്ന്. രണ്ടാമത്തേത് ജനസംഖ്യയില്‍ കുറവുള്ള മുസ്ളീം, ക്രിസ്ത്യന്‍, ജൂതന്‍, സിഖ് മുതലായ മതസമുദായങ്ങള്‍ക്ക് ന്യൂനപക്ഷങ്ങള്‍ എന്ന പദവി നല്‍കി. ന്യൂനപക്ഷങ്ങള്‍ക്ക് സ്വതന്ത്രമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അധികാരവും നല്‍കി.
മുതലാളിത്തം പൂര്‍ണമായി വളര്‍ന്നുവരാതിരിക്കുകയും പ്രാക് മുതലാളിത്ത ബന്ധങ്ങള്‍ ഭാഗികമായി നിലനില്‍ക്കുകയും ചെയ്യുന്ന സമൂഹത്തില്‍ ബൂര്‍ഷ്വാ ആശയസംഹിത അനുസരിച്ചുള്ള ഭരണഘടന സൃഷ്ടിക്കുമ്പോഴുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളാണ് മതന്യൂനപക്ഷങ്ങളുടെയും സംവരണത്തിന്റെയും കാര്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. വ്യത്യസ്ത വിശ്വാസി സമൂഹങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ ഭൂരിപക്ഷത്തിന്റെ ആധിപത്യ രൂപങ്ങള്‍ മറ്റു വിശ്വാസി സമൂഹങ്ങളുടെ നിലനില്‍പിനെയും വികാസത്തെയും അപകടപ്പെടുത്താതിരിക്കാനാണ് ന്യൂനപക്ഷം എന്ന ആശയംതന്നെ രൂപപ്പെട്ടത്. അധീശ ജാതിസമുദായങ്ങള്‍ക്കെതിരായ സംരക്ഷണം അധ:സ്ഥിതരുടെ നിലനില്‍പിനെ അപകടപ്പെടുത്താതിരിക്കാന്‍ സംവരണം എന്ന ആശയവും അംഗീകരിക്കപ്പെട്ടു. ഭൂരിപക്ഷ മതാധിപത്യത്തിനും അധീശജാതികള്‍ക്കും എതിരായ പോരാട്ടത്തിന് നല്‍കിയ ഭരണഘടനാപരമായ അംഗീകാരമായി ഈ രണ്ട് തത്വങ്ങളെയും കരുതാം. ബൂര്‍ഷ്വാ ജനാധിപത്യ വ്യവസ്ഥയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും പൌരസമൂഹവും ഈ തത്വങ്ങളെ മനസ്സിലാക്കിയതും അങ്ങനെതന്നെയാണ്. ഇതിന്റെ ഫലമായി പൂര്‍ണമായ മതനിരപേക്ഷ സ്വഭാവമുള്ള രാഷ്ട്രീയപാര്‍ടികളോടൊപ്പം ഭൂരിപക്ഷ മതത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും സാമൂഹ്യ അടിത്തറയുള്ള രാഷ്ട്രീയപാര്‍ടികള്‍ ബൂര്‍ഷ്വാ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുത്തു. ന്യൂനപക്ഷാവകാശങ്ങള്‍, സംവരണം, അയിത്തം മുതലായ രൂപങ്ങള്‍ക്കെതിരായ പേരാട്ടം മുതലായവ രാഷ്ട്രീയ പ്രക്രിയയുടെയും പൌരസമൂഹത്തിന്റെയും ഭാഗമായി.
മേല്‍പറഞ്ഞ സങ്കല്‍പങ്ങളൊന്നും ബൂര്‍ഷ്വാ ജനാധിപത്യ വ്യവസ്ഥയുടെ മതനിരപേക്ഷ സ്വഭാവത്തിനു വിരുദ്ധമല്ല. ന്യൂനപക്ഷവും സംവരണവും ഭരണഘടന നിര്‍വചിക്കുന്ന നിയാമക രൂപങ്ങളാണ്. ന്യൂനപക്ഷവും ഭൂരിപക്ഷവും ഭരണഘടനയുടെ സങ്കല്‍പങ്ങളാണ്, അവയനുസരിച്ചുള്ള രാഷ്ട്രീയപാര്‍ടികള്‍ക്ക് മതനിരപേക്ഷ സ്വഭാവമില്ല. പക്ഷേ, അത്തരത്തിലുള്ള രാഷ്ട്രീയപാര്‍ടികള്‍ പാടില്ല എന്നാര്‍ക്കും വാദിക്കാന്‍ സാധ്യമല്ല. അതുപോലെ സംവരണത്തെക്കുറിച്ചുള്ള വ്യത്യസ്ത നിലപാടുകളും ഇന്ത്യയില്‍ അംഗീകരിക്കപ്പെടുന്ന ജനാധിപത്യ വ്യവസ്ഥയില്‍ അനുവദനീയമാണ്. ന്യൂനപക്ഷാവകാശങ്ങള്‍ക്കും സംവരണത്തിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍ ബൂര്‍ഷ്വാ ജനാധിപത്യ പൌരസമൂഹത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും കൂടുതല്‍ ഉള്‍ക്കൊള്ളല്‍ സാധ്യതയുള്ളതാക്കുകയും ചെയ്യുന്നു എന്ന വസ്തുതയുമുണ്ട്. അതുകൊണ്ടുതന്നെ, ആദിവാസികളും ദളിതരും സ്ത്രീകളും ന്യൂനപക്ഷങ്ങളുമടക്കമുള്ള മര്‍ദ്ദിത ജനതയുടെ ഭൂരിപക്ഷാധിപത്യത്തിനും വര്‍ണ്ണമേധാവിത്വത്തിനും പുരുഷാധിപത്യത്തിനുമെതിരായ പോരാട്ടത്തിന് പ്രസക്തിയുണ്ട്. മതനിരപേക്ഷവും ജനാധിപത്യ സ്വഭാവമുള്ളതുമായ പൌര സമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ടിയുള്ള പോരാട്ടമാണത്.
ഈ പോരാട്ടത്തില്‍ സമുദായത്തിന്റെ പ്രസക്തിയെന്താണ്? പരമ്പരാഗത കീഴ്വഴക്കങ്ങളുടെയും മര്യാദകളുടെയും ആചാരങ്ങളുടെയും അടിസ്ഥാനത്തില്‍ ആധുനികകാലത്തു നിലനിന്നുപോന്ന സമൂഹവിഭാഗങ്ങള്‍ എന്ന അര്‍ത്ഥത്തിലാണ് സമുദായം എന്ന വാക്ക് ആദ്യം ഉപയോഗിക്കപ്പെട്ടത്. നമ്പൂതിരിമാര്‍, നായന്മാര്‍, പുലയര്‍ തുടങ്ങിയവര്‍ മുതല്‍ നസ്രാണികള്‍, മാപ്പിളമാര്‍ മുതലായവര്‍വരെയുള്ള വിഭാഗങ്ങള്‍ക്ക് സമുദായം എന്ന വാക്കുപയോഗിക്കപ്പെട്ടു. സമുദായങ്ങളുടെ ഉന്നമനവും നവീകരണവും ആദ്യകാല പരിഷ്കര്‍ത്താക്കളുടെ പ്രധാന ലക്ഷ്യവുമായിരുന്നു. വളര്‍ന്നുവന്ന ബൂര്‍ഷ്വാ പൌരസമൂഹത്തില്‍ സ്വസമുദായങ്ങളെ ഉള്‍ചേര്‍ക്കുക എന്നത് സമുദായോന്നമന സമരങ്ങളുടെ ലക്ഷ്യമായിരുന്നെങ്കില്‍ സമുദായ നവീകരണം കൂടുതല്‍ സങ്കീര്‍ണമായ പ്രക്രിയയായിരുന്നുവെന്ന് കാണാം. നവീകരണം ലക്ഷ്യമാക്കിയത് പരമ്പരാഗത കീഴ്വഴക്കങ്ങളെയും ആചാര രൂപങ്ങളെയും തന്നെയാണ്. ജാതി സമൂഹങ്ങളിലെ പരമ്പരാഗത കീഴ്വഴക്കങ്ങള്‍ക്കെതിരായ സമരം ജാതി വ്യവസ്ഥയുടെ നാശത്തിലേക്കല്ല നയിച്ചത്. അതിനുപകരം കൊളോണിയല്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നിലവില്‍വന്ന ഹിന്ദു നിയമാവലികളെ ആധാരമാക്കിയുള്ള ഒരു പുതിയ രൂപത്തിലേക്കാണ്. ഇവ കൂടാതെ പുതിയതായി രൂപംകൊണ്ട നിരവധി സംഘടനകള്‍ പുതിയ കീഴ്വഴക്കങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. ഇതിന്റെ ഫലമായി സമുദായയോഗങ്ങള്‍, കരയോഗങ്ങള്‍, ഇടവകയോഗങ്ങള്‍, മഹല്ലുകള്‍ തുടങ്ങിയവയും വിദ്യാസമ്പന്നരും പ്രാമാണിക ഗ്രന്ഥങ്ങളെ പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് വിശദീകരിക്കാനറിയുന്നവരുമായ സമുദായ നേതാക്കന്മാരും വളര്‍ന്നുവന്നു. സമുദായോന്നമന സമരങ്ങളുടെ ഭാഗമായി ആധുനിക വിദ്യാലയങ്ങളില്‍ പോകാനും ബൂര്‍ഷ്വാ വ്യവസ്ഥയുടെ സാധ്യതകള്‍ തിരിച്ചറിയാനും അവസരം ലഭിച്ച പുതിയ തലമുറയില്‍പെട്ട മതനേതാക്കള്‍ വിശ്വാസി സമൂഹത്തിന്റെ പഴയ രൂപങ്ങളിലേക്ക് തിരിച്ചു പോകാനല്ല ശ്രമിച്ചത്, ഒരു പുതിയ വിശ്വാസിസമൂഹത്തെ സൃഷ്ടിക്കുന്നതിനായിരുന്നു. അതോടെ സമുദായം എന്ന ആശയത്തിനും മാറ്റം വന്നു തുടങ്ങി.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ രണ്ടുമൂന്നു ദശകങ്ങള്‍ പുതിയ വിശ്വാസി സമൂഹത്തിന്റെ സൃഷ്ടിയില്‍ മാന്ദ്യത്തിന്റെ കാലമായിരുന്നു. ഇന്തോ-പാക്കിസ്ഥാന്‍ വിഭജനത്തിന്റെ ഭീതിദമായ ഓര്‍മ്മകള്‍, മഹാത്മാഗാന്ധിയുടെ വധം സൃഷ്ടിച്ച വികാരം, നെഹ്റു യുഗത്തില്‍ വളര്‍ന്നുവന്ന ദേശീയോദ്ഗ്രഥന സങ്കല്‍പങ്ങള്‍ തുടങ്ങിയവ ഇതിനു കാരണമായിരിക്കാം. ഇവയ്ക്കുള്ളില്‍ നിന്നുതന്നെ പുതിയ വിശ്വാസി സമൂഹങ്ങളുടെ നാമ്പുകള്‍ കാണാം. 1957ല്‍ കേരളത്തില്‍ കമ്യൂണിസ്റ്റ്പാര്‍ടി അധികാരത്തില്‍വന്നത് വിശ്വാസി സമൂഹങ്ങളെ ഞെട്ടിച്ചു. "നിരീശ്വരവാദി'കളായ കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നതു കൂടാതെ, ഇതുവരെ ജാതി മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലായിരുന്ന സ്വകാര്യ സ്കൂളുകളെ പൊതുനിയമ സംവിധാനത്തിന്റെകീഴില്‍ കൊണ്ടുവരാന്‍ ആ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും വിശ്വാസി സമൂഹങ്ങളുടെ സമനില തെറ്റിച്ചു. വിമോചനസമരവും അതില്‍ ആത്യന്തികമായി വലതുപക്ഷം നേടിയ വിജയവും ഒരു പുതിയ വൈരുദ്ധ്യത്തിന്റ തുടക്കമായിരുന്നുവെന്നു പറയാം.
ഈ പുതിയ വൈരുദ്ധ്യത്തിന്റെ അടിത്തറ വിശ്വാസമായിരുന്നില്ല. മതവിശ്വാസങ്ങള്‍ക്ക് "മുറിവേല്‍പി'ക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ കമ്യൂണിസ്റ്റ്പാര്‍ടി നടത്തിയതായി തെളിവില്ല. പൊലീസ് മര്‍ദ്ദനം, സ്ത്രീകളുടെനേരെയുള്ള അതിക്രമം തുടങ്ങി ബൂര്‍ഷാ പൌരസമൂഹത്തിനുള്ളില്‍ നടക്കുന്ന മര്‍ദ്ദന രൂപങ്ങള്‍ തന്നെയാണ് ഇത്തരം അതിക്രമങ്ങള്‍ക്ക് തെളിവായി നിരത്തപ്പെട്ടത്. പ്രശ്നം വിഭവങ്ങളുടെമേലും സ്ഥാപനങ്ങളുടെമേലുമുള്ള ആധിപത്യമായിരുന്നു. സമുദായ സ്കൂളുകളുടെമേലുള്ള പൂര്‍ണമായ അവകാശം സമുദായശക്തികള്‍ക്കായിരിക്കെ, അവരുടെ പ്രവര്‍ത്തനത്തില്‍ ഒരുതരത്തിലുള്ള പൊതു മാനദണ്ഡങ്ങളും കൊണ്ടുവരാന്‍ പാടില്ലെന്നായിരുന്നു അന്ന് സമുദായ നേതാക്കള്‍ വാദിച്ചത്. അതുതന്നെയാണ് ഇന്നും സ്വീകരിക്കുന്ന വാദവും. വഖഫ് സ്വത്തുക്കള്‍, പള്ളികള്‍, ധര്‍മ്മസ്ഥാപനങ്ങള്‍, ആസ്പത്രികള്‍, റിട്രീറ്റ് സെന്ററുകള്‍ തുടങ്ങി അനുക്രമമായി സമുദായങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്ന ആസ്തികളുടെമേലും ഇതുപോലുള്ള അവകാശവാദം ഉന്നയിക്കപ്പെട്ടു.
ആഗോളവല്‍ക്കരണത്തിന്റെയും നവലിബറലിസത്തിന്റെയുമായ പുതിയ കാലഘട്ടത്തില്‍, സ്വകാര്യ അവകാശങ്ങളുടേതായ സങ്കല്‍പങ്ങള്‍ അതിവേഗത്തില്‍ വര്‍ദ്ധിച്ചുവരുന്ന ആസ്തികളുടെമേലുള്ള ആധിപത്യത്തിന്റെ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്. കേരളത്തില്‍ കുന്നുകൂടുന്ന വമ്പിച്ച പ്രവാസിപ്പണത്തില്‍ വലിയഭാഗം ഇത്തരം ആസ്തികളായി മാറുന്നുണ്ട്. സ്കൂളുകള്‍, കോളേജുകള്‍, ആസ്പത്രികള്‍, ധര്‍മ്മ സ്ഥാപനങ്ങള്‍ തുടങ്ങിയവ കൂടാതെ വിവിധ തരത്തിലുള്ള ഫണ്ടിംഗ് സംവിധാനങ്ങളും സ്പോണ്‍സര്‍ഷിപ്പുകളും ഇതിന്റെ ഭാഗമായി വളര്‍ന്നുവരുന്നു. അതായത് സമുദായങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ആസ്തിയെക്കാള്‍ വന്‍തോതിലുള്ള വര്‍ദ്ധനയാണ് കഴിഞ്ഞ ഇരുപതുവര്‍ഷത്തില്‍ ഉണ്ടായിട്ടുള്ളത്. അവയുടെ സംരക്ഷണം സമുദായങ്ങളുടെ പ്രധാന താല്‍പര്യമായി മാറുന്നു. വിഭവങ്ങളുടെ നിയന്ത്രണത്തിനുവേണ്ടിയുള്ള പോരാട്ടം പുതിയ വിശ്വാസി സമൂഹങ്ങളുടെ വളര്‍ച്ചയിലേക്കു നയിക്കുന്നു.
നവലിബറലിസം ആസ്തികളുടെയും വിഭവങ്ങളുടെയും നിയന്ത്രണത്തിനുവേറൊരു തലംകൂടി നല്‍കുന്നുണ്ട്. പുതിയ സ്ഥാപന ശൃംഖലകളും ഫണ്ടിംഗും വിപുലമായ തൊഴില്‍ ദായക മേഖലകളാണ്. ഒരുവശത്ത് ഗവണ്‍മെന്റ് സര്‍വ്വീസില്‍ തൊഴില്‍, റിസര്‍വേഷന്‍, ന്യൂനപക്ഷാവകാശ സംരക്ഷണത്തിനുള്ള നിയമങ്ങള്‍ തുടങ്ങിയവയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ നടക്കുന്നതിനോടൊപ്പംതന്നെ പുതിയ ആസ്തികളുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന തൊഴിലുകളും സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നു. ഇതിനോടൊപ്പം പുതിയ ജീവിതരീതികള്‍, മര്യാദകള്‍ തുടങ്ങിയവയും സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇവയെല്ലാം സംരക്ഷിക്കുന്നതിനും പൌരസമൂഹത്തില്‍ സ്ഥാനം ഉറപ്പിക്കുന്നതിനും പ്രാപ്തരായ ഒരു പുതിയ വിശ്വാസി സമൂഹം സൃഷ്ടിക്കപ്പെടുകയാണ്.
പരമ്പരാഗത വഴക്കങ്ങളും ആചാരമര്യാദകളുമല്ല പുതിയ വിശ്വാസി സമൂഹത്തിന്റെ അടിത്തറ എന്നത് പ്രധാനമാണ്. പുതിയ വിശ്വാസി സമൂഹം വിദ്യാസമ്പന്നരും ആധുനിക മുതലാളിത്ത സമൂഹത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞവരുമാണ്. അവര്‍ മുതലാളിത്ത സമൂഹത്തിന്റെ ഭാഗവുമാണ്. ഇതിന്റെ സാധ്യതകള്‍ ഉപയോഗിച്ച് വിശ്വാസത്തിന്റെ സൈദ്ധാന്തികപാഠങ്ങള്‍ പരിശോധിക്കുകയും അവയുടെ അടിസ്ഥാനത്തില്‍ പുതിയ വിശ്വാസസംഹിതയും ജീവിതരീതിയും പുനര്‍നിര്‍മ്മിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. പോസ്റ്റ്മോഡേണിസംപോലെ ബൂര്‍ഷ്വാ ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ ചോദ്യംചെയ്യുന്ന സിദ്ധാന്തങ്ങള്‍, ഖുറാന്‍, ബൈബിള്‍, വേദങ്ങള്‍, ഗീതപോലുള്ള അടിസ്ഥാന മതഗ്രന്ഥങ്ങളുടെ ആധുനിക വിശദീകരണങ്ങള്‍, പാന്‍ ഇസ്ളാമിസം, വിവിധ ക്രൈസ്തവ പ്രസ്ഥാനങ്ങള്‍, സംഘപരിവാര്‍ തുടങ്ങിയ ആധുനിക മതപ്രസ്ഥാനങ്ങളുടെ നിലപാടുകളും പ്രവര്‍ത്തനാനുഭവങ്ങളും, എന്‍ജിഒകള്‍ അടക്കമുള്ള നവ സാമൂഹ്യ പ്രസ്ഥാനങ്ങളുമായുള്ള ബന്ധങ്ങള്‍ തുടങ്ങിയവയെല്ലാം ചേരുന്ന ആശയസംഹിത ഇന്ന് പുതിയ വിശ്വാസിസമൂഹങ്ങളുടെ പ്രമാണങ്ങളാണ്. ഇവയുടെ ശക്തമായ പ്രചാരണം നടത്താനും നിലവിലുള്ള രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളുടെ ബദല്‍ രൂപങ്ങളാണിവയെന്ന് സ്ഥാപിക്കാനും ഇവര്‍ തുടര്‍ച്ചയായി ശ്രമിക്കുന്നു. നവ സാമൂഹ്യ പ്രസ്ഥാനങ്ങളുടെയും തീവ്ര ഇടതുപക്ഷ ബുദ്ധിജീവികളുടെയും പിന്തുണയും ഇവര്‍ക്കുണ്ട്.
നവവിശ്വാസി സമൂഹം പ്രവര്‍ത്തിക്കുന്നത് ഇത്തരം ധൈഷണിക അഭ്യാസങ്ങളില്‍ മാത്രമല്ല. ബഹുഭൂരിപക്ഷം വിശ്വാസികളും ഇത്തരം അഭ്യാസങ്ങളില്‍ താല്‍പര്യമില്ലാത്തവരാണ്. അവരുടെ മുമ്പിലുള്ളത് നിത്യജീവിതമാണ്. അതിനാവശ്യമായ സമൂഹബന്ധങ്ങളാണ്. നിത്യജീവിതത്തെ നിയന്ത്രിക്കുന്നത് മുതലാളിത്തമാണ്. അത് സൃഷ്ടിക്കുന്ന സാമൂഹ്യബന്ധങ്ങളും ആഗ്രഹങ്ങളുമാണ്. മത്സരാധിഷ്ഠിതമായ മുതലാളിത്ത ലോകത്തില്‍ സ്വന്തം സ്ഥാനം ഉറപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഓരോ വിഭാഗവും കണ്ടെത്തുന്ന ഉപാധി വിശ്വാസിസമൂഹമാണ്. അതായത് മുതലാളിത്തത്തിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ തിരസ്കരിക്കപ്പെട്ട മദ്ധ്യകാല സമുദായം നവലിബറല്‍ ആഗോളവ്യവസ്ഥയില്‍ പുതിയ രൂപത്തില്‍ പുനര്‍ജനിക്കുന്നു. ശ്രേണീബദ്ധമായ ജാതിരൂപത്തിന്റെ അടിസ്ഥാനത്തിലല്ല പുനര്‍ജനിക്കുന്നത്. ബൂര്‍ഷ്വാ ജനാധിപത്യവ്യവസ്ഥയില്‍ പൂര്‍ണ അവകാശങ്ങളും അധികാരങ്ങളുമുള്ള, സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ തയ്യാറുള്ള വിഭാഗമായാണ് പുനര്‍ജനിക്കുന്നത്. അതിനെ നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ മുഴുവനും ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സങ്കല്‍പങ്ങള്‍ക്കുപുറത്താണ്. ജനനമരണച്ചടങ്ങുകള്‍, വിവാഹമര്യാദകള്‍, ജ്യോതിഷം, മന്ത്രവാദം, ജപിച്ചുകെട്ടല്‍, വ്രതങ്ങള്‍, നോമ്പുകള്‍, നേര്‍ച്ചകള്‍, തീര്‍ത്ഥയാത്രകള്‍, ആള്‍ദൈവങ്ങള്‍, സന്ന്യാസിമാര്‍, ഒറ്റമൂലിവൈദ്യം, വേദപാഠശാലകള്‍, സണ്‍ഡേസ്കൂളുകള്‍, മദ്രസകള്‍, ധര്‍മ്മസ്ഥാപനങ്ങള്‍, മതപ്രസംഗങ്ങള്‍, മതവായനശാലകള്‍ തുടങ്ങി സെക്ടേറിയന്‍ മത-ജാതി സംഘടനകള്‍വരെ വമ്പിച്ച വ്യവഹാരമേഖലയാണ് പുതിയ വിശ്വാസി സമൂഹം വളര്‍ത്തിയിരിക്കുന്നത്. ഇവ കൂടാതെ വിവിധ ഫണ്ടിങ് ഏജന്‍സികളിലൂടെയും ധാരാളം പണവും പ്രവഹിക്കുന്നു. ശക്തമായ മാധ്യമ നെറ്റ്വര്‍ക്കും അവര്‍ക്ക് സ്വന്തമായിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, വിവിധ തൊഴില്‍ മേഖലകള്‍ തുടങ്ങിയവയിലൂടെ സേവനമേഖലയിലും ശക്തമായ എന്‍ജിഒ നെറ്റ്വര്‍ക്കിലൂടെ സാമൂഹ്യസാമ്പത്തിക മേഖലകളിലും അവര്‍ ഇടപെടുന്നു. ഒരുവശത്ത് ബൂര്‍ഷ്വാ പൌരസമൂഹത്തിന്റെ എല്ലാ സാധ്യതകളും അവര്‍ പ്രയോജനപ്പെടുത്തുമ്പോള്‍ മറുവശത്ത് മദ്ധ്യകാല സാംസ്കാരിക രൂപങ്ങളെ പുതിയ ചട്ടക്കൂട്ടില്‍ വളര്‍ത്തിയെടുക്കുകയും അതുവഴി വിശ്വാസികളുടെ സ്വകാര്യ ജീവിതത്തെ അവര്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. പാര്‍പ്പിടം, ഭക്ഷണം, വസ്ത്രം മുതല്‍ ഉടുപ്പും നടപ്പും വ്യക്തിഗത മര്യാദകളുംവരെയുള്ള എല്ലാ മേഖലകളെയും അവര്‍ സ്വാധീനിക്കുന്നു.
സാമൂഹ്യപരിഷ്കരണകാലത്തെ സമുദായത്തിന്റെ നേര്‍ വിപരീതമാണിത്. വളര്‍ന്നുവരുന്ന ബൂര്‍ഷ്വാ പൊതു ജീവിതത്തിലേക്കുകടന്നുവരാനും അവരുടെ സ്ഥാനമുറപ്പിക്കാനുമായിരുന്നു 20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ സമുദായങ്ങള്‍ ശ്രമിച്ചത്. ഇന്ന്, ആഗോളീകരണത്തിന്റെയും നവലിബറല്‍ ഉദാരവല്‍ക്കരണത്തിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തി പൊതു ജീവിതത്തെ സ്വ സമുദായത്തിന്റെ താല്‍പര്യങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കുമനുസരിച്ച് മാറ്റിയെടുക്കുന്നതിനാണ് ഇപ്പോഴത്തെ ശ്രമം. അതുകൊണ്ട് വിശ്വാസത്തിനോ വിശ്വാസികള്‍ക്കോ അംഗീകരിക്കാനാവാത്ത ചെറിയ പരാമര്‍ശങ്ങള്‍പോലും, അംഗീകരിക്കാന്‍ അവര്‍ തയ്യാറില്ല. 'മതമില്ലാത്ത ജീവന്‍' വിവാദത്തിലും പ്രൊഫ. ടി ജെ ജോസഫിന്റെ ചോദ്യപേപ്പര്‍ വിവാദത്തിലും നാമതു കണ്ടതാണ്. രാഷ്ട്രീയ നേതാക്കളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വസ്തുതകളുടെ അടിസ്ഥാനത്തിലും ഊഹാപോഹങ്ങളുടെ വെളിച്ചത്തിലും നേരും നുണയുമായ വിമര്‍ശനങ്ങള്‍ നടത്തുന്ന ഒരു സമൂഹത്തില്‍ മതനേതാക്കളുടെ നേരെയുള്ള ചെറിയ വിമര്‍ശനങ്ങള്‍പോലും വെച്ചുപൊറുപ്പിക്കുകയില്ല. സമുദായങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ ഭരണഘടന അംഗീകരിക്കുന്നതും നിയമപരവുമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ചെറിയ ഇടപെടല്‍പോലും അനുവദിക്കുകയില്ല. ന്യൂനപക്ഷ താല്‍പര്യങ്ങള്‍ അവിടെ നിയമപരമായി ഉപയോഗിക്കും. അവിടെ ഭരണഘടനയനുസരിച്ചുള്ള സംവരണതത്വംപോലും വിദ്യാര്‍ത്ഥികള്‍ക്ക് നിഷേധിക്കപ്പെടും. സാമുദായികതയുടെ പ്രവര്‍ത്തനരീതികളെ നേരിയതോതിലെങ്കിലും മാറ്റിമറിക്കുന്ന ഒരു പരിഷ്കാര നിര്‍ദ്ദേശവും വിജയിക്കുകയില്ല. സ്കൂള്‍ സമയം 8 മുതല്‍ 1 മണിവരെയാക്കണമെന്ന നിര്‍ദ്ദേശത്തോടുണ്ടായ അതി ശക്തമായ എതിര്‍പ്പ് ഉദാഹരണമാണ്. അതായത് മത സാമുദായികതയുടെ സാമൂഹ്യ അടിത്തറ ജനാധിപത്യവിരുദ്ധമാണ്. ബൂര്‍ഷ്വാ പൌരസമൂഹത്തിന്റെ ജനാധിപത്യാടിത്തറ മറികടക്കുന്നതിനാണ് വിശ്വാസി സമൂഹത്തിന്റെ അടിത്തറ സൃഷ്ടിക്കാന്‍ എല്ലാ മത സമുദായങ്ങളും ശ്രദ്ധിക്കുന്നത്.
ഈ സാഹചര്യങ്ങളിലാണ് രാഷ്ട്രീയത്തിലേക്കുള്ള സാമുദായികതയുടെ കടന്നുവരവിനെ കാണേണ്ടത്. വിഭവങ്ങളുടെയും ആസ്തികളുുടെയുംമേലുള്ള നിയന്ത്രണത്തിനും വിശ്വാസി സമൂഹത്തിന്റെ ശാക്തീകരണത്തിനും സഹായകരമായ ഒരു രാഷ്ട്രീയ സംവിധാനം നിലവില്‍വരണമെന്നത് സാമുദായികതയുടെ ആവശ്യമാണ്. മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും വേണ്ടി ശക്തമായി വാദിച്ചുപോരുന്ന ഇടതുപക്ഷമല്ല, സാമുദായികതയെ സംരക്ഷിക്കുകയും അവരുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനായി സ്വന്തം മതനിരപേക്ഷ ജനാധിപത്യ ആശയങ്ങള്‍പോലും ബലികഴിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് മുന്നണിയാണ് അവര്‍ക്ക് പഥ്യം. അവരെ ശക്തിപ്പെടുത്തുന്നതിനായി സാമുദായിക അടിത്തറകളുള്ള മുസ്ളീംലീഗ്, കേരളാ കോണ്‍ഗ്രസ് മുതലായ രാഷ്ട്രീയപാര്‍ടികളുടെ വളര്‍ച്ചയില്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. അതിനോടൊപ്പം സാധ്യമായ ഇടങ്ങളിലെല്ലാം എസ്ഡിപിഐ, ബിജെപി, ജമാഅത്തെ ഇസ്ളാമി മുതലായ മത രാഷ്ട്രീയ ശക്തികളെയും സമുദായ ശക്തികള്‍ പിന്തുണച്ചു. എല്ലാവരുടെയും ലക്ഷ്യം ഒന്നായിരുന്നു. മതനിരപേക്ഷതയ്ക്കും ജനാധിപത്യ പൌരസമൂഹത്തിനുംവേണ്ടി നിലകൊള്ളുന്നവരെ പരാജയപ്പെടുത്തുക. അതിനുവേണ്ടി നിരവധി കാരണങ്ങളാല്‍ ഇടതുപക്ഷത്തില്‍നിന്ന് അകന്ന എല്ലാ വിഭാഗങ്ങളെയും ഉപയോഗപ്പെടുത്തി വ്യക്തമായ ബൂര്‍ഷ്വാ ജനാധിപത്യ അടവുതന്ത്രങ്ങള്‍ അവര്‍ പയറ്റി. തുടര്‍ച്ചയായ, മിക്കവാറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള അഴിമതി ആരോപണങ്ങള്‍, വ്യക്തിഗതമായ ദു:സൂചനകള്‍, വിഭാഗീയതയെ സംബന്ധിച്ച തുടര്‍ച്ചയായ പഴിചാരലുകള്‍, ഭരണത്തിന്റെ പാളിച്ചകളെക്കുറിച്ചുള്ള തുടര്‍ച്ചയായ ആരോപണങ്ങള്‍ തുടങ്ങിയവ വഴിയായി പൊതുജനങ്ങളുടെ ഇടയില്‍ സംശയത്തിന്റെയും നിരാശയുടെയും പ്രകടമായ ശത്രുതയുടേതുമായ അന്തരീക്ഷം അവര്‍ ജനിപ്പിച്ചു. എസ്എന്‍സി ലാവ്ലിന്‍ മുതല്‍ ലോട്ടറി വിവാദംവരെ നടന്ന തുടര്‍ച്ചയായ പ്രചാരണം ഇതിന്റെ ഭാഗമാണ്. ഈ അന്തരീക്ഷത്തില്‍ ഗവണ്‍മെന്റിന്റെ ഗുണപരമായ പ്രവര്‍ത്തനപരിപാടികള്‍പോലും തമസ്കരിക്കപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങളുടെ ദുരന്തഫലങ്ങളെക്കുറിച്ച് അഖിലേന്ത്യാതലത്തില്‍ നടന്നുവരുന്ന ചര്‍ച്ചകള്‍പോലും കേരളത്തില്‍ മൂടിവെയ്ക്കപ്പെട്ടു. ഈ ദുരന്തഫലങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനംമൂലമാണെന്നു വരുത്തിത്തീര്‍ക്കാനും ആസൂത്രിത ശ്രമങ്ങള്‍ നടന്നു. ബോധപൂര്‍വം ഉയര്‍ത്തപ്പെട്ട അവിശ്വാസത്തിന്റെയും സംശയത്തിന്റെയും കരിനിഴലിന്റെ മറവില്‍, അതിസൂക്ഷ്മതലത്തില്‍ പുതിയ മതവര്‍ഗീയത ശക്തിപ്പെടുകയായിരുന്നു. അതിന്റെ സംരക്ഷകരായി കോണ്‍ഗ്രസ് പ്രത്യക്ഷപ്പെട്ടതോടെ, വിശ്വാസികളുടെ പുതിയ കൂട്ടായ്മകള്‍ക്ക് രാഷ്ട്രീയ പരിവേഷം ലഭിക്കുകയും മതനിരപേക്ഷ ജനാധിപത്യത്തിനുവേണ്ടി നിലകൊണ്ട ഇടതുപക്ഷം പരാജയപ്പെടുകയും ചെയ്തു. മതസമുദായികതയ്ക്ക് വ്യക്തമായ മേല്‍കൈയുള്ള പ്രദേശങ്ങളില്‍ ഇടതുപക്ഷത്തിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.
ഇടതുപക്ഷത്തിന്റെ പരാജയം വിലയിരുത്തപ്പെടുമ്പോള്‍ ആരാണ് ജയിച്ചത് എന്ന് ഒന്നുകൂടി വിലയിരുത്തുന്നത് നന്നായിരിക്കും. പ്രതിപക്ഷവും മാധ്യമങ്ങളും ചേര്‍ന്ന് ഉയര്‍ത്തിയ ആരോപണപരമ്പര ഒരര്‍ഥത്തില്‍ ജനങ്ങളില്‍ നിന്നുയര്‍ന്നുവരേണ്ട സൃഷ്ടിപരമായ വിമര്‍ശനസാധ്യതകളെ തകര്‍ത്തുവെന്നതായിരിക്കും ശരി. ഈ ആരോപണപരമ്പര ആര്‍ക്കുവേണ്ടിയായിരുന്നു? ഇന്ന് ജനാധിപത്യ ശക്തികള്‍ ഉയര്‍ത്തുന്ന നവലിബറല്‍ നയങ്ങള്‍ക്കെതിരാവില്ല. അതിനോടൊപ്പം കോണ്‍ഗ്രസ് നേതൃത്വം പരസ്യമായി അംഗീകരിച്ച വര്‍ഗീയ - തീവ്രവാദ വിപത്തിനെതിരുമല്ല. നവലിബറലിസത്തിനെതിരായ നിലപാടുകളംഗീകരിക്കാന്‍ കോണ്‍ഗ്രസോ യുഡിഎഫോ തയ്യാറാവില്ല. വര്‍ഗീയ-തീവ്രവാദ വിപത്തിനെതിരായി നില്‍ക്കാന്‍ വര്‍ഗീയവാദികളും തയ്യാറാവില്ല. ഇരുകൂട്ടരുടെയും പൊതുശത്രു ഇടതുപക്ഷമാണ്. ഇടതുപക്ഷം എതിര്‍ക്കപ്പെടുന്നത് അവര്‍ ഇതുവരെ നടത്തിപ്പോന്ന മതനിരപേക്ഷ ജനാധിപത്യത്തിന്റെ സംരക്ഷണംമൂലവുമാണ്. മതനിരപേക്ഷ ജനാധിപത്യത്തെ എതിര്‍ക്കുന്ന ശക്തികളാണ് ജയിച്ചത് എന്നര്‍ത്ഥം.
ഈ അവസ്ഥ പുതിയ ധ്രുവീകരണത്തിലേക്കു നയിക്കുമെന്നതില്‍ സംശയമില്ല. സമുദായത്തിന്റെ വളര്‍ന്നുവരുന്ന ആധിപത്യത്തിനെതിരെ മതനിരപേക്ഷമായ പൌരസമൂഹത്തിന്റെ വളര്‍ച്ച ആഗ്രഹിക്കുന്ന എല്ലാ ശക്തികളും ഒന്നിച്ചുനില്‍ക്കാന്‍ തയ്യാറാകുമോ? ഭരണഘടനതന്നെ അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, ജാതിപരമായ വിവേചനത്തിനെതിരായ നിലപാടുകള്‍, ആവിഷ്കാര സ്വാതന്ത്ര്യം തുടങ്ങിയവ ഉറപ്പുവരുത്താന്‍ സഹായിക്കുന്ന പൌരസമൂഹം സമുദായത്തിന്റെ ലക്ഷ്യമല്ല. സമുദായം ലക്ഷ്യമാക്കുന്നത് നവലിബറല്‍ ഘടനയ്ക്കുള്ളില്‍ സ്വ സമുദായത്തിന്റെ നിലനില്‍പാണ്, ഉന്നമനമാണ്. ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ളീങ്ങള്‍ക്കുമെല്ലാം ഇക്കാര്യത്തില്‍ യോജിപ്പുണ്ടാകും. സ്വസമുദായങ്ങളുടെ നിലനില്‍പിനുവേണ്ടിയുള്ള മല്‍പിടുത്തത്തില്‍ എല്ലാ സമുദായങ്ങളിലും പെടുന്നവരും പെടാത്തവരുമായവരും നവലിബറല്‍ വികസന രൂപങ്ങള്‍ തകര്‍ത്തെറിയുന്നവരുമായ തൊഴിലാളികളുടെയും കര്‍ഷകരുടെയും ഭൂരഹിതരുടെയും നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള പാവങ്ങളുടെയും ജീവിതം ഒരു ചോദ്യചിഹ്നമായി അവശേഷിക്കും. അവരുടെ നിലനില്‍പിനുള്ള പോരാട്ടത്തിന് ഒരു മതനിരപേക്ഷ ജനാധിപത്യക്രമം ആവശ്യമായി വരും. അതിനുവേണ്ടി മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ ഏകോപനം അനിവാര്യമാകണം.
വാല്‍ക്കഷ്ണം: യുഡിഎഫിന്റെ വിജയം മതനിരപേക്ഷ ശക്തികളുടെ വിജയമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മതനിരപേക്ഷത എന്നാല്‍ മതസമുദായങ്ങളുടെ ഐക്യമുന്നണിയാണ് എന്നായിരിക്കും അതിന്റെ ഭാഷ്യം. ടി ജെ ജോസഫിന്റെ കൈവെട്ടുകേസിലെ പ്രതി ജയിച്ചത് തെരഞ്ഞെടുപ്പില്‍ മൊത്തമായി പ്രകടിപ്പിക്കപ്പെട്ട മതനിരപേക്ഷതയ്ക്ക് ശക്തമായ തെളിവുമാകും! ഇത്തരത്തിലുള്ള മതനിരപേക്ഷത നീണാള്‍ വാഴട്ടെ എന്നുകൂടി യുഡിഎഫുകാര്‍ ആശംസിക്കുമോ?
ഡോ. കെ എന്‍ ഗണേശ്
കഴിഞ്ഞമാസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളും മുന്നണികളുടെ ചേരുവകളുടെ സ്വഭാവവുമെല്ലാം ചര്‍ച്ചാവിഷയമാണ്. വിലയിരുത്തലുകളുടെ അവസാനരൂപമെന്തായാലും, തെരഞ്ഞെടുപ്പുഫലങ്ങളുടെ സ്വഭാവം വ്യക്തമാക്കുന്ന വസ്തുതയുണ്ട്: ഗവണ്‍മെന്റിനെയും പഞ്ചായത്തുകളെയും സംബന്ധിച്ച ജനങ്ങളുടെ വിലയിരുത്തലുകളെ ഏകോപിപ്പിച്ച ശക്തി സമുദായമാണ്. സാമുദായികശക്തികള്‍ക്ക് കേരളത്തിലെ പൊതു ജീവിതത്തിലുള്ള ആധിപത്യത്തിന് വേറെയധികം തെളിവുകള്‍ ആവശ്യമില്ല.
ReplyDeleteഎക്കാലവും പാര്‍ട്ടിയെ പിന്തുണച്ച ഈഴവരെയും , പറയ പുലയ വര്‍ഗക്കരെയും മറന്നു ന്യൂന പക്ഷങ്ങളുടെ ആസനം താങ്ങാന്‍ നടന്നിട്റെന്തായി എന്ന് ഒന്ന് ചിന്തിക്കുക . എവിടെയെങ്കിലും നേട്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ ഈ ആളുകള്‍ കൂടുതല്‍ ഉള്ളയിടത്ത് തന്നെ
ReplyDelete