കൊച്ചി: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പുതിയ പഠനങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് മന്ത്രി പി കെ ശ്രീമതി. കൊച്ചിയില്‍ നടന്ന 'ഐഎംഎ ഫെസ്റ്റ്-2010' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ദുരന്ത ബാധിത പ്രദേശങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങള്‍ വിശദമായി പഠിച്ച 17 ഓളം പഠനകമ്മിറ്റികളില്‍ എട്ടെണ്ണമെങ്കിലും ഗുരുതര ആരോഗ്യപ്രത്യാഘാതങ്ങള്‍ എന്‍ഡോസള്‍ഫാന്‍ സൃഷ്ടിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സംഘത്തിന്റെ ആധികാരികപഠനത്തിലും എന്‍ഡോസള്‍ഫാന്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വീണ്ടുമൊരു പഠനം നടത്തേണ്ട ആവശ്യമില്ല.
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളായ 11 പഞ്ചായത്തിലെ ജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും പി കെ ശ്രീമതി പറഞ്ഞു. മുഖ്യമന്ത്രി അദ്ധ്യക്ഷനായി 18ന് ചേരുന്ന യോഗം ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കടത്തുന്നത് ഗുരുതര കുറ്റകൃത്യമായി കണ്ട് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരാശുപത്രികളിലെ അടിസ്ഥാനപ്രശ്‌നങ്ങള്‍ മിക്കതും പരിഹരിച്ചിട്ടുണ്ടെന്നും ശ്രീമതി പറഞ്ഞു. പിഎസ്‌സി ലിസ്റ്റിലുള്ള ഡോക്ടര്‍മാരെ കൂടി നിയമിക്കുന്നതോടെ സംസ്ഥാനത്ത് ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത സാഹചര്യമുണ്ടാവില്ല. പഠിച്ചിറങ്ങുന്നവരെ മുഴുവന്‍ സര്‍വ്വീസിലെടുക്കുന്ന നയം സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതിനാല്‍ കേരളത്തില്‍ ബിആര്‍എംഎസ് സംവിധാനം ഏര്‍പ്പെടുത്തേണ്ട കാര്യമില്ല.
സര്‍ക്കാര്‍-സ്വകാര്യ-സഹകരണ മേഖലകളിലെ ഡോക്ടര്‍മാരെ ഏകോപിപ്പിച്ച് സംസ്ഥാനത്ത് രോഗങ്ങള്‍ വരാത്ത സാഹചര്യമൊരുക്കാനാണ് ശ്രമിക്കുന്നത്. കുഷ്ഠവും ക്ഷയവും പോലെയുള്ള മാരകരോഗങ്ങള്‍ക്ക് എല്ലാ ആശുപത്രികളിലും സൗജന്യമായി ചികിത്സിക്കാനുള്ള സംവിധാനം വേണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. പ്രമേഹത്തിനെതിരെയുള്ള പോരാട്ടവും ശക്തമാക്കും. സംസ്ഥാനത്തെ ആശുപത്രികളില്‍ അഡീഷണല്‍ ഓപ്പറേഷന്‍ തിയറ്ററുകള്‍ നിര്‍മ്മിക്കും.
കേരളത്തില്‍ എവിടെ അപകടമുണ്ടായാലും 10 നിമിഷത്തിനുള്ളില്‍ ആശുപത്രികളില്‍ എത്തിക്കുന്ന രീതിയിലുള്ള ആംബുലന്‍സ് സംവിധാനം നടപ്പിലാക്കും. മെഡിക്കല്‍ അക്കാദമിക്ക് മേഖലയിലും പുരോഗതിയുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ ആരോഗ്യസംവിധാനം ദേശസാല്‍ക്കരിക്കണമെന്ന് വിശിഷ്ടാഥിതിയായ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ലക്ഷങ്ങള്‍ മുടക്കാന്‍ കഴിയുന്നവര്‍ മാത്രം അര്‍ഹരാവുന്നത് സമൂഹമന:സാക്ഷിയ്ക്ക് നിരക്കാത്ത കാര്യമാണ്. കഴിവുള്ള നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പഠനം ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഐഎംഎ യുടെ ഡോ മോഹന്‍കുമാര്‍ അവാര്‍ഡ് പി സി ചാക്കോ എം പിയ്ക്ക് ചടങ്ങില്‍ അധ്യക്ഷന്‍ കൂടിയായ ഐഎംഎ മുന്‍ പ്രസിഡന്റ് ഡോ ശ്രീകുമാര്‍ വാസുദേവന്‍ സമ്മാനിച്ചു.
ഐഎംഎയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് ഡോ ജി വിജയകുമാര്‍, പി സി ചാക്കോ എം പി, ഐഎംഎ മിഡ്‌സോണ്‍ ജോയിന്റ് സെക്രട്ടറി ഡോ കെ എ ശ്രീവിലാസന്‍, ഡോ വി പി കുര്യഐപ്പ്, ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ ജി രാജഗോപാലന്‍ നായര്‍, കെജിഎംഒഎ സംസ്ഥാനപ്രസിഡന്റ് ഡോ ജോയ് ജോര്‍ജ്, ഐഎംഎ മുന്‍ ദേശീയപ്രസിഡന്റുമാരായ ഡോ വി സി വേലായുധന്‍പിള്ള, ഡോ പി വി ജോര്‍ജ്, ഡോ എ പി മുഹമ്മദ്, ഡോ എം സി സിറിയക്, ഡോ സച്ചിദാനന്ദകമ്മത്ത് എന്നിവര്‍ സംസാരിച്ചു.
കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് വെളിച്ചത്താവുന്നു
പാലക്കാട്: മാരകമായ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്. കേന്ദ്രത്തിലെ കോണ്‍ഗ്രസ് മന്ത്രിമാര്‍ എന്‍ഡോസള്‍ഫാനു വേണ്ടി വാദിക്കുമ്പോള്‍ അത് തള്ളാനും കൊള്ളാനുമാകാതെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഉരുണ്ടുകളിക്കുന്നു.
കാസര്‍കോട് ജില്ലയിലെ 11 ഗ്രാമങ്ങളില്‍ നിരവധി മരണങ്ങള്‍ക്കും മാരകരോഗങ്ങള്‍ക്കും ഇടയാക്കിയത് എന്‍ഡോസള്‍ഫാന്‍ അല്ലെന്നും അത് നിരോധിക്കാന്‍ കഴിയില്ലെന്നുമുള്ള കേന്ദ്രകൃഷിസഹമന്ത്രി കെ വി തോമസിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാനാകില്ലെന്നും എന്‍ഡോസള്‍ഫാനാണ് ദുരന്തകാരണമെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാനം ഹാജരാക്കിയില്ലെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെ പ്രസ്താവന വന്നത്. ഇതൊന്നും ഗൗനിക്കാതിരുന്ന സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം വി എം സുധീരന്റെ പ്രസ്താവന വന്നതോടെ വെട്ടിലായി. കേന്ദ്രമന്ത്രിമാരുടെ കീടനാശിനിക്കു വേണ്ടിയുള്ള വാദം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു സുധീരന്‍ പ്രഖ്യാപിച്ചതോടെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നും മന്ത്രി തോമസിന്റെ പ്രസ്താവന ഖേദകരമാണെന്നും പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ കേരളത്തിലെ നേതാക്കള്‍ രംഗത്തിറങ്ങി. ഇതിനിടെ കേന്ദ്രകൃഷിമന്ത്രി ശരത്പവാര്‍ കോണ്‍ഗ്രസിന്റെ യഥാര്‍ഥ മുഖം വെളിപ്പെടുത്തിക്കൊണ്ട് ഒരു പഠനസമിതിയെ നിയോഗിച്ചു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ഉറച്ച നിലപാടെടുക്കാന്‍ കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയോ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയോ ഇതുവരെ തയ്യാറായിട്ടില്ല. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ അറിയിക്കുമെന്നുമുള്ള ഒഴുക്കന്‍ മറുപടിയിലൂടെ ഇന്നലെ എറണാകുളത്ത് കേന്ദ്രമന്ത്രി വയലാര്‍രവി മാധ്യമപ്രവര്‍ത്തകരുടെ മുമ്പില്‍ നിന്ന് ഒഴിഞ്ഞുമാറി.
കേന്ദ്രസര്‍ക്കാര്‍ 2003 ല്‍ നിയോഗിച്ച ഒ പി ദുബെ കമ്മിറ്റി റിപ്പോര്‍ട്ട് പുന:പരിശോധിച്ച് എന്‍ഡോസള്‍ഫാനെ കുറ്റവിമുക്തമാക്കിയ കൃഷിശാസ്ത്ര ഗവേഷണ കൗണ്‍സിലിന്റെയും കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെയും അധ്യക്ഷനായ ഡോ. സി ഡി മായിയാണ് പുതിയ സമിതിയുടെ അധ്യക്ഷന്‍. കാസര്‍കോട്ടെ ദുരിത ബാധിതരെ ഒരിക്കല്‍പോലും സന്ദര്‍ശിക്കാതെ ഹോട്ടല്‍മുറിയില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്താണ് ദുബെ പഠനറിപ്പോര്‍ട്ട് ഉണ്ടാക്കിയിരുന്നത്. പരിസ്ഥിതി ശാസ്ത്രജ്ഞരുടെയും പ്രവര്‍ത്തകരുടെയും എതിര്‍പ്പ് ശക്തമായപ്പോള്‍ ഡോ. മായിയെ ദുബെ റിപ്പോര്‍ട്ട് പുന:പരിശോധിക്കാന്‍ നിയോഗിക്കുകയായിരുന്നു. കാസര്‍കോട്‌പോലും കാണാതെയാണ് ഡോ. മായി ദുബെയുടെ റിപ്പോര്‍ട്ട് ശരിയാണെന്നു വിധിയെഴുതിയത്. ഇതേ വ്യക്തിയെ തന്നെ അധ്യക്ഷനാക്കി പുതിയ സമിതിയെ നിയോഗിക്കുന്നതിനെതിരെ ഒരു വാക്കുപോലും പറയാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.
സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതികളുടെ പഠനറിപ്പോര്‍ട്ടുകളില്‍ കാസര്‍കോട്ടെ ദുരന്തം കശുമാവിന്‍ തോട്ടങ്ങളിലെ എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലമാണെന്ന് വ്യക്തമാക്കിയിരുന്നു. ഡോ. അബ്ദുള്‍ സലാം കമ്മിറ്റി, പി കെ ശിവരാമന്‍ കമ്മിറ്റി, ഡോ. ഉദയഭാനു കമ്മിറ്റി, ഡോ. അച്യുതന്‍ കമ്മിറ്റി എന്നിവയുടെ പഠനറിപ്പോര്‍ട്ടുകളിലാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ചുവെന്ന് വ്യക്തമാക്കുന്നത്. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്യുപേഷനല്‍ ഹെല്‍ത്ത് നടത്തിയ പഠനത്തിലും എന്‍ഡോസള്‍ഫാനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു.
അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്യുപേഷനല്‍ ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ കാസര്‍കോട് ജില്ലയിലെ രക്തസാമ്പിളില്‍ എന്‍ഡോസള്‍ഫാന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ദുരന്തം വര്‍ധിച്ചതോതിലുണ്ടായ പദ്രെ ഗ്രാമത്തിലെ സാമ്പിളുകളാണ് പരിശോധിച്ചത്. മരുന്നുതളിച്ച് 10 മാസം കഴിഞ്ഞു നടത്തിയ പരിശോധനയില്‍ ഇവിടുത്തെ ജലത്തിലും എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തി. തോട്ടങ്ങളോട് അടുത്തുകിടക്കുന്ന പ്രദേശങ്ങളിലെ ജനിതകവൈകല്യങ്ങള്‍ക്കു കാരണം എന്‍ഡോസള്‍ഫാനാകാമെന്ന് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ഡോസള്‍ഫാന്റെ ഉപയോഗമല്ലാതെ ഈ പ്രദേശത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് മറ്റുകാരണങ്ങള്‍ കാണുന്നില്ലെന്ന് ഡോ. അച്യുതന്‍കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അഞ്ച് പഠനറിപ്പോര്‍ട്ടുകളോടെയാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടത്. എന്നിട്ടും ശാസ്ത്രീയ പഠനറിപ്പോര്‍ട്ടില്ല എന്ന മുടന്തന്‍ ന്യായമാണ് കേന്ദ്രമന്ത്രി ജയറാം രമേശ് ഉന്നയിച്ചത്. കൃഷിമന്ത്രി ശരത്പവാര്‍ വിദഗ്ധ സമിതിയെ ഉപയോഗിച്ച് തലയൂരാന്‍ ശ്രമിച്ചു. ഈ പ്രഹസനങ്ങള്‍ക്കെതിരെ ഇടതുപക്ഷ എം പിമാര്‍ പാര്‍ലമെന്റിനുമുമ്പില്‍ സമരം നടത്തിയപ്പോഴും കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിമാര്‍ മൗനം പാലിക്കുകയായിരുന്നു. ദേശീയതലത്തില്‍ ഈ വിഷയം ചര്‍ച്ചയായപ്പോള്‍ കേരളത്തിന്റെ പ്രശ്‌നം പഠിക്കാന്‍ 20 ന് സംസ്ഥാനം സന്ദര്‍ശിക്കാന്‍ രമേശ് തയ്യാറായിട്ടുണ്ട്. 23 ന് വിദഗ്ധസമിതിയും സംസ്ഥാനം സന്ദര്‍ശിക്കും. എന്നാല്‍ വ്യക്തമായ ഒരു നിലപാടെടുക്കാനോ നിരോധനം വേണമെന്ന് ഉറപ്പിച്ചുപറയാനോ കഴിയാതെ കുഴങ്ങുകയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം.
(സുരേന്ദ്രന്‍ കുത്തന്നൂര്‍)
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പുതിയ പഠനങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് മന്ത്രി പി കെ ശ്രീമതി. കൊച്ചിയില്‍ നടന്ന 'ഐഎംഎ ഫെസ്റ്റ്-2010' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ReplyDeleteദുരന്ത ബാധിത പ്രദേശങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങള്‍ വിശദമായി പഠിച്ച 17 ഓളം പഠനകമ്മിറ്റികളില്‍ എട്ടെണ്ണമെങ്കിലും ഗുരുതര ആരോഗ്യപ്രത്യാഘാതങ്ങള്‍ എന്‍ഡോസള്‍ഫാന്‍ സൃഷ്ടിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സംഘത്തിന്റെ ആധികാരികപഠനത്തിലും എന്‍ഡോസള്‍ഫാന്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വീണ്ടുമൊരു പഠനം നടത്തേണ്ട ആവശ്യമില്ല.
എന്‍ഡോസള്‍ഫാനെതിരെ ശബ്ദമുയര്‍ത്തിയ വി.എസ്സ്. മുഖ്യമന്ത്രിയായപ്പോള്‍ ഞാന്‍ ആദ്യം പ്രതീക്ഷിച്ചത് സര്‍ക്കാര്‍ അവിടത്തെ ജനങ്ങളെ ഏറ്റെടുക്കുന്നതാണ്… തോമച്ചന്‍ പൊട്ടിച്ച വെടിയിലെങ്കിലും ഇപ്പോള്‍ കേരള സര്‍ക്കാരിന് അങ്ങിനെ പറയുവാന്‍ തോന്നി….
ReplyDeleteഎന്തുകൊണ്ട് നിങ്ങള്‍ക്ക് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു കൂടാ…?
ReplyDeleteകാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ രോഗബാധിതരുടെ എണ്ണം നാലായിരത്തോളം വരുമെന്ന് ആരോഗ്യവകുപ്പ് സര്‍വേ. നിലവില്‍ 2106 രോഗികളാണ് ഔദ്യോഗിക ലിസ്റ്റിലുള്ളത്. യഥാര്‍ഥ രോഗികള്‍ വളരെ കൂടുതലാണെന്ന നിരീക്ഷണത്തെ തുടര്‍ന്ന്്, ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടുദിവസമായി ദുരന്തബാധിത പ്രദേശങ്ങളിലെ വീടുകളിലെത്തിയാണ് സര്‍വേ നടത്തിയത്. ദുരന്തബാധിതപ്രദേശങ്ങളില്‍ കാണുന്ന രോഗങ്ങള്‍ക്ക് സമാനമായ രോഗങ്ങളുള്ള, ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരെ കണ്ടെത്താനാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജോസ് ഡി ഡിക്രൂസിന്റെ നേതൃത്വത്തില്‍ സര്‍വേ നടത്തിയത്. 11പഞ്ചായത്തിലായി ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഒന്നടങ്കം സര്‍വേക്കായി അണിനിരന്നു. തിങ്കളാഴ്ച വൈകിട്ടോടെ മാത്രമേ കണ്ടെത്തിയ രോഗികളുടെ എണ്ണം കൃത്യമായി മനസിലാകൂ. ഏതെങ്കിലും രോഗിയുടെ വീട് വിട്ടുപോയിട്ടുണ്ടെങ്കില്‍ ബന്ധുക്കള്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ തിങ്കളാഴ്ച വിവരം നല്‍കിയാല്‍ അവരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് ഡിഎംഒ പറഞ്ഞു. വിവിധ മെഡിക്കല്‍ ക്യാമ്പുകളില്‍ കണ്ടെത്തിയ രോഗികളെയാണ് നിലവിലുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നാലു വര്‍ഷം മുമ്പ് തയ്യാറാക്കിയ ലിസ്റ്റില്‍നിന്ന് മരിച്ചവരുടെ പേര് നീക്കിയിട്ടില്ല.
ReplyDeleteആനവിലാസത്തെ 2 തോട്ടങ്ങളിലായി അടിക്കാന്‍ എത്തിച്ച ആയിരത്തോളം ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ തൊഴിലാളികള്‍ തടഞ്ഞതിനെ തുടര്‍ന്ന് ഉടമകള്‍ പിന്‍വലിച്ചു. സ്ഥിരം തൊളിലാളികളും തൊഴിലാളി യൂണിയനുകളുമുള്ള തോട്ടത്തിലാണ് എന്‍ഡോസള്‍ഫാനെതിരെ സജീവനിര ശക്തമാകുന്നത്.
ReplyDeleteഇടുക്കിയില്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള മാരക വിഷങ്ങളുപയോഗിക്കുന്ന തോട്ടങ്ങളില്‍ തൊഴിലാളികളുടെ സുരക്ഷിതത്വത്തിനായുള്ള ഒരു സാഹചര്യവും തോട്ടം ഉടമകള്‍ നല്‍കുന്നില്ല. സ്വന്തം ജീവന്‍പോലും തോട്ടം ഉടമകളുടെ കൊള്ള ലാഭത്തിനുവേണ്ടി ഹോമിക്കപ്പെടുന്ന തൊഴിലാളികള്‍ക്ക് ചികിത്സാ സൌകര്യം പോലും നല്‍കുന്നില്ലന്നുമുള്ള ആക്ഷേപങ്ങള്‍ ശക്തമാണ്.
എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ കേന്ദ്ര കൃഷിസഹമന്ത്രി കെ വി തോമസിനിപ്പോള്‍ ഖേദം. എന്‍ഡോസള്‍ഫാനെപ്പറ്റി കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട് വിശദീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് കെ വി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. അന്താരാഷ്ട്രസമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണ് വ്യക്തമാക്കിയത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുണ്ടായ വേദനയില്‍ തനിക്ക് ഖേദമുണ്ട്. പ്രശ്നത്തിന്റെ വസ്തുതകള്‍ പ്രധാനമന്ത്രിയെയും കോണ്‍ഗ്രസ് അധ്യക്ഷയെയും അറിയിച്ചിട്ടുണ്ട്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയും ജനിതകവൈകല്യമുള്ളവരെയും പുനരധിവസിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പ്രധാനമന്ത്രിയെ നേരില്‍ക്കണ്ടോയെന്ന ചോദ്യത്തിന് കെ വി തോമസ് മറുപടി നല്‍കിയില്ല.
ReplyDeleteരാജ്യവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് പ്രായോഗികതടസ്സങ്ങളുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രി ജയ്റാം രമേഷ്. കൃഷിമന്ത്രാലയം അടക്കമുള്ളവരുമായി ഇക്കാര്യം വിശദമായി ചര്‍ച്ചചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഒരു മാനുഷികപ്രശ്നമാണ്. അതിനെ കേരളത്തില്‍ രാഷ്ട്രീയവിഷയമാക്കേണ്ടതില്ല. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അവസ്ഥ തനിക്ക് ബോധ്യമുണ്ട്. കേരളത്തില്‍ ആറുവര്‍ഷം മുമ്പ് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതാണ്. അതിനുശേഷം ഏതെല്ലാം മേഖലകളില്‍ എത്രത്തോളം ഉപയോഗിച്ചിട്ടുണ്ടെന്ന് പഠിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ReplyDelete