Friday, November 19, 2010

തമ്മിലടി: കോണ്‍ഗ്രസിലും യുഡിഎഫിലും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിയ മേല്‍ക്കൈ നേടി എന്നത് വസ്തുതയാണ്. വര്‍ഗീയശക്തികളുടെയും മതമൌലികവാദി/ഭീകര സംഘടനകളുടെയും പിന്തുണയോടെയാണ് അത് നേടിയത് എന്നതും അതുപോലെ തന്നെ യാഥാര്‍ത്ഥ്യമാണ്. എല്‍ഡിഎഫിന്റെയും നിഷ്പക്ഷരായ രാഷ്ട്രീയ നിരീക്ഷകരുടെയും ഈ വിമര്‍ശനത്തെ അക്ഷരംപ്രതി ശരിവെയ്ക്കുന്നതായിരുന്നു അദ്ധ്യക്ഷ - ഉപാദ്ധ്യക്ഷ സ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പ്. യുഡിഎഫിലെ ഘടകകക്ഷികള്‍ക്കിടയിലും കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകള്‍ക്കിടയിലും വലിയ അനൈക്യത്തിനും പൊട്ടിത്തെറിക്കും സ്ഥാനം പങ്കിടല്‍ കാരണമായി എന്നതും തികഞ്ഞ യാഥാര്‍ത്ഥ്യമാണ്. കത്തിക്കുത്തിലേക്കും തെരുവില്‍ ചേരിതിരിഞ്ഞ് തല്ലുന്നതിലേക്കും സ്വന്തം പാര്‍ടി ഓഫീസുകള്‍ അടിച്ചു നശിപ്പിക്കുന്നതിലേക്കും അത് നയിച്ചു.

        ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥലങ്ങളിലാണ് 'മഹാസഖ്യ'ത്തിന്റെ വിശ്വരൂപം പ്രകടമായത്. പൊതുതെരഞ്ഞെടുപ്പില്‍ പയറ്റിയ തന്ത്രത്തിന്റെ തനിയാവര്‍ത്തനം തന്നെ ഇവിടെയും അരങ്ങേറി. വോട്ടു ചെയ്ത് വിജയം ഉറപ്പിക്കേണ്ട സ്ഥലങ്ങളില്‍ അങ്ങനെ ചെയ്തും വിട്ടുനിന്ന് സഹായിക്കേണ്ടിടങ്ങളില്‍ അങ്ങനെ ചെയ്തും യുഡിഎഫിനോടുള്ള അകമഴിഞ്ഞ കൂറ് ബിജെപി പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പിനുശേഷം മുഖം രക്ഷിക്കാന്‍ ചില ബിജെപി അംഗങ്ങളെ പുറത്താക്കിയതായി ആ പാര്‍ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ പ്രസ്താവിക്കുകയുണ്ടായി. അതൊക്കെ ആള്‍ക്കാരെ പറ്റിക്കാനുള്ള വേലയാണെന്ന് ആര്‍ക്കാണ് അറിയാത്തത്?

        യുഡിഎഫ് സഖ്യത്തിലൂടെ ചില സ്ഥലങ്ങളില്‍ ഉപാദ്ധ്യക്ഷ സ്ഥാനങ്ങള്‍ നേടിയെടുക്കാന്‍ ബിജെപിക്കു കഴിഞ്ഞു. ബിജെപിയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അധികാരം നേടാന്‍ നേരം ആ പ്രഖ്യാപനമൊക്കെ കോണ്‍ഗ്രസുകാര്‍ പുഴയിലെറിഞ്ഞ് ബിജെപിയെ കെട്ടിപ്പുണര്‍ന്നു. ചെന്നിത്തലയാകട്ടെ അച്ചടക്ക നടപടിയെടുക്കുക പോയിട്ട് സഖ്യത്തിനെതിരെ ഒരക്ഷരം ഉരിയാടാന്‍പോലും തയ്യാറായതുമില്ല.

        ബിജെപിയുമായി പരസ്യ സഖ്യം അരങ്ങേറിയ സ്ഥലങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍ ഇവയാണ്. തിരുവനന്തപുരം മാണിക്കല്‍ ഗ്രാമപഞ്ചായത്ത്, പത്തനംതിട്ട ജില്ല - തോട്ടപ്പുഴശേരി, മൈലപ്ര, കുറ്റൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍. കോട്ടയം ജില്ല - കങ്ങഴ ഗ്രാമപഞ്ചായത്ത്.

        തൃശ്ശൂര്‍ - വല്ലച്ചിറ, തെക്കുംകര. തെക്കുംകരയില്‍ ലീഗ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച കോണ്‍ഗ്രസ് വിമതനെയാണ് ബിജെപി പിന്തുണയോടെ കോണ്‍ഗ്രസുകാര്‍ പ്രസിഡന്റാക്കിയത്. അതില്‍ പ്രതിഷേധിച്ച് ലീഗുകാര്‍ സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിച്ചു. മുന്നണിബന്ധം ശിഥിലമായാലും ബിജെപിയുടെ പിന്തുണ കിട്ടിയ ആഹ്ളാദത്തിലാണ് കോണ്‍ഗ്രസുകാര്‍.

        പാലക്കാട് ജില്ല - കണ്ണാടി, പുതുശ്ശേരി ഗ്രാമപഞ്ചായത്തുകള്‍. കണ്ണാടിയില്‍ ബിജെപി അംഗത്തിന്റെ പിന്തുണയോടെ കോണ്‍ഗ്രസുകാരന്‍ പ്രസിഡന്റായി. പുതുശ്ശേരിയില്‍ സിപിഐ എമ്മില്‍നിന്ന് പുറത്തായ ആളാണ് വൈസ് പ്രസിഡന്റ്. പുതുശ്ശേരിയില്‍ രണ്ട് ബിജെപി അംഗങ്ങളും രണ്ട് ബിജെപി സ്വതന്ത്രരും യുഡിഎഫിന് വോട്ടു ചെയ്തു.

        വയനാട് ജില്ല - നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്. ഇവിടെ വീരേന്ദ്രകുമാര്‍ ജനതാദളിന്റെ സ്ഥാനാര്‍ത്ഥി ബിജെപി വോട്ടു നേടിയാണ് പ്രസിഡന്റായത്. ബിജെപിയുടെ വൈസ് പ്രസിഡന്റിനെ പകരം യുഡിഎഫുകാര്‍ വിജയിപ്പിച്ചു.

        കോഴിക്കോട് ജില്ല - മുക്കം ഗ്രാമപഞ്ചായത്ത്. ഇവിടെ യുഡിഎഫ് - ബിജെപി സഖ്യം ഭരണത്തിലേറി. കാസര്‍ഗോഡ് ജില്ല - പുല്ലൂര്‍ - പെരിയ ഗ്രാമപഞ്ചായത്ത്. ഇവിടെ ബിജെപിയുടെ ഏക അംഗം യുഡിഎഫിന് വോട്ടു ചെയ്തു. പ്രത്യുപകാരമായി മഞ്ചേശ്വരത്ത് വൈസ് പ്രസിഡന്റു സ്ഥാനം ബിജെപിക്ക് നല്‍കി.

        ഷൊര്‍ണ്ണൂര്‍ നഗരസഭയില്‍ എസ്ഡിപിഐയുടെയും യുഡിഎഫിന്റെയും പിന്തുണയോടെയാണ് ജെവിഎസ് നേതാവ് ചെയര്‍മാനായത്.കോണ്‍ഗ്രസ് നേതാവ് വൈസ് ചെയര്‍മാനുമായി.

        മലപ്പുറത്തെ വെട്ടത്തൂരില്‍ ജമാഅത്തെ ഇസ്ളാമിയുടെ പിന്തുണയോടെയാണ് യുഡിഎഫുകാരന്‍ വൈസ് പ്രസിഡന്റായത്. പ്രസിഡന്റു സ്ഥാനത്തേക്കും ജമാഅത്തെ ഇസ്ളാമിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച 'വികസന മുന്നണി'യുടെ അംഗം യുഡിഎഫിന് വോട്ടു ചെയ്തു. എന്നിട്ടും സമനില ആയതിനാല്‍ നറുക്കെടുപ്പിലൂടെ എല്‍ഡിഎഫിനാണ് ഈ പഞ്ചായത്തിന്റെ ഭരണം ലഭിച്ചത്. വികസനമുന്നണി, അരാഷ്ട്രീയ മുന്നണി എന്നൊക്കെ പേരിട്ട് ആള്‍ക്കാരെ കുപ്പിയിലിറക്കാനിറങ്ങിയ ജമാഅത്തുകാരുടെ തനിനിറം ഒരിക്കല്‍ കൂടി വെളിപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ തീവ്രവാദ സംഘടനയായ ഡിഎച്ച്ആര്‍എമ്മിന്റെ പിന്തുണയോടെയാണ് യുഡിഎഫ് അധികാരത്തിലേറിയത്.

        അധികാരം നേടാനായി കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും എന്നതിന്റെ ഒന്നാം നമ്പര്‍ തെളിവുകളാണ് ഇവയെല്ലാം. മൌലികവാദിയായാലും തീവ്രവാദിയായാലും ഭീകരപ്രവര്‍ത്തകരായാലും ആരുടെ സഹായം തേടാനും പ്രത്യുപകാരം ചെയ്യാനും ഒരുളുപ്പും ഇല്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തെളിയിക്കുന്നത്. ബിജെപി പോലും ഒരു പുറത്താക്കല്‍ നാടകം കൊണ്ടാടി. കോണ്‍ഗ്രസുകാരെ സംബന്ധിച്ചിടത്തോളം അതുപോലുമില്ല.

        ഭാരവാഹിത്വം പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള കോണ്‍ഗ്രസിനുള്ളിലെയും മുന്നണിക്കുള്ളിലെയും തര്‍ക്കം പരസ്യമായ തമ്മില്‍തല്ലിലേക്കും കത്തിക്കുത്തിലേക്കും വരെ എത്തിയിരിക്കയാണ്. ആലപ്പുഴ ഡിസിസി ഓഫീസില്‍ നടന്ന കലാപത്തില്‍ എ ഗ്രൂപ്പ് നേതാവ് ബിനുജേക്കബിനെ എതിര്‍ ഗ്രൂപ്പുകാര്‍ കുത്തിപരിക്കേല്‍പ്പിച്ചു. കോണ്‍ഗ്രസുകാര്‍ തന്നെ അവരുടെ ജില്ലാ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. കൂട്ടത്തല്ലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരും ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.

        കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിനുള്ളില്‍ വലിയ അട്ടിമറി നടന്നത്. പത്തുവര്‍ഷമായി കൌണ്‍സിലറും കെപിസിസി ജനറല്‍ സെക്രട്ടറിയുമാണ് എന്‍ വേണുഗോപാല്‍. തെരഞ്ഞെടുക്കപ്പെട്ട കൌണ്‍സിലര്‍മാരില്‍ സീനിയറും അദ്ദേഹമാണ്. ആ നിലയ്ക്ക് അദ്ദേഹം മേയറാകുമെന്നാണ് പരക്കെ കരുതപ്പെട്ടിരുന്നത്. എന്നാല്‍ താരതമ്യേന ജൂനിയറായ ടോണി ചമ്മിണിയാണ് മേയറായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഭാരവാഹികളെ നിശ്ചയിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നത് സമുദായശക്തികളാണെന്നാണ് വേണുഗോപാല്‍ ആരോപിച്ചത്. കോണ്‍ഗ്രസിലെ പടല പിണക്കങ്ങള്‍ക്കിടയിലാണെങ്കിലും വേണുഗോപാല്‍ ഉന്നയിച്ച പ്രശ്നം ഗൌരവതരമാണ്. സമുദായശക്തികള്‍ രാഷ്ട്രീയത്തില്‍ ഇടപെടുകയും ഏതൊക്കെ സ്ഥാനമാനങ്ങള്‍ ആരൊക്കെ വഹിക്കണമെന്ന് തീരുമാനിക്കുകയും ചെയ്യുന്ന ദുരന്തത്തിലാണ് യുഡിഎഫ് രാഷ്ട്രീയം എത്തപ്പെട്ടിരിക്കുന്നത്. സമുദായശക്തികളുടെ ഈ ഇടപെടല്‍ പൊതുസമൂഹത്തെ എത്രമാത്രം മലീമസമാക്കുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ. അടി ഒന്നുമായില്ല, വടിവെട്ടാന്‍ പോയിരിക്കുന്നതേയുള്ളൂ എന്നര്‍ത്ഥം.

        കേരള കോണ്‍ഗ്രസിന് ശക്തിയുള്ള ജില്ലകളാണ് ഇടുക്കിയും കോട്ടയവും. കോട്ടയം ജില്ലാ പഞ്ചായത്തിലെയും നഗരസഭയിലെയും അധ്യക്ഷ സ്ഥാനങ്ങളെ ചൊല്ലി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ അതിരൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് ഉടലെടുത്തത്. അതിന്റെ പ്രത്യാഘാതങ്ങള്‍ പല സ്ഥലങ്ങളില്‍ അരങ്ങേറി. കെ എം മാണിയുടെ തട്ടകമായ പാലായിലെ മേലുകാവ്, രാമപുരം എന്നീ ഗ്രാമപഞ്ചായത്തുകളില്‍ കേരള കോണ്‍ഗ്രസ് ഒരു കാരണവശാലും ഭരണത്തില്‍ വരരുതെന്ന വാശിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തിച്ചത്. രാമപുരം ഗ്രാമപഞ്ചായത്തില്‍ രണ്ടു സ്വതന്ത്രന്മാരുടെ പിന്തുണയോടെ കോണ്‍ഗ്രസ് ഭരണത്തിലേറി. കേരള കോണ്‍ഗ്രസിന് എട്ട് അംഗങ്ങളുണ്ടെങ്കിലും അവരെ ഭരണത്തിന്റെ ഏഴയല്‍വക്കത്തേക്കുപോലും കോണ്‍ഗ്രസുകാര്‍ അടുപ്പിച്ചില്ല.

        മേലുകാവു പഞ്ചായത്തില്‍ ആകെ 13 വാര്‍ഡുകളാണുള്ളത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് 6ഉം കോണ്‍ഗ്രസിന് 4ഉം അംഗങ്ങളാണുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച സിപിഐ എം സ്വതന്ത്രയ്ക്കാണ് ഇവിടെ കോണ്‍ഗ്രസുകാര്‍ വോട്ടു ചെയ്തത്. അതോടെ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി അട്ടിമറിക്കപ്പെട്ടു.

        പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലും ണ്‍േഗ്രസ് - കേരള കോണ്‍ഗ്രസ് വിഭാഗത്തിന്റെ പോരിനെ തുടര്‍ന്ന് യുഡിഎഫ് സംവിധാനം തകര്‍ക്കുകയുണ്ടായി. പ്രശ്നം പരിഹരിക്കുന്നതിനുപകരം രൂക്ഷമാക്കാനാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ശ്രമിച്ചതെന്ന് കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടി വി എബ്രഹാം വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു.

        മദ്ധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസുമായാണ് തര്‍ക്കമെങ്കില്‍ മുസ്ളീംലീഗിന് സ്വാധീനമുള്ള ജില്ലകളില്‍ ലീഗും കോണ്‍ഗ്രസുമായുള്ള അധികാര വടംവലി തെരുവിലെ തമ്മിലടിയായി വളര്‍ന്നു. കണ്ണൂര്‍ നഗരസഭയില്‍ മുസ്ളീംലീഗാണ് വലിയ കക്ഷി. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് പിടിച്ചു വാങ്ങുന്ന കാഴ്ചയാണ് അവിടെ കണ്ടത്. കെ സുധാകരന്‍ എംപിയുടെ നോമിനിയെ ഏകപക്ഷീയമായി അടിച്ചേല്‍പിക്കുകയും ചെയ്തു. അതിന് സമ്മതം നല്‍കിയ മുസ്ളീംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ മൌലവിയുടെ വീടും കാറും എറിഞ്ഞു തകര്‍ത്തുകൊണ്ടാണ് യൂത്തു ലീഗുകാര്‍ പ്രതികരിച്ചത്.

        വലപ്പാടു ഗ്രാമപഞ്ചായത്തിന്റെ ഭരണം നഷ്ടപ്പെട്ടതിന്റെ പേരില്‍ യൂത്തു കോണ്‍ഗ്രസുകാര്‍ കോണ്‍ഗ്രസിന്റെ വലപ്പാട് മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു. എ കെ ആന്റണിയുടെ ചിത്രം അവര്‍ വലിച്ചുകീറി.

        യുഡിഎഫില്‍ രണ്ടാം സ്ഥാനത്തിനായി മല്‍സരിക്കുന്ന മുസ്ളീംലീഗും കേരള കോണ്‍ഗ്രസും രണ്ടു ഭാഗത്തുനിന്ന് കോണ്‍ഗ്രസുമായി കലഹത്തിലേര്‍പ്പെട്ടിരിക്കുന്നു. പല ജില്ലകളിലും അമര്‍ഷം ഉള്ളില്‍ പുകയുകയാണ്.

        ഇങ്ങനെ എവിടെ തിരഞ്ഞു നോക്കിയാലും അവിടെയെല്ലാം തമ്മിലടിയാലും സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള കലഹങ്ങളാലും മുഖരിതമാണ് യുഡിഎഫ്. അധികാരം പങ്കിടുന്നതില്‍പോലും ഇത്രമാത്രംതമ്മിലടിയും ഒടുങ്ങാത്ത കുടിപ്പകയുമുള്ള അവര്‍ക്ക് ഭരിക്കാന്‍ എവിടെയാണ് സമയം കിട്ടുക എന്നോര്‍ത്ത് അന്തംവിടുകയാണ് സാധാരണക്കാര്‍. വര്‍ഗീയ - തീവ്രവാദ സംഘടനകളുമായുണ്ടാക്കിയ സഖ്യം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വേറെയും.

ഗിരീഷ് ചേനപ്പാടി ചിന്ത വാരിക 191110

2 comments:

  1. എവിടെ തിരഞ്ഞു നോക്കിയാലും അവിടെയെല്ലാം തമ്മിലടിയാലും സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള കലഹങ്ങളാലും മുഖരിതമാണ് യുഡിഎഫ്. അധികാരം പങ്കിടുന്നതില്‍പോലും ഇത്രമാത്രംതമ്മിലടിയും ഒടുങ്ങാത്ത കുടിപ്പകയുമുള്ള അവര്‍ക്ക് ഭരിക്കാന്‍ എവിടെയാണ് സമയം കിട്ടുക എന്നോര്‍ത്ത് അന്തംവിടുകയാണ് സാധാരണക്കാര്‍. വര്‍ഗീയ - തീവ്രവാദ സംഘടനകളുമായുണ്ടാക്കിയ സഖ്യം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വേറെയും.

    ReplyDelete
  2. "തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിയ മേല്‍ക്കൈ നേടി എന്നത് വസ്തുതയാണ്. "

    കണക്കു പ്രകാരം നമ്മളല്ലേ മുന്നില്‍?
    എന്നാലും തലപ്പത്തുള്ള തല്ലോളം പോരുമോ ഇത്?

    ReplyDelete