Thursday, November 18, 2010

ഭൂമി ലഭിച്ചത് യെദ്യൂരപ്പയുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ കുടുക്കിയത് മക്കള്‍ പ്രേമം. സംസ്ഥാനത്തെ രണ്ടു പ്രധാന വ്യവസായമേഖലയില്‍ രണ്ടു മക്കള്‍ക്കും മരുമകനും ബന്ധുക്കള്‍ക്കും നിയമവിരുദ്ധമായി ഭൂമി പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയെന്നാണ് ആരോപണം. സംസ്ഥാനത്ത് ഇതിനകം നടന്ന നൂറുകണക്കിന് കോടിരൂപയുടെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ടും യെദ്യൂരപ്പയ്ക്കെതിരെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. യെദ്യൂരപ്പയുടെ മക്കളായ ബി വൈ രാഘവേന്ദ്ര എംപി, ബി വൈ വിജയേന്ദ്ര എന്നിവരടക്കം ആറുപേര്‍ ചേര്‍ന്ന് തുടങ്ങിയ കമ്പനിക്ക് അഞ്ചര ഏക്കര്‍ ഭൂമി പതിച്ചുനല്‍കിയെന്നാണ് പ്രധാന ആരോപണം. 37 കോടി വിലവരുന്ന സ്ഥലം നാലരക്കോടിക്കാണ് പതിച്ചു നല്‍കിയത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട വ്യവസായമേഖലയായ പീനിയയില്‍ ഇവര്‍ക്ക് സ്ഥലം പതിച്ചുനല്‍കുകയായിരുന്നു.

2007 മെയ് 18നാണ് പീനിയ വ്യവസായമേഖല ആസ്ഥാനമായി ഫ്ളൂയിഡ് പവര്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ രാഘവേന്ദ്രയും വിജയേന്ദ്രയുമടക്കം ആറുപേര്‍ ചേര്‍ന്ന് കമ്പനി തുടങ്ങിയത്. ജൂ രണ്ടിനു കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോര്‍ഡ് ബംഗളൂരു ജിഗ്നി ഫസ്റ്റ് സ്റ്റേജിലും തര്‍ക്കത്തിലുണ്ടായിരുന്ന 96 സെന്റ് സ്ഥലവും പതിച്ചുനല്‍കി. അനധികൃതമായ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദുചെയ്താണ് രണ്ടു മക്കള്‍ക്കും ഭൂമി ലഭ്യമാക്കാന്‍ യെദ്യൂരപ്പ ഇടപെട്ടത്. ഇതിനുപുറമെ 2009 ജൂലൈ 18നു ബംഗളൂരു നോര്‍ത്ത് താലൂക്കിലെ നാഗഷെട്ടിഹള്ളിയില്‍ മകന്‍ രാഘവേന്ദ്രയ്ക്ക് ഭൂമി നല്‍കി. ആനേക്കല്ലിനടുത്തെ ജിഗ്നി ഫസ്റ്റ് സ്റ്റേജില്‍ ബോളിവുഡ് താരം ഫിറോസ്ഖാനും പതിച്ചുനല്‍കിയ ഒന്നരയേക്കര്‍ ഭൂമി തിരിച്ചെടുത്ത് മക്കള്‍ക്ക് മറിച്ചുനല്‍കിയതായും ആരോപണമുണ്ട്.

രണ്ടുവര്‍ഷത്തെ ഭരണത്തിനിടെ യെദ്യൂരപ്പ 5000 കോടി രൂപയുടെ ഭൂമി കുംഭകോണം നടത്തിയെന്ന് ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് എച്ച് ഡി കുമാരസ്വാമി എംപി ആരോപിച്ചു. സംസ്ഥാനത്തെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ മംഗളൂരുവില്‍ പ്രതികരിച്ചു. യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, കെപിസിസി പ്രസിഡന്റ് ഡോ. ജി പരമേശ്വര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ എസ് ഈശ്വരപ്പയ്ക്കെതിരെയും സമാന ആരോപണമുയര്‍ന്നു. ബംഗളൂരു, ഷിമോഗ, ബെല്ലാരി എന്നിവിടങ്ങളില്‍ ഈശ്വരപ്പയുടെ മകന്‍ കെ ഇ കാന്തേഷിന് കോടികള്‍ വിലവരുന്ന നാലേക്കര്‍ ഭൂമി പതിച്ചുനല്‍കിയെന്നാണ് ആരോപണം. നാഗര്‍ഭാവിയില്‍ ഡീനോട്ടിഫൈ ചെയ്ത ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചത് ചട്ടങ്ങള്‍ പാലിച്ചാണോയെന്ന് വ്യക്തമാക്കാന്‍ കര്‍ണാടക ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഭൂമി കുംഭകോണത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നേരിടാന്‍ യെദ്യൂരപ്പ തയ്യാറാകണമെന്നും നേതൃമാറ്റം വേണമെന്നും തദ്ദേശമന്ത്രി ജഗദീഷ് ഷെട്ടാര്‍ ആവശ്യപ്പെട്ടു.

ദേശാഭിമാനി 181110

2 comments:

  1. കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ കുടുക്കിയത് മക്കള്‍ പ്രേമം. സംസ്ഥാനത്തെ രണ്ടു പ്രധാന വ്യവസായമേഖലയില്‍ രണ്ടു മക്കള്‍ക്കും മരുമകനും ബന്ധുക്കള്‍ക്കും നിയമവിരുദ്ധമായി ഭൂമി പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയെന്നാണ് ആരോപണം. സംസ്ഥാനത്ത് ഇതിനകം നടന്ന നൂറുകണക്കിന് കോടിരൂപയുടെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ടും യെദ്യൂരപ്പയ്ക്കെതിരെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. യെദ്യൂരപ്പയുടെ മക്കളായ ബി വൈ രാഘവേന്ദ്ര എംപി, ബി വൈ വിജയേന്ദ്ര എന്നിവരടക്കം ആറുപേര്‍ ചേര്‍ന്ന് തുടങ്ങിയ കമ്പനിക്ക് അഞ്ചര ഏക്കര്‍ ഭൂമി പതിച്ചുനല്‍കിയെന്നാണ് പ്രധാന ആരോപണം. 37 കോടി വിലവരുന്ന സ്ഥലം നാലരക്കോടിക്കാണ് പതിച്ചു നല്‍കിയത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട വ്യവസായമേഖലയായ പീനിയയില്‍ ഇവര്‍ക്ക് സ്ഥലം പതിച്ചുനല്‍കുകയായിരുന്നു.

    ReplyDelete
  2. മക്കള്‍ പ്രേമം ഇല്ലാത്തതാക്കാ മാഷെ? നമ്മുടെ കൊടിയേരി,ശ്രീമതി,പിണറായി സഖാക്കളുടെ മക്കള്‍ പ്രേമത്തെകുറിച്ച് ഇവിടെ എത്ര ലേഖനമെഴുതി? അല്ലാ ഇവിടെ യജമാന ഭക്തിയല്ലേ!

    ReplyDelete