സ്പെക്ട്രം ഇടപാടില്‍ ജെ പി സി അന്വേഷണത്തിന് തയ്യാറല്ലെന്ന് കോണ്‍ഗ്രസ് വ്യക്തമായ സൂചനകള്‍ നല്‍കിയതോടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനു നേരെ സംശയത്തിന്റെ മുനകള്‍ നീളുന്നു. പ്രധാനമന്ത്രിയുടെയും ധന, നിയമ മന്ത്രാലയങ്ങളുടെയും നിര്‍ദേശങ്ങള്‍ മറികടന്നാണ് എ രാജ സ്‌പെക്ട്രം ഇടപാടില്‍ പ്രവര്‍ത്തിച്ചതെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെയാണെങ്കില്‍ ജെ പി സി അന്വേഷണത്തില്‍ രാജയുടെ കള്ളക്കളികള്‍ മാത്രമാണ് പുറത്തുവരിക എന്നിരിക്കെ, കോണ്‍ഗ്രസ് ജെ പി സി അന്വേഷണത്തോട് പുറംതിരിഞ്ഞുനില്‍ക്കുന്നതാണ് പ്രധാനമന്ത്രിയെ സംശയത്തിന്റെ പുകമറയ്ക്കുള്ളിലാക്കുന്നത്. പ്രധാനമന്ത്രിയുടെ അറിവോടെയാണ് സ്‌പെക്ട്രം ഇടപാട് നടത്തിയതെന്നാണ് രാജ നിരന്തരമായി പറഞ്ഞുകൊണ്ടിരുന്നത്.
ജെ പി സി അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ തുടര്‍ച്ചയായ ആറാം ദിനവും ഇന്നലെ പാര്‍ലമെന്റ് നടപടികള്‍ സ്തംഭിച്ചു. സഭ ചേര്‍ന്നയുടനെ ജെ പി സി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. ബഹളം തുടര്‍ന്നതിനാല്‍ ആദ്യം പന്ത്രണ്ടു മണിവരെയും പിന്നീട് തിങ്കളാഴ്ചത്തേയ്ക്കും നടപടികള്‍ നിര്‍ത്തിവച്ചു. പ്രതിപക്ഷം സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അന്വേഷണത്തിനു വഴങ്ങുന്നതായി കഴിഞ്ഞ ദിവസം സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുകയും ചെയ്തു. എന്നാല്‍ കടുത്ത അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. തിങ്കളാഴ്ച സഭ വീണ്ടും ചേരാനിരിക്കെ നാളെ വീണ്ടും കോര്‍ കമ്മിറ്റി യോഗം ചേരുന്നുണ്ട്.
അതിനിടെ സുപ്രിം കോടതിയില്‍നിന്നുണ്ടായ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ ചില നീക്കങ്ങള്‍ക്കും കോണ്‍ഗ്രസില്‍ അനക്കം വച്ചിട്ടുണ്ട്. രാജയുടെ രാജിയിലും അഴിമതി വിരുദ്ധ പ്രതിച്ഛായ വീണ്ടെടുക്കാനാവാത്ത സാഹചര്യത്തില്‍ ഭരണനേതൃമാറ്റത്തിലൂടെകാര്യങ്ങള്‍ നേരെയാക്കുക എന്ന ആലോചനയാണ് ഇവര്‍ക്കിടയില്‍ നടക്കുന്നത്. ജെ പി സി അന്വേഷണത്തില്‍ തീരുമാനം വൈകിപ്പിച്ച് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവയ്ക്കാമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. സ്‌പെക്ട്രം ഇടപാടില്‍ സോണിയാഗാന്ധി പാലിക്കുന്ന മൗനവും ഇവര്‍ക്കു പ്രോത്സാഹനം നല്‍കുന്നുണ്ട്. സ്‌പെക്ട്രം പ്രശ്‌നത്തില്‍ പ്രധാനമന്ത്രിക്കു പിന്തുണയുമായി രാഹുല്‍ ഗാന്ധിയും മന്ത്രി കപില്‍ സിബലും രംഗത്തുവന്നത് പാര്‍ട്ടിയില്‍ ഇത്തരം ചര്‍ച്ചകള്‍ സജീവമാവുന്ന സാഹചര്യത്തിലാണെന്നാണ് സൂചന. ഇപ്പോഴത്തെ സ്ഥാനത്തില്‍ തൃപ്തനാണെന്ന് പ്രധാനമന്ത്രിയാവുമോയെന്ന പത്രലേഖകരുടെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു.
അതേസമയം ഡി എം കെയുടെ സമ്മര്‍ദങ്ങള്‍ക്കു മുന്നില്‍ പ്രധാനമന്ത്രി വഴങ്ങുകയാണെന്നു വിവിധ കേന്ദ്രങ്ങളില്‍നിന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സ്‌പെക്ട്രം വില നിശ്ചയിക്കുന്നതില്‍ ഡി എം കെയുടെ സമ്മര്‍ദങ്ങള്‍ക്ക് പ്രധാനമന്ത്രി വഴങ്ങിയെന്നും മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയിലാണ് അഴിമതി നടന്നതെന്നും ബി ജെ പി ദേശീയ പ്രസിഡന്റ് നിതിന്‍ ഗഡ്കരി ലക്‌നൗവില്‍ ആരോപിച്ചു. സ്‌പെക്ട്രം വില നിശ്ചയിക്കാനുള്ള അധികാരം മന്ത്രിസഭാ ഉപസമിതിയില്‍നിന്ന് മാറ്റി മന്ത്രാലയത്തിനു നല്‍കിയത് പ്രധാനമന്ത്രിയാണെന്ന് ഗഡ്കരി ചൂണ്ടിക്കാട്ടി. അഴിമതിക്കു സാഹചര്യമൊരുക്കിയത് മന്‍മോഹന്‍ സിംഗ് തന്നെയാണെന്ന് ബി ജെ പി വക്താവ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. പ്രശ്‌നത്തില്‍ ജെ പി സി അന്വേഷണം നടത്തുകയും പ്രധാനമന്ത്രി വിശദീകരണം നല്‍കുകയും വേണമെന്ന് ബി ജെ പി വക്താവ് ആവശ്യപ്പെട്ടു. ജെ പി സി അന്വേഷണ ആവശ്യം അംഗീകരിക്കാതെ സര്‍ക്കാരിന് മറ്റു വഴിയുണ്ടാവില്ലെന്ന് ബി ജെ പിയുടെ രാജ്യസഭാ ഉപനേതാവ് എസ് എസ് അലുവാലിയ പറഞ്ഞു. രാജ രാജിവയ്ക്കില്ലെന്നാണ് അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. അവസാനം രാജയ്ക്കു സ്ഥാനമൊഴിയേണ്ടിവന്നു. ഇതുതന്നെയാണ് ജെ പി സി അന്വേഷണത്തിലും സംഭവിക്കുകയെന്ന് അലുവാലിയ പറഞ്ഞു.
ജെ പി സി അന്വേഷണത്തെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്ന് സി പി എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ജെ പി സി അന്വേഷണം പ്രഖ്യാപിക്കാതെ പാര്‍ലമെന്റ് നടപടികള്‍ തുടരാനാവില്ലെന്ന് യെച്ചൂരി വ്യക്തമാക്കി. പ്രധാനമന്ത്രിക്കെതിരായ സുപ്രിം കോടതി പരാമര്‍ശങ്ങള്‍ കൂടിയായതോടെ മറ്റ് അന്വേഷണങ്ങള്‍ക്കു പ്രസക്തിയില്ലാതായെന്ന് അദ്ദേഹം പറഞ്ഞു.
ജനയുഗം 201110
വെട്ടിപ്പിന് വഴി തുറന്നത് പ്രധാനമന്ത്രി
സ്പെക്ട്രത്തിന്റെ വില സൌകര്യം പോലെ നിശ്ചയിക്കാന്‍ ഡിഎംകെ മന്ത്രിക്ക് അധികാരം നല്‍കിയത് പ്രധാനമന്ത്രി. ഒന്നാം യുപിഎ സര്‍ക്കാരില്‍ ടെലികോം-വിവരസാങ്കേതിക മന്ത്രിയായിരുന്ന ദയാനിധി മാരന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സ്പെക്ട്രത്തിലെ വില നിശ്ചയിക്കുന്ന കാര്യം മന്ത്രിതല സമിതിയുടെ അധികാര പരിധിയില്‍ നിന്ന് പ്രധാനമന്ത്രി എടുത്ത് കളഞ്ഞത്. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലാണ് ഇക്കാര്യം പുറത്തുവിട്ടത്. 2006 ലാണ് പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ മന്ത്രിതല സമിതിക്ക് രൂപം നല്‍കിയത്. ആദ്യം പുറത്തിറക്കിയ മന്ത്രിതല സമിതിയുടെ പരിഗണനാ വിഷയങ്ങളില്‍ സ്പെക്ട്രം വില നിര്‍ണയവും ഉള്‍പ്പെട്ടിരുന്നു.
എന്നാല്‍ സ്പെക്ട്രം വില നിര്‍ണയിക്കാനുള്ള അധികാരം ടെലിക്കോം മന്ത്രാലയത്തിനായിരിക്കണമെന്ന് ആവശ്യപ്പെട്ട് 2006 ഫെബ്രുവരി 28 ന് ദയാനിഥി മാരന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. സ്പെക്ട്രം വിലനിര്‍ണയം മന്ത്രിതല സമിതിയുടെ അധികാരപരിധിയില്‍ നിന്ന് മാറ്റണമൊന്നാവശ്യപ്പെടുന്നതായിരുന്നു കത്ത്. മന്ത്രിതല സമിതിക്ക് നല്‍കിയ വിപുലമായ അധികാരങ്ങള്‍ ടെലികോം മന്ത്രാലയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും മാരന്‍ പരാതിപ്പെട്ടു. ഇതംഗീകരിച്ച പ്രധാനമന്ത്രി അന്നത്തെ കാബിനറ്റ് സെക്രട്ടരി ബി കെ ചതുര്‍വേദിയോട് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ബി കെ ചതുര്‍വേദി പുറത്തിറക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഈ ആനുകൂല്യത്തിന്റെ ബലത്തിലാണ് പിന്നീട് വകുപ്പ് മന്ത്രിയായ രാജ സ്പെക്ട്രം ലൈസന്‍സ് കുറഞ്ഞ വിലക്ക് ഇഷ്ടപ്പെട്ട കമ്പനികള്‍ക്ക് നല്‍കിയത്. രാജക്ക് അഴിമതി നടത്താന്‍ പ്രധാനമന്ത്രി തന്നെയാണ് വഴി ഒരുക്കകിയതെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്.
സോളിസിറ്റര്‍ ജനറലിനെ മാറ്റി; പകരം അറ്റോര്‍ണി ജനറല്‍
സ്പെക്ട്രം അഴിമതി കേസില്‍ പ്രധാനമന്ത്രിക്കുവേണ്ടി സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയില്‍ ഹാജാരാകേണ്ടെന്ന് നിയമമന്ത്രാലയം. സ്പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചതിന്റെ ഉത്തരവാദിത്തം ആരോപിച്ചാണ് നടപടി. സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി ഹാജരാകാനും നിര്‍ദേശിച്ചു. പ്രധാനമന്ത്രിക്ക് വിമര്‍ശം കേള്‍ക്കേണ്ടി വന്നത് സോളിസിറ്റര്‍ ജനറലിന്റെ വീഴ്ചമൂലമാണെന്ന് കേന്ദ്രം വിലയിരുത്തുന്നു. സുബ്രഹ്മണ്യത്തിന്റെ പ്രകടനത്തില്‍ പ്രധാനമന്ത്രിതന്നെ നിയമമന്ത്രാലയത്തെ അതൃപ്തി അറിയിച്ചതായാണ് സൂചന. ഇതേത്തുടര്‍ന്നാണ് നടപടി. പ്രധാനമന്ത്രിക്കുവേണ്ടി കേസില്‍ ഹാജരാകാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വഹന്‍വതി പറഞ്ഞു.
പ്രകടനം മോശമായതിന്റെ പേരിലല്ല തന്നെ മാറ്റിയതെന്ന നിലപാടിലാണ് ഗോപാല്‍ സുബ്രഹ്മണ്യം. കേസ് മെച്ചപ്പെട്ട നിലയില്‍ നടത്തുന്നതിനായുള്ള ഏകോപനത്തിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും അല്ലാതെ മാറ്റമൊന്നുമല്ലെന്നും സുബ്രഹ്മണ്യം അവകാശപ്പെട്ടു. കേന്ദ്രത്തെയും ടെലികോംമന്ത്രാലയത്തെയും താന്‍തന്നെയാകും തുടര്‍ന്നും കോടതിയില്‍ പ്രതിനിധാനംചെയ്യുക. പ്രധാനമന്ത്രിക്കുവേണ്ടിയാണ് അറ്റോര്‍ണി ജനറല്‍ ഹാജരാകുന്നത്- സുബ്രഹ്മണ്യം പറഞ്ഞു.
സ്പെക്ട്രം അഴിമതിവിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൌനവും നടപടിയില്ലായ്മയും ആശങ്കാജനകമാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. മന്ത്രിസ്ഥാനമൊഴിഞ്ഞ എ രാജയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയ്ക്ക് 16 മാസം കഴിഞ്ഞുമാത്രം പ്രധാനമന്ത്രി മറുപടി നല്‍കിയതാണ് കോടതിയെ ചൊടിപ്പിച്ചത്. സ്പെക്ട്രം അഴിമതി രാജയില്‍നിന്നു മാറി പ്രധാനമന്ത്രിയിലേക്കും കോണ്‍ഗ്രസ് നേതൃത്വത്തിലേക്കും തിരിഞ്ഞതോടെയാണ് സുപ്രീംകോടതിയില്‍ കേസിനെ കൂടുതല്‍ ഗൌരവത്തില്‍ നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രധാനമന്ത്രിയെ ന്യായീകരിച്ച് രാഹുല്‍ഗാന്ധി രംഗത്തുവന്നു. സ്പെക്ട്രം വിഷയത്തില്‍ പ്രധാനമന്ത്രി നാണംകെട്ട സ്ഥിതിയിലല്ലെന്ന് രാഹുല്‍ പാര്‍ലമെന്റില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രധാനമന്ത്രിയെ വിമര്‍ശിക്കാനും സത്യവാങ്മൂലം ആവശ്യപ്പെടാനും കോടതിക്ക് അധികാരമില്ലെന്ന നിലപാടിലാണ് കേന്ദ്രം.
ദേശാഭിമാനി 201110
സ്‌പെക്ട്രം ഇടപാടില്‍ ജെ പി സി അന്വേഷണത്തിന് തയ്യാറല്ലെന്ന് കോണ്‍ഗ്രസ് വ്യക്തമായ സൂചനകള്‍ നല്‍കിയതോടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനു നേരെ സംശയത്തിന്റെ മുനകള്‍ നീളുന്നു. പ്രധാനമന്ത്രിയുടെയും ധന, നിയമ മന്ത്രാലയങ്ങളുടെയും നിര്‍ദേശങ്ങള്‍ മറികടന്നാണ് എ രാജ സ്‌പെക്ട്രം ഇടപാടില്‍ പ്രവര്‍ത്തിച്ചതെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെയാണെങ്കില്‍ ജെ പി സി അന്വേഷണത്തില്‍ രാജയുടെ കള്ളക്കളികള്‍ മാത്രമാണ് പുറത്തുവരിക എന്നിരിക്കെ, കോണ്‍ഗ്രസ് ജെ പി സി അന്വേഷണത്തോട് പുറംതിരിഞ്ഞുനില്‍ക്കുന്നതാണ് പ്രധാനമന്ത്രിയെ സംശയത്തിന്റെ പുകമറയ്ക്കുള്ളിലാക്കുന്നത്. പ്രധാനമന്ത്രിയുടെ അറിവോടെയാണ് സ്‌പെക്ട്രം ഇടപാട് നടത്തിയതെന്നാണ് രാജ നിരന്തരമായി പറഞ്ഞുകൊണ്ടിരുന്നത്.
ReplyDeleteആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വം പിളര്‍പ്പിലേക്ക്. മുന്‍മുഖ്യമന്ത്രി രാജശേഖരറെഡ്ഡിയുടെ മകനും ലോക്സഭാംഗവുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള സാക്ഷി ചാനല്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കുമെതിരെയുള്ള രൂക്ഷവിമര്‍ശനങ്ങളുമായി രംഗത്തുവന്നിരുന്നു. സോണിയാഗാന്ധി കഴിവുകെട്ട നേതാവാണെന്നും മന്‍മോഹന്‍സിംഗ് സോണിയാഗാന്ധിയുടെ റബ്ബര്‍ സ്റ്റാമ്പാണെന്നും ജഗന്റെ ചാനല്‍ ആരോപിച്ചു. ജഗനെതിരെ അച്ചടക്ക നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി റോസയ്യ കോണ്‍ഗ്രസ് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടു. രാജശേഖരറെഡ്ഡിയുടെ മരണത്തിന് ശേഷം തന്നെ മുഖ്യമന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജഗന്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. പുതിയ പാര്‍ട്ടിയുണ്ടാക്കാനുള്ള തീരുമാനത്തിലാണ് ജഗന്‍ മോഹന്‍.(people channel news)
ReplyDelete