Wednesday, November 17, 2010

വിഴിഞ്ഞം പദ്ധതി : ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കും

വിഴിഞ്ഞം പദ്ധതി: 2500 കോടിരൂപ സമാഹരിക്കാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കും

വിഴിഞ്ഞം തുറമുഖ വികസന പദ്ധതിക്കാവശ്യമായ 2500 കോടി രൂപ കണ്ടെത്തുന്നതിന്് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ നേതൃത്വത്തിലാണ് കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ ചേര്‍ന്ന കണ്‍സോര്‍ഷ്യമായിരിക്കും പദ്ധതിക്ക് വേണ്ടുന്ന തുക വായ്പ ഇനത്തില്‍ സ്വരൂപിച്ച് വിഴിഞ്ഞം  ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ്(വിസില്‍) വഴി നേരിട്ട് തുറമുഖ വികസനത്തിനായി നിക്ഷേപിക്കുക.

വിഴിഞ്ഞം പദ്ധതി പ്രദേശം മുഴുവന്‍ പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതിക്കായി വേണ്ടിവരുന്ന 2500 കോടി രൂപയില്‍ 1600 കോടി രൂപ തുറമുഖ നിര്‍മാണത്തിനും 900 കോടി രൂപ ടെര്‍മിനലിനും മറ്റു അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വേണ്ടിയാണ് നീക്കിവെച്ചിട്ടുള്ളത്. പദ്ധതി 100 ശതമാനവും സര്‍ക്കാര്‍ നിയന്ത്രണത്തിലാകും നടപ്പാക്കുക. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് അടുത്തവര്‍ഷം മാര്‍ച്ചില്‍ പദ്ധതിക്ക് തുടക്കം കുറിക്കാനാകുമെന്ന് തുറമുഖവകുപ്പ് മന്ത്രി വി സുരേന്ദ്രന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയെ സംബന്ധിച്ച ആശങ്ക ഇതോടെ മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിനാവശ്യമായ കര്‍മ്മ പദ്ധതിക്കും സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. 8-9 ശതമാനത്തില്‍ താഴെ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കണമെന്ന് സര്‍ക്കാര്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 15 മുതല്‍ 20 വര്‍ഷക്കാലയളവില്‍ തിരിച്ചടയ്ക്കുന്ന വായ്പയായി പണം കണ്ടെത്തുന്നതിനും മൂന്ന് വര്‍ഷത്തേയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനും അതിനുശേഷം വര്‍ഷംതോറും 200 മുതല്‍ 250 കോടി രൂപവരെയുള്ള വാര്‍ഷിക ഗ്രാന്റായി തുക തിരിച്ചയടയ്ക്കുന്നതും ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങുന്നതിയാരിക്കും വായ്പാകരാര്‍. പോര്‍ട്ട് ഓപ്പറേറ്ററുടെ ബിഡ് ക്ഷണിക്കുന്നതും ഓപ്പറേറ്ററെ കണ്ടെത്തുന്നതുമാണ് ആദ്യ നടപടി. തുടര്‍ന്ന് പോര്‍ട്ട് ഓപ്പറേറ്ററുമായി ചേര്‍ന്ന് സാങ്കേതിക രൂപകല്‍പനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളും. ഈ മാസം 25ന് പോര്‍ട്ട് ഓപ്പറേറ്ററെ ക്ഷണിക്കുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിക്കും. യോഗ്യതയുള്ള പാര്‍ട്ടികളെ കണ്ടെത്തി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുന്ന പ്രവര്‍ത്തനം ജനുവരിയില്‍ നടക്കും. പോര്‍ട്ട് ഓപ്പറേറ്ററെ നിശ്ചയിച്ചതിനുശേഷം കേന്ദ്രസര്‍ക്കാരിന്റെ സുരക്ഷാ, പരിസ്ഥിതി ക്ലിയറന്‍സ് അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം നിര്‍മാണ പ്രവര്‍ത്തനം മാര്‍ച്ചില്‍ ആരംഭിക്കും. ട്രക്ക് ടെര്‍മിനല്‍ നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കായി 43 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചുകഴിഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ തഹസീല്‍ദാരുടെ നേതൃത്വത്തില്‍ ഒരു ടീമിനെ കൂടി ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. റോഡ് ശൃംഖലയ്ക്കായി 12 ഏക്കറോളം ഭൂമി ഇതുവരെ ഏറ്റെടുത്തു. ഇതിനായി 15.5 കോടി രൂപ ചെലവായെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

പദ്ധതിയുടെ നിര്‍മാണമേറ്റെടുക്കാന്‍ കേന്ദ്ര ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ആദ്യം താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് ഒഴിഞ്ഞുമാറുകയായിരുന്നു. കോര്‍പ്പറേഷന്റെ ഡയറക്ടര്‍ബോര്‍ഡ് രണ്ടുതവണ യോഗം ചേര്‍ന്നെങ്കിലും സംസ്ഥാന സര്‍ക്കാരിന് വ്യക്തമായ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ തീരുമാനമെടുത്തത്. പദ്ധതിയുടെ നിര്‍മാണ കാലവാധി മൂന്ന് വര്‍ഷമാണെന്ന് വിസില്‍ എം ഡി സഞ്ജയ് കൗശിക് പറഞ്ഞു.

janayugom 171110

1 comment:

  1. വിഴിഞ്ഞം തുറമുഖ വികസന പദ്ധതിക്കാവശ്യമായ 2500 കോടി രൂപ കണ്ടെത്തുന്നതിന്് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ നേതൃത്വത്തിലാണ് കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ ചേര്‍ന്ന കണ്‍സോര്‍ഷ്യമായിരിക്കും പദ്ധതിക്ക് വേണ്ടുന്ന തുക വായ്പ ഇനത്തില്‍ സ്വരൂപിച്ച് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ്(വിസില്‍) വഴി നേരിട്ട് തുറമുഖ വികസനത്തിനായി നിക്ഷേപിക്കുക.

    ReplyDelete