Saturday, November 13, 2010

സൂകി മോചനത്തിലേയ്ക്ക്

യാംഗോണ്‍: മ്യാന്‍മറിലെ ജനാധിപത്യപ്പോരാട്ടങ്ങളുടെ മുന്‍നിര പോരാളിയായ ഓങ് സാന്‍ സൂകി രണ്ടു പതിറ്റാണ്ടു നീണ്ട തടവറ ജീവീതത്തില്‍നിന്ന് മോചനത്തിലേയ്ക്ക്. സൂകിയുടെ തടങ്കല്‍ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ, അവരുടെ മോചനത്തിനായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി മ്യാന്‍മറിലെ പട്ടാള ഭരണകൂട വൃത്തങ്ങള്‍ പറഞ്ഞു. മോചന  ഉത്തരവില്‍ പട്ടാള ഭരണാധികാരികള്‍ ഒപ്പുവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ലോകത്തെ തന്നെ ഏറ്റവും പ്രമുഖയായ രാഷ്ട്രീയ തടവുകാരിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് സൂകിയുടെ അനുയായികള്‍.

സൂകിയുടെ മോചനം ഉറപ്പാണെന്ന്, പേരു വെളിപ്പെടുത്താത്ത പട്ടാള ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. മോചന ഉത്തരവില്‍ പട്ടാള ഭരണാധികാരികള്‍ ഒപ്പുവച്ചതായും ടെലിവിഷന്‍ ചാനലുകളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമോ സൂകിയുടെ പ്രതികരണമോ രാത്രി വൈകും വരെ ലഭ്യമായിട്ടില്ല. സൂകിയുടെ തടങ്കല്‍ കാലാവധി ഇന്ന് അവസാനിക്കുമെന്ന് അവരുടെ അഭിഭാഷകര്‍ അറിയിച്ചു.

മ്യാന്‍മറില്‍ (പഴയ ബര്‍മ) ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടി പോരാടിയതിന്റെ പേരിലാണ് പട്ടാള ഭരണകൂടം ഓങ് സാന്‍ സൂകിയെ വീട്ടു തടങ്കലിലാക്കിയത്. സൂകിയുടെ മോചനത്തിനായി ലോകമെങ്ങും ഉയരുന്ന മുറവിളികള്‍ക്കിടെ, രണ്ടു പതിറ്റാണ്ടായി ഭരണകൂടം അവരുടെ തടങ്കല്‍ കാലാവധി നീട്ടിക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് 27ന് തടങ്കല്‍ കാലാവധി അവസാനിച്ചെങ്കിലും സൂകിയെ തടവിലാക്കിയിരിക്കുന്ന വീടിനു സമീപം ഒരു അമേരിക്കന്‍ പൗരനെ കണ്ടെത്തിയെന്ന പേരില്‍ മോചനം വൈകിപ്പിക്കുകയായിരുന്നു.

ഇരുപതു വര്‍ഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ ബര്‍മയുടെ സ്ഥാപകനായി കരുതപ്പെടുന്ന ജനറല്‍ ഓങ് സാന്റെ മകളായ സൂകിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍ എല്‍ ഡി) വിജയം നേടിയിരുന്നു. എന്നാല്‍ സൂകിയെ തടവിലാക്കിയ പട്ടാള ഭരണകൂടം പാര്‍ട്ടിയെ ഭരണമേല്‍ക്കാന്‍ അനുവദിച്ചില്ല. ഇരുപതു വര്‍ഷത്തിനിപ്പുറം രാജ്യത്ത് ആദ്യമായി നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകൂടത്തെ അനുകൂലിക്കുന്ന പാര്‍ട്ടി വിജയം അവകാശപ്പെട്ടിരിക്കുന്നതിനിടെയാണ് സൂകിയുടെ മോചനത്തിനു നീക്കം നടക്കുന്നത്. തിരഞ്ഞെടുപ്പിനെതിരെ ഉയര്‍ന്ന വിമര്‍ശനം മറയ്ക്കുന്നതിനാണ് സൂകിയെ മോചിപ്പിക്കുന്നതിന് നീക്കം നടത്തുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

മോചിപ്പിക്കപ്പെടുന്ന പക്ഷം പാര്‍ട്ടി ആസ്ഥാനത്ത് സൂകി വാര്‍ത്താ സമ്മേളനം നടത്തുമെന്ന് അനുയായികള്‍ പറഞ്ഞു. ഒരു വിധത്തിലുള്ള ഉപാധികളും കൂടാതെയുള്ള മോചനം മാത്രമേ സൂകി സ്വീകരിക്കൂവെന്ന് അവരോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കണം എന്ന നിബന്ധനയില്‍ അവര്‍ തടങ്കലില്‍നിന്ന് പുറത്തുവരാനുള്ള സാധ്യതയില്ലെന്ന് എന്‍ എല്‍ ഡി വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ യാംഗോണ്‍ വിടണമെന്ന നിബന്ധനയില്‍ ഭരണാധികാരികള്‍ സൂകിക്ക് മോചന വാഗ്ദാനം നല്‍കിയെങ്കിലും അവര്‍ നിരസിക്കുകയായിരുന്നു.

സൂകിയുടെ മോചനം പ്രതീക്ഷിച്ച് നൂറുകണക്കിന് അനുയായികള്‍ എന്‍ എല്‍ ഡി ആസ്ഥാനത്ത് തടിച്ചുകൂടിയിട്ടുണ്ട്. ഓങ് സാന്‍ സൂകിയുടെ മോചനത്തിനു സമയമായെന്ന് എഴുതിയ ബാനറുകളുമായാണ് അവര്‍ പാര്‍ട്ടി ആസ്ഥാനത്ത് തമ്പടിച്ചിരിക്കുന്നത്.

2002ല്‍ തടങ്കലില്‍നിന്ന് താല്‍ക്കാലികമായി മോചിപ്പിക്കപ്പെട്ട സൂകിക്ക് വന്‍ വരവേല്‍പ്പായിരുന്നു അനുയായികള്‍ യാംഗോണില്‍ ഒരുക്കിയത്. തൊട്ടടുത്ത വര്‍ഷം സൂകിയുടെ സുരക്ഷയ്‌ക്കെന്ന പേരില്‍ ഭരണകൂടം വീണ്ടും വീട്ടുതടങ്കലിലാക്കുകയായിരുന്നു.

മനുഷ്യാവകാശ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി

മ്യാന്‍മറിലെ പട്ടാള ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ, ജനാധിപത്യ ലംഘനങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവന്നത് ഓങ് സാന്‍ സൂകിയുടെ പോരാട്ടമാണ്. അതിന്റെ പേരിലാണ് രണ്ടു പതിറ്റാണ്ടായി അവര്‍ തടവില്‍ കഴിയുന്നതും. 48 വര്‍ഷമായി പട്ടാള ഭരണം നിലനില്‍ക്കുന്ന മ്യാന്‍മറില്‍ 1990ല്‍ തിരഞ്ഞെടുപ്പു നടന്നെങ്കിലും ജയം നേടിയ പാര്‍ട്ടിക്ക് അധികാരം ഏറ്റെടുക്കാനായില്ല. ഇരുപതു വര്‍ഷത്തിനിപ്പുറം നടന്ന തിരഞ്ഞെടുപ്പില്‍ ജയം അവകാശപ്പെടുന്നതാവട്ടെ, പട്ടാളത്തെ അനുകൂലിക്കുന്ന പാര്‍ട്ടിയും. രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കാനുള്ള പുതിയ പോരാട്ടമുഖത്തേയ്ക്കാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായ സൂകി മോചിപ്പിക്കപ്പെടുന്നത്.

സൂകി: വീട്ടമ്മയില്‍ നിന്നും പോരാട്ടത്തിന്റെ കനല്‍ വഴികളിലേയ്ക്ക്


സാധാരണ വീട്ടമ്മയില്‍ നിന്നും ബര്‍മയിലെ പട്ടാള ഏകാധിപത്യത്തിനെതിരെയുളള സാധാരണ ജനതയുടെ പോരാട്ടത്തിന്റെ നെടുന്തൂണായി മാറിയ പോരാളിയാണ് ഓങ് സാങ് സൂകി. 1945 ജൂണ്‍ 19ന്  ബര്‍മന്‍ സ്വതന്ത്ര സമര നേതാവ് ഓങ് സാങിന്റെ മകളായി പിറന്ന സുകിയുടെ ജീവിതം എന്നും കനല്‍ വഴികളിലൂടെയായിരുന്നു. സൂകിക്ക് രണ്ടു വയസുള്ളപ്പോള്‍ പട്ടാളം അച്ഛനെ നിഷ്ഠൂരമായി കൊന്നു. ബര്‍മ്മ, ഇന്ത്യ, ബ്രിട്ടന്‍ എന്നിവടങ്ങളിലായി പഠനം പൂര്‍ത്തിയാക്കിയ സൂകി 1988ല്‍ മരണാസന്നയായ മാതാവിനെ പരിചരിക്കാന്‍ മ്യാന്‍മറില്‍ തിരിച്ചെത്തി. ആവര്‍ഷം ആഗസ്ത് എട്ടിന്  സ്വതന്ത്ര്യം ആവശ്യപ്പെട്ട് സമരം ചെയ്ത 5,000 സ്വതന്ത്ര സമരസേനാനികളെ സൈന്യം കൊന്നതിനെ തുടര്‍ന്ന് പ്രക്ഷോഭത്തിന്റെ ഭാഗമായി. 1988 സെപ്തംബര്‍ 24ന് പുതിയ ജനാധിപത്യ അനുകൂല രാഷ്ട്രീയ പാര്‍ട്ടി-നാഷണല്‍ ലീഗ് ഫോര്‍ ഡോമോക്രസി രൂപീകരിച്ചു.

ലോകരാജ്യങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പട്ടാള ഭരണകൂടം 1990 പൊതുതിരഞ്ഞടുപ്പ് പ്രഖ്യാപിച്ചു.നാഷണല്‍ ലീഗിന് വേണ്ടി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് സൂകിയെ തടവിലാക്കിയെതങ്കിലും തിരഞ്ഞടുപ്പില്‍ 82 ശതമാനം വോട്ട് നേടി സുകിയുടെ പാര്‍ട്ടി വിജയിച്ചു. പക്ഷേ അധികാരം കൈമാറാന്‍ പട്ടാളം വിസമ്മതിച്ചു. ജൂലൈ 1995 യാത്രയില്‍ നിയന്ത്രണത്തോടെ വിട്ടയച്ചു. വിദേശത്തുളള കുടുംബത്തോടപ്പം ചേരാന്‍ അവരെ ഭരണകൂടം നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. 1997ല ഭര്‍ത്താവ് മിഖായേല്‍ അരിയാസ് കാന്‍സര്‍ ബാധയെ തുടര്‍ന്ന് ലണ്ടനില്‍ മരിച്ചു. എന്നാല്‍ പ്രിയതമനെ ഒരുനോക്ക് കാണാന്‍  പട്ടാളം അനുവദിച്ചില്ല. 2002 രാജ്യത്താകമാനം സഞ്ചരിക്കാന്‍ അനുവദിച്ചുകൊണ്ട് മോചിപ്പിച്ചു.

ഭരണകൂടം നിസഹകരണം തുടര്‍ന്നതിനെ തുടര്‍ന്ന് റസാലി ദൗത്യം തുടരാനാവാതെ മടങ്ങി. സുകി രാജ്യത്താകെ പര്യടനം തുടങ്ങി. സമ്മേളനത്തില്‍ തടിച്ചുകൂടുന്ന ജനത്തെ കണ്ട് ഭയന്ന പട്ടാള ഭരണകൂടം സൈന്യത്തെ ഉപയോഗിച്ച് സമ്മേളനങ്ങള്‍ കലക്കാന്‍ തുടങ്ങി. 2003 മേയ് 30 ന് വാഹനവ്യൂഹത്തെ ആക്രമിച്ച് സുകികെതിരെ വധശ്രമം. 70 പേര്‍ക്ക് ദാരുണാന്ത്യം. തുടര്‍ന്ന് വീണ്ടും വീട്ട് തടങ്കല്‍. സൂകിയുടെ സുരക്ഷ കണക്കിലെടുത്തെന്നാണ് ഇക്കുറി പട്ടാളം പറഞ്ഞത്.  മര്‍ദക ഭരണകൂടത്തിനെതിരെ സ്വന്തം ജീവിതം കൊണ്ട് സഹന സമരം ചെയ്യുന്ന സൂകിക്ക് 1991ല്‍ സമാധാനത്തിനുളള നൊബേല്‍ സമ്മാനം സമര്‍പ്പിച്ച് ലോകം ആദരവ് പ്രകടിപ്പിച്ചു. നിയമത്തിന്റെ കണക്കനുസരിച്ച് ഇന്നുതീരുകയാണ് സൂകിയുടെ തടവുകാലം. പട്ടാളം മറിച്ചുചിന്തിച്ചില്ലെങ്കില്‍ സൂകിയുടെ 21 വര്‍ഷത്തെ നീണ്ട തടവിന് താത്കാലിക വിരാമമാകും, വീണ്ടും മറ്റെരു തടവറ ഒരുങ്ങുന്നതു വരെ.

ജനയുഗം 131110

1 comment:

  1. മ്യാന്‍മറിലെ ജനാധിപത്യപ്പോരാട്ടങ്ങളുടെ മുന്‍നിര പോരാളിയായ ഓങ് സാന്‍ സൂകി രണ്ടു പതിറ്റാണ്ടു നീണ്ട തടവറ ജീവീതത്തില്‍നിന്ന് മോചനത്തിലേയ്ക്ക്. സൂകിയുടെ തടങ്കല്‍ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ, അവരുടെ മോചനത്തിനായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി മ്യാന്‍മറിലെ പട്ടാള ഭരണകൂട വൃത്തങ്ങള്‍ പറഞ്ഞു. മോചന ഉത്തരവില്‍ പട്ടാള ഭരണാധികാരികള്‍ ഒപ്പുവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ലോകത്തെ തന്നെ ഏറ്റവും പ്രമുഖയായ രാഷ്ട്രീയ തടവുകാരിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് സൂകിയുടെ അനുയായികള്‍.

    ReplyDelete