Thursday, November 18, 2010

അഴിമതിയില്‍ മുങ്ങിയ യു പി എ ഭരണം

മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര യു പി എ സര്‍ക്കാര്‍ വളരെ വേഗത്തില്‍ രണ്ട് ഭാരതത്തെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വിരലിലെണ്ണാവുന്ന കോടീശ്വരന്‍മാരുടെ ഭാരതവും ജനസംഖ്യയുടെ എഴുപത് ശതമാനത്തിലേറെ വരുന്ന പട്ടിണി പാവങ്ങളുടെ ഭാരതവും. ഈ സാഹചര്യം രാജ്യത്തെ ഒരു പൊട്ടിത്തെറിയിലേക്ക് കൊണ്ടെത്തിക്കാനുള്ള സാധ്യത കഴിഞ്ഞ തവണ ഇതേ പംക്തിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതുപോലെ തന്നെയോ ഇതിനേക്കാള്‍  ഗൗരവമുള്ളതോ ആണ് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ ചെന്നുവീണിരിക്കുന്ന അഴിമതിയുടെ ചെളിക്കുണ്ട്.

രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത്രമാത്രം വന്‍ അഴിമതി കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടുകൂടി ഇതിന് മുമ്പ് ഒരിക്കലും നടന്നിട്ടില്ല. ഈ അഴിമതികളെല്ലാം ക്രമേണ വിസ്മരിക്കാനാണ് കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള വന്‍ അഴിമതികളില്‍ തന്നെ പ്രധാനപ്പെട്ട ഒന്നുകൂടി ഓര്‍മ്മപ്പെടുത്താന്‍ മാത്രമേ ഇവിടെ ശ്രമിക്കുന്നുള്ളൂ.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അരങ്ങേറിയത് ആരേയും ഞെട്ടിപ്പിക്കുന്ന അഴിമതിയാണ്. ഗെയിംസിനായി കസേര വാടകയ്‌ക്കെടുത്തത് മുതല്‍ വന്‍ കരാറുകളില്‍ വരെ വന്‍ കുംഭകോണമാണ് നടന്നത്. ഇത്രയും വലിയ അഴിമതി നടന്നിട്ടും അതിന്റെ മുഖ്യ സംഘാടകനായ കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡിയെ കര്‍ക്കശ നടപടിയ്ക്ക് വിധേയമാക്കാന്‍ ഇന്നുവരെ ഒരു നീക്കവും മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

കോമണ്‍വെല്‍ത്ത് ഗെയിംസിനായി ചെലവഴിച്ചത് ഏകദേശം 70,000 കോടി രൂപയാണ്. ഗെയിംസ് നടന്നുവരുമ്പോള്‍ സുപ്രീം കോടതി തന്നെ ഈ അഴിമതികളെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. കല്‍മാഡിയുടെയും സംഘത്തിന്റെയും ഈ അഴിമതികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സംയുക്ത പാര്‍ലമെന്ററി സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ആയി റിട്ടയര്‍ ചെയ്ത ഷുങ്‌ളു അധ്യക്ഷനായൊരു സമിതിയെയാണ് അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനായ സുരേഷ് കല്‍മാഡിയെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയതാണ് ആകെ സ്വീകരിച്ച നടപടി. എന്നാല്‍ ഇപ്പോഴും അദ്ദേഹം ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തുടരുന്നു. സര്‍ക്കാര്‍ ഖജനാവിനുണ്ടായ കോടികളുടെ നഷ്ടം ആരും നികത്തും? കോടാനുകോടികളുടെ അഴിമതിയെക്കുറിച്ച് ഇപ്പോള്‍ നടക്കുന്ന അന്വേഷണം കുറ്റക്കാരെ ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കാന്‍ സാധിക്കുന്നതാണോ?

അടുത്ത വലിയ അഴിമതി കാര്‍ഗിലില്‍ വീരചരമം പ്രാപിച്ചവരുടെ പേരില്‍ കെട്ടി ഉയര്‍ത്തിയ ആദര്‍ശ് പാര്‍പ്പിട സമുച്ചയത്തെക്കുറിച്ചാണ്. പരിസ്ഥിതിയെക്കുറിച്ചും കെട്ടിടത്തിന്റെ സുരക്ഷിതത്വത്തെ സംബന്ധിച്ചും ഉള്ള നിബന്ധനകളെല്ലാം ലംഘിച്ചാണ് ഈ മുപ്പത്തിരണ്ട് നില പാര്‍പ്പിട സമുച്ചയം പടുത്തുയര്‍ത്തിയത്. അത് തുച്ഛമായ തുകയ്ക്ക് സ്വന്തക്കാര്‍ക്ക് വീതിച്ചു നല്‍കി. കോണ്‍ഗ്രസിലെ ഉന്നത നേതാക്കളും പട്ടാളത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് ഈ പാര്‍പ്പിട സമുച്ചയം പങ്കുവച്ചു. ഈ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണത്തിന് സര്‍ക്കാരിന്റെ പണം വന്‍തോതില്‍ ചെലവഴിച്ചു. ഇപ്പോള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനെ മാറ്റി. സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഈ പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മ്മാണത്തില്‍ ഇടപെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രിമാരായിരുന്ന വിലാസ് റാവു ദേശ്മുഖും സുശീല്‍ കുമാര്‍ ഷിണ്‍ഡെയും ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭാംഗങ്ങളാണ്. പഴയകാല അനുഭവം വച്ചുനോക്കിയാല്‍ സി ബി ഐ അന്വേഷണം കൊണ്ട് ഫലമൊന്നും ഉണ്ടാവാന്‍ പോകുന്നില്ല എന്ന് വ്യക്തമാണ്.

യു പി എയുടെ ഘടകകക്ഷിയായ ഡി എം കെയെ പ്രതിനിധീകരിക്കുന്ന കേന്ദ്ര ടെലികോം മന്ത്രി എ രാജ നടത്തിയ സ്‌പെക്ട്രം അഴിമതിയാണ് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കുംഭകോണം. ഇപ്പോള്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ടെലികോം ലൈസന്‍സിംഗ് ഇടപാടില്‍ 1.76 ലക്ഷം കോടി രൂപ സര്‍ക്കാരിന് നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. 2008 ല്‍ ടെണ്ടര്‍ വിളിക്കാതെ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയില്‍ മന്ത്രി രാജ ഇടപെട്ട് സ്‌പെക്ട്രം ലൈസന്‍സ് നല്‍കി. അന്ന് തന്നെ ഇതിനെതിരെ പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. മന്ത്രി രാജയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് 2008 നവംബറില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ ശുപാര്‍ശ ചെയ്തിരുന്നു. 2009 ഒക്‌ടോബറില്‍  കേസ് സി ബി ഐ ഏറ്റെടുത്തു. കേസ് അന്വേഷണത്തില്‍ സി ബി ഐയുടെ അലംഭാവത്തെ 2010 ഒക്‌ടോബറില്‍ സുപ്രിംകോടതി നിശിതമായി വിമര്‍ശിച്ചു. കേസ് അന്വേഷണം സി ബി ഐ വെറുതെ വലിച്ചുനീട്ടുകയാണെന്നാണ് സുപ്രിം കോടതി പറഞ്ഞത്. മന്ത്രി രാജയ്‌ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടപ്പോള്‍ തന്നെ 'പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ അറിവോടും അനുമതിയോടും കൂടിയാണ് സ്‌പെക്ട്രം ഇടപാടുകള്‍ നടന്നതെന്നാണ് മന്ത്രി രാജ പറഞ്ഞത്. ഇന്നുവരെ മന്ത്രി രാജ തന്റെ ഈ അഭിപ്രായം പിന്‍വലിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് ഈ കേസന്വേഷണത്തെ സുപ്രിംകോടതി വിമര്‍ശിച്ചിട്ടും കാലതാമസം വരുത്തിക്കൊണ്ടിരിക്കുന്നത്.

ഇതൊരു വന്‍ അഴിമതിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കഴിഞ്ഞ ബജറ്റ് പത്ത് ലക്ഷം കോടിയുടേതാണ്. അതിന്റെ ആറിലൊന്നായ 1.76 ലക്ഷം കോടി രൂപയാണ് രാജയുടെയും പാര്‍ശ്വവര്‍ത്തികളുടെയും പ്രവര്‍ത്തനം കൊണ്ട് പൊതു ഖജനാവിന് നഷ്ടമായത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയെന്നോ മുകളിലെന്നോ ഉള്ള വേര്‍തിരിവില്ലാതെ രാജ്യത്തെ എല്ലാവര്‍ക്കും കിലോയ്ക്ക് മൂന്ന് രൂപ നിരക്കില്‍ 30 കിലോഗ്രാം ഭക്ഷ്യധാന്യം വിതരണം നടത്തുന്നതിന് 85,000 കോടി രൂപ ചെലവ് വരുമെന്നാണ് കണക്ക്. എന്നാല്‍ ഇതിന് പണമില്ലെന്ന് പറയുമ്പോഴാണ് സ്‌പെക്ട്രം അഴിമതിയില്‍ പൊതു ഖജനാവിന് 1.76 ലക്ഷം കോടി രൂപ നഷ്ടം വരുത്തിയെന്നത് ഭാരതീയരെ ആകെ അദ്ഭുതപ്പെടുത്തുന്നത്. സ്‌പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രിയുടെ അറിവും അനുമതിയും ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലിന്റെയും സി ബി ഐ അന്വേഷണത്തിന്റെ മരവിപ്പിക്കലും ഉണ്ടായപ്പോള്‍ സത്യം പുറത്തുകൊണ്ടുവരണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണമോ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണമോ അനിവാര്യമാണ്. രാജയുടെ രാജികൊണ്ട് മാത്രം പ്രശ്‌നം തീരില്ല.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലും കോണ്‍ഗ്രസ് ഭരണം നടത്തുന്ന സംസ്ഥാനങ്ങളിലുമാണ് ഈ വന്‍ അഴിമതികള്‍. ഈ മൂന്ന് അഴിമതി ആരോപണങ്ങളിലും പ്രഥമദൃഷ്ട്യാ അഴിമതി നടന്നിട്ടുണ്ടെന്നും ആരോപണവിധേയരായവര്‍ കുറ്റക്കാരാണെന്നും പകല്‍പോലെ വ്യക്തമാണ്. പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെയും കോണ്‍ഗ്രസ് നേതൃത്വത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുമെന്ന് ഉറപ്പുള്ളതിനാലാണ് പാര്‍ലമെന്റിന്റെ ആദ്യദിനത്തില്‍ സര്‍ക്കാര്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചത്.

എന്നാല്‍ ഇതില്‍ ജുഡീഷ്യല്‍ അന്വേഷണമോ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണമോ തന്നെ വേണം.

ഇ ചന്ദ്രശേഖരന്‍ നായര്‍ ജനയുഗം 161110

1 comment:

  1. മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര യു പി എ സര്‍ക്കാര്‍ വളരെ വേഗത്തില്‍ രണ്ട് ഭാരതത്തെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വിരലിലെണ്ണാവുന്ന കോടീശ്വരന്‍മാരുടെ ഭാരതവും ജനസംഖ്യയുടെ എഴുപത് ശതമാനത്തിലേറെ വരുന്ന പട്ടിണി പാവങ്ങളുടെ ഭാരതവും. ഈ സാഹചര്യം രാജ്യത്തെ ഒരു പൊട്ടിത്തെറിയിലേക്ക് കൊണ്ടെത്തിക്കാനുള്ള സാധ്യത കഴിഞ്ഞ തവണ ഇതേ പംക്തിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതുപോലെ തന്നെയോ ഇതിനേക്കാള്‍ ഗൗരവമുള്ളതോ ആണ് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ ചെന്നുവീണിരിക്കുന്ന അഴിമതിയുടെ ചെളിക്കുണ്ട്.

    ReplyDelete