Thursday, November 18, 2010

ഒബാമയുടെ സന്ദര്‍ശനവും അമേരിക്കയുടെ താല്‍പര്യങ്ങളും

ബരാക് ഒബാമ, അമേരിക്ക തിരഞ്ഞെടുത്ത ആദ്യത്തെ ''കറുത്ത'' പ്രസിഡന്റാണ്. നൂറ്റാണ്ടുകളായി അടിമത്തം പേറിയ ഒരു ജനതയുടെ എക്കാലത്തേയും സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു ഒബാമയുടെ ഈ തിരഞ്ഞെടുപ്പ്.  ആഫ്രോ-അമേരിക്കന്‍ എന്ന് വിവരിക്കാവുന്ന ഒബാമയുടെ തിരഞ്ഞെടുപ്പ് ലോകമെമ്പാടും, പ്രത്യേകിച്ച് ഏഷ്യ, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ ജനങ്ങളില്‍ ആവേശം പകര്‍ന്നു, കുറേ പ്രതീക്ഷകളും. ഹെല്‍ത്ത് കെയര്‍ സംബന്ധിച്ച നിയമവും, ലോകത്ത് ഇന്നും നിലനില്‍ക്കുന്ന ''കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ്'' എന്ന കുപ്രസിദ്ധിയാര്‍ജിച്ച ഗോണ്ടാനാമോ തടങ്കല്‍പ്പാളയം അടച്ചുപൂട്ടും എന്നുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനവും അദ്ദേഹത്തെ കുറിച്ച് ലോകമെമ്പാടും വലിയൊരു വിഭാഗം ജനങ്ങളില്‍ പ്രതീക്ഷ ഉണര്‍ത്തി.

ചെറുപ്പക്കാരനായ ഒബാമ വാചാലനായ പ്രാസംഗികനുമാണ്. ഒരുപാട് വായിക്കുന്നവനും നന്നായി എഴുതുന്നവനും എന്ന പ്രശസ്തിയും അദ്ദേഹത്തിനുണ്ട്. ആകര്‍ഷകമായ വ്യക്തിത്വമാണ് ഒബാമയുടേത്. ഇക്കാര്യങ്ങളിലൊക്കെ അദ്ദേഹത്തിന്റെ ഭാര്യ മിഷേല്‍ ഒബാമയേക്കാള്‍ ഒരുപടി മുന്നിലാണ്.

ഒബാമയുടേയും മിഷേലിന്റേയും മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തില്‍ നമുക്കിതൊക്കെ ബോദ്ധ്യപ്പെട്ടുകാണും. മുംബൈയിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളുമായി അവര്‍ നടത്തിയ ചര്‍ച്ചക്കു മുമ്പേ അവരുമായി ആടിയും പാടിയും അവരോടൊപ്പം സമയം ചെലവഴിച്ച മിഷേല്‍, അവരുമായി ചര്‍ച്ചകള്‍ക്കായെത്തിയ ഒബാമയെ പരിചയപ്പെടുത്തി ''എന്റെ ഭര്‍ത്താവിനോട് കടുപ്പമുള്ള ചോദ്യങ്ങള്‍ ചോദിച്ച് അദ്ദേഹത്തെ നിലംതൊടീക്കരുത്'' എന്നായിരുന്നു അവരുടെ അഭ്യര്‍ത്ഥന.

ഈ മീറ്റിംഗിലെ ചര്‍ച്ചക്ക് മറുപടി പറയുമ്പോഴാണ് ഒബാമ, പാകിസ്ഥാനെ കുറിച്ചും ജിഹാദിനെപ്പറ്റിയും ഭീകരാക്രമണങ്ങളെക്കുറിച്ചുമുള്ള ശ്രദ്ധേയമായ പ്രസ്താവന ചെയ്തത്.

അഫ്ഗാനിസ്ഥാനിലേയും ഇറാഖിലേയും ഭീകര പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ തന്ത്രപ്രാധാന്യമുള്ള ഒരു രാജ്യമാണ് പാകിസ്ഥാനെന്നും, ഭീകരതയുടെ ഒരു ഇരയാണ് ആ രാജ്യമെന്നും പറഞ്ഞ ഒബാമ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു- പാകിസ്ഥാനെ ഭീകരതക്കെതിരെയുള്ള ആഗോള ചെറുത്തുനില്‍പ്പിന്റെ ഭാഗമാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. രാഷ്ട്രീയ സുസ്ഥിരതയും ശക്തിയുമുള്ള ഒരു പാകിസ്ഥാന്‍ ഇന്ത്യക്കും ലോകത്തിനും ആവശ്യമാണ്. ഇന്ത്യയും പാകിസ്ഥാനുമായി ചര്‍ച്ചകള്‍ തുടരണമെന്നും, ഉഭയകക്ഷി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനുമായുള്ള ബന്ധത്തിന് എന്തുകൊണ്ടാണ് അമേരിക്ക വമ്പിച്ച പ്രാധാന്യം നല്‍കുന്നതെന്നും, ഭീകരാക്രമണങ്ങളുടെ പ്രഭവകേന്ദ്രമെന്ന നിലയില്‍ എന്തുകൊണ്ട് അമേരിക്ക പാകിസ്ഥാനെ ഒരു ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കുന്നില്ല എന്നുമായിരുന്നു ചോദ്യകര്‍ത്താവായ വിദ്യാര്‍ഥിനി ഉന്നയിച്ച ചോദ്യം.

ഈ മറുപടി പാകിസ്ഥാനില്‍ സൃഷ്ടിച്ച പ്രതികരണം, പാകിസ്ഥാന് അനുകൂലമായി ഒബാമ സംസാരിച്ചു എന്നതായിരുന്നു. ഇവിടെ ഓര്‍ക്കേണ്ട ഒരു സംഗതിയുണ്ട്. ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനു മുമ്പ്, ഒബാമ ഭരണകൂടം പാകിസ്ഥാന് വമ്പിച്ചൊരു സൈനിക സഹായം ഉറപ്പു പറഞ്ഞു, അതുപോലെതന്നെ സാമ്പത്തിക സഹായവും. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ ഭദ്രമാക്കുന്നതില്‍ പാകിസ്ഥാനുള്ള ജിയോ-പൊളിറ്റിക്കല്‍ പ്രാധാന്യം കണക്കിലെടുത്തുകൊണ്ടാണ് ഒബാമ ഈ പ്രശ്‌നത്തെ സമീപിച്ചത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അമേരിക്കയുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ മദ്ധ്യഏഷ്യയിലും, പശ്ചിമേഷ്യയിലും നിലനിര്‍ത്തുന്നതിന്, പ്രത്യേകിച്ച് ഇവിടത്തെ അമൂല്യമായ പെട്രോളിയം സമ്പത്തില്‍ എക്കാലവും താല്‍പ്പര്യമുള്ള അമേരിക്കയുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിന് ഒബാമ മുന്‍ഗണന നല്‍കുന്നുവെന്ന വസ്തുത കാണാതെ പോകരുത്.

അതുകൊണ്ടാണ്, ഈ പ്രശ്‌നത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വ്യത്യസ്തമായ ഒരു സമീപനം കൈകൊണ്ടത്. ഒബാമയും സംഘവുമായി ഇന്ത്യ ഔദ്യോഗികമായ ചര്‍ച്ചകള്‍ നടത്തിയത് ഒബാമയുടെ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമാണ്, ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍വെച്ച്. ഈ സംഭാഷണത്തില്‍ ഒബാമ വ്യക്തമാക്കി, ഇന്ത്യാ പാകിസ്ഥാന്‍ ചര്‍ച്ചകള്‍ രണ്ട് രാഷ്ട്രങ്ങളും കൂടിക്കാഴ്ച നടത്തി, കശ്മീര്‍ പ്രശ്‌നം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം കൈകൊള്ളേണ്ട ചുമതല ഇന്ത്യക്കും പാകിസ്ഥാനുമുള്ളതാണ്. അമേരിക്ക അതില്‍ ഇടപെടുകയില്ല.

ഇതിനുശേഷം പത്രസമ്മേളനത്തില്‍ സംസാരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി: സംസാരിക്കാം, പക്ഷെ സംസാരത്തിന്റെ മറവില്‍ ഇന്ത്യയിലേക്ക് ഭീകരരെ അയക്കുകയും, ഭീകരാക്രമണങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന പാകിസ്ഥാന്‍ നിലപാടിനോട് സന്ധി ചെയ്യാന്‍ ഇന്ത്യക്ക് സാധ്യമല്ല.

തന്റെ വാഗ്‌ധോരണിയിലൂടെ ഇന്ത്യന്‍ പാര്‍ലമെന്റിനെ അക്ഷരാര്‍ത്ഥത്തില്‍ കയ്യിലെടുത്തു ഒബാമ. ഓരോ വാചകത്തിനും കയ്യടിയായിരുന്നു. പ്രസംഗിച്ചു തിരിച്ചുപോകുന്ന ഒബാമയ്ക്ക് കൈകൊടുക്കുവാനും, അദ്ദേഹത്തെ ഒന്നു തൊടാനും  പാര്‍ലമെന്റ് അംഗങ്ങള്‍ മല്‍സരിക്കുകയായിരുന്നു.
ഇന്ത്യ ആഗ്രഹിച്ചതോ, അതിനെക്കാളേറെയോ ഒബാമ ഇന്ത്യക്ക് നല്‍കി, എന്ന ഒരു മട്ടായിരുന്നു കാര്യങ്ങള്‍. ഇന്ത്യക്ക് ഏറ്റവും സന്തോഷം പകര്‍ന്ന പ്രഖ്യാപനം ഒബാമ പാര്‍ലമെന്റില്‍ നടത്തി. വരാനിരിക്കുന്ന കാലത്ത്, ഐക്യരാഷ്ട്ര സഭയുടെ പുനര്‍നവീകരണ പ്രശ്‌നം ചര്‍ച്ച ചെയ്യുമ്പോള്‍, ഇന്ത്യക്ക് സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. നല്ലൊരു കാര്യം. ഇവിടെ ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ അദ്ദേഹം മറന്നില്ല.

ഒരു വികസ്വര രാജ്യമല്ല ഇന്ന് ഇന്ത്യ. വികസിത രാജ്യമാണ്. ലോകശക്തിയാണ്. ഈ പദവി ഭാരിച്ച ചില ഉത്തരവാദിത്വങ്ങള്‍ ഇന്ത്യയില്‍ അര്‍പ്പിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങള്‍ ഇന്ത്യ ഉത്തരവാദിത്വത്തോടെ നടപ്പിലാക്കണം. ഇതില്‍ ആണവ നിര്‍വ്യാപന പ്രമേയവും (സി.ടി.ബി.ടി) ഉള്‍പ്പെടുന്നുണ്ട്. ഈ നിര്‍ദ്ദേശം ഇന്ത്യക്ക് സ്വീകാര്യമാവുകയില്ല.

രണ്ടാമത് പറഞ്ഞ കാര്യം, എവിടെ ജനാധിപത്യം അപകടപ്പെടുന്നുവോ, അവിടെ ഇന്ത്യ ജനാധിപത്യത്തിന്റെ ഭാഗത്ത് ഉറച്ചുനില്‍ക്കണം. മ്യാന്‍മാറിലെ ഏകാധിപത്യത്തിന്റെ പ്രശ്‌നം അദ്ദേഹം ഉന്നയിച്ചു. ഇന്ത്യയോട്, മ്യാന്‍മാറിലെ ഏകാധിപത്യത്തിനെതിരെ ശക്തമായി ശബ്ദമുയര്‍ത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

''ജനാധിപത്യം, ''ഭീകരവാദം'' ഇവയ്ക്ക് അമേരിക്കയും ഇന്ത്യയും നല്‍കുന്ന നിര്‍വ്വചനങ്ങള്‍ ഒന്നുതന്നെയാണോ? ഈ പ്രശ്‌നം ഗൗരവമായി ആലോചിക്കണം.

ഏറ്റവും പഴയ ജനാധിപത്യ രാഷ്ട്രം എന്ന് സ്വയം അമേരിക്കയെ വിളിച്ച ഒബാമ ഇന്ത്യയെ വിശേഷിപ്പിച്ചത്, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം എന്നാണ്. ''ഈ രണ്ട് രാഷ്ട്രങ്ങളും തോളോട് തോളുരുമ്മി'' ലോക രാഷ്ട്രീയത്തില്‍ മുന്നേറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അമേരിക്ക അതിന് തയ്യാറാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഇത് ഇന്ത്യക്ക് സ്വീകാര്യമാകുമോ? ജനാധിപത്യത്തിന്റെ പേരില്‍, ഭീകരതയ്ക്ക് എതിരായ നടപടി എന്ന നിലയില്‍ അമേരിക്ക സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളായ ഇറാഖിനേയും, അഫ്ഗാനിസ്ഥാനെയും കടന്നാക്രമിച്ചത് സമീപകാലത്തല്ലേ? അവിടെ അവരുടെ അധിനിവേശത്വം സ്ഥാപിച്ചു. ഈ നയങ്ങള്‍ ഇന്ത്യക്ക് ഇന്നലെ സ്വീകാര്യമായിരുന്നില്ല, നാളെ സ്വീകാര്യമാകുമോ? ആകാന്‍ ഒരു ന്യായവുമില്ല.

ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുദ്ധം ചെയ്ത് തളര്‍ന്ന - ഒരളവുവരെ തകര്‍ന്ന - അമേരിക്കയ്ക്ക് ഏതാണ്ട് മതിയായി. എങ്ങിനെയെങ്കിലും തടി ഊരിയാല്‍ മതി എന്നൊരു സ്ഥിതി. ഈ യുദ്ധത്തിന്റെ ചെളിക്കുണ്ടില്‍ നിന്ന് രക്ഷപെടാന്‍ അവര്‍ ഭീകരപ്രസ്ഥാനമായ താലിബാനുമായി രഹസ്യ സംഭാഷണം നടത്തുന്നു, പാകിസ്ഥാനെ വഴിവിട്ട് സഹായിക്കുന്നു. ഈ നിലപാടുകള്‍ അംഗീകരിക്കുവാന്‍ ഇന്ത്യക്ക് അത്ര എളുപ്പമാവുകില്ല. ഇറാനെതിരെ ഇന്ത്യ ഉറച്ച നിലപാടെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഈ നിലപാടും തോളോടു തോളുരുമി ഇന്ത്യക്ക് എടുക്കാന്‍ അത്ര എളുപ്പമാവുകില്ല.

അദ്ദേഹം വാചാലമായ നിശബ്ദതയിലൂടെ തമസ്‌കരിച്ച ചില പ്രശ്‌നങ്ങളുണ്ട്. പാലസ്തീന്‍ നാടിനും ജനങ്ങള്‍ക്കുമെതിരെ ഇസ്രായേല്‍ കൈകൊള്ളുന്ന ആക്രമണ നടപടികള്‍. ഉത്തര കൊറിയക്കെതിരെ ഭീഷണി മുഴക്കുന്ന അമേരിക്കന്‍ നയം. ഈ നയങ്ങള്‍ ഇന്ത്യക്ക് സ്വീകാര്യമാവുകില്ല.

ചൈനയ്‌ക്കെതിരെ ഒരു പുതിയ, അപ്രഖ്യാപിതമായ പട്ടാള സഖ്യമുണ്ടാക്കുവാനുള്ള അദമ്യമായ മോഹം അമേരിക്കയ്ക്കുണ്ട്. ഒരു കിഴക്കന്‍ ''നാറ്റോ'' സഖ്യം സൃഷ്ടിക്കാന്‍. ഇതും ഇന്ത്യക്ക് സ്വീകാര്യമാവുകില്ല.

ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പുതിയ ജിയോ-പൊളിറ്റിക്കല്‍ നയത്തിന്റെ ഒരു ഭാഗമാക്കി ഇന്ത്യയെ മാറ്റുവാനുള്ള അമേരിക്കന്‍ നയം ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് തീരെ അനുരോധമല്ല. അതുകൊണ്ടുതന്നെ അവ സ്വീകാര്യമാവുകില്ല.
സാമ്പത്തിക രംഗത്തും സാങ്കേതിക രംഗത്തും ഒബാമയുടെ സന്ദര്‍ശനം മേളയില്‍ ചില കരാറുകളുണ്ടാക്കി. ലോക സാമ്പത്തിക കുഴപ്പത്തില്‍പ്പെട്ടുഴലുന്ന അമേരിക്ക, അതില്‍നിന്ന് കരകയറാന്‍ ഇന്ത്യയുടെ കൈപിടിക്കാന്‍ ശ്രമിക്കുമ്പോള്‍, അത് സ്വാഭാവികമാണ്. ആകാവുന്നത്ര സഹായിക്കുകയും വേണം. പക്ഷെ, അത് വഴിവിട്ടാകരുത്.

പത്ത് ബില്യന്‍ ഡോളറിന്റെ പുതിയ വ്യാപാര-വ്യവസായ സംരംഭങ്ങള്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളും മറ്റുമായി അമേരിക്ക ഇന്ത്യക്ക് വാഗ്ദാനം ചെയ്തു. എന്നാല്‍ അതേദിവസം തന്നെ ചൈനയും ഫ്രാന്‍സും തമ്മില്‍ പാരീസില്‍ ഒപ്പുവെച്ച സമാനതയുള്ള ഇടപാടുകളില്‍ ചൈന, ഫ്രാന്‍സിന് വാഗ്ദാനം ചെയ്തത് ഇരുപത് ബില്യന്‍ ഡോളറാണ്.

അമേരിക്ക ഔട്ട്‌സോഴ്‌സിംഗിനെതിരെ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ ഇന്ത്യയില്‍ ലക്ഷക്കണക്കിന് ആളുകള്‍ തൊഴില്‍ ഇല്ലാത്തവരാകുന്നു. ഒബാമ ശ്രമിച്ചത് പുതിയ കരാറുകള്‍ വഴി അമേരിക്കയില്‍ അമ്പതിനായിരം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാനാണ്.

സാങ്കേതികവിദ്യ നല്‍കുന്ന കാര്യത്തില്‍ ഇന്ത്യയില്‍ ഐ.എസ്.ആര്‍.ഒ, ഡി.ആര്‍.ഡി.ഒ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കപ്പെട്ടു. നല്ലത്. എന്നാല്‍ ഇന്ത്യന്‍ അറ്റോമിക് എനര്‍ജി കമ്മീഷനുള്ള നിരോധനം ഇനിയും തുടരുകയാണ്.  കാര്‍ഷിക രംഗത്ത് വന്‍സഹകരണ സാധ്യതകളെ കുറിച്ച് അദ്ദേഹം പറഞ്ഞു. എവര്‍ ഗ്രീന്‍ റവല്യൂഷനെ കുറിച്ച്. അഗ്രി ബില്ലും, ജനിതക വിത്തുകളുംവഴി സാധ്യമാക്കുവാന്‍ ഉദ്ദേശിക്കുന്ന ആ കാര്‍ഷിക  വിപ്‌ളവം ഇന്ത്യക്ക് സ്വീകാര്യമാകുവാന്‍ വളരെ പ്രയാസമായിരിക്കും. അത് അപകടകരവുമായിരിക്കും.

ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തമായിരുന്നു ഭോപ്പാല്‍ ദുരന്തം. യൂണിയന്‍ കാര്‍ബൈഡ് എന്ന അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തക ഇന്ത്യക്ക് നല്‍കിയതാണ് ആ ദുരന്തം. ആ ഭീകര ദുരന്തത്തിന് ഇരയായവരുടെ പ്രതിനിധികളെ കാണാന്‍ ഒബാമ വിസമ്മതിച്ചു. അവര്‍ക്ക് ദുരന്തം പ്രദാനം ചെയ്ത കുറ്റവാളി ആന്‍ഡേഴ്‌സണ്‍ അമേരിക്കയുടെ സംരക്ഷണയില്‍ സുഖമായി കഴിയുന്നു. യൂണിയന്‍ കാര്‍ബൈഡിന്റെ പിന്‍ഗാമിയായി വന്ന് പ്രവര്‍ത്തിക്കുന്ന ഡൗ കെമിക്കല്‍സിന്റെ പ്രതിനിധികള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സംഘത്തില്‍ ഉണ്ടായിരുന്നു. ദുരന്തത്തിന് ഇരയായവര്‍ ഇന്നും അതിന്റെ പിടിയിലമരുന്നു. അവരോട് ഒരു നല്ലവാക്കുപോലും ഒബാമ പറഞ്ഞില്ല, പുനരധിവാസത്തെ കുറിച്ചും, രാസ മാലിന്യങ്ങള്‍ നീക്കുന്നതിനെ കുറിച്ചും വര്‍ത്തമാനമേ ഉണ്ടായില്ല.

എന്നാല്‍ ആണവ ദുരന്ത ബാധ്യതാ നിയമത്തില്‍ ന്യൂകഌയര്‍ പ്‌ളാന്റുകള്‍ സപ്‌ളൈ ചെയ്യുന്ന കമ്പനികള്‍ക്ക് ഇന്ത്യ ചുമത്തിയ വമ്പിച്ച ബാധ്യതയെ കുറിച്ച് ഒബാമയ്ക്കുള്ള അസന്തുഷ്ടി, അദ്ദേഹം സോണിയാ ഗാന്ധിയെ അറിയിച്ചതായി  പത്രങ്ങള്‍ എഴുതി.
ആടിയും പാടിയും മനോഹരമായി പ്രസംഗിച്ചും ഇന്ത്യയെ കയ്യിലെടുക്കുന്ന ചെറുപ്പക്കാരനായ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും ഭാര്യ മിഷേലും, അമേരിക്കയുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഭംഗിയായി ശ്രമിച്ചു. ഈ വസ്തുത വിസ്മരിച്ചുകൂട. എന്നാല്‍ മാറുന്ന ലോകത്ത് ഇന്നലത്തെ മേധാവിത്വം തുടരാന്‍ അമേരിക്കക്ക് സാധ്യമല്ല. അതുപോലെതന്നെ ഇന്ത്യയുടെ സഹായം ഇന്നവര്‍ക്ക് അത്യാവശ്യമാണ്. ഈ വസ്തുതകള്‍ വെളിപ്പെടുത്തുന്ന ഒന്നായിരുന്നു ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം.

സി കെ ചന്ദ്രപ്പന്‍ ജനയുഗം 161110

No comments:

Post a Comment