Sunday, November 21, 2010

സര്‍ക്കാര്‍ഭൂമി ബിജെപി വിഴുങ്ങി

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ഭാവി വീണ്ടും തുലാസിലായി. സര്‍ക്കാര്‍ഭൂമി മക്കള്‍ക്കും സ്വന്തക്കാര്‍ക്കും പതിച്ചുനല്‍കിയതാണ്
യെദ്യൂരപ്പയെ മൂന്നാംതവണയും കുരുക്കിലാക്കിയത്. 'ഓപ്പറേഷന്‍ താമര'യിലൂടെ ദക്ഷിണേന്ത്യയില്‍ ആദ്യമായി കര്‍ണാടകത്തില്‍ അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ കോണ്‍ഗ്രസിനെപ്പോലെതന്നെ അടിമുടി അഴിമതിയില്‍ ആറാടി അധികാരം വിട്ടൊഴിയേണ്ട അവസ്ഥയിലെത്തി.

കര്‍ണാടകത്തിലെ ഇരുമ്പയിര് കടത്തി കോടികള്‍ കൊയ്ത ബെല്ലാരിയിലെ ഖനി മുതലാളിമാരായ റെഡ്ഡി സഹോദരങ്ങളുടെ സമ്മര്‍ദമാണ് അധികാരത്തിലേറി ഒരു വര്‍ഷം തികയുംമുമ്പ് ബിജെപി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. കേന്ദ്രനേതൃത്വം മുന്നോട്ടുവച്ച ആറിന ഒത്തുതീര്‍പ്പിനെത്തുടര്‍ന്നാണ് അന്ന് പ്രതിസന്ധി താല്‍ക്കാലികമായെങ്കിലും പരിഹരിക്കാനായത്. യെദ്യൂരപ്പയുടെ വിശ്വസ്തയായ
മന്ത്രി ശോഭ കരന്ത്ലാജെയെ പുറത്താക്കുന്നതടക്കമുള്ളതായിരുന്നു ആദ്യ ഫോര്‍മുല. മൂന്നുമാസം മുമ്പാണ് രണ്ടാമത്തെ പ്രതിസന്ധി സര്‍ക്കാരിന്റെ
നിലനില്‍പ്പിനെത്തന്നെ ബാധിച്ചത്. നേതൃമാറ്റം ആവശ്യപ്പെട്ടും മന്ത്രിസഭാ പുനഃസംഘടനയില്‍ അതൃപ്തരായുമാണ് അഞ്ച് സ്വതന്ത്ര എംഎല്‍എമാര്‍ അടക്കം 16 വിമതര്‍ രംഗത്തുവന്നത്. ഇതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട യെദ്യൂരപ്പ കുതിരക്കച്ചവടത്തിലൂടെ തല്‍ക്കാലം തടി രക്ഷപ്പെടുത്തി. ഇത് സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും പരിഗണനയിലാണിപ്പോഴും.

ഈ സന്ദിഗ്ധഘട്ടത്തിലാണ് കര്‍ണാടകത്തിലെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി നീക്കിവച്ച കോടികള്‍ വിലമതിക്കുന്ന ഭൂമി സ്വന്തം മക്കള്‍ക്കും ബന്ധുക്കള്‍ക്കും മന്ത്രി ശോഭ കരന്ത്ലാജെ അടക്കമുള്ള അടുത്ത അനുയായികള്‍ക്കും അനധികൃതമായി പതിച്ചുനല്‍കാന്‍ യെദ്യൂരപ്പ ഇടപെട്ടത്. ഇതാണിപ്പോള്‍ ബിജെപി മന്ത്രിസഭയുടെയും യെദ്യൂരപ്പയുടെയും ഭാവിതന്നെ അവതാളത്തിലാക്കിയത്. കേന്ദ്രത്തിലും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും നടമാടുന്ന അഴിമതിക്കെതിരെ ധാര്‍മികരോഷംകൊള്ളുന്ന ബിജെപി, സ്വന്തം അഴിമതിയെ പ്രതിരോധിക്കാന്‍ കഴിയാത്ത ദയനീയ കാഴ്ചയാണ് ഇന്ന് കര്‍ണാടകത്തില്‍.

പൊതുമുതല്‍ കൊള്ളയടിക്കുന്നതിലും അധികാരം പങ്കിടുന്നതിലും ബിജെപിയിലെ ചക്കളത്തിപ്പോരാട്ടമാണ് പുതിയ അഴിമതി പുറത്തുകൊണ്ടുവന്നത്. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ 40 എംഎല്‍എമാര്‍ യെദ്യൂരപ്പക്കെതിരെ കേന്ദ്രനേതൃത്വത്തിനും ആര്‍എസ്എസ് നേതൃത്വത്തിനും പരാതി നല്‍കിയത്. അഴിമതിപ്പണത്തിന്റെ പങ്കുപറ്റുന്നതില്‍ കേന്ദ്രനേതൃത്വവും ഒട്ടും പിറകിലല്ലെന്ന് സ്വന്തം കൂടാരത്തിലുള്ളവര്‍തന്നെ ചൂണ്ടിക്കാട്ടുന്നു. യെദ്യൂരപ്പയെ മാറ്റാതെ കര്‍ണാടകത്തില്‍ ഇനി മുന്നോട്ടുപോകാനാകില്ലെന്ന ഉറച്ച നിലപാട് എംഎല്‍എമാര്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ പൂര്‍ണമായും തള്ളാന്‍ കഴിയാതെ കേന്ദ്രനേതൃത്വവും കുഴങ്ങുകയാണ്. ഇലയ്ക്കും മുള്ളിനും കേടില്ലാതെ എങ്ങനെ കര്‍ണാടക പ്രതിസന്ധി അതിജീവിക്കാന്‍ കഴിയുമെന്ന കൊണ്ടുപിടിച്ച ആലോചനയിലാണ് നേതൃത്വം.

അഴിമതിപ്പണം പങ്കുവയ്ക്കുന്നതിലെ ഏറ്റക്കുറച്ചിലില്‍ പരിഭവം പൂണ്ടും അധികാരത്തിന്റെ അപ്പക്കഷണം നുണയാന്‍ കഴിയാത്തതിന്റെ നിരാശമൂലവുമാണ് ബിജെപിയില്‍ അടിക്കടി പ്രതിസന്ധിയുണ്ടാകുന്നത്. കര്‍ണാടകത്തിലെ ജനകീയപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലോ ജനക്ഷേമപരിപാടികള്‍ നടപ്പാക്കുന്നതിലോ ഇവര്‍ക്ക് അശേഷം താല്‍പ്പര്യവുമില്ല. കോണ്‍ഗ്രസായാലും ബിജെപിയായാലും പൊതുമുതല്‍ സ്വന്തമാക്കുക എന്ന ഒളിപ്പിച്ച അജന്‍ഡമാത്രമാണ് കര്‍ണാടകത്തില്‍ നാളിതുവരെ തുടരുന്നത്. ഇന്ന് ഞാന്‍ നാളെ നീ എന്ന മട്ടില്‍ ഇവര്‍ പരസ്പരം വിഴുപ്പലക്കുകയാണ്.

ടി പി വിജയന്‍ ദേശാഭിമാനി 201110

1 comment:

  1. കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ഭാവി വീണ്ടും തുലാസിലായി. സര്‍ക്കാര്‍ഭൂമി മക്കള്‍ക്കും സ്വന്തക്കാര്‍ക്കും പതിച്ചുനല്‍കിയതാണ്
    യെദ്യൂരപ്പയെ മൂന്നാംതവണയും കുരുക്കിലാക്കിയത്. 'ഓപ്പറേഷന്‍ താമര'യിലൂടെ ദക്ഷിണേന്ത്യയില്‍ ആദ്യമായി കര്‍ണാടകത്തില്‍ അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ കോണ്‍ഗ്രസിനെപ്പോലെതന്നെ അടിമുടി അഴിമതിയില്‍ ആറാടി അധികാരം വിട്ടൊഴിയേണ്ട അവസ്ഥയിലെത്തി.

    ReplyDelete