Saturday, November 20, 2010

അരി കയറ്റുമതിയിലും അഴിമതി

സ്പെക്ട്രം അഴിമതിക്ക് പിന്നാലെ യുപിഎ സര്‍ക്കാരിന്റെ മറ്റൊരു അഴിമതിക്കഥകൂടി പുറത്തുവന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ചില ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് അരി കയറ്റി അയച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വെള്ളിയാഴ്ച പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ കുറ്റസമ്മതം നടത്തി. അരിഇടപാടിലെ അഴിമതി അന്വേഷിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വാണിജ്യമന്ത്രി ആനന്ദ്ശര്‍മ ലോക്സഭയില്‍ പറഞ്ഞു.

2007-09 കാലയളവില്‍ ആഭ്യന്തരവിപണിയില്‍ അരിവില ഉയര്‍ന്നതിനെ തുടര്‍ന്ന് കയറ്റുമതി നിരോധിച്ചിരുന്ന ഘട്ടത്തിലാണ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി നടന്നത്. കടുത്ത ദാരിദ്ര്യമനുഭവിക്കുന്ന ചില ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ജീവകാരുണ്യമെന്നപേരില്‍ നയതന്ത്രമാര്‍ഗത്തിലൂടെയായിരുന്നു കയറ്റുമതി. കോടികളുടെ അഴിമതിയാണ് അരികയറ്റുമതിയില്‍ നടന്നത്. സംഭരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളില്‍നിന്ന് ചില ആഭ്യന്തരവിതരണക്കാര്‍ കുറഞ്ഞ വിലയ്ക്ക് അരി വാങ്ങി കയറ്റുമതിചെയ്യുകയായിരുന്നു. വിദേശവ്യാപാരികളില്‍നിന്ന് ആഭ്യന്തര വിതരണ കമ്പനികള്‍ക്ക് ഉയര്‍ന്ന വില ലഭിച്ചെന്നും അവര്‍ കൊള്ളലാഭം കൊയ്തെന്നും മന്ത്രി ശര്‍മയുടെ പ്രസ്താവനയിലുണ്ട്.

ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് കയറ്റുമതിക്ക് കാരണമായതെന്ന് ശര്‍മ പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസില്‍ അദ്ദേഹത്തിന്റെ എതിരാളിയായ കമല്‍നാഥ് മന്ത്രിയായിരുന്നപ്പോഴാണ് വിവാദ ഇടപാട് നടന്നതെന്ന പ്രത്യേകതയുണ്ട്. ഇടപാടിന്റെ രേഖകളെല്ലാം വിജിലന്‍സ് കമീഷന് കൈമാറിയിട്ടുണ്ടെന്ന് ആനന്ദ്ശര്‍മ അറിയിച്ചു. എസ്ടിസി, എംഎംടിസി, പിഇസി എന്നീ സ്ഥാപനങ്ങളാണ് സര്‍ക്കാരിനുവേണ്ടി കയറ്റിറക്കുമതിയില്‍ ഏര്‍പ്പെട്ടത്. ഘാന, മഡഗാസ്കര്‍, മൌറീഷ്യസ്, സിയറലിയോ എന്നീ രാജ്യങ്ങളിലേക്ക് 1.22 ലക്ഷം ട അരിയാണ് കയറ്റുമതി ചെയ്തത്. പൊതുമേഖലാസ്ഥാപനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കിയതല്ലാതെ കയറ്റുമതി ഇടപാടില്‍ അവരെ പങ്കെടുപ്പിച്ചില്ല. വിദേശഏജന്‍സിക്ക് കൂടിയ വിലയ്ക്ക് അരി നല്‍കി ആഭ്യന്തരവിതരണകമ്പനികള്‍ വലിയ ലാഭം കൊയ്യുകയായിരുന്നു. ഇതിന്റെ നേട്ടം കമല്‍നാഥിന് ലഭിച്ചതായാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ദേശാഭിമാനി 201110

1 comment:

  1. സ്പെക്ട്രം അഴിമതിക്ക് പിന്നാലെ യുപിഎ സര്‍ക്കാരിന്റെ മറ്റൊരു അഴിമതിക്കഥകൂടി പുറത്തുവന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ചില ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് അരി കയറ്റി അയച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വെള്ളിയാഴ്ച പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ കുറ്റസമ്മതം നടത്തി. അരിഇടപാടിലെ അഴിമതി അന്വേഷിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വാണിജ്യമന്ത്രി ആനന്ദ്ശര്‍മ ലോക്സഭയില്‍ പറഞ്ഞു.

    ReplyDelete