Monday, December 27, 2010

സുനാമി വരുത്തിയ കണ്ണീര്‍ തുടച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

ആലപ്പുഴ: സുനാമിത്തിരകള്‍ താണ്ഡവമാടിയ തീരങ്ങളില്‍ വികസനത്തിന്റെ കുളമ്പടിയൊച്ച. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട ആറായിരത്തിലേറെ കുടുംബങ്ങള്‍ക്കാണ് ആലപ്പുഴ ജില്ലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീട് അനുവദിച്ചത്. ആറാണ്ട് പിന്നിട്ടിട്ടും ദുരന്തത്തിന്റെ ഓര്‍മ്മ കടലോര ജനതയ്ക്ക് നടുക്കം സൃഷ്ടിക്കുന്നു. 2004 ഡിസംബര്‍ 26ന് തീരംകടന്നെത്തിയ കടല്‍ വലിയഴീക്കല്‍, തൃക്കുന്നപ്പുഴ, അന്ധകാരനഴി എന്നിവിടങ്ങളില്‍ കവര്‍ന്നത് 30 മനുഷ്യ ജീവനുകളാണ്. ദുരിതാശ്വാസക്യാമ്പിലും മറ്റുമായി 12 പേരും മരിച്ചു. അരൂരില്‍നിന്ന് വേളാങ്കണ്ണിക്കുപോയ കുടുംബത്തിലെ എട്ടുപേരും സുനാമിത്തിരയില്‍പ്പെട്ടു മരിച്ചു.

ദുരന്തത്തിനു മുന്നില്‍ പകച്ചുനിന്നവര്‍ക്ക് ആശ്വാസവുമായെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും മറ്റ് ഏജന്‍സികളുടെയും സഹായം അന്നത്തെ യുഡിഎഫ് മന്ത്രിമാര്‍ തങ്ങളുടെ മണ്ഡലത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷമാണ് ഇതിനൊരന്ത്യം ഉണ്ടായത്.

സുനാമി അടിയന്തര സഹായ പദ്ധതി, സുനാമി പുരധിവാസ പദ്ധതി, സ്പെഷ്യല്‍ പാക്കേജ് തുടങ്ങിയവയില്‍ ജില്ലയില്‍ 440. 29 കോടിയുടെ വികസനപ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചത്. അന്ധകാരനഴി പാലം, പുറക്കാട് ആയുര്‍വേദ ഡിസ്പെന്‍സറി, ആറാട്ടുപുഴ പിഎച്ച് സെന്റര്‍, ആറാട്ടുപുഴ ആയുര്‍വേദ ഡിസ്പെന്‍സറി, പുറക്കാട്, ചേര്‍ത്തല സൌത്ത് പിഎച്ച്സികള്‍, തൃക്കുന്നപ്പുഴ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, വണ്ടാനം മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള ആധുനിക ഉപകരണങ്ങള്‍, കെട്ടിടം, ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ട്രോമോകെയര്‍ യൂണിറ്റ്, ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണം തുടങ്ങി നിരവധി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു.

6187 കുടുംബങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ വീട് അനുവദിച്ചു. 4249 വീടുകള്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു. ഭൂമിയില്ലാത്തവര്‍ക്ക് മൂന്നു സെന്റ് സ്ഥലം വാങ്ങി 2.78 ലക്ഷം രൂപ ചെലവില്‍ വീട് നിര്‍മിച്ച് നല്‍കി. ആറാട്ടുപുഴ, അമ്പലപ്പുഴ, പുന്നപ്ര, മാരാരിക്കുളം എന്നിവിടങ്ങളില്‍ ടൌണ്‍ഷിപ്പ് മാതൃകയില്‍ വീടുകള്‍ നിര്‍മിച്ച് കൈമാറി. മുന്ന് കോടി രൂപ ചെലവില്‍ തൃക്കുന്നപ്പുഴ- വലിയഴിക്കല്‍ തീരദേശ റോഡ് നിര്‍മിച്ചു. തൈക്കല്‍- ചെല്ലാനം, മാരാരിക്കുളം- തുമ്പോളി റോഡുകള്‍ നിര്‍മിച്ചു. 'കൊച്ചിയുടെ ജെട്ടി' പാലം 20.98 കോടി രൂപ ചെലവില്‍ നിര്‍മിച്ചു. കായംകുളം നഗരസഭയിലും ആറാട്ടുപുഴ പഞ്ചായത്തിലും ശുദ്ധജലം എത്തിക്കാനുള്ള വാട്ടര്‍ അതോറിറ്റിയുടെ 15.56 കോടിയുടെ പദ്ധതി ഉദ്ഘാടനം ചെയ്തു. 6.50 കോടി രൂപയ്ക്ക് ആലപ്പുഴയിലും 4.31 കോടി രൂപയ്ക്ക് അന്ധകാരനഴിയിലും ബീച്ച് നിര്‍മാണം പുരോഗമിക്കുന്നു. 4.15 കോടി ചെലവില്‍ കായംകുളം വടക്കേക്കര ഫിഷറീസ് ഹാര്‍ബര്‍, പന്ത്രണ്ടോളം സ്കൂളുകള്‍ക്ക് കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണം പുരോഗമിക്കുന്നു. 82 തീരദേശ സ്കൂളുകള്‍ക്ക് കക്കൂസ്് നിര്‍മിക്കുന്നതിനും അഞ്ച് ബ്ളോക്ക് പഞ്ചായത്തുകള്‍ക്ക് ആംബുലന്‍സ് വാങ്ങുന്നതിനും നടപടിയായി.
(എബ്രഹാം തടിയൂര്‍)

ദ്വീപസമൂഹങ്ങളില്‍ വെള്ളപ്പൊക്കം; ജനം പരിഭ്രാന്തിയില്‍

കൊച്ചി: ജില്ലയിലെ ദ്വീപസമൂഹങ്ങളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ വെള്ളപ്പൊക്കം ജനങ്ങളെ പരിഭ്രാന്തരാക്കി. സുനാമിയുടെ ആറാം വാര്‍ഷികത്തിന്റെ വേളയില്‍ ആശങ്കയുടെ‘മുള്‍മുനയില്‍ ദ്വീപുവാസികള്‍ ഉറങ്ങാതെയാണ് നേരം വെളുപ്പിച്ചത്. കനത്ത വേലിയേറ്റമാണ് രൂക്ഷമായ വെള്ളപ്പൊക്കത്തിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ മലപ്പുറം തിരൂരങ്ങാടി ബാലാതിരുത്തി ദ്വീപിലും വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് വെള്ളം ശക്തിയായി കരയിലേക്ക് കയറാന്‍ തുടങ്ങിയത്. വൈപ്പിന്‍കരയുടെ താഴ്ന്ന പ്രദേശങ്ങളും പനമ്പുകാട്, വല്ലാര്‍പാടം, മുളവുകാട്, താന്തോണിത്തുരുത്ത് ഭാഗങ്ങളിലുമായിരുന്നു വെള്ളപ്പൊക്കം രൂക്ഷം. എളങ്കുന്നപ്പുഴ, ഞാറക്കല്‍, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി പഞ്ചായത്തുകളിലും വെള്ളപ്പൊക്കത്തിന്റെ രൂക്ഷത അനുഭവപ്പെട്ടു. വൈപ്പിനിലെ കാളമുക്ക്, പുതുവൈപ്പ്, വളപ്പ് കടപ്പുറം, എളങ്കുന്നപ്പുഴ കിഴക്ക്, കര്‍ത്തേടം, ഞാറക്കല്‍ തീരദേശവും കായലോരവും, നായരമ്പലത്തെ താഴ്ന്ന പ്രദേശങ്ങളായ നെടുങ്ങാട്, കടേകുരിശിങ്കല്‍, കടപ്പുറം ഭാഗങ്ങളിലും എടവനക്കാട് കൂട്ടുങ്ങച്ചിറ, മൂരിപ്പാടം പ്രദേശം മുനമ്പം അഴിമുഖത്തിന് സമീപം സത്താര്‍ ദ്വീപിലും വെള്ളം കയറി. വീടുകളില്‍ ഉറങ്ങിക്കിടന്നവര്‍ തറയില്‍ വെള്ളം കിനിയുന്നതു കണ്ട് പരിഭ്രാന്തരായി. കടലില്‍ നിന്നും വന്‍തോതില്‍ ഉണ്ടായ വേലിയേറ്റത്തില്‍ പെരിയാര്‍ കവിഞ്ഞൊഴുകി. ഇതൊടൊപ്പം പെരിയാറിലേക്ക് ഉപ്പുവെള്ളം കയറി. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണികഴിഞ്ഞപ്പോള്‍ തീരദേശവാസികളില്‍ ആശങ്ക ഉയര്‍ത്തി വന്‍ തോതില്‍ വേലിയേറ്റം ഉണ്ടായത്. പല വീടുകളിലും വെള്ളം എത്തിയതോടെ വീടുകളിലുള്ളവര്‍ ഉണര്‍ന്ന് സമീപത്തെ ഉയര്‍ന്നപ്രദേശത്ത് അഭയംപ്രാപിച്ചു. ധനുമാസത്തില്‍ ഇത്തരത്തിലുള്ള വേലിയേറ്റം പതിവില്ല.

മലപ്പുറം തിരൂരങ്ങാടി ബാലാതിരുത്തി ദ്വീപില്‍ നൂറോളം വീടുകളിലേക്കാണ് വെള്ളം കയറിയത്. ഇതില്‍ അമ്പതോളം വീടുകള്‍ക്ക് ഭാഗികമായി കേടുപറ്റി. പല വീടുകളുടെയും ഭിത്തികള്‍ തകര്‍ന്നു. ഉപ്പുവെള്ളം കയറിയതിനാല്‍ കല്ല് ദ്രവിച്ച് ചുമര്‍ ഇടിയുമെന്ന ആശങ്കയിലാണ് പല കുടുംബങ്ങളും. കിണറുകളില്‍ ഉപ്പുവെള്ളം കയറിയതിനാല്‍ കുടിവെള്ളത്തിനും ബുദ്ധിമുട്ടനുഭവപ്പെട്ടു. അപ്രതീക്ഷിത വേലിയേറ്റത്തില്‍ വ്യാപക കൃഷിനാശവും ഉണ്ടായി. വീട്ടുപരിസരത്ത് കൂട്ടിയിട്ടിരുന്ന തേങ്ങകളെല്ലാം ഒഴുകിപ്പോയി. വാഴ, കവുങ്ങ്, കശുമാവ്, കുരുമുളക്, പപ്പായ തുടങ്ങിയവയാണ് കൂടുതലും നശിച്ചത്. വേലിയേറ്റം പതിവാണെങ്കിലും സുനാമിക്കുശേഷം ആദ്യമായാണ് ഇത്രയധികം വെള്ളം ഉയര്‍ന്നതെന്ന് ദ്വീപ് നിവാസികള്‍ പറയുന്നു. നാലുഭാഗവും പുഴയാല്‍ ചുറ്റപ്പെട്ട ദ്വീപില്‍ 135 കുടുംബങ്ങളുണ്ട്. പുറംലോകവുമായി ബന്ധപ്പെടാന്‍ തോണിമാത്രമാണ് ഇവര്‍ക്ക് ആശ്രയം.

ദേശാ‍ഭിമാനി 271210

1 comment:

  1. ദുരന്തത്തിനു മുന്നില്‍ പകച്ചുനിന്നവര്‍ക്ക് ആശ്വാസവുമായെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും മറ്റ് ഏജന്‍സികളുടെയും സഹായം അന്നത്തെ യുഡിഎഫ് മന്ത്രിമാര്‍ തങ്ങളുടെ മണ്ഡലത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷമാണ് ഇതിനൊരന്ത്യം ഉണ്ടായത്.

    ReplyDelete