Thursday, December 23, 2010

ഹോട്ടല്‍ വിഭവങ്ങളില്‍നിന്ന് സവാള ഔട്ട്

മലപ്പുറം: വീട്ടില്‍ മാത്രമല്ല ഹോട്ടലിലും ഉള്ളി കരയിച്ചേ അടങ്ങൂ. തീവിലയായതോടെ ഉള്ളി ഹോട്ടല്‍ വിഭവങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. ഇനി ഉള്ളി വാങ്ങി അരിയുന്നവന് മാത്രമല്ല ഉള്ളി ചേര്‍ത്ത വിഭവം കൂട്ടുന്നവനും കണ്ണെരിയും. ഉള്ളിയുടെ വില കിലോഗ്രാമിന് 60 രൂപയില്‍ നിന്ന് 80 രൂപവരെയായതോടെയാണ് ഹോട്ടലുടമകള്‍ ഇഷ്ടഭക്ഷണങ്ങളുടെ ചേരുവയില്‍ നിന്ന് ഉള്ളിയെ മാറ്റിനിര്‍ത്തിയത്.

ബിരിയാണിയിലും മത്സ്യമാംസാദികളിലും ഒഴിച്ചുകൂടാനാകാത്ത വിഭവമാണ് ഉള്ളി. ഹോട്ടലുകള്‍ക്കൊപ്പം തട്ടുകടകളിലെ വില്‍പ്പനയിലും ഉള്ളിയുടെ വിലവര്‍ധന സാരമായി ബാധിച്ചു. ചില ഹോട്ടലുകളില്‍ ഭക്ഷ്യവസ്തുവിനൊപ്പം നല്‍കുന്ന സൈഡ് ഡിഷുകളിലും ഉള്ളി കാണാനില്ല. നെയ്ച്ചോറിലും ഉള്ളിവേണം. നെയ്ച്ചോറിനുള്ള കോഴി, ബീഫ് കറിക്കും ഉള്ളിയില്ലാതെ പറ്റില്ല. ഇനി ഇവ ഉള്ളിയില്ലാതെ കഴിക്കണം. പൊറാട്ടയുടെ കൂടെ കഴിക്കുന്ന മുട്ട റോസ്റ്റ്, ചിക്കന്‍ ഫ്രൈ, മീന്‍കറി എന്നിവക്ക് ഉള്ളി അത്യാവശ്യം. വിലക്കയറ്റത്തിനുപുറമെ ഉള്ളിയുടെ ലഭ്യതകുറവും ഹോട്ടലുകള്‍ക്ക് ഇരുട്ടടിയായി. മസാലദോശ, വെങ്കായ ഊത്തപ്പം, ബോണ്ട, ബജി, സ്റ്റൂ എന്നിവയും ഉള്ളികൂടാതെ നിര്‍മിക്കുകയും കഴിക്കുകയും അസാധ്യം. ചില്ലിചിക്കന്‍, ബീഫ് ചില്ലി എന്നിവയില്‍ ഉള്ളിയരിഞ്ഞിടുന്ന പതിവും ഇല്ലാതായി. ഈ സ്ഥാനം കാബേജ് കൈയടക്കി.

നാടന്‍ ഹോട്ടലുകളിലെ മസാലക്കറിയുള്‍പ്പെടെയുള്ള കൂട്ടുകറികളില്‍നിന്നും ഉള്ളിയെ മാറ്റിനിര്‍ത്തിയിരിക്കയാണ്.ഉള്ളിയുടെ വിലക്കയറ്റം കാരണം ബിരിയാണിക്കും കോഴികൊണ്ടുള്ള വിഭവങ്ങള്‍ക്കും വിലകൂട്ടണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

deshabhimani 231210

1 comment:

  1. വീട്ടില്‍ മാത്രമല്ല ഹോട്ടലിലും ഉള്ളി കരയിച്ചേ അടങ്ങൂ. തീവിലയായതോടെ ഉള്ളി ഹോട്ടല്‍ വിഭവങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. ഇനി ഉള്ളി വാങ്ങി അരിയുന്നവന് മാത്രമല്ല ഉള്ളി ചേര്‍ത്ത വിഭവം കൂട്ടുന്നവനും കണ്ണെരിയും. ഉള്ളിയുടെ വില കിലോഗ്രാമിന് 60 രൂപയില്‍ നിന്ന് 80 രൂപവരെയായതോടെയാണ് ഹോട്ടലുടമകള്‍ ഇഷ്ടഭക്ഷണങ്ങളുടെ ചേരുവയില്‍ നിന്ന് ഉള്ളിയെ മാറ്റിനിര്‍ത്തിയത്

    ReplyDelete